തമിഴ് സിനിമ ബോക്സോഫിസില്‍ റെക്കോഡ് കളക്ഷനുമായി പ്രദര്‍ശനം തുടരുകയാണ് ഹൊറർ കോമഡി ചിത്രം അരണ്‍മനൈ. സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ച ഹൊറര്‍ കോമഡി ചിത്രം അരണ്‍മനൈ 4 തമിഴ് സിനിമയ്ക്ക് പുതുശ്വാസം നല്‍കുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ചിത്രം ഒരാഴ്ച പിന്നിടുമ്പോള്‍ ഗ്രോസ് കളക്ഷന്‍ 50 കോടി കഴിഞ്ഞു. ആദ്യ വാരം 37.75 കോടി നേടിയ അരൻമനൈ 4 രണ്ടാം വാരത്തിൽ മറ്റൊരു 12.25 കോടിയും കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഇതിൽ 41.5 കോടിയും തമിഴ്നാട്ടിൽ നിന്നാണ് ലഭിച്ചിരിക്കുന്നത്. എന്നിരുന്നാലും തമിഴ് നാട്ടിൽ 'മഞ്ഞുമ്മൽ ബോയ്സ്' സ്വന്തമാക്കിയ നേട്ടത്തെ മറി കടക്കാൻ അരണ്‍മനൈയ്ക്ക് സാധിച്ചിട്ടില്ല. രണ്ടാം സ്ഥാനത്ത് ശിവകാർത്തികേയൻ നായകനായ 'അയലാൻ' ആണ്.
അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദർ, ഹൻസിക മോട്വാനി, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചിരുന്നു. 2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവർ അഭിനയിച്ചു. ഈ നാല് ചിത്രങ്ങളും പരസ്പരം ബന്ധമുള്ളവ അല്ല എന്നതും ശ്രദ്ധേയമാണ്. മാളികപ്പുറത്തിലൂടെ ശ്രദ്ധേയയായ മലയാളി ബാലതാരം ദേവനന്ദയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അരൺമനൈ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങൾ പോലെ സുന്ദർ സിയുടെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് സിനിമ നിർമിച്ചത്.