മാരക ബൗളിങ്ങായിട്ടും ചെന്നിത്തല ‘ഔട്ട്’; സതീശന്‍റെ ‘പുഷ്പകിരീടം’..!

thiruva
SHARE

മുഖ്യമന്ത്രിയാകാന്‍ അഞ്ചുകൊല്ലം ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിച്ചിട്ട് ഒടുവില്‍ നിലവിലുണ്ടായിരുന്ന സ്ഥാനം പോലും നഷ്ടമായ അവസ്ഥ പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലക്കല്ലാതെ മറ്റാര്‍ക്കും ഉണ്ടായിക്കാണില്ല. സത്യം പറഞ്ഞാല്‍ ഈ തിരഞ്ഞെടുപ്പില്‍ കനത്ത നേട്ടം പ്രതീക്ഷിച്ച രമേശിന് കടുത്ത തിരിച്ചടിയാണ് കിട്ടിയത്. കോണ്‍ഗ്രസിനല്‍ തലമുറമാറ്റം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഒടുവില്‍ സംഭവിച്ചപ്പോള്‍ അത് തലമാറ്റം ആയെന്നുമാത്രം. രമേശോ സതീശോ എന്ന വടംവലി വെള്ളിയാഴ്ച അരങ്ങ് തകര്‍ക്കുകയായിരുന്നു. ഒടുവില്‍ ശനിയാഴ്ച സതീശന്‍ കപ്പടിച്ചു. ആഴക്കടല്‍ അഴിമതി അന്വേഷിച്ചുപോയി അവസാനം ആ കടലില്‍ തന്നെ പെട്ട അവസ്ഥയിലായി രമേശ്. അങ്ങനെ കണ്ണീരും കയ്യുമായി നിന്ന രമേശിനു നേരെ മാധ്യമങ്ങള്‍ മൈക്ക് നീട്ടി . സതീശന്‍റെ നിയമന വിവരം അറിയഞ്ഞതിനു പിന്നാലെ ചെന്നിത്തല അഭിനന്ദന വാര്‍ത്താ കുറിപ്പിറക്കി. അതില്‍ കണ്ണീര് പതിയാതിരിക്കാന്‍ പെട്ട പാട് രമേശിനേ അറിയൂ.  കഷ്ടമുണ്ട് കേട്ടോ. ഇങ്ങനെയൊന്നും കണ്ണില്‍ ചോരയില്ലാതെ ചോദിക്കരുത്. 

****************************

സത്യം പറഞ്ഞാല്‍ ആദ്യ സീസണില്‍ അല്‍പ്പം പകച്ചു നിന്നെങ്കിലും അവസാന ഓവറുകളില്‍ മാരക ബൗളിങ്ങ് പ്രകടനം പുറത്തെടുത്ത രമേശന്‍ മിക്ക മന്ത്രിമാരെയും പ്രതിരോധത്തിലാക്കിയിരുന്നു. എന്തിനേറെ പറയണം ഏതൊരു ബൗളറുടെയും, എന്തിന് കാണികളുടെ തന്നെ പേടിസ്വപ്നമായ മുഖ്യ ബാറ്റ്സ്മാന്‍ പിണറായി വിജയനെ വരെ രമേശ് വിക്കറ്റിനു മുന്നില്‍ കുടുക്കാന്‍ നോക്കി. നിരവധി അപ്പീലുകളെ അതിജീവിച്ചാണ് പിണറായി നില നിന്നതുതന്നെ. അങ്ങനെയുള്ള രമേശിനെ പാര്‍ട്ടി അടുത്ത ഇന്നിങ്സില്‍ നിന്ന് ഒഴിവാക്കിയത് കഷ്ടമാണ്. വിഷമം കാണാതിരിക്കുവോ ആര്‍ക്കായാലും

****************************

അതെ ഇനി അങ്ങനെ പറയലാണ് നല്ലത്. അനിയനാണ് അമ്മാവന്‍റെ മോനാണ് എന്നൊക്കെ കീച്ചാം. പാര്‍ട്ടിയും മുന്നണിയുമാണ് തിരഞ്ഞെടുപ്പില്‍ തോറ്റത്. അപ്പോള്‍ തല ഉരുളേണ്ടത് പാര്‍ട്ടിയെ നയിച്ച മഹാരഥന്‍റെയാണന്നതാണല്ലോ കാവ്യ നീതി. വിഷമിക്കണ്ട. കെപിസിസി പ്രസി‍ന്‍റിനുള്ള കല്യാണക്കുറി പിന്നാലെ വരുമെന്നാണ് കേള്‍വി. പിന്നെ പാര്‍ട്ടിക്കിപ്പോ അത്യാവശ്യപ്പെട്ട് ഒരു പ്രസിഡന്‍റിന്‍റെ ആവശ്യമില്ല. പക്ഷേ പ്രതിപക്ഷ നേതാവിന്‍റെ കാര്യം അങ്ങനെയല്ല. നിയമസഭ തുടങ്ങുമ്പോ ആള് മുന്നില്‍ വേണം. ഇരുവത്തിയൊന്നില്‍ ഒന്നിനെ തിരഞ്ഞെടുക്കാന്‍ പെട്ടപാട് ഹൈക്കമാന്‍ഡിനറിയാം. ആരാകണം പ്രതിപക്ഷ നേതാവ് എന്ന് ഇരുപത്തിയൊന്ന് എംഎല്‍എമാരോട് ഹൈക്കമാന്‍ഡ് അഭിപ്രായം തേടിയപ്പോള്‍ ഇരുപത്തിയൊന്നു പേരുകളാകും കിട്ടിയത്. ഞാന്‍ എന്നായിരിക്കും എല്ലാവരുടെയും മറുപടി. അതാണല്ലോ കോണ്‍ഗ്രസ്. എന്നാലും പണി കിട്ടിയപ്പോള്‍, പണിഷ്മെന്‍റ് കിട്ടിയപ്പോള്‍ അത് ചെന്നിത്തലക്ക് മാത്രമായി...

കാണാം, തിരുവാ എതിർവാ...

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...