വികസനജാഥയാണ്; വിജയരാഘവന്‍ പറയുന്നത് ‘വര്‍ഗീയത’യെപ്പറ്റിയും..!

Thiruvaa-18-02
SHARE

വഴിയില്‍ കാണുന്ന ഹാസ്യതാരങ്ങളെ ഒപ്പം കൂട്ടിയാണ് രമേശ് ചെന്നിത്തലയുടെ യുഡിഎഫ് ജാഥ മുന്നോട്ട് പോകുന്നത്. . തമാശക്കാരൊന്നും എല്‍ഡിഎഫ് ജാഥയുടെ ഭാഗമായി ചേരുന്നുമില്ല. എന്നിട്ടും യുഡിഎഫ് യാത്രക്ക്  കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഇടത് ജാഥക്ക് കഴിയുന്നുണ്ട് . പൊട്ടിച്ചിരിക്ക് ഒരു കുറവുമില്ല. അല്ല ചിരിക്ക് ഒരു കുറവും ഉണ്ടാകാതെ കണ്‍വീനര്‍ കം പാര്‍ട്ടി ആക്ടിങ് സെക്രട്ടറി വിജയരാഘവന്‍ നോക്കുന്നുണ്ട്. അടുത്തിടെയായി വര്‍ഗീയതയാണ് പുള്ളിയെ അലട്ടുന്ന പ്രശ്നം. ആ വിഷയത്തില്‍ ഗവേഷണവും ഘനനവും എന്നുവേണ്ട ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുന്നുമുണ്ട്. മാക്രോ വര്‍ഗീയത മൈക്രോ വര്‍ഗീയത തുടങ്ങിയ ശാഖകള്‍ ഇതിനുണ്ടെന്നുവരെ മലയാളിയെ പഠിപ്പിച്ചുകൊണ്ടാണ് വിജയരാഘവന്‍റെ ആ രഥം മുന്നോട്ടു പോകുന്നത്. ആ രഥവും പിടിച്ചു നമ്മള്‍ വലിക്കാന്‍ തുടങ്ങുകയാണ്. സ്വാഗതം. തിരുവാ എതിര്‍വായിലേക്ക്.

ജാഥകളുടെ കാലമാണല്ലോ. ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര വളരെ നേരത്തേ തുടങ്ങി തെക്കന്‍ കേരളത്തിലെത്തി സമാപിക്കാന്‍ പോകുമ്പോഴേക്കും എല്‍ഡിഎഫിന്‍റെ വികസന മുന്നേറ്റ യാത്ര വടക്കന്‍ കേരളത്തില്‍ ആഞ്ഞടിക്കുകയാണ്. വികസനം പറഞ്ഞ് വോട്ടുപിടിക്കാന്‍ പുറപ്പെട്ട യാത്ര പക്ഷേ വികസനം ഒഴിച്ച് ബാക്കിയെല്ലാം പറയുന്നുണ്ട്. ഒന്നാമത് എ. വിജയരാഘവന്‍ സഖാവാണല്ലോ ജാഥാ ക്യാപ്റ്റന്‍. പുള്ളിക്കാരന്‍റെ അടുത്തകാലത്തെ ഗവേഷണ പ്രബന്ധങ്ങളൊക്കെയും വികസനത്തെക്കുറിച്ചായിരുന്നില്ല. വര്‍ഗീയതയെക്കുറിച്ചായിരുന്നു. അതുകൊണ്ട് സംസാരിച്ചുവരുമ്പോ താനേ അതിലേക്ക് ചെന്ന് മുട്ടും.  ഇത്രയും കാലം ഭൂരിപക്ഷവര്‍ഗീയതയ്ക്കെതിരെയുള്ള പോരാട്ടമായിരുന്നു പാര്‍ട്ടിയുടെ അടവുനയമെങ്കില്‍ ഈ തിരഞ്ഞെടുപ്പിന്‍റെ സവിശേഷ സാഹചര്യത്തില്‍ അത് ന്യൂനപക്ഷ വര്‍ഗീയതയ്ക്കെതിരെയുള്ള പോരാട്ടമാണ്. രണ്ടിനെതിരേയും ഒരുമിച്ച് പോരാടാം എന്ന് തെറ്റുതിരുത്തല്‍ രേഖയായി യാത്രക്ക് മുമ്പ് വിജയരാഘവന്‍ സഖാവിനെ അറിയിച്ചിരുന്നെങ്കിലും പറഞ്ഞുവരുമ്പോ ആകെ മൊത്തെ കണ്‍ഫ്യൂഷനാണ്.

