മോദിജിക്ക് ഇത് കരച്ചിൽ; വിമർശകർക്ക് ഇത് അഭിനയം..!

te
SHARE

പെര്‍ഫോന്‍മന്‍സുകളുടെ കാലമാണിത്. നിങ്ങള്‍ എന്ത് പറയുന്നു എന്നല്ല, എങ്ങനെ പറയുന്നു എന്നതിന് മുമ്പില്ലാത്തവിധം പ്രാധാന്യമുള്ള കാലമാണിത്. പണ്ടൊക്കെ ആരെങ്കിലും ഒന്ന് കരഞ്ഞാല്‍ അതൊരു ഫോട്ടോഗ്രാഫായി മാറിയെങ്കിലേ ഉള്ളു. അല്ലാതെ അതിന്‍റെ തല്‍സമയ ദൃശ്യങ്ങളൊന്നും നാട്ടുകാര്‍ കാണാറില്ല. ഇപ്പോ അങ്ങനെയല്ല. എല്ലാം എല്ലാവരുടെ കാണുന്നുണ്ട്. അതുകൊണ്ട് കരച്ചില്‍ ഒരു അനുഭവമാണ്. കുടെ കരയാന്‍ പ്രേരിപ്പിക്കുന്ന അനുഭവം. അത്യന്തം സെന്‍റിമെന്‍റലായ ഒരു എപ്പിസോഡിലേക്ക് സ്വാഗതം. ചിരിക്കുന്നവര്‍ക്ക് പാക്കിസ്ഥാനിലേക്കുള്ള ടിക്കറ്റ് റെഡിയാണ്. അപ്പോ സ്വാഗതം. 

രാജ്യസഭയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പടിയിറങ്ങുന്നതാണ് സീന്‍. യാത്രയയപ്പാണ് അരങ്ങേറുന്നത്. ജമ്മു കശ്മീരില്‍ നിന്നുള്ള ഈ കോണ്‍ഗ്രസ് നേതാവിന് ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചു. അതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്നില്‍ നിന്ന് നയിച്ചു. ഗുലാം നബിക്കു വേണ്ടി കോണ്‍ഗ്രസുപോലും ഇങ്ങനെ പറയില്ല. അപ്പോഴാണ് മോദിജി അവതരിക്കുന്നത്.

ഇതൊരു സങ്കട കഥയാണ്. ഇന്ത്യാ മഹാരാജ്യത്തെ രണ്ടു നേതാക്കള്‍ തമ്മിലുള്ള ഹൃദയസ്പര്‍ശിയായ ബന്ധത്തെ ഒരാള്‍ വിശദീകരിക്കുകയാണ്. സാധാരണ ഇതൊക്കെ കേട്ട് കേള്‍ക്കുന്നവര്‍ കരയുമെന്നുറപ്പില്ലെങ്കിലും കഥ പറയുന്ന  ആള്‍ തന്നെ കരഞ്ഞു രംഗം കീഴടക്കുന്നുണ്ട്. 

കോണ്‍ഗ്രസിനൊരു നേതൃത്വം വേണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ സംഘത്തിലെ ആളാണ് ഈ ഗുലാം നബി ആസാദ്. അതുകൊണ്ട് കോണ്‍ഗ്രസുകാരൊന്നും ആസാദിനുവേണ്ടി കരയില്ലെന്നും ഉറപ്പാണ്. ആ ഒരു ഗ്യാപില്‍ കേറിയാണ് മോദിജി വിതുമ്പിയത്. 

അഭിനയം എന്നൊക്കെ വിമര്‍ശകര്‍ പറയും. പക്ഷേ അങ്ങനെയല്ല മനസിലാക്കേണ്ടത്. നമ്മുടെ രാജ്യം വലിയ പ്രതിസന്ധിയെ നേരിട്ടപ്പോഴും നേരിടാന്‍ പോകുമ്പോഴും മോദിജി മൈക്കിനുമുന്നില്‍ നിന്ന് തലകുനിച്ച് വാവിട്ട് കരഞ്ഞിട്ടുണ്ട്. ആദ്യം കരഞ്ഞത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പാര്‍ലമെന്‍റിലെ സെന്‍ട്രല്‍ ഹാളില്‍ കേറിയപ്പോളായിരുന്നു . അതായത് പിന്നെ മോദിയുടെ ഭരണത്തിന്‍ കീഴിലേക്ക് രാജ്യം മാറാന്‍ പോവുന്ന സമയം. അതിനുശേഷം കര‍ഞ്ഞത് ഗോവയില്‍ വച്ചായിരുന്നു. അന്ന് മോദി തന്നെ നോട്ട് നിരോധനം ഏര്‍പ്പെടുത്തി രാജ്യത്തെ മറ്റൊരു പ്രതിസന്ധിയിലേക്ക് കൊണ്ടു വലിച്ചു താഴെയിട്ടപ്പോള്‍ കരഞ്ഞുപോയി. 50 ദിവസം ഒക്കെ ചോദിച്ചിരുന്നു. ഇല്ലെങ്കില്‍ കത്തിക്കാനും പറഞ്ഞു. ഇപ്പോ കര്‍ഷക സമരം ഒക്കെയായി രാജ്യം വീണ്ടും ഒരു പ്രതിസന്ധിയില്‍ പെട്ടപ്പോഴാണ് അടുത്ത കരച്ചില്‍. നമ്മുടെ സിപിഐ എംപി ബിനോയ് വിശ്വത്തിനുവരെ ഈ മോദിയെ കണ്ട് മനസലിഞ്ഞുപോയിട്ടുണ്ട്. 

