ഫ്യൂസ് ഊരുമോ ഇല്ലയോ..; സിപിഎം ഭരണത്തിൽ സിഐടിയു സമരങ്ങൾ

thiruva
SHARE

സ്വാദ് എന്നു പറയുമ്പോള്‍ എരിവും പുളിയുമെല്ലാം അതില്‍ വരുമല്ലോ. അതുകൊണ്ടാണ് സില്‍വര്‍ ലൈന്‍ വിശദീകരണയോഗത്തില്‍ പിണറായി മുഖ്യന്‍ ഈ സ്വാദ് ഡയലോഗിട്ടത്. കറിയുടെ സ്വാദ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അടുത്തിരിക്കുന്ന സഖാവിന്‍റെ ഇലകാണിച്ചിട്ട് പറയും, ദാ കണ്ടില്ലേ അവന്‍ പരാതിയില്ലാതെ കഴിച്ചല്ലോ. പിന്നെന്താ നിങ്ങള്‍ക്ക് കഴിച്ചാല്‍, ചിലപ്പോള്‍ നിങ്ങളുടെ നാക്കിന്‍റെ കുഴപ്പമായിരിക്കും എന്ന്. അപ്പോള്‍ നമ്മളും വിളമ്പുകയാണ് വിഭവങ്ങള്‍ വിഡിയോ കാണാം.

രണ്ടാം പിണറായി സര്‍ക്കാരിന്‍റ ഒന്നാം ഹാപ്പി ബര്‍ത്ത ഡേ കഴിഞ്ഞു. ആ സമയത്ത് സഖാക്കളുടെ ഉച്ചത്തിലുള്ള കുറച്ചു ശബ്ദം കേട്ടിരുന്നു .അപ്പോള്‍ നമ്മള്‍ ആദ്യം കരുതി അത് പിണറായി സര്‍ക്കാരിന് സന്തോഷ ജന്മദിനം നേരുന്നതിന്‍റെ ശബ്ദമാണെന്ന്. ചെവി വട്ടം പിടിച്ചപ്പോള്‍ ഒച്ച കേള്‍ക്കുന്നത് പല വഴിക്കുനിന്നാണെന്ന് മനസിലായി. കെഎസ്ഇബി ഹെഡ് ആപ്പീസ്, ജല അതോറിറ്റി ആസ്ഥാനം, കെഎസ്ആര്‍ടിസി എന്നിവിടങ്ങളിലാണ് സിഐടിയു സഖാക്കള്‍ മുഷ്ടിചുരുട്ടിയിരിക്കുന്നത്. സംഗതി സമരമാണ്. ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന നാട്ടില്‍ ഇടതു സംഘടനകള്‍ അതേ സര്‍ക്കാരിനു കീഴിലെ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ കൊടി നാട്ടി. വല്ല കോണ്‍ഗ്രസിലുമായിരുന്നെങ്കില്‍ സിഐടിയു പോഷക സംഘടനയല്ല എന്നൊക്കെ തലപ്പത്തുനിന്ന് കേള്‍ക്കാമായിരുന്നു. ഇതിപ്പോ ചെങ്കൊടിയെ ചെങ്കൊടി തള്ളിപ്പറയില്ല. പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇപ്പോള്‍ ഈ പറയുന്ന വകുപ്പുകളൊന്നും സിപിഎം അല്ല ഭരിക്കുന്നത്. എല്ലാം ഘടകക്ഷികളുടെ വകുപ്പാണ്. അതാണ് സഖാക്കള്‍ക്ക് ഈ ധൈര്യം. ആ ആനത്തലവട്ടം ആനന്ദേട്ടനൊക്കെ ആനന്ദിപ്പാന്‍ ഇതൊക്കെ ധാരാളം

ചിറ്റൂരുകാരന്‍ ഒരു കുട്ടിയാണ് വൈദ്യുതിവകുപ്പു മന്ത്രി. കഴിഞ്ഞ ടേമില്‍ വല്ലോം സിഐടിയുക്കാര്‍ ഇമ്മാതിരി സമരോകൊണ്ട് ചെന്നിരുന്നേല്‍ മണിയാശാന്‍ വണ്‍‌ ടു ത്രീ എന്ന് എണ്ണിത്തെള്ളിയേനേ. ഇതിപ്പോ കൃഷ്ണന്‍കുട്ടി പെട്ടിരിക്കുകയാണ്. ഫ്യൂസൂരിയാല്‍ ഇരുട്ടാകും ഊരിയില്ലേല്‍ കറണ്ടടിക്കും. 

കൃഷ്ണന്‍കുട്ടി ഒറ്റക്കല്ല. കേമന്മാരില്‍ കേമനെന്ന് പിണറായി സര്‍ക്കാര്‍ തന്നെ സര്‍ട്ടിക്കറ്റ് കൊടുത്ത ബി അശോകാണ് അവിടെ ടര്‍ബന്‍ കറക്കുന്നത്. വകുപ്പ് സിപിഎമ്മിന്‍റെ കൈയ്യില്‍ നിന്ന് മാറിയതിനു പിന്നാലെ ബോഡിന്‍റെ തലപ്പത്തുണ്ടായിരുന്ന സഖാക്കളുടെ ഫ്യൂസ് അശോക് ഊരി. അതാണ് പ്രശ്നങ്ങള്‍ക്കു കാരണം. പാര്‍ട്ടി ലൈനിനു മീതേ വളര്‍ന്ന മരം മുറിക്കണം എന്നതാണ് സിഐടിയുവിന്റെ ആവശ്യം. 

MORE IN THIRUVA ETHIRVA
SHOW MORE