പിണറായിയുടെ ചൂണ്ട; കൊത്തിയതാര്..? കോണ്‍ഗ്രസിന് ഓക്സിജന്‍ കിട്ടാനുണ്ടോ..?

Thiruvaa_06_05
SHARE

വളരെ വലിയ പ്രതിസന്ധിയിലാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ വലിയ പണിയാണ് അതുകഴിഞ്ഞ് സ്ഥാനങ്ങള്‍ ആര്‍ക്കൊക്കെ എന്നു തീരുമാനിക്കുന്നത്. ഉദാഹരണത്തിന് ആരാകും ഇനിയുള്ള കേരള മുഖ്യമന്ത്രി. സിപിഎം യോഗം ചേര്‍ന്ന് മുഖ്യനെ തിരഞ്ഞെടുക്കുമെന്നാണ് പിണറായി വിജയന്‍ അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന് എല്‍ഡിഎഫ് യോഗം ചേരും. ആ സര്‍പ്രൈസ് പേര് അവര്‍ ചര്‍ച്ച ചെയ്ത് ചിലപ്പോള്‍ അംഗീകരിക്കും. ഇതുപോലെതന്നെ ബുദ്ധിമുട്ടുള്ള മറ്റൊരു പദവി തീരുമാന ചടങ്ങുണ്ടായിരുന്നു. മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കല്‍. ആകെ ടെന്‍ഷനായിരുന്നു. ഒടുവില്‍ വളരെ ബുദ്ധിമുട്ടി ഒരാളെ അങ്ങ് തീരുമാനിച്ചു. പാണ്ടിക്കടവത്ത് കുഞ്ഞാപ്പയെ. ഇവരുടെയൊക്കെ ഷോ കണ്‍കുളിര്‍ക്കെ കണ്ട് തുടങ്ങുകയാണ് ഇന്നത്തെ നമ്മുടെ ഷോ. 

തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ പിണറായി വിജയന്‍ എന്ന സൂത്രക്കാരന്‍ ഒരു ചൂണ്ടയിട്ടു.  വോട്ടുകച്ചവടം എന്ന സ്ഥിരം ഇരയെയാണ് അതില്‍ കോര്‍ക്കാറ്. കോണ്‍ഗ്രസാണ് സാധാരണ കൊത്താറ്. കൊത്താനുള്ള ജീവന്‍ ബാക്കിയില്ലാത്തതുകൊണ്ടാണെന്നു തോന്നുന്നു അവര്‍ അനങ്ങിയില്ല. മിസോറാമിലേക്കാണോ ഗോകരണത്തേക്കാണോ കാശിക്കാണോ പോകണ്ടിവരുന്നത് എന്നറിയാതെ നില്‍ക്കുന്ന ബിജെപി സുരേന്ദ്രന്‍ അതില്‍ കയറി കൊത്തി. ബാലറ്റില്‍ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ പിണറായിക്ക് എളുപ്പത്തില്‍ പറ്റുമാരിക്കും. എന്നാല്‍ നാവിന്‍റെ കാര്യത്തില്‍ അത് പാടാണ്. ഭീരിപക്ഷം സുരേന്ദ്രനു തന്നെ. അതെ. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകളനുസരിച്ച് സുരേട്ടന്‍ തന്നെയാണ് മുന്നില്‍

ഇനി കെ സുരേന്ദ്രന്‍റെ വക ഉപദേശം ക്ലാസാണ്. ആര്‍ക്കാണെന്നല്ലേ. കോണ്‍ഗ്രസിന്. രണ്ടുകാലില്‍ മന്തുള്ളവന്‍ ഒരു കാലില്‍ നീരുള്ളവനെ ഉപദേശിക്കുന്നതായി കരുതിയാ മതി. 

അല്ല സുര ജീ. ഇവരൊക്കെ പോയില്ലാരുന്നെങ്കില്‍ എത്ര സീറ്റ് കിട്ടുമായിരുന്നു. ബിജെപിക്ക് ഇത്രേംവലിയ നഷ്ടം വരുമെന്ന് സ്വപ്നത്തിലെങ്കിലും വിചാരിച്ചാരുന്നോ. ആ ഭരിക്കുന്ന കാര്യം പറഞ്ഞത് നന്നായി. മറന്നിരിക്കുവാരുന്നു. കെ സുരേന്ദ്രനോട് കേരളം കടപ്പെട്ടിരിക്കുന്നു. ഓര്‍ത്തു ചിരിക്കാന്‍ ഈ വകകളൊക്കെ തരുന്നതിന് മച്ചാന് അതുതന്നെ അധികമാ. അപ്പോ എങ്ങനാ ഉത്തരവാദിത്തം സ്വയം ഏല്‍ക്കുവാണോ അതോ പ്ലാന്‍ ബി വല്ലോമുണ്ടോ

