കനൽപാതകൾ താണ്ടി ജോസ്മോൻ; വിപ്ലവത്തിന്‍റെ പുതിയ വകഭേദം

Thiruvaa
SHARE

ഇന്നൊരു സന്തോഷസുദിനമാണ്. നമ്മുടെ ജോസ്. കെ. മാണി അങ്ങനെ വീണ്ടും പാര്‍ലമെന്‍റിലേക്ക് പോവ്വാണ്. ഉള്ള രാജ്യസഭാംഗത്വം രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് കോട്ടയത്തെത്തി ഒടുക്കം ഒരു പണിയും ഇല്ലാതായിട്ട് ഏതാണ്ട് ഒരു കൊല്ലമാകാന്‍ പോകുന്നു. കോവിഡ് കാലത്ത്  പണിപോയി വീട്ടിലിരിക്കുന്നത് അത്രവല്യ സംഭവമല്ലാതിരിക്കെ ഉള്ള പണി രാജിവച്ചിട്ട് വീട്ടിലിരിക്കേണ്ടി വന്നവരുടെ കാര്യം അങ്ങനെയല്ല. അതുകൊണ്ട് ഇന്ന് രാഷ്ട്രീയ കേരളത്തിന് വിശിഷ്യാ കേരള കോണ്‍ഗ്രസ് മാണി ടീമിന് ആഹ്ലാദത്തിന്‍റേതാണ്. സന്തോഷസൂചകമായി ആദ്യമേ വിജയത്തിന്‍റെ ദൃശ്യങ്ങളായിക്കോട്ടെ. വിഡിയോ കാണാം.

ഈ കണ്ടത് വര്‍ത്തമാനകാലയാഥാര്‍ഥ്യം. ഇനി ഇതിലേക്ക് ജോസ് മോന്‍ വന്നുചേര്‍ന്ന ത്യാഗത്തിന്‍റെയും സഹനത്തിന്‍റേയും കഥയാണ്. കനല്‍പാതകള്‍ താണ്ടിയുള്ള ആ വരവും പോക്കും ഒന്നു ഓര്‍ത്തെടുക്കാനുള്ള ശ്രമമാണ്. യശശരീരനായ കെ.എം.മാണിയുടെ പുത്രന്‍ ജോസ്. കെ. മാണിയുടെ പോക്കും വരവും. അങ്ങനെയൊരു വരവായിരുന്നു അങ്ങ് ഡല്‍ഹിയില്‍ നിന്ന്. രണ്ടും കല്‍പിച്ച്. പിതാവ് കെ.എം. മാണി ഓര്‍മയായ ശേഷം ജോസ് ആദ്യം ചെയ്തത് യുഡിഎഫുമായുള്ള ബന്ധം അങ്ങ് ഉപേക്ഷിക്കലായിരുന്നു. പിന്നീട് ചെയ്തത് സിപിഎമ്മിനെകൊണ്ട് പരിഹാരക്രിയ നടത്തലായിരുന്നു. ബാര്‍കോഴയും കോഴമാണിയും ഒക്കെ  സിപിഎമ്മിനെകൊണ്ട് തന്നെ അറബിക്കടലില്‍ വലിച്ചെറിയിപ്പിച്ചു. വിഷം ചീറ്റിയവരെകൊണ്ട് വിഷമിറക്കിപ്പിക്കുന്ന പരിപാടി. അതിന് പാര്‍ട്ടി തത്വശാസ്ത്രം വരെ തിരുത്തുകയും തള്ളിപ്പറയുകയും ഒക്കെ ചെയ്തിരുന്നു കെട്ടോ. പിന്നാലെ എം.പി. സ്ഥാനവും രാജിവച്ചു. അതിനൊരു കാര്യമുണ്ട്.

യുഡിഎഫ് കാലത്ത് കിട്ടിയ പദവിയല്ലേ. ഇങ്ങനെയൊക്കെ പറഞ്ഞാമതി. ചുരുക്കം പറഞ്ഞാ ഒരു ത്യാഗം. അങ്ങനെ ഡല്‍ഹി വിട്ടു നമ്മുടെ ജോസ് കെ. മാണി. വലിയ വലിയ പ്ലാനുകള്‍ മനസിലുണ്ടായിരുന്നു. എല്‍ഡിഎഫിനൊപ്പം പാര്‍ട്ടി. താന്‍ മാണിസാറിന്‍റെ പാലായില്‍ മല്‍സരിക്കുന്നു. ഗംഭീരജയത്തോടെ നിയമസഭയിലെത്തുന്നു. പിണറായി സര്‍ക്കാര്‍ തുടര്‍ഭരണം നേടുന്നു. ഞാന്‍ മന്ത്രിയാവുന്നു. ഹോ.... പണ്ട് കേന്ദ്രമന്ത്രിയാക്കാമെന്ന് പറഞ്ഞ് പറ്റിച്ചവരുണ്ട്. തല്‍ക്കാലം സംസ്ഥാനമന്ത്രിയെങ്കിലും ആവുന്നു. അങ്ങനെ സ്വപ്നങ്ങളേറെ കണ്ടു ജോസ്. കെമാണി.

അതാണ്, ആളുകള്‍ക്കൊക്കെ വിവരം വച്ചതോണ്ട് ജോസ്. കെ.മാണി നൈസായി അങ്ങട് തോറ്റു.  ഇതിങ്ങനെ പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ലല്ലോ. നിയമസഭയിലേക്ക് മല്‍സരിക്കണം, ജനങ്ങള്‍ വോട്ടുചെയ്യണം. ജയിക്കണം. കടമ്പകള്‍ ഏറെയുണ്ട്. പിന്നെ പാലാ ആയിരുന്നു എല്ലാ പ്രതീക്ഷയും. 

