malini-sharma-1-
  • 2002ൽ 'റാസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മാലിനി ശര്‍മ്മ പിന്നീട് സിനിമയിൽനിന്ന് പൂർണമായി വിട്ടുനിൽക്കുകയായിരുന്നു, ഇപ്പോഴിതാ, 23 വർഷങ്ങൾക്ക് ശേഷം താരം ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ്

ഒരുകാലത്ത് ബോളിവുഡ് സിനിമകളിലും ടെലിവിഷൻ പരിപാടികളിലും നിറഞ്ഞുനിന്നിരുന്ന മാലിനി ശർമയെ വര്‍ഷങ്ങളായി  പ്രേക്ഷകർ മറന്നമട്ടാണ്. 2002ൽ വിക്രം ഭട്ടിന്‍റെ 'റാസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മാലിനി പിന്നീട് സിനിമയിൽനിന്ന് പൂർണമായി വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോഴിതാ, 23 വർഷങ്ങൾക്ക് ശേഷം താരം ക്യാമറയ്ക്ക്  മുന്നിലെത്തിയിരിക്കുകയാണ്. താൻ എവിടെയാണെന്ന് അന്വേഷിച്ചിരുന്നവരോട് 'ഞാൻ ജീവിച്ചിരിപ്പുണ്ട്' എന്നു പറഞ്ഞുകൊണ്ടാണ് മാലിനിയുടെ തിരിച്ചുവരവ്.

'ഹായ്, ഇത് മാലിനിയാണ്. റാസിന് ശേഷം 23 വർഷം കഴിഞ്ഞ് വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയാണ്. ഞാൻ എവിടെയാണ് അപ്രത്യക്ഷയായതെന്ന് ചിന്തിക്കുന്നവരോട്, ഞാൻ ജീവിച്ചിരിപ്പുണ്ട്' എന്നാണ് മാലിനി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.

2000ത്തിന്‍റെ  തുടക്കത്തിൽ ജനപ്രീതി നേടിയ ടെലിവിഷൻ ഷോയായ ക്യാറ്റ്സിലൂടെയാണ് മാലിനി ശർമ പ്രേക്ഷകശ്രദ്ധ നേടിയത്. നഫീസ ജോസഫ്, കുൽജീത് രൺധാവ എന്നിവർക്കൊപ്പമായിരുന്നു പരിപാടിയിൽ മാലിനിയും എത്തിയത്. അതിനു മുൻപ് ബോംബെ വൈക്കിംഗ്സിന്‍റെ 'ക്യാ സൂരത് ഹേ' എന്ന മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതോടെ മോഡലെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 'സാവൻ മേ ലാഗ് ഗയി ആഗ്' എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടതോടെ അഭിനയരംഗത്തേക്കുള്ള അവസരങ്ങൾ മാലിനിയെ തേടിയെത്തി.

2002ൽ വിക്രം ഭട്ട് സംവിധാനം ചെയ്ത 'റാസ്' ആയിരുന്നു മാലിനിയുടെ ബോളിവുഡ് അരങ്ങേറ്റം. ഡിനോ മോറിയ, ബിപാഷ ബസു എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ മാലിനിയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രം വൻ വിജയമായതോടെ താരങ്ങളും പ്രശസ്തരായി. 'ആപ് കെ പ്യാർ മേൻ' എന്ന ഗാനത്തിലെ പ്രകടനത്തിലൂടെ മാലിനിയും ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടു.