മോദിജി ആളൊരു വ്യത്യസ്തനായതുകൊണ്ട് കരഞ്ഞതാണോയെന്നറിയില്ല. സാധാരണ ഒരു പാര്‍ട്ടിക്കാരന്‍ മറ്റൊരു പാര്‍ട്ടിക്കാരനെ സ്വന്തം പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്ന ചിരിച്ചുകൊണ്ടാണ്. ഇവിടിപ്പം ഒരു വെറൈറ്റിക്ക് വേണ്ടി ഗുലാം നബി ആസാദിനെ ബിജെപിയിലേക്ക് കരഞ്ഞുകൊണ്ട് ക്ഷണിച്ചതാണോയെന്ന് കാലം മറുപടി തരേണ്ട കാര്യമാണ്. ആസാദിനെ ഇനി രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് എത്തിച്ചില്ലെങ്കില്‍ ഞങ്ങള്‍‌ ബിജെപി എത്തിക്കുമെന്ന് സഭയിലുണ്ടായിരുന്ന ബിജെപി എംപി പ്രഖ്യാപിച്ചിട്ടുമുണ്ട്. ആസാദിനെ ഓര്‍ത്ത് കരയുന്ന മോദിജിയെ ഇങ്ങനെ കാണാന്‍ പറ്റാത്തതുകൊണ്ടാവും അങ്ങനെ പറഞ്ഞുപോയത്.

പ്രധാനമന്ത്രി ഇന്നലെ കരഞ്ഞപ്പോള്‍ കര്‍ഷക സമരക്കാര്‍ വിചാരിച്ചത് അത് മനുഷ്യക്കണ്ണീരാണ് എന്നായിരുന്നു. എന്നാല്‍ മക്കളേ ആ കരച്ചില്‍ കണ്ട് നിങ്ങള്‍ അരി അടുപ്പത്ത് വയ്ക്കേണ്ടെന്ന് മോദിജി ആവര്‍ത്തിച്ചിട്ടുണ്ട്. ഇന്നും സമരജീവികള്‍ എന്നൊക്കെവിളിച്ച് ആള് വന്നിട്ടുണ്ട്. അത് പോട്ടെ ഇവിടെ കേരളത്തില്‍ വേറൊരു പെര്‍ഫോര്‍മെന്‍സ് അഥവാ പ്രകടനം നടക്കുന്നുണ്ടല്ലോ. ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര. യാത്ര തൃശൂരിലെത്തിയപ്പോഴാണ് ഡിസിസിക്ക് മഹാഭാരത്തിലെ കുരുക്ഷേത്രയുദ്ധം ഒക്കെ ഓര്‍മവന്നത്. രമേശ് ചെന്നിത്തലയെ അര്‍ജുനനായി പ്രഖ്യാപിച്ചു. ആകെ ഒരു കുറവ് അമ്പും വില്ലുമായിരുന്നു. അതും ഡിസിസി സ്വന്തം നിലയ്ക്ക് ഏര്‍പ്പാടാക്കി കൊടുത്തു. മഹാഭാരത യുദ്ധത്തില്‍ വില്ലുകുലയ്ക്കാനെത്തിയ ചെന്നിത്തലയെ രാമായണത്തിലെ ഗാണ്ഡീവം തകര്‍ത്ത രാമനാക്കികളഞ്ഞു കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. 

