ഒരു തിരിച്ചുവരവിന്‍റെ കഥ; കോടിയേരിയുടെ സ്വപ്നവും വിജയരാഘവന്‍റെ ദുഖവും

Thiruvaa
SHARE

രാഷ്ട്രീയ കൊലപാതകങ്ങള്‍ മുല്ലപ്പെരിയാര്‍ ആശങ്ക തുടങ്ങിയ പീഡിപ്പിച്ച് നഗ്നദൃശ്യം പകര്‍ത്തല്‍ തുടങ്ങിയവാര്‍ത്തകള്‍ നാടുനിറയുന്ന ഇക്കാലത്ത തമാശക്കു വക കിട്ടുക എന്നത് വലിയ പാടാണ്. പ്രിയദര്‍ശന്‍ സീരിയസ് പടമെടുത്തിട്ടും ആളുകള്‍ തലതല്ലി ചിരിക്കുന്ന നാടാണല്ലോ എന്ന ഒറ്റ വിശ്വാസത്തിലാണ് ഇന്ന് വേഷംകെട്ടി വന്നിരിക്കുന്നത്. മഴക്ക് തെല്ല് ശമനമുണ്ട്.  സിഹം വന്നപ്പോള്‍ അറബിക്കടലില്‍ നിന്ന് ന്യൂനമര്‍ദം പേടിച്ചോടിയതാകും കാരണം. എന്തായാലും കിട്ടിയതുവച്ച് നമ്മള്‍ തുടങ്ങുകയാണ് 

ഒരു വരവിന്‍റെ കഥ പറഞ്ഞുതുടങ്ങാം. നൂറുകോടി ചിലവിട്ട് വന്‍ഹൈപ്പില്‍ ഒടിടിക്കാരെ കിനാവുകാണാന്‍ പ്രേരിപ്പിച്ചിട്ട് അവസാനം തിയറ്ററില്‍ വന്ന കുഞ്ഞാലിയുടെ വരവാണ് പറയാന്‍ പോകുന്നത് എന്നു കരുതരുത്. അതിന്‍റെ റിലീസ് ഇവിടില്ല. നമ്മുടെ നായകന്‍ വേറയാണ്. സഖാവ് കോടിയേരി ബാലകൃഷ്ണന്‍ ലീവ് സറണ്ടര്‍ ചെയ്തത് തിരിച്ചെത്തി. ഒരു കൊല്ലം മുന്‍പാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുത്തത്. കുറച്ച് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ അല്ലറ ചില്ലറ വേറെ പ്രശ്നങ്ങളും. ലാല്‍സലാം സിനിമയില്‍ കണ്ടിട്ടില്ലേ നെട്ടൂരാന്‍ ബിസിനസ് തുടങ്ങാന്‍ അനുമതി ചോദിക്കുമ്പോള്‍ പാര്‍ട്ടി ലീവെടുക്കാന്‍ പറയുന്നത്. അതൊക്കെ സിനിമയില്‍ മാത്രമല്ല. പിന്നെ കോടിയേരി പോയത് ബിസിനസ് നടത്താനല്ല. മകന്‍ ബിനീഷ് കോടിയേരി ചില ബിസിനസ് നടത്തിയതുകൊണ്ടാണ്. എകെജി സെന്‍ററില്‍ ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റാണ് കോടിയേരിയോട് സെക്രട്ടറി സ്ഥാനം തിരിച്ചെടുത്ത് വിജയരാഘവന്‍ സഖാവിന്റെ അഭിനയം, അല്ല  ആക്ടിങ് സെക്രട്ടറി സ്ഥാനം മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ലീവ് സറണ്ടറന്‍റെ കാര്യം പാര്‍ട്ടി പറഞ്ഞില്ലെങ്കിലും ആശാന്‍ പറഞ്ഞു. നമ്മുടെ മണിയാശാന്‍

പക്ഷേ ആശാനേ ചില പാര്‍ട്ടി ശത്രുക്കള്‍ പറയുന്നത് ബിനീഷ് അകത്തായതുകൊണ്ട് കോടിയേരിക്ക് പുറത്തുപേകേണ്ടിവന്നു എന്നാണ്. പക്ഷേ നമ്മളൊന്നും അത് വിശ്വസിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബിനീഷ് പുറത്തായി. അതിനു പിന്നാലെ കോടിയേരി അകത്തും. അന്ന് വിശ്വസിക്കാഞ്ഞത് നന്നായി . അല്ലേല്‍ ബിനീഷിന് ജാമ്യം കിട്ടിയതുകൊണ്ടാ ഇപ്പോള്‍ കോടിയേരി തിരികെ എത്തിയത് എന്ന് വിശ്വസിക്കേണ്ടിവന്നേനേ. ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ന്യായീകരണ ക്യാപ്സ്യൂളിന് നല്ല ചിലവാരുന്നുകാണും. അതൊക്കെ കഴിച്ച് പാര്‍ട്ടി ഉഷാറായിക്കാണും. അല്ലേ ആശാനേ

എങ്കില്‍പ്പിന്നെ നമുക്ക് ഇങ്ങനെ എകെജി സെന്‍ററിന്‍റെ വാതില്‍ക്കല്‍ നില്‍ക്കാതെ അകത്തേക്ക് പോകാം. സഹൃദയനായ കോടിയേരി മടങ്ങിയെത്തുന്നത് ആസ്വദിക്കാം. ആരും മുഖത്ത് അമിത സന്തോഷം കാണിക്കരുത്. ഇതെല്ലാം കണ്ട് വിജയരാഘവന്‍ സഖാവ് വിഷമിച്ചിരിപ്പുണ്ട് എന്നോര്‍മവേണം. കോടിയേരിയുടെ സ്വപ്നവും വിജയരാഘവന്‍റെ ദുഖവും എന്ന ചിത്രം എകെജി സെന്‍ററില്‍ റിലീസായി

MORE IN THIRUVA ETHIRVA
SHOW MORE