കരയിലെ ട്രാക്ടര്‍ ഓട്ടവും കടലിലെ ചാട്ടവും; ഉഗ്രൻ ഷോയും..!

Thiruvaa-New
SHARE

റിയലിസ്റ്റിക് സിനിമകളുടെ കാലമാണല്ലോ. ബലം പിടിച്ചുള്ള അഭിനയം ഒന്നും ഇപ്പോ ആര്‍ക്കും വേണ്ട. ബിഹേവ് ചെയ്യലാണ്. അതുകൊണ്ട് സ്ക്രീനിലും പുറത്തും കാണുന്ന കാഴ്ചകളില്‍ ഏതാണ് റിയലിസം എന്നു തിരിച്ചറിയാന്‍ തന്നെ പാടാണ്.  

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് ഒന്നും അല്ലെങ്കിലും പദവികള്‍ ഒന്നുമില്ലെങ്കിലും അധ്യക്ഷപദവിയില്ലാത്ത ഒരു ആലങ്കാരിക അധ്യക്ഷനാണ് അദ്ദേഹം. ദേശീയ നേതാവ്. എവിടെയും പോയി ആളുകളിലേക്ക് അങ്ങ് ഇറങ്ങിച്ചെല്ലലാണ് ഹോബി. അതുകൊണ്ട് സെക്യൂരിറ്റി ഒക്കെ പണ്ടേ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതാണ്. വഴിയില്‍ കാണുന്ന കടയില്‍ കയറുക, ബേക്കറിയില്‍ കയറി ചായ കുടിക്കുക, ഹോട്ടലില്‍ കയറി പൊറാട്ട തിന്നുക തുടങ്ങിയവയൊക്കെ രാഹുല്‍ വരുന്നതോടെ പ്രതീക്ഷിക്കും. അതിപ്പോ ഒരു ശീലവുമായി. കഴിഞ്ഞ ദിവസം ടാക്ടര്‍ ഓടിച്ചാണ്  സ്വന്തം മണ്ഡലമായ വയനാട്ടിലൂടെ പറപറന്നത്. ഇപ്പോഴിതാ കൊല്ലത്ത് തീരദേശ വാസികളെ കാണാനെത്തി. കര്‍ഷകര്‍ക്ക് വേണ്ടി ടാക്ടര്‍ ഓടിച്ചിട്ടുണ്ടെങ്കില്‍ മല്‍സ്യതൊഴിലാളികള്‍ക്ക് വേണ്ടി മീന്‍പിടിക്കാന്‍ തന്നെ പോണം. അതാണ് മര്യാദ. കൊല്ലം കടപ്പുറവും പുറംകടലും ഇതുവരെ കാണാത്ത കാര്യങ്ങള്‍ക്കാണ് ഇന്നത്തെ പ്രഭാതം സാക്ഷിയായത്. 

മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പിലും കണ്ടത് ഇതൊക്കെയാണ്. രാഹുലിന്‍റെ ഇത്തരം പരിപാടികള്‍ക്ക് വോട്ട് കുറെ കിട്ടിയിട്ടുണ്ട്. ഇനിയും കിട്ടുമെന്ന് അവര്‍ കരുതിയാല്‍ തെറ്റ് പറയാനൊക്കുമോ. പ്രത്യേകിച്ചും പുറത്തിറങ്ങി ആളുകളെ കാണാത്ത പിണറായി വിജയന്‍ സഖാവൊക്കെ ഇങ്ങനെ മുഖ്യമന്ത്രിയായി ഇരിക്കുമ്പോ . ഓഖി ചുഴലിക്കാറ്റ് വന്ന സമയത്ത് തുറൈയില്‍ പോവാതെ ഓഫിസിലിരുന്ന ആളാണ്. അന്ന് ഭക്തര്‍ പറഞ്ഞത് മുഖ്യമന്ത്രി സ്പോട്ടില്‍ പോയാല്‍ രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തും എന്നായിരുന്നു. ഏത്, പുറംകടലിലാണ് രക്ഷാപ്രവര്‍ത്തനം. കരയിയില്‍ പോയി ആളുകളെ കണ്ടാല്‍ എങ്ങനെ ബാധിക്കാനാണ്. ആ നേരത്താണ് ഇവിടെ പുറംകടലിലൊക്കെ പോയി വെള്ളത്തില്‍ ചാടി കടലിനെ തൊട്ടറിഞ്ഞെന്നും കടലിന്‍റെ മക്കളെ അടുത്തറിഞ്ഞും എന്നും പറഞ്ഞ് ഓരോരുത്തര്‍ തിരിച്ചുവരുന്നത്.

