ട്രെയിന്‍ ഓടിയില്ലെങ്കിലും വേണ്ട; പദ്ധതി ഒന്നു തുടങ്ങിക്കിട്ടിയാ മതി..!

Thiruvaa
SHARE

മണിയാശാന്‍ ലാഭത്തിലാക്കിയ കേരള വൈദ്യുതമേഖലയെ നഷ്ടത്തിലാക്കിയ കൃഷ്ണന്‍കുട്ടി മന്ത്രിയ്ക്കെതിരെ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ആദ്യം തന്നെ. ഒന്നാം പിണറായ സര്‍ക്കാരിനെ നാടിന് തിരിച്ചുതരൂ എന്ന് താഴ്മയായി അഭ്യര്‍ഥിക്കുന്നു. പവര്‍കട്ട് ഒഴിവാക്കി പരിപാടിയുടെ സുഗമമായ കാഴ്ചയ്ക്ക് പ്രേക്ഷകര്‍ക്ക് വഴിയൊരുക്കി കൊടുക്കണമെന്നുകൂടെ അഭ്യര്‍ഥിച്ച് ആരംഭിക്കുകയാണ്. 

ഇന്നും സില്‍വര്‍ ലൈന്‍ അര്‍ധഅതിവേഗ പാത തന്നെയാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. ഒരു സംവാദമൊക്കെ ഒടുവില്‍ കെ റെയിലും സര്‍ക്കാരും കൂടി സംഘടിപ്പിച്ചല്ലോ. പദ്ധതി എന്തുവന്നാലും നടപ്പാക്കുമെന്നൊക്കെ തീരുമാനിച്ചുറപ്പിച്ച് പ്രഖ്യാപിച്ച ശേഷം സംവാദം എന്ത് കുന്തത്തിനാണെന്നൊന്നും ചോദിക്കരുത്. കഥയില്‍ പ്രത്യേകിച്ച് നുണകൊണ്ടുണ്ടാക്കിയെടുക്ക കഥയില്‍ ചോദ്യമേ പാടില്ല. അലോക് വര്‍മയൊക്കെ വന്ന് മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ ശ്രമിച്ചപ്പോഴാണ് കെറെയിലിനും ഈ പദ്ധതി ആസൂത്രണം ചെയ്തവര്‍ക്കും അപകടം മണത്തത്. മുഖ്യമന്ത്രി കാണാന്‍ കൂട്ടാക്കിയില്ല. പകരം അലോക് വര്‍മ നാട്ടുകാരോട് മാധ്യമങ്ങളിലൂടെ ഉടായിപ്പാണ് ഇവിടെ നടക്കുന്നതെന്ന് വിളിച്ചുപറഞ്ഞു. അപ്പോഴാണ് രംഗം ശാന്തമാക്കാന്‍ ഒരു സംവാദമൊക്കെ സംഘടിപ്പിച്ചാലോന്ന് കെറെയിലിന് തോന്നിയതും സര്‍ക്കാരിനോട് പറഞ്ഞതും. 

അങ്ങനെ ആ സുദിനം വന്നെത്തി. മുമ്പ് മുഖ്യമന്ത്രി പൗരപ്രമുഖരുമായാണ് ചര്‍ച്ച സംഘടിപ്പിച്ചതെങ്കില്‍ ഇവിടെ വേറെ പ്രമുഖരെ വിളിച്ച് മറ്റൊരു ചര്‍ച്ച. പരിപാടി നടക്കുന്ന സ്ഥലം ഒരു കല്യാണസ്റ്റേജാണെന്ന് തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. പക്ഷേ അങ്ങനെ അല്ല. പിന്നെ ഇതൊരു സാധാരണ പരിപാടിയല്ല എന്ന് സൂചിപ്പിക്കാന്‍ മോഡറേറ്റര്‍ തന്നെ ഇംഗ്ലീഷിലാണ് സംസാരിച്ചു തുടങ്ങിയത്.  ഉദ്ദേശ്യം വ്യക്തമാണ്. ഇതൊന്നും സാധാരണക്കാരെ ഉദ്ദേശിച്ചല്ല. പാനലിലെ റയില്‍വേ ബോര്‍ഡ് അംഗത്തിന് മലയാളം അറിയാത്തതുകൊണ്ട് സംഗതി മൊത്തത്തില്‍ ഇംഗ്ലീഷിലായി. നമുക്കൊക്കെ ഇംഗ്ലീഷ് അങ്ങനെ വല്യ പിടിയില്ലാത്തതുകൊണ്ട് സംഭവം എന്തോ വലിയ സംഭവമാണെന്ന് തോന്നുകയും ചെയ്യും. നമുക്കത് അതുപോരേ അളിയാ. വിഡിയോ കാണുക.

MORE IN THIRUVA ETHIRVA
SHOW MORE