വൃത്തികേട് പറഞ്ഞും കാണിച്ചും ആളാകാൻ നോക്കിയ കഥ; മുരളീധർജീയുടെ വരവ്..!

Thiruvaa
SHARE

രണ്ടുവഴികളാണ് പ്രശസ്തി കൈവരിക്കാന്‍ ഉള്ളത്. ഒന്നുകില്‍ ക്വാളിറ്റി വഴി. രണ്ട് വൃത്തികേട് വഴി. രണ്ടായാലും ഈ നാട്ടില്‍ ആളുണ്ടാവും കൂടെ. കുപ്രസിദ്ധിക്ക് ആളെ കുറച്ച് കൂടുതല്‍ കിട്ടുന്ന കാലമാണ് ആര്‍ഷഭാരതസംസ്കാരം അനുസരിച്ച് ഇപ്പോ രാജ്യത്ത് നിലവില്‍ ഉള്ളത്. മതേതരത്വവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാന്‍ വല്യപാടാണ്. അതിന് ഉള്ളില്‍ നന്‍മവേണം. മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കണം. കാര്യങ്ങളെക്കുറിച്ച് നല്ല ബോധ്യം വേണം. സമൂഹത്തോട് ഒരു ഉത്തരവാദിത്തം വേണം. എല്ലാത്തിലും ഉപരി സമാധാനമാണല്ലോ വലുതെന്ന ചിന്തയാവണം നയിക്കേണ്ടത്. അതിനൊക്കെ പകരം വെറുപ്പ് പടര്‍ത്തുക, ശത്രുക്കളെ സങ്കല്‍പിച്ച് സൃഷ്ടിക്കുക, ഒരു വിഭാഗത്തെ നിരന്തരം ശത്രുപക്ഷത്ത് നിര്‍ത്തുക എന്നതിനാണ് ഇപ്പോ മാര്‍ക്കറ്റ്. ചുരുക്കി പറഞ്ഞാല്‍ ചെകുത്താന് മാര്‍ക്കറ്റ് ഉള്ള കാലമാണ്. അവിടെയാണ് ഒന്നുമല്ലാതിരുന്ന പി.സി. ജോര്‍ജ് വല്യബുദ്ധിമുട്ടില്ലാതെ ആളാവാനും അതുവഴി കിട്ടുന്നത് പോരട്ടെ എന്ന് കരുതി സ്വന്തം വായയെ സെപ്റ്റിക്് ടാങ്കിന് തുല്യമാക്കിയതും. കുത്തിത്തിരുപ്പില്‍ നമുക്ക് താല്‍പര്യമില്ലാത്തതിനാല്‍ ജോര്‍ജിന്‍റെ ആ പ്രസംഗത്തിലെ ഒരു വാക്ക് പോലും ഇവിടെ കാണിക്കാനും ഉദ്ദേശിക്കുന്നില്ല.  ഒരു കുത്തിത്തിരിപ്പുണ്ടാക്കുക, അതുവഴി അധികാരസാധ്യതകള്‍ക്ക് വഴിതുറന്നിടുക. ആ വഴി ഈരാറ്റുപേട്ടയില്‍ നിന്ന് തിരുവനന്തപുരം പൊലീസ് സ്റ്റേഷനിലേക്കുള്ളതായിരുന്നു. 

പി.സി. ജോര്‍ജ് ഇപ്പോ ആരുമല്ല. കേരള കോണ്‍ഗ്രസുകാരനായിരുന്നു. കുരുട്ടുബുദ്ധി കൂടുതലായതിനാലും അധികാരം വിട്ടൊരു കളിക്ക് താല്‍പര്യമില്ലാത്തതിനാലും സ്വന്തമായി പാര്‍ട്ടിയൊക്കെ പലവട്ടം ഉണ്ടാക്കി. പൂഞ്ഞാറിലെ പുണ്യാളന്‍ എന്നാണ് സ്വയം വിശ്വസിക്കുന്നത്.  മൂന്നുമുന്നണികളില്‍ സ്ഥാനം കിട്ടാതെ സ്വതന്ത്രനായി നിന്ന് പൂഞ്ഞാറില്‍ നിന്ന് 2016ല്‍ നിയമസഭയിലെത്തി ചരിത്രമൊക്കെ തിരുത്തിയആളാണ്. പക്ഷേ ഇത്തവണ തോറ്റുപോയി. ആരുമല്ലാതായി എന്ന തോന്നലില്‍ പിന്നെ വര്‍ഗീയത പറയാമെന്ന് വച്ചു. ജോര്‍ജ് വര്‍ഗീയത പറഞ്ഞു തുടങ്ങിയെങ്കില്‍ തക്കം പാര്‍ത്തിരിക്കുന്ന സുവര്‍ണാവസരക്കാര്‍ക്ക് അതൊരു ലോട്ടറിയാണ്. നാട് കുട്ടിച്ചോറാക്കാനുള്ള ബംബര്‍ ലോട്ടറി. അതറിയുന്നതുകൊണ്ട് കേന്ദ്രമന്ത്രി തന്നെ ജോര്‍ജിന് പിന്നാലെ സ്റ്റേഷനിലേക്ക് കുതിച്ചു.

നമ്മളും ചോദിക്കുന്നത് അങ്ങനെയാണ്, ഇത്ര തിരക്ക് പിടിച്ച് ഒരു കേന്ദ്രമന്ത്രി എന്തിനാണ് പൊലീസ് സ്റ്റേഷനിലേക്കെത്തിയത് ? ഒന്നാമത് പി.സി. ജോര്‍ജ് വി. മുരളീധരന്‍റെ പാര്‍ട്ടിക്കാരനല്ല. നിലവില്‍ എംഎല്‍എ പോലുമല്ല. സംസ്ഥാന സര്‍ക്കാരിനെതിരെ തിരിയാനാണെങ്കില്‍ പി.സി. പ്രതിപക്ഷത്തുള്ള ഒരു നേതാവുമല്ല. ഒരു നിസ്സഹായനായ പാവം പൗരനുപോലുമല്ല. ഇനി ആണെങ്കിലും താങ്കള്‍ക്കിത്ര തിരക്കുണ്ടാവാന്‍ യാതൊരു വഴിയുമില്ല. പിന്നെന്തിനാണ് ജീ ഇത്രയും വലിയ പെട്ടെന്നുള്ള ഈ വരവ്, ? വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE