
തൃക്കാക്കരയിലെന്നല്ല എവിടെ തിരഞ്ഞെടുപ്പു നടന്നാലും നമ്മള്‍ വ്യാജ വീഡിയോകള്‍ക്ക് എതിരാണ്. പണ്ടൊക്കെ വോട്ട് പെട്ടിയിലായി എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്. ഇപ്പോള്‍ വോട്ട് മെഷീനില്‍ അപ്‍ലാഡായി എന്നു പറയാം. ഡൗണ്‍ലോഡാകുന്ന ജൂണ്‍ മൂന്നിന് അറിയാം ആരാണ് കര കയറുകയെന്ന്. അപ്പോള്‍ തുടങ്ങുകയാണ്.
തൃക്കാക്കരയില്‍ ഇന്ന് നാട്ടുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ കുറെ ദിവസങ്ങളായി സെക്രട്ടറിയേറ്റും എകെജി സെന്‍ററും ഇന്ദിരാഭവനും മാരാര്‍ജി ഭവനുമെല്ലാം തൃക്കാക്കരയിലായിരുന്നല്ലോ. ഇന്ന് നാട്ടുകാര്‍ക്ക് അതില്‍ നിന്നെല്ലാം സ്വതന്ത്രം കിട്ടി. അവര്‍ വോട്ടുചെയ്യാന്‍ പോയി. മികച്ച പോളിങ്ങായിരുന്നു. തിരഞ്ഞെടുപ്പിന്‍റെ ഒരു പ്രത്യേകത എന്നുവച്ചാല്‍ ആ സമയത്ത് സ്ഥാനാര്‍ഥികള്‍ എന്തും ചെയ്തുകളയും എന്നതാണ്. വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ആ സ്ഥിതിക്ക് ചെറിയൊരു ആശ്വാസം വരും. ഇപ്പോള്‍ ഉപകാരികളാണ് എല്ലാവരും തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ താരങ്ങളാണ് എന്നാണല്ലോ വെപ്പ്. തിരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ ഇനിയിപ്പോ വോട്ടര്‍മാരെ പൊക്കി നടക്കുന്നില്ല. സ്ഥാനാര്‍ഥികളാണ് ബാക്കിയുള്ളത്. മൂന്നാം തീയതി വോട്ടെണ്ണുന്നതുവരെ അവരാണ് സ്റ്റാറുകള്‍.