യുഡിഎഫ് ജാഥയ്ക്ക പിന്നാലെ ജാഥയുമായി എ വിജയരാഘവനൊക്കെ പുറപ്പെട്ടിട്ട് ദിവസങ്ങളായി. ഇപ്പോ ഏത് ജില്ലയില്‍ എവിടെ എത്തി എന്ന് ചോദിച്ചാല്‍ വലിയ വിവരം ഒന്നും നാട്ടുകാര്‍ക്കില്ല. തെക്കന്‍ ജാഥയ്ക്കിറങ്ങിയ ആ ബിനോയ് വിശ്വം എവിടെയാണെന്ന് എല്‍‍‍ഡിഎഫുകാര്‍ക്കു പോലും അറിയില്ല. അതാണവസ്ഥ. അങ്ങനെ ഒരു ഓളമൊന്നും ഇല്ലാതിരിക്കുമ്പോഴാണ് കടലിലെ ഓളത്തിലേക്ക്  ഇങ്ങനെ ഓരോരുത്തന്‍മാര്‍ ചാടിയിറങ്ങി നീന്തിക്കളിക്കുന്നത്. കുറച്ച് പാടാവും. പോരാത്തതിന് ഇടതുപക്ഷക്കാരന്‍റെ ബോട്ട് തന്നെ രാഹുലിന് പോകാനും കിട്ടി. 

സഖാവുള്ളപ്പോള്‍ രാഹുലിനൊക്കെ ഇങ്ങനെ വലിയ തമാശ പറയാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ രാഹുലിനെ ആണ് സമ്മതിക്കേണ്ടത്. പക്ഷേ നമുക്ക് സഖാവിന്‍റെ തമാശ മതി. അതിനപ്പുറം തമാശയൊന്നും ഇവിടാരും ഇപ്പോ പറയുന്നില്ല. ഇങ്ങനെ വിഷമിക്കാതെ.

കരയിലെ ടാക്ടര്‍ ഓട്ടവും കടലിലെ ചാട്ടവും ഒക്കെ  കണ്ട് വേറൊരാള്‍ അങ്ങ് കേന്ദ്രത്തില്‍ ഇരിക്കുന്നുണ്ട്. എങ്ങനെ അടുത്ത സെറ്റ് ഇട്ട് ഒരു ഷോ സംഘടിപ്പിക്കും എന്നാവും ആലോചന. ഇത് കടലൊക്കെ ആയതുകൊണ്ട് ടൈറ്റാനിക് സിനിമയ്ക്ക് സെറ്റ് ഇട്ടപോലെ വേണ്ടിവരും. അല്ലാതെ നാട്ടുകാരുടെ ബോട്ടില്‍ അവര്‍ക്കൊപ്പം കടലില്‍ പോയി ഷോ കാണിക്കലൊന്നും നടക്കുന്ന കാര്യമല്ല. നമ്മള്‍ റിയലിസ്റ്റിക് സിനിമയുടെ ആളുകളല്ല. അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ തക്കവിധം അഭിനയസാധ്യതകള്‍ ഉള്ള തനി ഫിക്ഷന്‍ പടങ്ങളിലേ താല്‍പര്യമുള്ളു. പണ്ടായിരുന്നെങ്കില്‍ മുതലയെ ഒക്കെ പിടിച്ചു പരിചയിച്ച കൈയ്യാണ്. പക്ഷേ കടലില്‍ മുതലയെ കാണാറില്ലാത്തതുകൊണ്ട് അതത്ര വശം പോര. തല്‍ക്കാലം ഈ ഷോ പരിപാടികളെ കൂവി തോല്‍പിക്കുന്നതാവും ഉചിതം. അല്ലേ ജീ.

