
കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൗനത്തിലാണ്. മുഖ്യനെതിരായ കരിങ്കൊടി പ്രകടനങ്ങള്‍ ആകാശത്തോളം വലുതാക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ഥ്യത്തില്‍ കോണ്‍ഗ്രസ് അല്‍പ്പം വിശ്രമത്തിലായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി എംപി യുടെ ഓഫീസിനുനേരെ എസ്എഫ്ഐക്കാര്‍ ആക്രമണം നടത്തിയതോടെ വീണ്ടും കോണ്‍ഗ്രസുകാര്‍ പണിക്കിറങ്ങണ്ട അവസ്ഥയായി. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മുമൊക്കെ നിശബ്ദരായിരുന്ന സമയത്താണ് ലീഗിന് വിവാദങ്ങളുണ്ടാക്കാന്‍ ഒരു സ്പേസ് കിട്ടിയത്. മുഖ്യധാരാ പാര്‍ട്ടികൾ കാരണം ചെറിയ പാര്‍ട്ടികള്‍ക്ക് വിവാദത്തിന് അവസരം ലഭിക്കാത്തത് ശരിക്കും നാം ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്. അത് പോട്ട്. ഇപ്പോ നിലവിലെ വിഷയത്തിലേക്ക് വരാം. മുന്‍ എംഎല്‍എയും മുസ്ലിം ലീഗിലെ വാഗ്മിയുമായ കെഎന്‍എ ഖാദറിന് കോഴിക്കോട്ട് ഒരു പരിപാടിക്ക് ക്ഷണം കിട്ടി. ക്ഷണം കിട്ടിയ ക്ഷണം തന്നെ ഖാദര്‍ വച്ചുപിടിച്ചു.
എന്തായാലും ഖാദര്‍ കേസരിയില്‍ ഇരിക്കുന്നത് ലീഗറിഞ്ഞു. നല്ല പ്രാസംഗികനായ ഖാദര്‍ നന്നായി പ്രസംഗിച്ചു. തിരിച്ചിറങ്ങിയപ്പോളാണ് തന്‍റേത് അധിക പ്രസംഗമാണെന്ന് പാര്‍ട്ടി കണ്ടെത്തിയതായി തിരിച്ചറിഞ്ഞത്. ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ ആപ്പീസിലായിരുന്നു പ്രസ്തുത ചടങ്ങ്. ലീഗുകാര്‍ക്ക് ഹാലിളകാന്‍ മറ്റുവല്ലതും വേണോ. അതെ അതുതന്നെ. എന്നാല്‍ ഖാദര്‍ എല്ലാം നിഷേധിച്ചു.
സാംസ്കാരിക പരിപാടിയിലെ മതസൗഹാര്‍ദ പ്രസംഗമെന്നൊക്കെ ഖാദര്‍ പറഞ്ഞുനോക്കിയെങ്കിലും ഏശിയില്ല. പക്ഷേ ഖാദറിനെ കുറ്റം പറയാനാകില്ല. മനസില്‍ കിടക്കുന്നത് പുറത്തുപറയാന്‍ അവസരം കിട്ടിയാല്‍ ആരായാലും പോകും. എന്നാല്‍ ആ പോക്ക് കുഞ്ഞാപ്പക്കുപോലും ഇഷ്ടമായില്ല. കേസരി എന്നത് ആര്‍എസ്എസ് മുഖപത്രമാണ്. ചന്ദ്രികയുടെ ഓഫീസില്‍ പോകുന്നത് സങ്കല്‍പ്പിക്കണ്ട, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്ന പാട്ടുപോലും അണികളോ നേതാക്കളോ പാടിയാല്‍ ബിജെപിയില്‍ പിന്നെ കിടക്കപ്പൊറുതി കാണില്ല. എന്നിട്ടാണ് പാവം ഖാദറിനിട്ട് ഈ പണി കൊടുത്തത്. കേസരിയിലെ പരിപാടിക്ക് പ്രാധിനിത്യമായിരുന്നു പ്രശ്നമെങ്കില്‍ ആ അബ്ദുല്ലകുട്ടി ഒക്കെ അവിടില്ലേ. വിളിച്ചാല്‍ പോരേ.
സംവാദങ്ങളെ ഭയക്കുന്ന മറ്റൊരാളെ കാണിക്കാം. ആ കെ.വി തോമസ് സിപിഎം സമ്മേളനത്തില്‍ സംവദിക്കാന്‍ പോയപ്പോള്‍ സടകുടഞ്ഞെഴുന്നേറ്റ പുത്രനെ കാണ്. സംവാദങ്ങളെ ഭയക്കുന്നവരല്ല എന്ന് മനസിലായ സ്ഥിതിക്ക് എം.ടി രമേശിന് തുടരാം. ഉണ്ട്. ഉണ്ട്. സഹിഷ്ണുത കണ്ടുപിടിച്ചതുതന്നെ നിങ്ങളാണെന്ന് നമുക്കറിയാമല്ലോ. വേറെ തമാശ വല്ലതും പറയാനുണ്ടോ.