സംഗതി വിജയരാഘവന്‍ സഖാവ് പറഞ്ഞുവന്നത് ഭൂരിപക്ഷ വര്‍ഗീയതയെക്കുറിച്ചാണ്. പക്ഷേ നിര്‍ണായകമായ സ്ഥലത്ത് ഭൂരിപക്ഷം എന്നതിന് പകരം ന്യൂനപക്ഷം എന്നുപറഞ്‍ുപോയി. ഇനി അബദ്ധത്തില്‍ പറഞ്ഞതാണെന്ന് വിചാരിക്കാം. പക്ഷേ പ്രസംഗിച്ചത് വിജയരാഘവനും പറഞ്ഞത് വര്‍ഗീയതെക്കുറിച്ചും ആയതുകൊണ്ട് ആ അബദ്ധം അല്ലെങ്കില്‍ നാക്കുപിഴ മനപൂര്‍വമായിട്ടാണെന്ന് വിചാരിച്ചാലും തെറ്റില്ല. ആ വഴിക്ക് ഭൂരിപക്ഷ വോട്ടുകള്‍ ഇടത്തോട്ട് ചായുമെങ്കില്‍ ചായട്ടെ എന്നും കരുതാമല്ലോ. പക്ഷേ ഇതൊക്കെയും സാധ്യതകള്‍ മാത്രമാണ്. എന്നാല്‍ സാധ്യതകളെക്കുറിച്ചല്ല, പച്ചപരമമായ സത്യത്തെ ആണ് പറയാനുദ്ദേശിക്കുന്നത്. തീവ്രമായ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയാണെന്ന് സഖാവ് പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ചുപോയത് മറ്റാരുമല്ല, സാക്ഷാല്‍ കെ. സുരേന്ദ്രനാണ്. അവരുടെ കഞ്ഞിയലല്ലേ മണ്ണ് വാരിയിട്ടിരിക്കുന്നത്. ഇത്രയും കാലം ബിജെപി അരയില്‍ തൂക്കിക്കൊണ്ടുനടന്ന വജ്രായുധമല്ലേ ഒരു സിപിഎമ്മുകാരന്‍ എടുത്ത് ഇങ്ങനെ വീശുന്നത്. നല്ല സങ്കടം കാണും.

കഴിഞ്ഞ അഞ്ചുവര്‍ഷകാലത്തെ കേരളത്തിന്‍റെ വോട്ടിങ് പാറ്റേണ്‍ എടുത്തുനോക്കിയാല്‍ ഒരു കാര്യം പിടികിട്ടും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കുന്നു. പിന്നീടെത്തിയ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ജയിപ്പിക്കുന്നു. അതും 19–1 എന്ന നിലയില്‍. പിന്നാലെയെത്തിയ പാല അടക്കമുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനെയും ജയിപ്പിക്കുന്നു. അതായത് വോട്ട് ചെയ്യുന്നതില്‍ ഈ മലയാളി ഒരു സൈക്കോ ആണ്. ആ നിലയ്ക്കാണ് ഇപ്പോ തെരഞ്ഞെടുപ്പെത്തിയപ്പോള്‍ എവിടെ കേറി കളിക്കണം എന്ന് അറിയാതെ പെട്ട് ഇരുമുന്നണികളും അന്തം വിട്ടത്. അതിന്‍റെ ഫലമെന്തായി. ബിജെപിയുടെ ആയുധങ്ങളെടുത്ത് യുഡിഎഫും എല്‍ഡിഎഫും എടുത്ത് പയറ്റാന്‍ നോക്കുന്നു. ആയുധങ്ങളില്ലാതെ പാവം ബിജെപി ഇപ്പോ എന്ത് പറയാനാണ്.

രണ്ടുജാഥകളും നടന്നതോടെ പണി പോയ അവസ്ഥയിലായത് ബിജെപി നേതാക്കളാണ്. അവര്‍ ഉന്നയിക്കേണ്ട വിഷയമൊക്കെ മറ്റ് മുന്നണികള്‍ ഉന്നയിച്ചും കഴിഞ്ഞു. യുഡിഎഫ് ജാഥ തുടങ്ങിയത് തന്നെ ശബരിമല വിഷയം എടുത്തിട്ടാണ്. വിശ്വാസ സംരക്ഷണത്തിന് നിയമവും ഓര്‍ഡിനന്‍സും വരെ കൊണ്ടുവരുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ഗ്യാസ് പോയത് ബിജെപിയുടെ. എന്തൊക്കെ പ്രതീക്ഷകളായിരുന്നു. സുരേന്ദ്രനൊക്കെ ജയിലില്‍ പോയത് പിന്നെന്തിനായിരുന്നു. ഒരു കേസും കൂട്ടവുമില്ലാതെ വലിയ അധ്വാനമില്ലാതെ കോണ്‍ഗ്രസ് അങ്ങ് മൈലേജ് ഉണ്ടാക്കി. പിന്നെ ബിജെപിയുടെ കൈയ്യിലുള്ളത് പരമ്പരാഗതമായ വര്‍ഗീയ കാര്‍ഡ് മാത്രമായിരുന്നു. ന്യൂനപക്ഷ വര്‍ഗീയത. അതാണെങ്കില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായ വിജയന്‍ തന്നെ ലീഗിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റും ഇട്ട് ആദ്യമേ ഗോളടിച്ചു. കിട്ടിയ തക്കത്തിന് വിജയരാഘവന്‍ അതെടുത്ത് അലക്കി അലക്കി വെളുപ്പിച്ച് ഒരു പരുവവുമാക്കി. പെട്ടതാരാ ബിജെപി. സംഭവം വിജയരാഘവന്‍ ന്യൂനപക്ഷ വര്‍ഗിയതയാണ് തീവ്രമായ വര്‍ഗീയതയെന്ന് പറഞ്ഞോ ഇല്ലയോ എന്നത് വിജയരാഘവന്‍റെ സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍  ഒരു താര്‍ക്കിക വിഷയമാണ്. പറഞ്ഞില്ലെന്ന് സഖാവ് പറയും. അപ്പോ ഈ കേട്ടതോ എന്ന് മാധ്യമങ്ങളും ചോദിക്കും. 