ഈ ഷോയ്ക്ക് തല്‍ക്കാലം ഒരിടവേള കൊടുക്കുന്നു. അത് കഴിഞ്ഞാല്‍ നാലുവോട്ടും പിന്നെ നവോത്ഥാനവും എന്ന പേരില്‍ വേറൊരു പടം വരും.  

അങ്ങനെ ശബരിമല യുവതീപ്രവേശവിഷയുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ സുപ്രധാനമായ മറ്റൊരു തീരുമാനം കൂടി ഇന്ന് കൈകൊണ്ടിട്ടുണ്ട്. പാര്‍ട്ടി ദര്‍ശനമായ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് ഇന്ത്യന്‍ പരിതസ്ഥിതിയില്‍ അവധി കൊടുത്തതിനു ശേഷം സിപിഎം സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പുതിയ പരിപാടിയാണ് കേസില്ലാ കാലം. നവോത്ഥാനം സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പിണറായ വിജയന്‍ സഖാവ് അന്ന് നാലുവോട്ടിന് വേണ്ടി നവോത്ഥാനം മാറ്റിവയ്ക്കില്ലെന്നൊരു ഉറപ്പ് നല്‍കിയിരുന്നു. 

നാല് വോട്ടിന് നിലപാട് മാറ്റില്ല എന്നാണല്ലോ അന്ന് പുത്തരിക്കണ്ടത്ത് വിജയന്‍ സഖാവും പിന്നീട് കോടിയേരി സഖാവുമൊക്കെ പ്രസംഗിച്ചത്. അത് നമ്മള്‍ സൂക്ഷ്മാര്‍ഥത്തില്‍ വിലയിരുത്താത്തതിന്‍റെ ഒരു പ്രശ്നമുണ്ട്. നാലുവോട്ടിന്‍റെ കാര്യമാണ് പറഞ്ഞത്. നാലുവോട്ട് പോയാല്‍ പോട്ടെന്ന് വയ്ക്കും. പക്ഷേ നാലായിരം എന്നോ നാലു ലക്ഷമെന്നോ നാല്‍പത് ലക്ഷമൊക്കെ ആയാല്‍ ആ നിലപാട് മാറ്റേണ്ടിവരുമെന്നാണ് അന്ന് പറയാതെ പറഞ്ഞ​ത്. അത് വായിച്ചെടുക്കാന്‍ പറ്റാത്ത ഇവിടുത്തെ സിപിഎം ബുജികളാണ് കുറ്റക്കാര്‍. വിഷയത്തില്‍ എ. വിജയരാഘവന്‍ സഖാവിന് ന്യായീകരിച്ച് പറയാന്‍ കുറച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്നതുകൊണ്ടും കുറച്ചധികം സമയമെടുത്ത് സാവധാനം ആണ് കാര്യങ്ങള്‍ പറയുന്നത്. പ്രേക്ഷകര്‍ അദ്ദേഹത്തോട് പൊറുത്തുകൊള്ളണം.

