വൈരുദ്ധ്യാത്മക ഭൗതികവാദവും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയും

thiruva-08
SHARE

അങ്ങനെ കേരള രാഷ്ട്രീയത്തില്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് പുതിയൊരു കാര്യം ചര്‍ച്ചയ്ക്ക് വന്നിട്ടുണ്ട്. ആര് ചര്‍ച്ച ചെയ്യും എന്നൊന്നും ചോദിക്കരുത്. അതിലേക്ക് പിന്നെ വരാം. ഇതിപ്പോ കഴിഞ്ഞ നാലേമുക്കാല്‍ കൊല്ലക്കാലം കേരളം കേട്ടത് ഇരട്ട ചങ്ക്  നന്‍മ, കരുതല്‍ തുടങ്ങിയ വാക്കുകളായിരുന്നല്ലോ. അതായിരുന്നു ഈ ഇടതുപക്ഷത്തിന് ചര്‍ച്ച ചെയ്യാനുണ്ടായിരുന്ന വലിയ വലിയ വിഷയങ്ങള്‍. ഇതൊക്കെയാണ് കേരളത്തിലെ പിണറായി വിജയന്‍ നയിക്കുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി സൂക്തങ്ങളെന്നൊക്കെയായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ സഖാക്കള്‍ വിചാരിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിക്ക് അതിനൊരു അടിസ്ഥാന സൂക്തമുണ്ടെന്നും അത് വെറും തള്ളലലല്ല എന്നും മനസിലാവാന്‍ ഒരു എം.വി. ഗോവിന്ദന്‍ മാഷ് വേണ്ടിവന്നു. പേരില്‍ തന്നെ മാഷുള്ളതിനാല്‍ അറിയാമല്ലോ ആളൊരു വെറും സഖാവല്ല. പാര്‍ട്ടിയില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു ജനുസിന്‍റെ അവസാന കണ്ണികളില്‍ ഒരാളാണ്. അങ്ങനെയുള്ള ഗോവിന്ദന്‍ മാഷ് ശനിയാഴ്ച സംഘടിപ്പിക്കപ്പെട്ട ഒരു യോഗത്തില്‍ സംസാരിച്ചു. മണിക്കൂറുകള്‍ നീണ്ട പ്രസംഗത്തെ വിശദീകരിക്കാന്‍ ചാനലുകള്‍ക്ക് മുന്നിലുമെത്തി. 

അങ്ങനെ പുസ്തകം വായിച്ചതുകൊണ്ട് മാത്രം ഇക്കാര്യങ്ങളിലെ സംശയം ഇല്ലായ്മ ചെയ്യാനൊന്നും പറ്റുമെന്ന് തോന്നുന്നില്ല മാഷേ. അതിന് ബുദ്ധിജീവി ആയിത്തീരണം ആദ്യം. അല്ലാത്ത പക്ഷം ഇതൊക്കെ ഇങ്ങനെ കേട്ടിരിക്കാം എന്നേയുള്ളു. മാര്‍ക്സിസത്തിന്‍റെ തിരികല്ലായ വൈരുദ്ധ്യാത്മക ഭൗതിക വാദം ഇന്ത്യയില്‍ അങ്ങനെ  ഒരു പ്രായോഗികമായ പരിപാടിയല്ലെന്നാണ് പറഞ്ഞുവരുന്നത്. പാര്‍ട്ടിയുടെ നൂറാം വാര്‍ഷിക കാലത്ത് തന്നെ ഇങ്ങനെയൊരു തിരിച്ചറിവ് എങ്ങനെയുണ്ടായി എന്ന് ചോദിച്ചാല്‍ ഉത്തരം വളരെ സിംപിളാണ്. തിരഞ്ഞെടുപ്പ് അടുക്കുന്നു, വോട്ട് കിട്ടിയാലേ അധികാരം കിട്ടുകയുള്ളു.