അപ്പോ പത്തുപതിനൊന്നു കൊല്ലം ചെലവഴിച്ച പാര്‍ലമെന്‍റ് ? വെരി നൈസ്. പക്ഷേ എന്തുചെയ്യാന്‍. ഹൃദയമില്ലാത്ത പാലാക്കാര്‍ ജോസ്. കെ. മാണിയെ തോല്‍പിച്ചു. ഉള്ള ഹൃദയവും പോയികിട്ടി. മുഖ്യമന്ത്രിയാവുന്നതിനു മുമ്പുള്ള തിരഞ്ഞെടുപ്പുകളില്‍ വി.എസിന് ഒരു പ്രശ്നമുണ്ടായിരുന്നു. പാര്‍ട്ടി ജയിക്കുമ്പോള്‍ വി.എസ്. തോല്‍ക്കും പാര്‍ട്ടി തോല്‍ക്കുമ്പോള്‍ വി.എസ്. ജയിക്കും. ഇതതുപോലെയായി. ഡല്‍ഹി വിട്ട് പാലായില്‍ വന്നതാ..പാലാക്കാര്‍ കനിഞ്ഞില്ല. ഇതാണ് ആ ഫ്ലാഷ് ബാക്കി. ഇനി ജോസ് കെ. മാണിയുടെ സാമാജികത്വത്തിന്‍റെ റൂട്ട് മാപ്പ് വ്യക്തമാക്കാന്‍ പി.സി. ജോര്‍ജിനെ ക്ഷണിക്കുന്നു. 

അപ്പോ അതാണ് കാര്യം. 2009ലും 2014ലും കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് ടിക്കറ്റോടെ ലോക്സഭയില്‍ എത്തിയതായിരുന്നു. 2018 ആയപ്പോള്‍ ചെറിയൊരു മോഹം. ഒരു കേന്ദ്രമന്ത്രിയൊക്കെ ആയാല്‍ എന്താണൊരു കുഴപ്പം എന്നു തോന്നി. ബിജെപി കൈയ്യും കലാശവും കാണിച്ച് മോഹിപ്പിച്ചതാണ്. ഉടനെ രാജിവച്ചു. ഒന്നും ആയില്ല. ഒടുക്കം കോണ്‍ഗ്രസിന്‍റെ രാജ്യസഭാസീറ്റില്‍ ഒഴിവ് വന്നപ്പോ അത് മാണിസാറിന് കൊടുത്തു. അങ്ങനെ ജോസുമോനെ പിതാവ് എംപിയാക്കി വീണ്ടും. ആ സ്ഥാനമാണ് എല്‍ഡിഎഫിലേക്ക് പോവുമ്പോള്‍ രാജിവച്ചതും നിയമസഭയിലേക്ക് മല്‍സരിച്ചതും. തോറ്റുപോയതും. സന്തതസഹചാരിയായ റോഷി അഗസ്റ്റിനെ മന്ത്രിയാക്കേണ്ടി വന്നതും.

ക്യാപ്റ്റനല്ലാതെ വേറാര് സഹായിക്കും. ഡല്‍ഹിക്ക് പോകാന്‍ അങ്ങനെയാണ് ജോസ് കെ. മാണി തീരുമാനിച്ചത്. ഇവിടെ ഇനി അഞ്ചുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പൊന്നും ഇല്ലല്ലോ.  പിന്നേ... വലിയ നേട്ടമാണ്. യുഡിഎഫ് എംപി ആദ്യം. ഇപ്പോ എല്‍ഡിഎഫ് എം.പി. രണ്ടായാലും ഡല്‍ഹിയില്‍ പോണം. എന്നാ പിന്നെ പോകാമെന്നു വച്ചു. എംഎല്‍എ പോലും അല്ലെങ്കില്‍ ഒരു സുഖമില്ല.

അപ്പോ അതായിരുന്നു ഫ്ളാഷ് ബാക്കിലെ കഥ. അങ്ങനെ ഇന്ന് തിരഞ്ഞെടുപ്പ് നടന്നു. ഇടതുസഖാക്കള്‍ ജോസ് കെ. മാണിക്ക് വോട്ടുചെയ്തു. ഉള്ളില്‍ ഒരു തരിപോലും പണ്ട് വിളിച്ച് മുദ്രാവാക്യം ഉണ്ടാവരുതേ എന്ന് ജോസ്.കെ. മാണി സഖാക്കളെ നോക്കി പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. അതോടെ വിപ്ലവത്തിന്‍റെ പുതിയ വകഭേദം ജനിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.  ഈ സന്തോഷനിമിഷത്തില്‍ ജോസ്. കെ. മാണിക്ക് വിപ്ലവാഭിവാദ്യങ്ങള്‍. ഡല്‍ഹിയില്‍ ഫാസിസത്തിനെതിരായ വര്‍ഗസമര പോരാളിയായി തീരട്ടെ എന്നാശംസിക്കുന്നു.  ഇതൊക്കെ കണ്ട് കെ.എം. മാണിയുടെ ഉറ്റ സുഹൃത്ത് കു‍ഞ്ഞാലിക്കുട്ടി സാഹിബ് ഇങ്ങനെ ഇരിക്കാണ്. പുള്ളിക്കാരന്‍ ലോക്സഭാംഗത്വം രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ വന്നപ്പോള്‍ എന്തൊക്കെയായിരുന്നു. ഇതാണ് പറയുന്നത് ഈ കോണ്‍ഗ്രസുകാരെ ഒന്നിനും കൊള്ളില്ലാന്ന്.

MORE IN THIRUVA ETHIRVA
SHOW MORE