സുധാകരന്‍റെ പ്രോട്ടോകോൾ ലംഘനം; പാർട്ടികളെ ഉൽപാദിപ്പിക്കുന്ന തുഷാർ..!

Thiruvaa-New
SHARE

പിളരും തോറും വളരുന്ന ഒരു പാര്‍ട്ടിയെ കുറിച്ച് കേരളം കുറെ കണ്ടതും കേട്ടതുമാണ്. പക്ഷേ വളരും മുമ്പേ പിളര്‍ന്നു മാത്രം ചെറുതാവുന്ന ഒരു പാര്‍ട്ടികൂടി കേരളത്തിനുണ്ടെന്ന അഹങ്കാരത്തില്‍ ആരംഭിക്കുകയാണ്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അഞ്ചുവര്‍ഷത്തിനുള്ളില്‍ രണ്ടു വെവ്വേറെ പാര്‍ട്ടിക്കള്‍ക്ക് ജന്‍മം കൊടുക്കാന്‍ സാധിച്ച തുഷാര്‍ വെള്ളാപ്പള്ളിയാണ് നമ്മുടെ ഹീറോ. 

ബിഡിജെഎസില്‍ നിന്ന്് ബിജെഎസ് എന്നൊരു പാര്‍ട്ടി കൂടി ഉണ്ടായിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യയാത്ര ഇങ്ങനെ പോയാല്‍ തിരുവനന്തപുരത്തെത്തുമ്പോഴേക്കും നാടിന് വല്ലാത്ത ഐശ്വര്യമായിരിക്കും പ്രദാനം ചെയ്യുക. യാത്ര തുടങ്ങിയപ്പോഴോ കേസുകളുമായാണ് സര്‍ക്കാര്‍ നേരിടുന്നത്. കോവിഡ് പ്രോട്ടോകോള്‍ ലംഘനമാണത്രെ പ്രശ്നം. ഏതെങ്കിലും വിധേന പലതും വേണ്ടെന്ന് വച്ചാണ് ചെന്നിത്തല ഈ യാത്രയെ മുന്നോട്ട് കൊണ്ടുപോകുന്നത്. അത്രമാത്രം സഹിച്ചും പൊറുത്തും ഉള്ള യാത്രയാണ്. വേറെ ശല്യങ്ങളൊന്നും ഉണ്ടാവാതിരുന്നാ മതി അപ്പോ.

പക്ഷേ ഈ പ്രോട്ടോക്കോള്‍ ഒക്കെ കോവിഡിന്‍റെ കാര്യത്തിലേ ഉണ്ടായുള്ളു. യാത്ര കണ്ണൂരിലെത്തിയപ്പോഴെങ്കിലും പ്രത്യേകിച്ചും കെ. സുധാകരനൊക്കെ പ്രസംഗിക്കാന്‍ വരുമ്പോഴെങ്കിലും പറയുന്ന കാര്യങ്ങളില്‍ ഒരു പ്രോട്ടോക്കോള്‍ ആവശ്യമായിരുന്നു. വൈറസിനെ മാത്രം ശ്രദ്ധിച്ച് അതിനെ പ്രതിരോധിക്കാനുള്ള സംവിധാനമൊക്കെ ആലോചിക്കുന്ന കൂട്ടത്തില്‍ അന്നേ ദിവസം പ്രസംഗിക്കാന്‍ വരുന്നവരുടെ സ്വഭാവ രീതി അനുസരിച്ച് വേറെ ചില പ്രതിരോധ സംവിധാനങ്ങളോ കര‍്‍ശന ഉപാധികളോ വെച്ചില്ലെങ്കില്‍ പണിവരുന്നത് പല വഴിക്കാവും. മനസുകൊണ്ട് അടുത്ത സര്‍ക്കാര്‍ യുഡിഎഫ് എന്നൊക്കെ ഉറപ്പിച്ചുള്ള വരവായിരുന്നു.  ഒടുക്കം ഐശ്വര്യയാത്ര ഐശ്വര്യം കെട്ടുപോയ യാത്രയാവാതിരുന്നാ മതി.