ഇതൊക്കെ കേട്ട് പുതച്ചുമൂടി കിടന്നുറങ്ങന്നതാണ് നല്ലത്. കാരണം, ഒന്നാമത് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തന്നെ സാധ്യത കുറവാണ്. സിപിഎമ്മിനകത്തുപോലും. ചുരുങ്ങിയത് ഇതൊക്കെ മനസിലാക്കുന്ന ആളുകള്‍ ആ പാര്‍ട്ടിക്കുള്ളില്‍ വേണം. ഇതിപ്പോ ഗോവിന്ദന്‍ മാഷ് പറയും, മാഷ് തന്നെ ചര്‍ച്ചയും ചെയ്യും. ഇതിലും സിംപിളായി പറയാന്‍ പിന്നെ പാര്‍ട്ടിയില്‍ വേറെ ഒരാളെയുള്ളു അത് എം.എ. ബേബി സഖാവാണ്. അപ്പോ ഈ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിലൂന്നിയാണല്ലോ വര്‍ഗവിപ്ലവങ്ങളൊക്കെ സംഭവിക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗവിപ്ലവത്തിന്‍റെ വെടി അപ്പോ തീര്‍ന്നോ മാഷേ.?

എന്ത്... പച്ചമലയാളം.  ഏത് ഇത്.  തമാശക്കാണെങ്കിലും ഇങ്ങനെയൊന്നും പറയരുത് സഖാവേ. ഇത്രയും പച്ചമലയാളത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ട വരുന്നത് ആ ശബരിമലയും സ്ത്രീപ്രവേശവും ഒക്കെയാണോ ആവോ. ഏതായാലും പുതുക്കിയ മാര്‍ക്സിയന്‍ ചിന്താധാരങ്ങള്‍ കേട്ട് സാക്ഷാല്‍ കാറല്‍ മാക്സ് തൊട്ട് ചെഗുവേരയും ലെനിനും വരെ ഗോവിന്ദന്‍ മാഷിനെ നോക്കി ലാല്‍സലാം പറയും. ഉറപ്പാണ്.

പാര്‍ട്ടിയുടെ പുതിയ നിലപാടിന് അങ്ങനെ വിമര്‍ശനം ഒന്നും വരാന്‍ സാധ്യതയില്ല. എതിര്‍പാര്‍ട്ടിയായ കോണ്‍ഗ്രസിനോ ബിജെപിക്കോ ഇക്കാര്യങ്ങളില്‍ വലിയ ധാരണയൊന്നും ഇല്ലാത്തതുകൊണ്ട് അവരും മിണ്ടാതിരിക്കാനാണ് സാധ്യത. അവര് പോട്ടെ, പാര്‍ട്ടിക്കുള്ളില്‍ പോലും വിമര്‍ശനമുണ്ടാവില്ലല്ലോ. അതിലിപ്പോ ഇരട്ടച്ചങ്കന്‍, കരുതല്‍, ഹൃദയപക്ഷം, എന്നൊക്കെയുള്ള വാക്കുകള്‍ക്ക് വല്ല തിരുത്തും വന്നങ്കിലേ അവിടെയും വിമര്‍ശനത്തിന് വല്ല സ്കോപും ഉള്ളു. ഇതൊക്കെ ആര് അഡ്രസ് ചെയ്യാനാണ്. 

അതൊരു പുതിയ നിലപാടല്ലേ. സിപിഎമ്മിനെ സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നിട്ട് ഒരു ചര്‍ച്ച. ഈ ചര്‍ച്ച ആദ്യവിധി വന്നപ്പോള്‍ ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്. അപ്പോ ഈ ചര്‍ച്ച എന്നത് പുതിയ നിലപാടാണല്ലോ. വല്യപാടു തന്നെയാണ് മനസിലാക്കാന്‍. പക്ഷേ ഇത്രയും പൊളിറ്റിക്കലായി സംസാരിക്കുന്ന ബുദ്ധിജീവി മാഷ് നാട്ടുകാര്‍ക്ക് മനസിലാവാന്‍ പൊളിറ്റിക്കലി ഇന്‍കറക്ട് ആയി സംസാരിച്ചത് കേട്ടിരുന്നോ? അതായത് തിരിച്ച് ചോദ്യങ്ങള്‍ വരുമ്പോള്‍ ബുദ്ധിജീവി ആയതുകൊണ്ട് മികച്ച ഉത്തരം പ്രതീക്ഷിക്കേണ്ടതേയില്ല. തനി തറ രാഷ്ട്രീയ നിലപാടിലായിരിക്കും പിന്നെ മറുപടി.

