ഒരാഴ്ചയ്ക്ക് മുമ്പ് പാര്‍ലമെന്റിലേക്ക് പൊട്ടിക്കാനായി കൊണ്ടുനടന്ന ബോംബാണോന്നറിയില്ല രാഹുല്‍ ഗാന്ധി രണ്ടുദിവസമായി ചിലതൊക്കെ പൊട്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. സംഗതി ബോംബുപോലെ ഒന്നും തോന്നുന്നില്ലെങ്കിലും ഒരു മാലപ്പടക്കമായിട്ടൊക്കെ ഫീല്‍ ചെയ്യുന്നുണ്ട്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ സഹാറയില്‍ നിന്നും ബിര്‍ലയില്‍ നിന്നൊക്കെ കോടികള്‍ വാങ്ങിയെന്നാണ് ഒരു പേപ്പര്‍ ഉയര്‍ത്തിക്കാട്ടി രാഗഹുല്‍ പറയുന്നത്. നേരത്തെ കെജ്രിവാള് ഇതുപോലൊന്ന് ആരോപിച്ചിരുന്നു.രേഖയുമായുള്ള ആദ്യ പൊതുപ്രസംഗത്തിനു ശേഷം മോദിയില്‍ നിന്ന് പരിഹാസം ഉണ്ടായെങ്കിലും ഒട്ടും തളരാതെ അടുത്ത കളിയില്‍ കാണിച്ചുതരാമെന്ന ആത്മവിശ്വാസത്തിലാണ് രാഹുലിന്റെ നീക്കം. ക്രിസ്മസ് കാലമല്ലേ.രാഹുലിന്റെ വിശ്വാസം രാഹുലിനെ രക്ഷിക്കട്ടെ.
നരേന്ദ്രമോദി 40 കോടി രൂപ പലഘട്ടങ്ങളിലായി സഹാറയില്‍ നിന്ന് കൈപറ്റിയെന്നാണ് പേപ്പര്‍ നോക്കി രാഹുല്‍ജി വായിക്കുന്നത്. ഇടയ്ക്കിടെ അത് ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. പണം കൊടുത്തതിനെപ്പറ്റി സഹാറ എഴുതിയ പറ്റുപുസ്തകത്തിന്റെ കോപ്പി നേരത്തെ ചില അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയതാണ്. വിവരാവകാശം വഴിയാണ് ഇപ്പോഴത് രാഹുലിന് കിട്ടിയത്. പതിവ് പോലെ ഇതിനൊക്കെ മിണ്ടാതിരുന്നില്ല നമ്മുടെ പ്രധാനമന്ത്രി. മിണ്ടി. പക്ഷേ നല്ല ഊക്കന്‍ പരിഹാസമായിരുന്നു ആ മിണ്ടാട്ടം. പരിഹാസം ഒരു രോഗമാണോ അതോ ഭയത്തില്‍ നിന്നുണ്ടാകുന്നതാണോയെന്നൊക്കെ വരും ദിവസങ്ങള്‍ തെളിയിക്കുമായിരിക്കും.