അര്‍ജുനനാണ് യുദ്ധം ചെയ്തതെങ്കിലും തന്ത്രവും അതിന്‍റെ പേരിലുള്ള കൈയ്യടിയും കൃഷ്ണനാണ് കൊണ്ടുപോയത്. അതുകൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ മയില്‍പ്പീലിയോ മറ്റോ ഉണ്ടോ എന്ന് ചെന്നിത്തല ഇടക്ക് നോക്കുന്നത് വളരേ നല്ലതായിരിക്കും. പിന്നെ രാമായണമാണ് തീം എങ്കില്‍ വനവാസവും ആരണ്യകാണ്ഡവും ഓര്‍ക്കുന്നത് അതിലും നല്ലതായിരിക്കും.  ഇനി ഒരിടവേളയാണ്. അതുകഴിഞ്ഞാല്‍ എല്‍ദോസ് കുന്നപ്പള്ളി വരുന്നുണ്ട്. കവിതയും പശു പ്രേമവുമാണ് പങ്കുവയ്ക്കാനുള്ളത്.

എല്‍ദോസ് കുന്നപ്പള്ളി അതി പ്രശസ്തനായ ഒരു എംഎല്‍എ ആണ്. സഭയെ പ്രകമ്പനം കൊള്ളിച്ച പ്രസംഗത്തേക്കാളും മണ്ഡലത്തിലെ പ്രവര്‍ത്തനത്തേക്കാളും മിനിമം രാഷ്ട്രീയ പ്രവര്‍ത്തനത്തേക്കാളും ആള് പ്രസിദ്ധി ആര്‍ജിച്ചത് മറ്റ് പലതിലൂടെയുമാണ്. സഭയില്‍ ജി. സുധാകരന് ഒത്തൊരു എതിരാളിയാണ് എല്‍ദോസ്. കവിത എഴുത്തില്‍. ബുദ്ധിജീവി ആയി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് കാര്യമായി സഭയിലൊന്നും മിണ്ടാറില്ല. പ്രസംഗിക്കാറുമില്ല. ചാനല്‍ മൈക്ക് കിട്ടുമ്പോഴേ മനസു തുറക്കാറുള്ളു. ഇതിപ്പോ വീണ്ടുമൊരു തിരഞ്ഞെടുപ്പു കാലമായപ്പോള്‍ എല്‍ദോസ് ചില കാര്യങ്ങള്‍ പറയാന്‍ വന്നിട്ടുണ്ട്. 

ഈ സഭയിലെ ആദ്യ ദിവസം തന്നെ സഭയില്‍ വച്ച് ഉറങ്ങുന്ന എല്‍ദോസിനെ കണ്ട് കേരളമാകെ അസൂയപ്പെട്ടിട്ടുണ്ട്. ആ തിരക്കിനിടയിലും അങ്ങനെയൊക്കെ ഉറങ്ങാന്‍ പറ്റുന്നതേ വലിയ കാര്യമാണ്. അതുകൊണ്ട് ബിബിസി വരെ എല്‍ദോസിനെ അന്ന് വൈറലാക്കി കളഞ്ഞു. 

ഇതിന്‍റെ ഒക്കെ ഒരു ഫലം എന്താണെന്ന് വച്ചാല്‍ അപ്പോഴേക്കും പോയി എല്‍ദോസ് കവിത എഴുതിക്കളയും എന്നതാണ്.  കവിത ഇനിയും എഴുതും. ഈ തിരഞ്ഞെടുപ്പിലും എല്‍ദോസ് ഉയര്‍ത്താനിടയുള്ള ജനങ്ങളോടുള്ള ഏക വെല്ലുവിളിയും അതാകാനാണ് സാധ്യത.  എല്‍ദോസ് ആളൊരു മൃഗസ്നേഹിയാണ്. സ്വന്തം നിലയ്ക്ക് ഒരു പശുവായി ഒക്കെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു യുവാവ്. ഇതൊന്നും ഇവിടം കൊണ്ട് തീരില്ല. അടുത്ത ജന്‍മത്തിലും തുടരും.  പശു ആയാല്‍ കവിത എഴുതാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് മാത്രമേ നമുക്കൊരു സങ്കടമുള്ളു. ബാക്കിയൊക്കെ ഓക്കെ. അവനവന്‍റെ ഇഷ്ടം.  അവസാനമായി ഒരഭ്യര്‍ഥനയാണ്. വരികള്‍ക്കിടയില്‍ വായിച്ചാല്‍ ഒരു സീറ്റുമോഹിയെ കാണാം. വായിച്ചില്ലെങ്കിലും കാണാം. അതാണ് എല്‍ദോസിന്‍റെ കവിതയുടെ ശക്തി.

കണ്ണീരുകൊണ്ട് കരയിച്ച മോദി ജീ. വില്ലൊടിച്ച രമേശ് ജി, കവിതകൊണ്ട് വിവിധ വികാരങ്ങള്‍ വിരിയിച്ച എല്‍ദോസ് ജി. ഇന്നത്തേക്ക് നിറഞ്ഞു. അതുകൊണ്ട് കുടുതലൊന്നും ഇനി പറയാന്‍ ഉദ്ദേശിക്കുന്നില്ല. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...