അപ്പോ പറഞ്ഞ വിജയരാഘവന്‍ സഖാവ് പാവം. മാധ്യമങ്ങള്‍ പാപം ചെയ്തവര്‍. പക്ഷേ അതൊരു നാക്കുപിഴ ആണെന്ന് പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു. ആ പറഞ്ഞതിന്‍റെ അപ്പുറവും ഇപ്പുറവും കേട്ടാല്‍ ഉദ്ദേശിച്ചത് ഭൂരിപക്ഷ വര്‍ഗീയത ആണെന്ന് ചിന്തിച്ചാല്‍ മനസിലാകും. പക്ഷേ നാക്കുപിഴ തിരുത്താത്തിടത്തോളം കാലം വലിയ പിഴവു തന്നെയാണ്. അപ്പോ ആ പിഴവിനെ ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ പിന്നേയും നാറും.  സത്യത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും തരാതരം പോലെ എടുത്ത് കളിക്കുന്നതുകൊണ്ട് പറ്റിയ ഒരുപറ്റായി കണ്ടാമതി ഇതിനെ. വര്‍ഗീയതയില്‍ സിപിഎമ്മിന് കൃത്യമായൊരു നിലപാട് ഇല്ലാത്തതുകൊണ്ട് സംഭവിച്ചുപോയ ഒരു കണ്‍ഫ്യൂഷനാണ്. ഇതിപ്പോ പാണക്കാട് പോയ കോണ്‍ഗ്രസുകാരെ കുറ്റവും പറയണം, ഒപ്പം ഭൂരിപക്ഷ വര്‍ഗീയതയ്ക്കെതിരെ പോരാട്ടവും നടത്തണം. വല്യപാടാണ്. ഒന്നിലേറെ കാമുകിമാരൊക്കെ ഉള്ളപ്പോള്‍ ആരോടാണ് ഏതുകാര്യമാണ് പറഞ്ഞതെന്ന് ഓര്‍ത്ത് വച്ചില്ലെങകില്‍ വല്യകുഴപ്പങ്ങളുണ്ടാകും എന്നു കേട്ടിട്ടില്ലെ. സിംപിളായി പറഞ്ഞാല്‍‌ അത്രയേയുള്ളു. 

ജാഥകള്‍ പലവിധ മുഖങ്ങളേയും രാഷ്ട്രീയ കേരളത്തിന് സമ്മാനിക്കുമെന്നാണ് ഈ പോക്ക് പോയാല്‍ മനസിലാക്കേണ്ടത്. ചെന്നിത്തലയുെട യാത്രയിലേക്ക രമേശ് പിഷാരടിയും ഇടവേള ബാബുവും ധര്‍മജനും മേജര്‍ രവിയും ഒക്കെ ഒന്ന് വന്ന് കയറിപ്പോയിട്ടുണ്ട്. അപ്പുറത്തെ ജാഥയില്‍ നിലവില്‍ മികച്ച കൊമേഡിയന്‍മാര്‍ ഉള്ളതിനാല്‍ പുറത്ത് നിന്ന് വേറെ കൊമേഡിയന്‍മാരെ കയറ്റേണ്ടെന്നാണ് തീരുമാനം. പോകാനും പേടി കാണും. ബൗദ്ധിക കോമഡികള്‍, വര്‍ഗീയ കോമഡികള്‍, ഭീഷണി കോമഡികള്‍, ചൂടാവല്‍ കോമഡികള്‍ അങ്ങനെ വൈവിധ്യമാര്‍ന്നതാണ് സിപിഎം പാര്‍ട്ടി. ഇതിപ്പോ ബിജെപിയാണ് പുതുമുഖങ്ങളെ അവതരിപ്പിക്കുന്നത്. ജേക്കബ് തോമസിന് ശേഷം ആദ്യമുഖത്തെ ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

ശ്രീധരേട്ടന്‍ ഏത് പാര്‍ട്ടി സജീവ പ്രവര്‍ത്തകന്‍റെ സീറ്റാണാവോ കൊണ്ടപോകുന്നതെന്ന് കാത്തിരുന്ന് കാണാം. ഏതായാലും കോണ്‍ഗ്രസ് വേദികളില്‍ പലരേയും കാണുെമന്നാണ് ധര്‍മജന്റെ ഗ്യാരന്‍റി. എന്തരോ എന്തോ തല്‍ക്കാലം നമ്മളാരേയും അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്നത്തേക്ക് നിര്‍ത്തുന്നു. വീണ്ടും കാണാം. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...