മാഷ് അപ്പോ നേരത്തെ പറഞ്ഞ ഇന്ത്യന്‍ സാഹചര്യമില്ലേ. ഫ്യൂഡല്‍ വ്യവസ്ഥയുടെ മുകളില്‍ കെട്ടപ്പെട്ടത് മുതലാളിത്തം മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വരെയും അങ്ങനെയാണ്. ജന്‍മിത്വ സ്വഭാവങ്ങളില്‍ ചിന്തിക്കപ്പോഴാണല്ലോ കുരുടന്‍ എന്ന പ്രയോഗവും ആനയും ഒക്കെ വരുന്നത്. ഇന്ത്യന്‍ സഖാക്കള്‍ക്ക് വരെ വൈരുദ്ധ്യാത്മക ഭൗതിക വാദം ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. പിന്നെയാണ് ഇന്ത്യന്‍ സമൂഹത്തിന്. ആവും. പക്ഷേ വേറെ ചിലര്‍ക്ക് ആശ്വാസം കിട്ടുന്ന പ്രസ്താവനയാണിത്. 

ഒറിജിനല്‍ കമ്മ്യണിസ്റ്റുകാരെന്ന് അവകാശപ്പെടുന്ന സിപിഐക്കാര്‍ വൈരുദ്ധ്യാത്മക ഭൗതിക വാദം ഇല്ലാതെ മാര്‍ക്സിസം ഇല്ലെന്ന് കരുതുന്നവരാണ്. അതുകൊണ്ട് കാനത്തിന് ഉള്ള കാര്യം പറയാം. വളച്ചുകെട്ടില്ലാതെ. അപ്പോ ബുദ്ധിജീവിയായ ഗോവിനന്ദന്‍ മാഷ് പറഞ്ഞതൊക്കെയോ? സ്കൂട്ടായി. കാനം എങ്ങാനും ആ പ്രസംഗം കേട്ടിരുന്നെങ്കില്‍ ശോ...എന്തായാേന. ഓര്‍ക്കാനേ വയ്യ. സംഭവം സിപിഎമ്മിനെകൊണ്ട് പാര്‍ട്ടിയുടെ അടിസ്ഥാന വിചാരമായ ഒന്നിനെ ഇന്ത്യന്‍ സാഹചര്യത്തില്‍ മിഥ്യയൊക്കെയായി കാണുന്നത് പരസ്യമായി പറയാന്‍ പ്രേരിപ്പിച്ചത് യുഡിഎഫ് കൊണ്ടുവരാന്‍ പോകുന്ന ശബരിമല ബില്ലാണ്. അധികാരം കിട്ടിയാല്‍ കെട്ടോ. ഇത്രയും നേരം ഗോവിന്ദന്‍ മാഷ് പറഞ്ഞതൊക്കെയും അസംബന്ധമായിരുന്നില്ല എന്ന അദ്ദേഹത്തിന്‍റെ ഉറച്ച വിശ്വാസത്തെ മാനിക്കുന്നു, ലാല്‍സലാം. 

ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ബിജെപിക്ക് സത്യം അറിയാതെ പറയേണ്ടിവന്നു. സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട ജയ് സംഘശക്തിക്കാര്‍ യുഡിഎഫ് ഇങ്ങനെ പറഞ്ഞപ്പോള്‍ മലക്കം മറിഞ്ഞുപോയി കെട്ടോ. എന്തെല്ലാം തമാശകള്‍. വല്ല പെട്രോള്‍ വിലവര്‍ധനയെക്കുറിച്ചൊക്കെ പറയുന്നപോലെ പറയാനാണെങ്കില്‍ മുരളീധരന്‍ജി ഒന്നും പഠിക്കരുതെന്നാണ് നമ്മുടെ ഒരു അഭ്യര്‍ഥന. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...