രണ്ട് മണ്ഡലത്തിലാണ് കെ സുരേന്ദ്രന്‍ മല്‍സരിച്ചത്. അന്നേ ശോഭ ചേച്ചി വിജയാശംസ നേര്‍ന്നതാണ.് പക്ഷേ ആത്മാര്‍ത്ഥമായി നേര്‍ന്നതായതുകൊണ്ട് അസ്ഥാനത്തായി.  മഞ്ചേശ്വരത്ത് മൂന്നക്കത്തിലും കോന്നിയില്‍ സാമാന്യം വലിപ്പമുള്ള അഞ്ചക്കത്തിലുമാണ് സുരേന്ദ്രന്‍ പൊട്ടിയത്. മറ്റ് തോറ്റ എംഎല്‍എമാരുടെ ഇരട്ടി വിഷമമാണ് സുരേന്ദ്രന്‍ നേരിടേണ്ടിവരുന്നത്. ഇരട്ടപ്രഹരം എന്നു പറഞ്ഞാലും മതിയാകില്ല. രണ്ടു മണ്ഡ‍ലവും പോയി പാര്‍ട്ടിയും പൊട്ടി. അപ്പോ പ്രഹരം മൂന്നാണ്. വല്ലാത്തൊരു അവസ്ഥതന്നെ. പിന്നെ ഒരാശ്വാസം. രണ്ടിടത്തും ജയിച്ചാല്‍ ഏത് രാജിവയ്ക്കും എന്ന ആ കണ്‍ഫ്യൂഷന്‍ മാറിക്കിട്ടിയല്ല

തണ്ടൊടിഞ്ഞ താമരയുമായി വന്നപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാവ് സികെ പത്മനാഭന്‍ സുരേന്ദ്രനെ പുച്ഛിച്ചു. പിണറായി വിജയന്‍റെ രണ്ടാം വരവിനെ സികെപി വല്ലാതങ്ങ് പുകഴ്ത്തുകയും ചെയ്തു. ആകാശത്തോട്ട് നോക്കി നടന്നിട്ട് കാര്യമില്ല. നിലത്തുനോക്കി നടക്കണം എന്നാണ് പുള്ളി പറയുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിവിട്ട് കാവിക്കൊടി പിടിച്ചവനാണ് സികെ പത്മനാഭന്‍. അതുകൊണ്ടാകും പിണറായിയുടെ ജയത്തിനെ പുകഴ്ത്തിയതും നമ്മുടെ ജിയെ അങ്ങ് തേച്ചതും. അയ്യോ ഇപ്പോളാ മറ്റൊരു കാര്യം ഓര്‍ത്തത്. പിണറായി വിജയയന്‍ വരുന്ന ഇരുപതാം തായതി മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യും. നമ്മുടെ പാലക്കാട്ടെ ശ്രീധരന്‍ ചേട്ടനെ കാണുന്നവര്‍ ഇക്കാര്യം ഒന്ന് അറിയിച്ചേക്കണം. പാവം വെറുതെ മുഖ്യമന്ത്രിയുടെ ഓഫീസിന് വാടകകൊടുത്ത് ജീവിക്കുവാ

ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് നന്നായി എന്നു വിചാരിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അടുത്തൊന്നും വീട്ടീന്ന് പുറത്തിറങ്ങണ്ടല്ലോ. സത്യം പറഞ്ഞാല്‍ ഈ പിണറായി വിജയന്‍ എന്തൊരു കരുതലാണ്. എതിരാളികള്‍ക്കുവരെ എല്ലാ സൗകര്യവുംഅറിഞ്ഞ് ചെയ്തുകൊടുക്കുകയാണ്. പ്രത്യേകിച്ച് പണിയൊന്നും എടുക്കേണ്ടി കാര്യമില്ല, അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരിക്കുന്നവരെ മാറ്റുന്ന പ്രത്യേകതരം മാനസികാവസ്ഥയുള്ള നാടാണ് കേരളം എന്ന എന്ന് വിശ്വസിച്ചുപോയി യുഡിഎപുകാര്‍. നാട് നന്നാകാന്‍ യുഡിഎഫ് എന്നൊക്കെ ബാനറും അടിച്ചിരുന്നു. നാടു നന്നായില്ലെങ്കിലും വേണ്ട, കോണ്‍ഗ്രസ് ഒന്നു നന്നായാ മതിയാരുന്നു. അപ്പോ ഇനി വരുന്നത് ശക്തനാണ്. എന്നുവച്ചാല്‍ ശക്തന്‍ നാടാരല്ല. കോണ്‍ഗ്രസില്‍ ഇപ്പോ രണ്ടു ശക്തന്‍മാരുണ്ട്. ഒന്ന് എന്‍ ശക്തന്‍. രണ്ട് നേമത്തെ ശക്തന്‍. രണ്ടാമതും അധികാരം കിട്ടയതോടെ പിണറായി വിജയന്‍ അഹങ്കാരിയായി മാറിയെന്നാണ് ശക്തരില്‍ ശക്തനായ കെ മുരളീധരന്‍ കണ്ടുപിടിച്ചത്. ഭയങ്കര കണ്ടുപിടുത്തമായിപ്പോയി. 