പക്ഷേ സിപിഎം ബുജികളെ ഓര്‍ത്ത് പേടിക്കാനൊന്നും ഇല്ല. അവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നവോത്ഥാനപോസ്റ്റുകളിടുക എന്നേ ഉണ്ടായിരുന്നുള്ളു. വിജയേട്ടന്‍ നവോത്ഥാനം കൊണ്ടുവരുമ്പോള്‍ അതിനൊപ്പം. വേണ്ടെന്ന് വയ്ക്കുമ്പോള്‍ അതിനൊപ്പം. അല്ലാതെ നവോത്ഥാനത്തിന് വേണ്ടി ആയിരുന്നില്ല എന്ന് മനസിലായല്ലോ. അല്ലെങ്കില്‍ പാര്‍ട്ടിയും സര്‍ക്കാരും വിശ്വാസപ്രശ്നത്തിലും സ്ത്രീസമത്വത്തിലും പുതിയ നിലപാട് എടുത്തപ്പോ അതിനെ തിരുത്താനോ അതില്‍ സങ്കടപ്പേടാനോ ഇവരാരെങ്കിലും വന്നതായി കണ്ടിരുന്നോ? ഇല്ലല്ലോ. അത്രേയുള്ളു. വിജയേട്ടന്‍റെ ഇഷ്ടമാണ് ഞങ്ങടെ ഇഷ്ടം. അതിപ്പോ ആഴക്കടലില്‍ മല്‍സ്യബന്ധനത്തിന് വിദേശ കമ്പനിയെ ഏല്‍പ്പിക്കുന്ന കാര്യത്തിലായാല്‍പോലും. അല്ലാതെ ഇടതുസ്വഭാവം ഉള്ളതുകൊണ്ടൊന്നും ഇല്ല. 

പാവങ്ങള്‍. എന്തൊക്കെ വീരേതിഹാസങ്ങളായിരുന്നു. കേരളം നവോത്ഥാനം എന്ത് എങ്ങനെ എന്ന വിഷയത്തിലൊക്കെ പ്രശസ്തരായ ചരിത്രകാരന്‍മാരും ബുദ്ധിജീവികളും  പിണറായി വിജയന്‍ പ്രസംഗിക്കുന്നത് സാകൂതം കേട്ടിരുന്ന സദസ്സുകള്‍ ഉണ്ടായിരുന്ന നാടായിരുന്നു മൂന്നുകൊല്ലം മുമ്പ് കേരളം. ഒരു കണക്കിന് അതുതന്നെയാവും പിണറായി കാലത്തെ തലതിരിഞ്ഞ നവോത്ഥാനപ്രസ്ഥാനവും. ഇതിപ്പോ സിഐഎ സമരത്തിലെ കേസുകളും ശബരിമല പ്രതിഷേധങ്ങളിലെ കേസുകളും ഒരുപോലെ തള്ളിയിരിക്കുന്നു. സിപിഎം പറഞ്ഞത് സിഐഎ സമരം ന്യായമെന്നും ശബരിമല പ്രതിഷേധം അന്യായമെന്നും ആയിരുന്നു. ബിജെപി ആണെങ്കില്‍ ഇതിന് നേരെ എതിരും. അവര്‍ക്ക് സിഐഎ അന്യായമായിരുന്നു. ഒടുക്കം എല്ലാവര്‍ക്കും സന്താഷായി. ആഹാ... കേരളം ഇനിയും മുന്നോട്ട്. 

ഇപ്പോ എന്തും സര്‍ക്കാര്‍ തരും. അതാണ് അവസ്ഥ. നക്സല്‍ വര്‍ഗീസിന്‍റെ കുടുംബത്തിന് 50ലക്ഷം രൂപയൊക്കെ കൊടുക്കാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. കേട്ടാല്‍ തോന്നും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്ന്. പിണറായി ഭരണകാലത്ത് കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ അപ്പോ ചുമ്മാ ഒന്ന് ഓര്‍ത്തുപോവുന്നു. വല്ലാത്തൊരു സര്‍ക്കാരും നിലപാട് തറയും. ആട്ടെ, ലോകസഭയിലെ വമ്പന്‍ തോല്‍വിയാണോ നിയമസഭാതിരഞ്ഞെടുപ്പ് പടിക്കലില്‍ എത്തിയ കാലത്ത് ഇങ്ങനെയൊക്കെ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

അയ് ശരി. കൊള്ളാലോ വിജയരാഘവേട്ടാ.... എന്ന പിന്നെ നമ്മളങ്ങ് പോവ്വാണ്. വീണ്ടും വരാം.  

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...