ഇങ്ങനെ മറ്റ് പാര്‍ട്ടികളോട് ഒത്തൊരുമിച്ചൊരു സമരം ചെയ്യാന്‍ ഒരാളെ പട്ടിണിക്കിട്ട് നിങ്ങളിങ്ങനെ ഡല്‍ഹിയിലൊക്കെ പോയി കറങ്ങുന്നത് ശരിയാണോ എന്നതാണ് ചോദ്യം.
ഇതിനിടയില്‍ കേരളത്തിലെ ബിജെപിക്കാര്‍ അതായത് കുമ്മനവും മുരളീധരനും കൃഷ്ണദാസുമൊക്കെ ഡല്‍ഹിയില്‍ പോയി കെട്ടോ. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെയാണ് കാണാന്‍ പോയത്. പോയകാര്യം പണ്ടത്തേതുതന്നെ, കേരളത്തിന്റെ ക്രമസമാധാനം അപ്പാടെ തെറ്റിക്കിടക്കുകയാണെന്നും ബിജെപിക്കാരെ സിപിഎം വേട്ടയാടുന്നുവെന്നും നിവേദനം കൊടുക്കുക.
കേരള നേതാക്കളെ ഡല്‍ഹിയില്‍ തന്റെ വീടിനുമുമ്പില്‍ കാണുമ്പോഴേ രാജ്നാഥ് സിങ്ങിന് കാര്യം പിടികിട്ടും. അതാണതിന്റെ ശീലം. നേരത്തെ പോയപ്പോഴൊക്കെ എന്തൊക്കെ രാജ്നാഥ് പറഞ്ഞോ അതൊക്കെ വീണ്ടും ആവര്‍ത്തിച്ചു. കാരണം ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിനാണ്. ഇതറിയാത്തവരൊന്നും അല്ല കുമ്മനവും കൂട്ടരും. പിന്നെ ഒരു ആചാരമാവുമ്പോള്‍ ചില ചടങ്ങുകളൊക്കെ വേണ്ടെന്ന് വയ്ക്കാനാവില്ലല്ലോ.