വിവേകാനന്ദന്‍റെ ഷിക്കാഗോ പ്രസംഗം, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്‍റെ വാഷിങ്ടണ്‍ പ്രസംഗം എന്നൊക്കെ ധാരാളം കേട്ടിട്ടുണ്ട് നമ്മുടെ കണ്ണൂരുകാരന്‍ കെ സുധാകരന്‍. അങ്ങനെ ഒരെണ്ണം തന്‍റെ  അകൗണ്ടിലും വേണം എന്ന് ആഗ്രഹിച്ചാല്‍ തെറ്റുപറയാനാവില്ല. ആ മോഹവുമായാണ് തലശേരിയിലെ മൈക്കിന് മുന്നിലെത്തിയത്. സുധാകരന്‍റെ തലശേരി പ്രസംഗം എന്ന പേരില്‍ ആ പറച്ചില്‍ അറിയപ്പെടും. വെറും പ്രശസ്തിയല്ല. കുപ്രശസ്തി. സുധാകരന്‍റെ കാര്യമെടുത്താല്‍ തിരഞ്ഞെടുപ്പ് കാലമായപ്പോഴേക്കും ഉമ്മന്‍ചാണ്ടിയെ ഒക്കെ നേതൃപദവിയിലേക്ക് കൊണ്ടുവന്ന കൂട്ടത്തില്‍ തന്നെ കെപിസിസി പ്രസിഡന്‍റാക്കുമെന്നൊക്കെ കരുതിയതാണ് പാവം. കുറെ പോസ്റ്ററുകളും ഇതിനായി പതിപ്പിച്ചിരുന്നു. ഹൈക്കമാന്‍ഡില്‍ നിന്ന് ഒരു വിളി അതും കാത്തിരിപ്പായിരുന്നു. പക്ഷേ ആരോ പാരവച്ചു. കപ്പിനും ചുണ്ടിനും ഇടയില്‍ കെപിസിസി അധ്യക്ഷപദവി ഇല്ലാണ്ടായി. അങ്ങനെ ഒരു സാഹചര്യത്തില്‍ തനിക്ക് പാരവച്ചവര്‍ക്കൊക്കെ തിരിച്ചൊരു പാര വച്ചുകൊടുക്കാം എന്നേ അദ്ദേഹം ഉദ്ദേശിച്ചുകാണുകയുള്ളു. 

പറഞ്ഞത് പറഞ്ഞു. അതല്ല പ്രശ്നം. പറഞ്ഞതില്‍ ഇപ്പോഴും ഒരു തെറ്റ് കണ്ടെത്താന്‍ കെ. സുധാകരന് പറ്റിയിട്ടില്ല എന്നതാണ് അതിലും വലിയ പ്രശ്നം. സുധാകരന്‍ ചോദിച്ചവരൊന്നും ഇതിലെ തെറ്റ് പറഞ്ഞുകൊടുത്തിട്ടില്ല പോലും. അതെങ്ങനെയാ ഒത്ത കൂട്ടുകെട്ടായിരിക്കുമല്ലോ. അല്ലെങ്കില്‍ എന്നേ നന്നായിപ്പോവേണ്ടതായിരുന്നു. 

വസ്തുത വസ്തുതയായി തന്നെ പറയണം. അതാണ് ഈ സമൂഹവും ആവശ്യപ്പെടുന്നത്.  ഇതിപ്പോ പറഞ്ഞതിനേക്കാള്‍ വലിയ പൊല്ലാപ്പായീന്നാണ് തോന്നുന്നത്. പറഞ്ഞത് അപ്പോഴത്തെ ഒരു പിഴവാണെന്നൊക്കെ വേണമെങ്കില്‍ പറഞ്ഞ് ഒഴിവാകാം. പക്ഷേ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് കടുത്ത ആത്മവിശ്വാസത്തില്‍ പറയുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. ഹെലികോപ്ടര്‍ വാടക്കെടുത്തു പതിനെട്ട് ലക്ഷം ചെലവിട്ടു എന്നത് രാഷ്ട്രീയപരമായ ഒരു ആരോപണവും ആയുധവുമാണ്. പക്ഷേ അതിലേക്ക് ചെത്തുകാരന്‍റെ മകനായി പിറന്ന ഒരാളുെട അര്‍ഹതയിലേക്ക് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ആ ആരോപണത്തെ വഴിതിരിച്ചുവിടുന്നതുമാണ്. പിന്നെ കെ.സുധാകരനും കണ്ണൂരുകാരനാണ്, പിണറായി വിജയനും കണ്ണൂരുകാരനാണ്. അതിലുണ്ട്, എല്ലാം. 

