ആഘോഷങ്ങള്‍ക്ക് മുമ്പേ കൊടിയേറ്റം; ഇനി വോട്ടു‘പൂരം’; എന്തെല്ലാം കാണണം..!

Thiruvaa-New
SHARE

അങ്ങനെ മുമ്പൊന്നുമില്ലാത്ത വിധം തരത്തിലുള്ള ഒരു തിരഞ്ഞെടുപ്പ് കാലത്തേക്ക് നമ്മള്‍ പോവുകയാണ്. തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ ഉല്‍സവം എന്നൊക്കെയാണ് പറയാറ്. ഉല്‍സവങ്ങള്‍ കൂടിച്ചേരലുകളുടേയും സന്തോഷത്തിന്‍റേയും ആഘോഷത്തിന്‍റേതുമാണല്ലോ. അപ്പോ ഈ തിരഞ്ഞെടുപ്പും ജനാധിപത്യത്തിന്‍റെ ആഘോഷമായി മാറട്ടെ എന്നും അത് നല്ലൊരു നാടിലേക്കും നാട്ടാരിലേക്കുമുള്ള മറ്റൊരു ചവിട്ടുപടികൂടിയാവട്ടെ എന്നുമാഗ്രഹിച്ച്.... ആഗ്രഹിക്കാലോ... അതിന്  കൊടിയുടെ നിറമൊന്നും വേണ്ടല്ലോ. അപ്പോ ആഗ്രഹിച്ച് .

അപ്പോ ഏപ്രില്‍ ആറിന് പോളിങ് ബൂത്തിലേക്ക് പോവാന്‍ റെഡി ആയിക്കോളൂ. കൃത്യമായി പറഞ്ഞാല്‍ ഇനി മുപ്പത്തൊന്‍പത് ദിവസമാണ് ഉള്ളത്. അതിനിടയ്ക്ക് എന്തെല്ലാം നമ്മള്‍ കാണണം എന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ല. നിശ്ചയമുള്ള ചില കാര്യങ്ങളുണ്ട്. അത് ജനങ്ങള്‍ക്ക് മുമ്പില്ലാത്തവിധം വിലയും നിലയും ഉള്ള ഒരു കാലമാണിത്. ജനങ്ങള്‍ ക്ഷേമം വികസനം എന്നിവയോട് ഇത്രയേറെ താല്‍പര്യം രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും കാണിക്കുന്ന വേറെ ഒരു സീസണ്‍ ഇല്ല. നാടിന്‍റെ നന്‍മയ്ക്ക് എന്ന് പറഞ്ഞേ അവര്‍ ഓരോ വാക്കും പറയാറുള്ളു. ഒപ്പം എതിര്‍പാര്‍ട്ടികളോട് ഇത്രയ്ക്കും പോരും പ്രകടിപ്പിക്കുന്ന കാലവും വേറെയില്ല. എന്നിരുന്നാലും നാട്ടുകാരെ പൊട്ടന്‍മാരാക്കി അഡ്ജസ്റ്റ്മെന്‍റുകളും വോട്ടുകച്ചവടവും നടക്കുന്ന കാലവും ഇതാണ്. ഇങ്ങനെ മനുഷ്യന്‍റെ നന്‍മയും തിന്‍മയും തമ്മില്‍ ഇത്രയും ഇടകലര്‍ന്ന് ഒരേസമയം പ്രകടമാകുന്ന ഒരു പ്രത്യേകതരം കാലത്തിലേക്കാണ് നമ്മള്‍ പോകുന്നത്. സന്തോഷത്തോടെ അതിനെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യാം.

ആഘോഷങ്ങള്‍ തുടങ്ങാന്‍ പോകുന്നതല്ലേയുള്ളു. പക്ഷേ ദിവസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച കൊടിയേറ്റങ്ങളിലേക്ക് തിരിച്ചുവരാം. സര്‍ക്കാരിനെതിരെ പുറത്തെടുക്കാവുന്ന അസ്ത്രങ്ങളൊക്കെ എടുത്ത് എയ്യുന്ന തിരക്കിലാണ് പ്രതിപക്ഷം. സ്വാഭാവികമായും ഇലക്ഷന്‍ അടുത്തുകഴിഞ്ഞാല്‍ സര്‍ക്കാര്‍ പിന്‍സീറ്റിലേക്കും പ്രതിപക്ഷം മുന്‍സീറ്റിലേക്കും വരും. അതാണ് ജനാധിപത്യത്തിന്‍റെ ഒരു രസം. ഈ 24ാമത്തെ മണിക്കുറില്‍ പ്രതിപക്ഷത്തിന് മുങ്ങാംകുഴി ഇട്ട് വലയും വിരിച്ചപ്പോള്‍ കിട്ടിയ സ്വര്‍ണമല്‍സ്യമാണ് ആഴക്കടല്‍ മല്‍സ്യബന്ധനവും അമേരിക്കന്‍ കമ്പനിയും. സംഗതി കരാറില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞവര്‍ ഇപ്പോ ധാരണാപത്രങ്ങളൊക്കെ റദ്ദാക്കിക്കഴിഞ്ഞു. അപ്പോ തോന്നും സര്‍ക്കാര്‍ വേണ്ടാത്തതെന്തോ ചെയ്തെന്നും അതുകൊണ്ടാണല്ലോ റദ്ദാക്കിയതെന്നും. എന്നാല്‍ അങ്ങനെയല്ല. തങ്കപ്പെട്ട ഈ സര്‍ക്കാരിനെ നിങ്ങള്‍ക്ക് അറിയാത്തതുകൊണ്ടാണ്. 

