ഇങ്ങോട്ട് ചോദ്യങ്ങൾ വേണ്ട മിസ്റ്റർ സതീശൻ; കെ റയിൽ എന്ന മഹാസംഭവം..!

thiruva-ethirva
SHARE

വരും ദിവസങ്ങളില്‍ മലയാളിക്ക് ആകെ ഒരു കണ്‍ഫ്യൂഷനേ ഉണ്ടാകാന്‍ പോകുന്നുള്ളു. അത് ഇന്ധനവില ഇങ്ങനെ കൂടിയാല്‍ എങ്ങനെ ജീവിക്കും, എന്നതല്ല. കോവിഡ് ഇങ്ങനെ മാറാതെ ഇരുന്നാല്‍ എങ്ങനെ പണിയെടുത്ത് ജീവിക്കും എന്നല്ല, ഇങ്ങനെ കാലാവസ്ഥ മാറി മഴപെയ്ത് വെള്ളപ്പൊക്കം വന്നാല്‍ എങ്ങനെ സ്വസ്ഥമായി അന്തിയുറങ്ങും എന്നോര്‍ത്തുമല്ല. നോട്ടുനിരോധനവും ജിഎസ്ടിയും കോവിഡും തകര്‍ത്ത സാമ്പത്തിക സ്ഥിതിയില്‍ നിന്നുകൊണ്ട് നടുവൊടിഞ്ഞ സാധാരണക്കാരന്‍ എങ്ങനെ  ജീവിതം കരുപ്പിടിപ്പിക്കാം എന്നും ഓര്‍ത്തല്ല കണ്‍ഫ്യൂഷന്‍. പിന്നെയോ.. അത്. തിരുവനന്തപുരത്തീന്ന് കാസര്‍കോടേക്കും തിരിച്ചും നാലരമണിക്കൂറുകൊണ്ടു പോയിവരണോ അതോ 12 മണിക്കൂറെടുത്ത് പോയാ മതിയോ എന്നതാണ്. അത് മാത്രമേ കേരളീയരെ നിലവില്‍ കണ്‍ഫ്യൂഷനടിപ്പിക്കുന്ന കാര്യമുള്ളു. 

‌സംസ്ഥാനത്തെ വികസന പദ്ധതികളെ മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ തുരങ്കം വയ്ക്കുന്നു എന്നും പറഞ്ഞ് ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ അതായത് ഇടതുമുന്നണി സമരം ചെയ്തു കഴിഞ്ഞ ദിവസം. അതിലെ പ്രധാന പ്രശ്നം പിണറായി സര്‍ക്കാരിന്‍റെ പ്രസ്റ്റീജ് പദ്ധതിയായ സില്‍വര്‍ ലൈന്‍ സെമിസ്പീഡ് റെയില്‍വേ പദ്ധതിക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന സമരവും കേന്ദ്രം തടസവാദങ്ങളും ഉന്നയിച്ചു എന്നതാണ്. അതിനെ വിശദീകരിക്കാന്‍ ആണ് മൊത്തം പദ്ധതികളുമായി പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്. അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.റെയില്‍ പദ്ധതിയെക്കുറിച്ച് വാചാലനായി. 

ശരിയാ നമ്മളും അത് കേട്ടു. ഒന്നാമത് 534 കിലോമീറ്റര്‍ ആണ് പാതയുടെ നീളം. അതേതായാലും അത്രയും ദൂരം പാത ഉണ്ടാക്കാന്‍ സ്ഥലം ഏറ്റെടുക്കണമല്ലോ. ഏതാണ്ട് 1300ഓളം ഹെക്ടര്‍ ഭൂമി വേണ്ടിവരും എന്നാണ് കണക്ക്. വിശദമായ പദ്ധതിരേഖയൊന്നും സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. 

എങ്കിലും ചില സംശയങ്ങളുണ്ട്. ഇത്രയും ദൂരം ഇത്രയും സ്ഥലം ഏറ്റെടുത്ത് റെയില്‍പാത ഉണ്ടാക്കുമ്പോ അത് പരിസ്ഥിതിയെ മോശമായി ബാധിക്കില്ലേ എന്നത് സാമാന്യമായി ചിന്തിക്കുന്നവര്‍ക്ക് തോന്നുക സ്വാഭാവികമാണ്. കാടും മലയും പുഴയും പാടവും മാറിമാറിവരുന്ന ഭൂപ്രകൃതിയാണല്ലോ നമ്മുടേത്. ഇനി പുതുക്കിയ ഇടതുകാഴ്ചപ്പാടില്‍ നിന്് ചിന്തിക്കുമ്പോള്‍ അതൊന്നും ഒരു വിഷയമല്ല എന്നാവാനും മതി. ഒരു നിലപാടെടുക്കാന്‍ വല്യപാടാണ് ഇപ്പോള്‍. കാരണം ഒരു കാലത്ത് പരിസ്ഥിതി അവബോധത്തിന് വേണ്ടി ക്ലാസെടുക്കും. പിന്നെ അധികാരം കിട്ടുമ്പോ വികസനത്തിന് വേണ്ടിയും ക്ലാസെടുക്കും. 

MORE IN THIRUVA ETHIRVA
SHOW MORE