ഡല്‍ഹിയില്‍ എന്തെങ്കിലുമൊക്കെ നടക്കും. പക്ഷേ അതിന് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് മാത്രം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൈയ്യില്‍ ചിലതൊക്കെ കരുതിയാണത്രെ രാഹുലിന്റെ പാര്‍ലമെന്റിലേക്കുള്ള വരവ്. പക്ഷേ ഒരക്ഷരം പറയാന്‍ സമ്മതിക്കുന്നില്ലെന്നാണ് പുറത്തെത്തുമ്പോഴുള്ള രാഹുലിന്റെ സങ്കടം. താന്‍ സംസാരിച്ചാല്‍ ഭൂകമ്പം ഉണ്ടാവുമെന്നൊക്കെ ഇടയ്ക്ക് പറഞ്ഞതാണ്. പറയുന്നത് രാഹുല്‍ ഗാന്ധിയായതുകൊണ്ട് കോണ്‍ഗ്രസുകാര്‍ പോലും അതിനൊന്നും വേണ്ടത്ര ചെവികൊടുത്തിട്ടില്ല.അപ്പോ പിന്നെ ബിജെപിക്കാരുടെ കാര്യം പറയാനില്ലല്ലോ. ഇന്ന് പക്ഷേ അങ്ങനെയല്ല. നോട്ടുനിരോധനത്തില്‍ പ്രധാനമന്ത്രി മോദി നേരിട്ട് അഴിമതി നടത്തിയതിന് തെളിവുമായിട്ടാണു പോലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഇങ്ങനെ നടക്കുന്നത്.
ഇതൊക്കെ പാര്മെന്റിലേ ഇതൊക്കെ പറയൂ എന്നൊന്നും വാശിപിടിക്കരുത്. അല്ലെങ്കില്‍ തന്നെ ശീതകാല സമ്മേളനം ഇനി കഴിയാന്‍ രണ്ടുമൂന്ന് ദിവസങ്ങളേയുള്ളു. ഒന്നുകില്‍ അടുത്ത ദിവസം തന്നെ സംഗതി മിന്നിച്ചേക്കണം. അല്ലാതെ മിണ്ടാന്‍ സമ്മതിച്ചില്ല, വാ പൊത്തിപ്പിടിച്ചു എന്നൊന്നും പറഞ്ഞ് വന്നേക്കരുത്. ഇനി വലിയ മുന്നൊരുക്കം വേണ്ടതും സഭാകമ്പം ഉള്ളതുകൊണ്ടും ഒക്കെയാണെങ്കില്‍ ആ യെച്ചൂരിയുടെ കൈയ്യിലെങ്കിലും ആ ബോംബ് ഒന്നേല്പ്പിച്ചാലും മതി.