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ഇങ്ങനെയാണ്. അവര്‍ ഓരോ വേണ്ടാത്തരം ചെയ്യുന്നതും അത് തിരുത്തി കാണിക്കാന്‍ വേണ്ടി മാത്രമാണ്. അതായത് തെറ്റ് ചെയ്താല്‍ തിരുത്തുന്നുവരാണെന്ന് വ്യക്തമാക്കാന്‍ വേണ്ടി മാത്രം തെറ്റുചെയ്യുന്നവര്‍. പണ്ട് ഇ.പി. ജയരാജന്‍ ചിറ്റപ്പന്‍ റോളില്‍ തിളങ്ങിയപ്പോള്‍ രാജിവയ്ക്കേണ്ടി വന്നല്ലോ. അന്ന് സിപിഎം പാര്‍ട്ടി സെക്രട്ടറി തന്നെ പറഞ്ഞത് സര്‍ക്കാരിന്‍റെ യശസ്സ് ഉയര്‍ന്ന പ്രവര്‍ത്തി എന്നാണ്. ഇതുപോലെ ഓരോരോ ഇടവേളകളില്‍ യശസ്സ് ഉയര്‍ത്താന്‍ വേണ്ടി വല്ല വേണ്ടാതീനവും ചെയ്യും. എന്നിട്ട് അത് തിരുത്തും. വേറെ കുറ്റങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണ് മനപൂര്‍വം ഇങ്ങനെ ഓരോ കുറ്റങ്ങള്‍ ചെയ്ത് ഏറ്റുപറഞ്ഞ് തിരുത്തുന്നത്. അതിനായി ചിലപ്പോള്‍ ചില മന്ത്രിമാരെ, അല്ലെങ്കില്‍ സെക്രട്ടറിമാരെ, വകുപ്പ് എംഡിയെ ഒക്കെ ചട്ടം കെട്ടും. അത്രേയുള്ളു.

അങ്ങനെയൊക്കെ ചോദിച്ചാല്‍ വല്യപാടാവും. അത്തരം യുക്തിപരമായ ചിന്തകള്‍ക്കൊന്നും ഇവിടെ പ്രസക്തിയില്ല. ഇത് പരമ്പരാഗതമായ ഒരു രീതിയാണ്. കീഴ് വഴക്കം എന്നൊക്കെ പറയാറില്ലേ.... അത്.  അരോപണങ്ങള്‍ വരുമ്പോ കണ്ണുംപൂട്ടി തള്ളിപ്പറയുക എന്നതാണ് ആദ്യപടി. ഒന്നും സംഭവിച്ചിട്ടില്ല. ഒടുക്കത്തെ ആത്മവിശ്വാസത്തോടെ ചിരിച്ചുകൊണ്ടൊക്കെ അത് പറയണം. ചൂടായി സംസാരിക്കാനുള്ള അവകാശം പിണറായി സഖാവില്‍ നിക്ഷിപ്തമാണ്. തൊട്ടടുത്തപടി എന്താണെന്ന് വച്ചാല്‍ ആരോപണം ഉന്നയിച്ചയാളുടെ മനോനിലയില്‍ സംശയം പ്രകടിപ്പിക്കലാണ്. അതും കഴിഞ്ഞ് ആരോപണം നിലനില്‍ക്കുകയോ കൂടുതല്‍ തെളിവ് പുറത്തുവരികയോ ചെയ്താല്‍ ഉദ്യോഗസ്ഥരെ മെക്കട്ട് കൊണ്ടുപോയി അങ്ങ് വച്ചേക്കണം. പിന്നെ ഒരു നിര്‍വാഹവുമില്ലാത്ത സാഹചര്യം, അതായത് തിരഞ്ഞെടുപ്പൊക്കെ വരികയാണെങ്കില്‍, അതില്‍ വോട്ട് മറിയാന്‍ സാധ്യത ഒക്കെ കാണുന്നുണ്ടെങ്കില്‍ അങ്ങനെയുണ്ടെങ്കില്‍ മാത്രം ഈ പറഞ്ഞതൊക്കെ ഒറ്റയടിക്ക് വിഴുങ്ങുകയും ധാരണകള്‍ റദ്ദാക്കുകയും ചെയ്യുക. അതോടെ സര്‍ക്കാര്‍ സ്വന്തം നിലയില്‍ സൂപ്പറായി എന്നു പറയും.