എന്നാൽ 'റാസ്'ന് ശേഷം മാലിനി സിനിമയിൽ സജീവമായില്ല. 'എൻകൗണ്ടർ' എന്ന ചിത്രത്തിൽ അഭിനയിക്കാൻ കരാറായിരുന്നെങ്കിലും ചിത്രീകരണം ആരംഭിക്കുന്നതിന് 48 മണിക്കൂർ മുൻപ് മാലിനി പിന്മാറി. ഇതേ കാലയളവിലാണ് നടൻ പ്രിയാൻഷു ചാറ്റർജിയുമായുള്ള മാലിനിയുടെ വിവാഹം നടക്കുന്നത്. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇരുവരും വേർപിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം മാലിനി പതിയെ അഭിനയലോകത്തു നിന്ന്  അകന്നു. വർഷങ്ങളോളം സിനിമയുമായോ ടെലിവിഷനുമായോ ബന്ധപ്പെട്ട വാർത്തകളിലൊന്നും മാലിനിയെ കണ്ടില്ല. 

malini-sharma-new-life

എന്നാൽ സിനിമയിൽനിന്ന് മാറിനിന്ന കാലത്ത് മാലിനി സ്വന്തമായൊരു ലോകം കെട്ടിപ്പടുക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ വെർസോവയിൽ പ്രാദേശികമായി നിർമിച്ച ഭക്ഷണം, കരകൗശല വസ്തുക്കൾ, വർക്ക്‌ഷോപ്പുകൾ, പോപ്പ്-അപ്പ് പരിപാടികൾ എന്നിവ ഒരുമിച്ചെത്തിക്കുന്ന 'ദി സ്ലോ ലോക്കൽ' എന്ന സംരംഭവുമായി മാലിനി ഇപ്പോൾ സജീവമാണ്. പൂണെ സഹ്യാദ്രിയിൽ ഒരു ഫാംസ്റ്റേയും അവർ നടത്തുന്നുണ്ട്. പ്രകൃതിയോട് ചേര്‍ന്ന് ചെറിയൊരു ഹരിതലോകം തന്നെയാണ് മാലിനി ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം ഒരു കോഫി കമ്പനിയിൽ റിലേഷൻഷിപ്പ് മാനേജരായി വർക്ക് ഫ്രം ഹോം ജോലിയും ചെയ്യുന്നുണ്ട്.

സിനിമയിൽനിന്ന് വിട്ടുനിന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് മാലിനി വളരെ അപൂർവമായേ പ്രതികരിച്ചിട്ടുള്ളൂ. എന്നാൽ തന്‍റെ ഭൂതകാലത്തെ പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനയാണ് 'ദി സ്ലോ ലോക്കൽ ഡയറീസ്' എന്ന വീഡിയോ ഡയറിയിലൂടെ അവർ നൽകുന്നത്. 

ഫാമിലെ ജീവിതം പങ്കുവച്ചുകൊണ്ടുള്ള വീഡിയോയിൽ മാലിനി കുറിച്ചത് ഇങ്ങനെ: 'വളരെക്കാലത്തിനുശേഷം വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നു. ഇത്തവണ യഥാർഥ ഞാൻ. മേക്കപ്പില്ല, സംഭാഷണങ്ങളില്ല, ഹൃദയത്തിൽ നിന്നുള്ള ഷൂട്ടിംഗ്.' 

ഒരുകാലത്ത് ബോളിവുഡ് ക്യാമറകളുടെ വെളിച്ചത്തിൽ ജീവിച്ചിരുന്ന ഒരാൾ. മുമ്പ് എന്തായിരുന്നു എന്നതിനേക്കാൾ, താന്‍ സൃഷ്ടിച്ചെടുത്ത മേല്‍വിലാസത്തില്‍ ഇന്ന് മാലിനി ശര്‍മ്മ ജീവിക്കുന്നു. തന്‍റെ കൃഷിയിടം, ഭക്ഷണം, മരങ്ങൾ, കാപ്പി, അതിഥികൾ, സഹ്യാദ്രിയിലെ ശാന്തമായ ജീവിതം. തന്‍റെ ഇഷ്ടങ്ങളും ജീവിതവും തേടുകയാണ് മാലിനി ശര്‍മ്മ...

ENGLISH SUMMARY:

Malini Sharma, the actress famous for her role in the 2002 Bollywood film 'Raaz,' has recently resurfaced on social media after a 23-year hiatus. She shared a video diary expressing her presence and hinting at her life away from the spotlight, which has generated significant interest.