ഒന്നാമതേ ഈ ചെത്തുകാരന്‍റെ മകന്‍ ടാഗ് ൈലനും വച്ച് എന്തൊക്കെ ഇരവാദങ്ങളുന്നയിക്കാമെന്ന് റിസര്‍ച്ച് ചെയ്യപ്പെടുന്ന കാലമാണ്. ആരെങ്കിലും ഒന്ന് അങ്ങനെ വിളിച്ചുകിട്ടണേ എന്നുവരെ ആഗ്രഹിക്കുന്നവരുണ്ട്. അവിടേക്കാണ് സുധാകരന്‍റെ ഈ ഹെലികോപ്ടറില്‍ കയറിയുള്ള വരവ്. പുരോഗമനവും ആധുനിക സമൂഹികാവസ്ഥയും ഒക്കെ ചര്‍ച്ച ചെയ്യുന്ന കാലത്ത് ഇങ്ങനേയും പറയാന്‍ നേതാക്കളുണ്ട് കേരളത്തില്‍ എന്നത് ഈ സമൂഹത്തിന്‍റെ തനിനിറം വെളിവാകാന്‍ സഹായിക്കും എന്നേ പറയാനുള്ളു.

സുധാകരന്‍റെ തലശ്ശേരിയിലെ പ്രസംഗം സംഗതി മോശമായിപ്പോയെന്നും മാപ്പ് പറയേണ്ടതാണെന്നും കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞിരുന്നു. ഇതിനൊടൊക്കെ സുധാകരന്‍റെ മറുപടി കേട്ടാല്‍പ കേട്ടാല്‍ ഇപ്പോള്‍ ഷാനിമോള്‍ ഉസ്മാന്‍ മാപ്പ് പറയേണ്ട അവസ്ഥയിലാണ്. 

വൈകുന്നേരം വരെ പ്രസ്തുത വിഷയത്തില്‍ ഒരു സിപിഎമ്മുകാരനും ഒന്നും പറഞ്ഞില്ലല്ലോ എന്നതായിരുന്നു സുധാകരന്‍റെ ആകെ പിടിവള്ളി. പക്ഷേ പാര്‍ട്ടി ആക്ടിങ് സെക്രട്ടറി വിജയരാഘവന്‍ തന്നെ നേരിട്ട് പ്രത്യക്ഷപ്പെട്ട് സംഭവത്തിലെ പ്രതിഷേധം രേഖപ്പെടുത്തി. അല്ലെങ്കിലും എങ്ങനെ പ്രസംഗിക്കാന്‍ പാടില്ല, സംസാരിക്കാന്‍ പാടില്ല എന്ന വിഷയത്തില്‍ വിജയരാഘവനോളം സംസാരിക്കാന്‍ അര്‍ഹതയുള്ള വേറൊരു നേതാവും നിലവില്‍ ഈ കേരള രാഷ്ട്രീയത്തിലില്ല. കോണ്‍ഗ്രസിന്‍റെ വര്‍ക്കിങ് പ്രസിഡന്‍റ് ഇങ്ങനെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയാല്‍ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ യാത്ര ഒരു വല്ലാത്തൊരു യാത്രയായി മാറിപ്പോകും. വര്‍ക്കിങ് പ്രസിഡന്‍റിന്‍റെ വര്‍ക്ക് ഒരു പൊടിക്ക് കുറയ്ക്കാന്‍ പറയുകയാവും യാത്രക്കും ചെന്നിത്തലയ്ക്കും നല്ലത്. 

