തമിഴ്നാട്ടില്‍ ആരാ ശരിക്കും മുഖ്യമന്ത്രി എന്നൊക്കെ വിശ്വാസവോട്ട് കഴിഞ്ഞിട്ട് പ്രഖ്യാപിക്കുകയായിരിക്കും നല്ലത്. അതുവരെ താനാണെന്ന് പനീര്‍സെല്‍വവും, എന്നാല്‍ പനീറല്ല, യഥാര്‍ഥ അണ്ണാ ഡിഎംകെക്കാരനായ താനാണെന്ന് പളനിസാമിയും പറയും. അതെന്തായാലും ഒരു തീരുമാനം ആവുന്നതുവരെ ഈ പരിപാടി ഇങ്ങനെ തുടരാനാണ് സാധ്യത. പനീര്‍സെല്‍വത്തെ അട്ടിപ്പായിച്ച് വാതിലടച്ചെങ്കില്‍ അണ്ണന് പക്ഷേ കളി തുടങ്ങിയിട്ടേയുള്ളു.
ശശികല ആട്ടി പുറത്താക്കിയ പനീര്‍ സെല്‍വം ഇന്ന് ശശികലയേയും സംഘത്തേയും പുറത്താക്കി എന്നതാണ് ജനാധിപത്യത്തിന്റെ ഒരു തമിഴകചിത്രം. ഇതെന്തു മറിമായം എന്നൊന്നും ചോദിക്കരുത്. പ്രത്യേകിച്ച് ഉത്തരമൊന്നും ഇല്ലാത്തതുകൊണ്ടാണ്. അത് പനീര്സെല്വമായാലും ശശികലയായാലും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എടപ്പാടി പളനിസാമിയും ചിന്നമ്മ ശശികലയും അടക്കം പത്തുപതിനഞ്ചുപേരെയാണ് പനീര്‍ സെല്‍വം ഒറ്റയിടിക്ക് പുറത്താക്കിയതായി നാട്ടുകാരെ അറിയിച്ചത്. അറിയിപ്പ് വായിച്ചതും മറ്റൊരു പുറത്താക്കപ്പെട്ട ആളായ ഇ.മധുസൂദനുമായിരുന്നു. രജനീകാന്തുപോലും യുക്തിക്ക് നിരക്കാത്ത സീനുകള്‍ തന്റെ സിനിമയില്‍ നിന്ന് ഒഴിവാക്കുന്ന ഈ കാലത്താണ് ഒരുഭാഗത്ത് ചിന്നമ്മയും കൂട്ടരും മറുഭാഗത്ത് ഒപിഎസും കൂട്ടരും നിറഞ്ഞു നിന്ന് ആടിത്തീര്‍ക്കുന്നത്.