ലീഗിന്‍റെ പ്രശ്നമായതിനാല്‍ തങ്ങളാണ് എല്ലാം പറയേണ്ടത്. തങ്ങളെത്തി. കവിത കൊണ്ടാണ് ഖാദര്‍ തങ്ങളെ തഴുകിയത്. സത്യം തന്നെ. അപ്പോളാണ് മുനീര്‍ സാബ് മുന്നില്‍ വന്നത്. ആ കെഎന്‍എ ഖാദര്‍ പോയ പോക്ക് കണ്ടില്ലേ ഇങ്ങള്. അല്ല വേങ്ങര. പിണറായി മുഖ്യന്‍ വിട്ടിട്ടും കെറെയിലിനെ വിടാതെ മനസില്‍ കൊണ്ടുനടക്കുകയാണ് മുനീര്‍ സാബ്. ഊണിലും ഉറക്കത്തിലും കെ റെയില്‍ എന്ന ഭീകരനെയാണ് ഓര്‍ക്കാറ്. അതുകൊണ്ട് ആരെന്തു ചോദിച്ചാലും ആദ്യം കെറെയിലുമായി ബന്ധപ്പെട്ടതാണോ എന്ന് ഒന്ന് പേടിക്കും
പുറത്തിറങ്ങിയാരുന്നു. അകത്ത് കയറിയോ എന്നറിയില്ല. അതുകൊണ്ട് ചോദിച്ചതാ. എന്തും വിശദീകരിക്കാനുള്ള ഒരു മൂഡിലാണ് ഖാദര്‍. വീണ്ടും ഖാദറിന് അവസരം. സത്യത്തില്‍ ഇടക്കിടക്ക് ഇങ്ങനെ അവസരം കൊടുത്താല്‍ തീരാവുന്ന പ്രശ്നമേ ഖാദറിനുള്ളൂ. ലീഗിലായിരിക്കും. മര്യാദക്കു നിന്നാല്‍ തരുമാരിക്കും. എന്തായാലും തന്‍റെ സ്റ്റോക്ക് തീര്‍ത്തിട്ടേ ഖാദര്‍ ഇന്ന് കട അടക്കൂ. ഒരു കഥ കൂടി. ഈ കഥക്ക് ലീഗുകാരുമായി എന്തെങ്കിലും ബന്ധം തോന്നിയാല്‍ അത് യാദൃശ്ചികം മാത്രം.
ബോധമുള്ളവരുടെ അടുത്തേ ഈ ബോധംകെടുത്തല്‍ പണിയൊക്കെ നടക്കൂ എന്ന് ഖാദര്‍ തിരിച്ചറിയേണ്ടതുണ്ട്. അതുപോട്ട്. ഇപ്പോള് എന്താണ് തിരിച്ചറിവ്. ഖാദര്‍ പോയാലും പോയില്ലെങ്കിലും ഒരു ഇടവേള. ഇന്ത്യന്‍ പ്രീമിയര്‍ ലീഗൊക്കെ നടക്കുന്നതു കണ്ടിട്ടില്ലേ. തുടങ്ങിയാല്‍ പിന്നെ എവിടെ നോക്കിയാലും ലീഗാണ്. അതുതന്നെയാണ് മുസ്ലിം ലീഗിന്‍റെയുംഅവസ്ഥ. പണികിട്ടി തുടങ്ങിയാല്‍ മൊത്തം പണിയാണ.് ആകാരം കൊണ്ട് ലീഗിലെ കരുത്തനായ നേതാവാണ് പികെ ബഷീര്‍. കക്ഷി തന്‍റെ നാക്കിനെ രാവിലെ മേയാന്‍ അഴിച്ചു വിടും. പലതും പുലമ്പി നടന്നിട്ട് നാവ് വൈകിട്ട് കൂട്ടില്‍ കയറും. അത്യാവശ്യം തല്ലുകൊള്ളിത്തരമൊക്കെ ഒപ്പിച്ച് തിരിച്ചു കയറുന്നതാണ് ആ നാവിനിഷ്ടം.
വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ കുറിക്കുകൊള്ളുന്ന ആക്ഷേപ ഹാസ്യം പറയാന്‍ പികെ ബഷീറും ശ്രമിക്കാറുണ്ട്. ആക്ഷേപ ഹാസ്യമാകാറില്ല. ആക്ഷേപത്തിലൊതുങ്ങും. ഇല്ല ശരിക്ക് ഫോമിലായിട്ടില്ല. ആകാന്‍ പോകുന്നതേയുള്ളൂ. അറിയാത്ത പിള്ളക്ക് ചൊറിയുമ്പോ അറിയും. സാമാന്യ ബോധമുള്ളവരാരും മണിയാശാനുമായി മുട്ടാന്‍ പോകാറില്ല. ഹൈറേഞ്ചാണ് കക്ഷിക്ക്. ഹൈ വോള്‍ട്ടും.തിരിച്ചു കിട്ടിയാല്‍ താങ്ങൂല. അല്ലേ ആശാനേ. ആശാന്‍ പേടിച്ചോടിയെന്നാണ് പി.കെ ബഷീര്‍ കരിതിയത്. പിന്നാലെ വന്നു ടോര്‍പ്പിഡോ ഐറ്റം. പിതൃസ്മരണ.
യോഗ ദിനം കഴിഞ്ഞെങ്കിലും നമ്മള്‍ യോഗ മറക്കാന്‍ പാടില്ല. പഠിപ്പിക്കാനുള്ള മാഷും പഠിക്കാനുള്ള കുട്ടിയും റെഡിയാണ്. ബിജെപി നേതാക്കള്‍ പതുവെ യോഗയുടെ ആളുകളാണെങ്കിലും സുരേന്ദ്രനെ കുറിച്ച് അങ്ങനൊരു ആക്ഷേപം ആര്‍ക്കുമില്ല. അടുത്തിരിക്കുന്ന കുട്ടിയുടെ നോക്കിയെഴുതുന്ന ലാഘവത്തിലാണ് സുരേന്ദ്രേട്ടന്‍.
അപ്പോ നമ്മള്‍ ഇന്നത്തെ അഭ്യാസം നിര്‍ത്തുകയാണ്. അടുത്തയാഴ്ച വീണ്ടും കാണാം.