ലീഗ് ഉറങ്ങുന്ന സിംഹമോ; ബേജാറാക്കല്ലേ കോയാ; തരൂരിന്‍റെ പടക്കവും..!

Thiruvaa-New
SHARE

പറഞ്ഞുവരുമ്പോള്‍ മൊത്തം തമാശയാണ് കേരളത്തില്‍. ഉദാഹരണത്തിന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്‍.ജെ.ഡിയില്‍ പ്രശ്നങ്ങളാണ്. പാര്‍ട്ടി അധ്യക്ഷന്‍ ശ്രേയാംസ്കുമാറിനെതിരെ ജനറല്‍ സെക്രട്ടറി ഷേക് പി ഹാരിസും സംഘവും. കഴിഞ്ഞദിവസം പക്ഷേ പ്രശ്നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തു. എല്ലാം കോംപ്ലിമെന്‍റ്സാക്കി എന്ന് പാര്‍ട്ടി സംയുക്തമായി പറഞ്ഞു. ഇന്നു നോക്കുമ്പോള്‍ ഷേക് പി ഹാരിസും കൂട്ടരും പായും തലയിണയും എടുത്തു പോകുന്നു. പാര്‍ട്ടി പിളര്‍ന്നത്രേ. പിളര്‍ന്നവരെയെല്ലാം പാളയത്തില്‍ തന്നെ നിര്‍ത്താന്‍ ഇടതുമുന്നണി കട്ടക്ക് ശ്രമിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ അധികം ആളില്ലാത്തതുകൊണ്ട് പിളര്‍ന്നവരെത്ര ബാക്കിയുള്ളവരെത്ര എന്ന് എണ്ണാന്‍ വലിയ പാടില്ല. അതാണ് ആശ്വാസം.

അടുത്ത തമാശകളിലേക്ക് വരാം. കോണ്‍ഗ്രസുകാരനായ ശശി തരൂര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനൊപ്പം. ഇടതുമുന്നണിക്കാരനായ കാനം രാജേന്ദ്രന്‍ കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ കത്തെഴുതിയ ബിന്ദുവിനെതിരെ പ്രതിപക്ഷത്തിനൊപ്പം. ആകെ ഒരു മിക്സിങ് ബന്ധങ്ങളാണ് കേരളത്തില്‍ കാണാന്‍ കഴിയുന്നത്. തുരുവനന്തപുരത്ത് പുതിയ ലുലു മാളിന്‍റെ ഉദ്ഘാടനസമയത്ത് കഴിഞ്ഞതോടെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. അത് നന്നായി മനസിലായ ശശി തരൂര്‍ ഒരു പടക്കം പൊട്ടിച്ചു. ചെറിയൊരു സ്തുതിഗീതം. പിണറായി വിജയന്‍ നല്ലവന്‍ എന്നു തുടങ്ങിയ ആ പാട്ട് പക്ഷേ പാര്‍ട്ടിക്ക് അത്ര ദഹിച്ചില്ല. ഇടതുസര്‍ക്കാരിന്‍റെ സില്‍വര്‍ ലൈന്‍ എന്ന അതിവേഗ റെയില്‍ പദ്ധതിക്കെതിരെയുള്ള നിവേദനത്തില്‍ ഒപ്പിടാന്‍ പാര്‍ട്ടി പറഞ്ഞപ്പോള്‍ പേന എടുത്തുവരാം എന്നുപറഞ്ഞ് പോയ തരൂരിനെ പിന്നെ കാണുന്നത് പിണറായിക്കൊപ്പമാണ്. താന്‍ ഈ നാട്ടിലെ ലോക്കല്‍ കോണ്‍ഗ്രസുകാരനല്ല എന്ന ലൈനിലാണ് തരൂര്‍ പോകുന്നത്. കേരളത്തില്‍ ഇപ്പോള്‍ പേമാരിയില്ല, വെള്ളപ്പൊക്കമില്ല, കോവിഡ് സീന്‍ അത്ര കാര്യമായില്ല. അതുകൊണ്ട്, അതുകൊണ്ടുമാത്രം നാട്ടില്‍ സജീവമായ ചിലതുണ്ട്. വര്‍ഗീയത, കുത്തിത്തിരുപ്പ് തുടങ്ങിയവ. എവിടെ നോക്കിയാലും ഇപ്പോള്‍ വര്‍ഗീയത മാത്രമേ ഉള്ളൂ എന്നതുകൊണ്ട് ആകെ ചെയ്യാന്‍ കഴിയുക അതിലെ തമാശകള്‍ ആസ്വദിക്കുക എന്നതാണ്. ലീഗ് ഉറങ്ങുന്ന സിഹമാണെന്ന് കേരളം ഒരിക്കല്‍ക്കൂടി തിരിച്ചറിഞ്ഞു. നിര്‍ബന്ധിച്ചു വിളിച്ചാല്‍ മാത്രമേ ഈ സിംഹം ഉണരൂ അത്രേ. കോണികയറുന്ന പച്ച നിറമുള്ള സിംഹം. നാട്ടിലാണെങ്കില്‍ ആകെ കടുവപ്പേടി. അതിനിടയിലാണ് സിംഹം ഉണര്‍ന്നു എന്ന ലീഗിന്‍റെ പ്രഖ്യാപനം. ബേജാറാക്കല്ലേ കോയാ. അപ്പോ നമ്മള്‍ ഗര്‍ജനം നിര്‍ത്തുകയാണ്. വിഡിയോ കാണാം:

MORE IN THIRUVA ETHIRVA
SHOW MORE