ആഴക്കടല്‍ മല്‍സ്യബന്ധനവും മല്‍സ്യബന്ധന ബോട്ടു നിര്‍മാണവും ഒക്കെയായി ആരോപണങ്ങള്‍ വന്ന ദിവസം മുതലുള്ള ഓരോ ദിവസത്തേയും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഒക്കെ പ്രതികരണങ്ങള്‍ അടുപ്പിച്ച് വച്ച് കേട്ടാല്‍ തന്നെ ബഹുരസമാണ്. ഒരു ത്രില്ലര്‍ സിനിമയില്‍ കേസിന്‍റെ ചുരുളഴിയുന്നതിനെ ഒരു കോമഡി ട്രാക്കില്‍ അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാവും, അതുപോലെ.  ചേര്‍ത്തലയില്‍ നാലേക്കര്‍ അനുവദിച്ചത് അങ്ങനെ പ്രശ്നമൊന്നും അല്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വൈകീട്ട് പറഞ്ഞത് കേട്ടല്ലോ. അല്ലേ. പക്ഷേ ഇന്ന് ആ സ്ഥലം കൊടുത്തതും റദ്ദാക്കിയിട്ടുണ്ട്. ഒന്നുകില്‍ റദ്ദാക്കേണ്ടി വരുമെന്ന സൂചന പോലും നമ്മുടെ മുഖ്യന് ആരും പറഞ്ഞുകൊടുക്കുന്നില്ലെന്ന് തോന്നുന്നു. സില്‍ബന്ധികള്‍ എഴുതിക്കൊടുക്കുന്നത് വായിക്കാതെ പ്രതിപക്ഷനേതാവിന്‍റെ വാര്‍ത്തസമ്മേളനം സ്വന്തം നിലയ്ക്ക് ഒന്ന് കണ്ടാല്‍ വളരെ എളുപ്പം മറുപടിയൊക്കെ പിണറായി സഖാവിന് കൊടുക്കാന്‍ പറ്റേണ്ടതാണ്. അറിഞ്ഞില്ലാ കണ്ടില്ലാ ഓര്‍മയില്ലാ എന്നീ വാക്കുകള്‍ ഇത്രയും അര്‍ഥങ്ങളുണ്ടായ ഒരു കാലം കേരളത്തില്‍ വേറെയില്ല. ഭരണതലത്തില്‍ തന്നെ ആ വാക്കുകള്‍ക്ക് വലിയ സാധ്യതയാണ് കിട്ടിയിരിക്കുന്നത്.

വല്യ ശക്തനായ മുഖ്യമന്ത്രിക്ക് കീഴില്‍ അതിലും ശക്തമായ ഭരണസംവിധാനം എന്നൊക്കെയാണ് സ്തുതിഗീതങ്ങളിലെ വായ്ത്താരികള്‍. എന്തുപറഞ്ഞിട്ടെന്താ വേണ്ടാത്തരങ്ങള്‍ ഒക്കെ ഉദ്യോഗസ്ഥര്‍ സ്വന്തം നിലയ്ക്കങ്ങ് ചെയ്യും.  രാഹുല്‍ ഗാന്ധി വന്നതും ടാക്ടര്‍ ഓടിച്ചതും കടലില്‍ എടുത്ത് ചാടിയതും ഒന്നും അങ്ങട്ട് ശരിയായില്ലെന്നാണ് സര്‍ക്കാര്‍ പക്ഷം. എങ്ങാനും വല്ലതും പറ്റിയാല്‍ എന്തായേനെ സ്ഥിതി എന്നാലോചിട്ടല്ല, ഇങ്ങനെയൊക്കെ ചെയ്തിട്ട് വോട്ട് അങ്ങോട്ട് പോയാല്‍ എന്താവും അവസ്ഥ എന്നാലോചിച്ചാണ്. ആ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തേ ഒന്നു വന്നത് ആരെങ്കിലും മറക്കുമോ. അന്ന് രാഹുലിനെ ഉന്നമിട്ട് സംസാരിച്ചതുകൊണ്ട് എന്തുകാര്യമുണ്ടായി എന്നെങ്കിലും ഒന്നു ഓര്‍ക്കണ്ടേ. ഇത്തരം സാഹചര്യങ്ങളിലാണ് വി.എസ്. അച്യുതാനന്ദനെ നമ്മള്‍ മിസ് ചെയ്യുന്നത്. വി.എസ്. വന്ന് രണ്ട് വാക്കില്‍ കുറിക്ക് കൊള്ളുന്ന വര്‍ത്താനം പറഞ്ഞങ്ങ് പോകും. അമുല്‍ബേബിക്കൊക്കെ ഒരു മറുപടി കൊടുക്കാന്‍ അന്നാര്‍ക്കാണ് കഴിഞ്ഞിട്ടുള്ളത്. 

രാഹുലിനേയും യോഗി ആദിത്യനാഥിനേയും ചേരും പടി ചേര്‍ത്തൊക്കെ പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നതാണ് പിണറായി സഖാവിന്‍റെ ഒക്കെ ആകെയുള്ള ഒരു ബുദ്ധിപരമായ നീക്കം. ഈ ബുദ്ധികണ്ടിട്ട് എന്തു തോന്നുന്നു എന്നു ചോദിക്കേണ്ട താമസം, ഒന്നും തോന്നുന്നില്ലെന്ന് നാട്ടുകാര്‍ പറയുമെന്നുമാത്രം.  

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...