കൊടകരപുരാണം ഒത്തുതീര്‍പ്പ്; പഞ്ചുള്ള കാപ്സ്യൂള്‍ കിട്ടാനുണ്ടോ..? ​

Thiruvaa
SHARE

ഒന്നാമത് മഹാമാരിയുടെ കാലമാണ്. ഏത് മരുന്നാണ് കൊറോണ വൈറസിനെ ചെറുക്കാന്‍ ഏറ്റവും മികച്ചത് എന്ന് ആര്‍ക്കും വലിയ പിടിയില്ല. അതുകൊണ്ട് പലതും പരീക്ഷിക്കപ്പെടുന്നുണ്ട്. നാരങ്ങവെള്ളം തൊട്ട് ആന്‍റിബയോട്ടിക് വരെ. പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിലും വലിയ പരീക്ഷണശാലയാണ് കേരളമിപ്പോള്‍. കാരണം, സൈബര്‍ സഖാക്കള്‍ക്ക് ഓരോദിവസവും സംഭവങ്ങള്‍ക്ക് അനുസരിച്ച് ക്യാപ്സൂളുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നതാണ്. ഒരൊഴിവുമില്ല. എന്നും എന്തെങ്കിലും വന്നുകൊണ്ടിരിക്കും. ഇന്നും അതുപോലൊരെണ്ണം പൊട്ടിവീണു.

നേരത്തോട് നേരമായിട്ടും ഈ വിഷയത്തില്‍ പഞ്ചുള്ള ഒരു ക്യാപ്സൂളും ഇതുവരെ ഇറങ്ങിയിട്ടില്ല. ഇനി കുഴല്‍പണക്കേസൊക്കെ ഇഡിയാണ് അന്വേഷിക്കേണ്ടതെന്നും അതൊന്നും കേരളപൊലീസിനെകൊണ്ടാവില്ലെന്നും പറയാം. അങ്ങനെ പറയാനാണ് തല്‍ക്കാലം പൊലീസിനെ ഏല്‍പിച്ചിരിക്കുന്നത്.  ഏത്. കുഴല്‍പ്പണക്കേസില്‍ ബിജെപിക്ക് പങ്കുണ്ട് എന്നതോ ഒത്തുകളി നടന്നു എന്നതോ? അതാണല്ലോ പ്രശ്നം. എല്ലാം എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നവരുണ്ട്. കാണുന്നവരെല്ലാം  ക്യാപ്സൂള്‍ കഴിക്കുന്നവരുമല്ലല്ലോ. അപ്പോ പിന്നെ സ്വാഭാവികമായും ചില സംശയങ്ങളൊക്കെ തോന്നും സഖാവേ. ഒന്നാമത് ഒരുമാസം മുമ്പ് വരെ സഖാവിന്‍റെ ചാനല്‍ മൈക്കുകള്‍ക്ക് മുന്നിലെ പ്രകടനം ഒന്നോര്‍ത്തുനോക്കിയാല്‍ മതി. കൊടകര കുഴല്‍പ്പണക്കടത്തിന് പിന്നില്‍ ബിജെപിയാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത് തന്നെ താങ്കളാണ്. ആക്ടിങ് സെക്രട്ടറി എന്ന ലേബലില്‍ ഇനി അതൊക്കെയും ആക്ടിങ് ആയിരുന്നോ എന്നേ അറിയേണ്ടൂ. ഇനി മറന്നുപോയി, ഓര്‍ക്കുന്നില്ല എന്നൊക്കെയാണ് വിചാരിക്കുന്നതെങ്കില്‍ ഓര്‍മിപ്പിക്കാനാണല്ലോ നമ്മളൊക്കെ ഇവിടുള്ളത്. ആ പഴയ വീമ്പിളക്കല്‍ ഒക്കെ ഒന്ന് പ്ലേ ചെയ്തേ.

ഹോ.എന്തായിരുന്നു അപ്പോ. ദാ ഇപ്പ പിടിച്ചേ എന്നായിരുന്നല്ലോ അന്ന്. എന്നിട്ടിപ്പോ എന്തായി. ദാ ബാക്കികൂടി കേള്‍ക്ക്. കേരള പൊലീസ്, തെളിവ്, ബിജെപി, ആര്‍എസ്എസ്, പിണറായി സര്‍ക്കാര്‍ എല്ലാവരേയും കുടുക്കും. എന്തൊക്കെയായിരുന്ന് അന്ന്.  അങ്ങനെ അത് പൊട്ടിത്തീര്‍ന്ന്. ഇത്രയൊക്കെയേ ഉള്ളു. അല്ലെങ്കിലും വിജയരാഘവന്‍ സഖാവിന്‍റെ ഇപ്പോഴത്തെ സ്ഥിതി അത്ര ശരിയല്ല. ഒരുമറയുമില്ലാതെ കള്ളം പറയേണ്ടിവരുന്നത് വല്യ കഷ്ടമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഓരോന്ന് കോടതിയില്‍ പറയും. ആ കെ.എം. മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞപ്പോ അങ്ങെന ഒരു പേരേ പറഞ്ഞില്ലെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയാണ്. പോരാത്തതിന് ബജറ്റ് തടഞ്ഞത് യുഡിഎഫിനെതിരായ സമരം എന്നുംകൂടി കൂട്ടിപ്പറഞ്ഞു. ആലോചിക്കുമ്പോ കഷ്ടമാണ്. 

കണ്ടോ കണ്ടോ ആ ആത്മവിശ്വാസത്തിന് കാരണം അപ്പോ ഇതൊക്കെയാണ്.ഒന്നാമത് കേസെടുത്തിട്ട് മൂന്നുമാസം കഴിഞ്ഞിട്ടാണ് സുരേന്ദ്രന്‍ജിയെ ഒന്ന് ചോദ്യം ചെയ്യാന്‍ വിളിക്കുന്നതുപോലും. മുമ്പ് പറഞ്ഞതാണെങ്കിലും ഇന്ന് സഖാവിന് തന്നെചേരുന്ന വര്‍ത്തമാനമാണിത്. കപടരേ നിങ്ങളീ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്. എങ്ങോട്ടുമില്ല, ലാവലിന്‍ കേസ് ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. കേരളത്തെ നയിക്കാന്‍ ക്യാപ്ടന്‍ തന്നെ വേണം. അതുകൊണ്ട്  ഇത്തരം അടവുനയങ്ങള്‍ ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ പുറത്തെടുക്കും.  കേരളത്തിന്‍റെ വികസനമാണ് നമ്മള്‍ ലക്ഷ്യം വയ്ക്കുന്നത്. അതിന് ചിലത് സഹിക്കേണ്ടിവരും.  

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...