അകൗണ്ട് ക്ലോസ് ചെയ്യുന്നതിലാണ് മുരളീധരന്‍ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. എത്രയും പെട്ടെന്ന് വടകരയില്‍ എത്തി സീറ്റ് പിടിക്കാന്‍  കോണ്‍ഗ്രസ് എല്ലാ പരാജയങ്ങളെയും അതിജീവിക്കും എന്നാണ് തിര‍ഞ്ഞെടുപ്പില്‍ തോറ്റ അന്നു മുതല്‍ ഖദര്‍ ധാരികള്‍ പറയുന്നത്. ശരിയാണ്. അതിജീവിച്ചതിജീവിച്ച് രാജ്യത്തുതന്നെ ചൂണ്ടിക്കാട്ടാന്‍ ഒരു നേതാവില്ലാത്ത അവസ്ഥയാണ്. അതിജീവനം എന്ന വാക്ക് ശരിക്കും ഈ പാര്‍ട്ടിക്ക് ചേരും. പാര്‍ട്ടി മുറുകെ പിടിക്കുന്ന മറ്റൊരു വാക്ക് ഒറ്റക്കെട്ട് എന്നതാണ്

ഒറ്റക്കെട്ട്. എന്നുവച്ചാല്‍ എ ഗ്രൂപ്പുകാര്‍ ഒറ്റകെട്ട് ഐ ഗ്രൂപ്പുകാര്‍ ഒറ്റക്കെട്ട് സുധാകര പക്ഷം ഒറ്റക്കെട്ട് അങ്ങനെ. തിരുവനന്തപുരം കവടിയാറില്‍ ആര്യാടന്‍രെ ഫ്ലാറ്റില്‍ രഹസ്യ യോഗത്തിനെത്തിയതാണ് കെ ബാബുവും തിരുവഞ്ചൂരും. തൃപ്പൂണിത്തുറയില്‍ ജയിച്ചതും പോരാഞ്ഞിട്ട് എങ്ങനെ ജയിച്ചു എന്ന് വിശദീകരിക്കേണ്ട ഗതികേടിലാണ് ബാബു. അപ്പോളാണ് ഗ്രൂപ്പ് യോഗം. അവിടെ എത്തി ലിഫ്റ്റ് നോക്കി നില്‍ക്കുന്നതാണ് സീന്‍. ലിഫ്റ്റ് താഴെ വന്നിട്ടു വേണം ആരും കാണാതെ മുകളില്‍ പോകാന്‍. ലിഫ്റ്റ് തുറന്നപ്പോള്‍ അതാ ക്യാമറയുടെ സംസ്ഥാന സമ്മേളനം. അതുകൊണ്ട് യോഗം ഇപ്പോളും രഹസ്യമാണ്.

അതേസമയം കോണ്‍ഗ്രസിന് നേടിക്കൊടുത്ത വലിയ വിജയത്തിനുള്ള താമ്ര പത്രം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിക്ക് നല്‍കാന്‍ കുറച്ചു സാധാ പ്രവര്‍ത്തകരെത്തി. സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്ത ചരിത്രമൊന്നും അവര്‍ക്കില്ലാത്തതുകൊണ്ട് ആ സമ്മാനം വാങ്ങാന്‍ മുല്ലപ്പള്ളി ഇറങ്ങിവന്നില്ല. അതകൊണ്ട് അവര്‍ അത് ഇന്തിരാഭവനു മുന്നില്‍ തൂക്കി മടങ്ങി. 

ഇപ്പോള്‍ ഒരു ജനാധിപത്യം വിരുദ്ധന്‍ ഇറങ്ങിവരും. ദാ വരുന്നു. അവന്‍ ആ പോസ്റ്റര്‍ വലിച്ചു കൂറും. എന്നിട്ട് ഇന്ദിരാഭവനു പിന്നിലേക്ക് പോകും. ദാ ആ ചവറ്റുകുഴിയില്‍ അതിനെ ഉപേക്ഷിച്ചു. കൂടെ കിടക്കുന്ന പേപ്പറുകള്‍ ചിലപ്പോള്‍ മുന്‍ പരാജയകാരണങ്ങള്‍ പഠിച്ച അന്വേഷിണങ്ങളുടെ റിപ്പോര്‍ട്ടുകളാകും.

സത്യം പറഞ്ഞാല്‍ ജീവിക്കാന്‍ അല്‍പ്പം ഓക്സിജന്‍ കിട്ടാത്ത അവസ്ഥയിലാണ് കെപിസിസി. പിരിവിട്ടായാലും ആരെങ്കിലും അല്‍പ്പം ഓക്സിജന്‍ എത്തിക്കേണ്ടതാണ്. അപ്പോ ഇന്നത്തെ പരിപാടി ലോക്ഡൗണ്‍ ചെയ്യുകയാണ്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...