ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ പറയാതിരിക്കുക എന്നത് ഒരു ലോകതത്വമാണ്. പക്ഷേ രാഷ്ട്രീയക്കാര്‍ അതങ്ങനെ ഒരു തത്വമായി കണക്കാക്കാറില്ല.ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനാണ് ഈ തത്വം തെറ്റിച്ച് നാറിപ്പോയ ഏറ്റവും ഒടുവിലത്തെ നേതാവ്. പിണറായി വിജയന് മംഗലാപുരത്ത് ഒരു പരിപാടി ബുക്കിങ്ങായിരുന്നു. മതസൗഹാര്‍ദ റാലിയില്‍ പ്രസംഗിക്കാനായിരുന്നു ബുക്കിങ്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ സംഘപരിവാറുകാര്‍ തീരുമാനിച്ചു. അതില്‍ കുഴപ്പമൊന്നുമില്ല. അമേരിക്കന്‍ പ്രസിഡന്റ് വന്നപ്പോള്‍ വരെ പ്രതിഷേധിച്ച പാര്‍ട്ടിയുടെ നേതാവാണല്ലോ പിണറായി. അദ്ദേഹത്തിനും അത് മനസിലാക്കാന്‍ പറ്റും. പക്ഷേ നമ്മുടെ ഗോപാലകൃഷ്ണന് അല്പം ഓവറാക്കിക്കളഞ്ഞു.അതോടെ സംഗതി വഷളായി
പിണറായി വിജയനാണെങ്കില്‍ ഈ ഗോപാലകൃഷ്ണന് എന്ന പേര് പണ്ടേ ഇഷ്ടമല്ല. അതിന്റെ കൂടെയാണ് കാലുകുത്തിക്കില്ല എന്ന പ്രസ്താവന. സംഘപരിവാറിന് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ. പിണറായി ദേശത്തും വിദേശത്തുമായി എത്ര സ്ഥലങ്ങളില്‍ പോകുന്നു. പാര്‍ട്ടി പത്രം പോലും അതെല്ലാം ശ്രദ്ധിക്കാറില്ല. ഇതിങ്ങനെ ഒരു ഭീഷണി മുഴക്കിയതു വഴി ഈ പ്രോഗ്രാമിന് വല്ലാത്ത പബ്ലിസിറ്റിയായി. പിണറായിക്ക് വലിയ മൈലേജും. എല്ലാത്തിനും ആ ഗോപാലകൃഷ്ണനെപ്പറഞ്ഞാല് മതിയല്ലോ. ഇനി തന്റെ പരിപാടി ഹിറ്റാക്കാനായി പിണറായി തന്നെ ഏര്‍പ്പാടാക്കിയതാണോ ഗോപാലകൃഷ്ണനെ എന്നും സംശയിക്കേണ്ടിയിരിക്കുന്നു
ഏതായാലും മംഗലാപുരം പരിപാടി ഏങ്ങനെയൊക്കെയോ കഴിഞ്ഞു കിട്ടി. അതങ്ങ് വിട്ടു കളയേണ്ടതായിരുന്നു ബിജെപി ചെയ്യേണ്ടിയിരുന്നത്. അപ്പോഴതാ വരുന്നു കുമ്മനംജി. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരാരും പിണറായിയെ തടയും എന്ന് പറഞ്ഞിട്ടില്ല എന്നാണ്.
ഒന്നുകില്‍ സ്വന്തം പാര്‍ട്ടിക്കാരുടെ പ്രസ്താവനകള്‍ പോലും കുമ്മനം അറിയുന്നില്ല. അല്ലെങ്കില്‍ കാലുകുത്തിക്കില്ല എന്നതിന് കുമ്മനത്തിന്റെ നാട്ടില്‍ വേറെന്തോ ആണ് അര്‍ഥം. ഇനിയെങ്കിലും ഇതുപോലത്തെ അബദ്ധം പറഞ്ഞ് പിന്നെയും പിന്നെയും പിണറായിയെ ഹിറ്റാക്കാതിരുന്നാല് നന്നായിരുന്നു. ഏതായാലും ആര് എസ് എസിനോടുള്ള കലിപ്പ് പിണറായി നന്നായി ആസ്വദിക്കുന്നുണ്ട്. ഇന്ന് നിയമസഭയിലായിരുന്നു മംഗലാപുരം എപ്പിസോഡിന്റെ ബാക്കിയങ്കം. കളിയാക്കി കൊന്നു കളഞ്ഞു പാവങ്ങളെ