ഇന്ന് കേരള നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെ ഐസക്ക് ബജറ്റ് എന്നു വിളിക്കുന്നതിലും നല്ലത് എംടി ബജറ്റ് എന്നു വിളിക്കുന്നതാണ്. ചെറുപ്പത്തിലേ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമൊക്കെ ആയിപ്പോയതു കാരണം എംടി വാസുദേവന്‍നായര്‍ക്ക് ഒരു ധനമന്ത്രിയാകാന്‍ പറ്റിയില്ല. അതില്‍ എന്തെങ്കിലും വിഷമം അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ ആരാധകര്‍ക്കോ ഉണ്ടായിരുന്നെങ്കില്‍ അത് ഇന്ന് മാറിക്കാണും. തുടക്കം തന്നെ എംടിയെ പിടിച്ചായിരുന്നു. അതിനായി ബജറ്റിന്റെ തീം തന്നെ എംടി എന്നാക്കി. അല്ലെങ്കിലും ഐസക്കിനെപ്പോലുള്ള ബുദ്ധിജീവികള്‍ എന്നും വ്യത്യസ്തരാണ്
നോട്ടുനിരോധനത്തെപ്പറ്റി തോമസ് ഐസക്ക് എഴുതിയ പുസ്തകം പ്രകാശനം ചെയ്തത് എംടി വാസുദേവന്‍ നായരാണ്. അന്ന് അദ്ദേഹം നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. ഐസക്കിന്റെ പുസ്തകത്തിന്റെ പ്രസിദ്ധിക്ക് അതും ഒരു കാരണമായി. സംഗതിയൊക്കെ നല്ലതു തന്നെ എംടിയോട് ഐസക്കിന് നന്ദിയും കടപ്പാടും ഉണ്ടാകേണ്ടതും ആവശ്യം തന്നെ. പക്ഷേ ഇന്ന് അതല്‍പം ഓവറായിപ്പോയി. പത്തിലധികം തവണയാണ് എംടിയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ബജറ്റില്‍ കേറി വന്നത്
നോട്ടു നിരോധന പ്രശ്നത്തില്‍ എംടിയെ വിമര്‍ശിച്ച ബിജെപിക്കുള്ള മറുപടി കൂടിയാണ് ഈ എംടി സ്മരണ. ഇതുവരെ ശ്രമിച്ചിട്ടും എംടിയെ സ്വന്തമാക്കാന്‍ സിപിഎമ്മിനു കഴിഞ്ഞിരുന്നില്ല. ബജറ്റു വഴി എംടിയെ സഖാവ് എംടിയാക്കാന്‍ കൂടിയുള്ള ശ്രമമായിരുന്നു ഇത്. കലക്കി