സംഭവം ഇങ്ങനെ ഒരു ഭാഗത്ത് നടക്കുമ്പോഴും കുഞ്ഞാക്ക ഡല്‍ഹിയില്‍ നിന്ന് രാജിവച്ച് കേരളത്തിലേക്ക് കുതിച്ചുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവച്ചു, എംഎല്‍എ ആവാന്‍. അങ്ങനെ മന്ത്രിയാവാന്‍. കേരളത്തിലെ ഭരണത്തില്‍ പങ്കുകൊള്ളാന്‍. ഉള്ളുനിറയുന്ന സന്തോഷം കൊണ്ട് രാജിവയ്ക്കുന്ന രാജ്യത്തെ ആദ്യത്തെ രാജിയായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ രാജി. 

മോദിയേയും കൂട്ടരേയും വിറപ്പിച്ചാണ് കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ നിന്ന് മടങ്ങുന്നത്. രാജി വാര്‍ത്ത അറിഞ്ഞ ഇന്നലെ രാത്രിയാണത്രെ മോദി ഒന്നു മര്യാദയ്ക്ക് ഉറങ്ങിയത്. അത്രയ്ക്കും പോരാട്ടമായിരുന്നില്ലേ കുഞ്ഞാലിക്കുട്ടി നടത്തിയത്. ഫാസിസം അതിന്‍റെ മാളത്തിലൊളിച്ചുപോയ കാലമാണ് ഇപ്പോ. ഇനി ഇനി വിറക്കേണ്ടത് പിണറായിയും കൂട്ടരുമാണ്. ദേശീയ തല ഫാസിസത്തെ ഒതുക്കി ഒരു മൂലയ്ക്കാക്കിയ സ്ഥിതിക്ക്,  സംസ്ഥാന തല ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന് വേണ്ടിയാണ് കുഞ്ഞാക്കയുടെ ഇനിയുള്ള ജീവിതം. 

തിരഞ്ഞെടുപ്പ് രാഷ്ട്രീയം അനാഥമാക്കിയ ഒരാളെക്കുറിച്ചാണ് ഇനി. അല്‍പം സെന്‍റിമെന്‍റ്സ് കൂടുതലാണ്. പ്രേക്ഷകര്‍ ക്ഷമിക്കണം. പറഞ്ഞുവരുന്നത് കേരളത്തിലെ ഒരു മുന്നണിക്കും വേണ്ടാതായിപ്പോയ ഒരാളെക്കുറിച്ചാണ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്തിന് എന്‍ഡിഎ വരെ വേണ്ടെന്നു വച്ച പ്രതിഭ. പൂഞ്ഞാറിന്‍റെ പുണ്യാളന്‍. ശ്രീമാന്‍  പി.സി. ജോര്‍ജ്. 

എന്നാലും ഇത്തവണ യുഡിഎഫിലേക്കൊന്നും കേറാന്‍ പരമാവധി ശ്രമിച്ചതാണ്. തള്ളിപ്പറഞ്ഞ ഉമ്മന്‍ചാണ്ടിയെ ഈയടുത്ത് വിശുദ്ധനാക്കിയൊക്കെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഒന്നും ഏറ്റില്ലെന്നാണ് തോന്നുന്നത്.

ആരാണ് പിസിക്ക് പാര വച്ച ആ ആള്‍. ഉമ്മന്‍ചാണ്ടി? സംഗതി കട്ടശോകമാണ്. ഇങ്ങനെ ആര്‍ക്കും വേണ്ടാത്ത പിസിയെ പിസിക്ക് എങ്കിലും വേണം. തിരുവാ എതിര്‍വായ്ക്കും. താങ്കള്‍ക്കൊപ്പം ഞങ്ങളുണ്ട്.  ശരിയാണ്, ചിരിക്കുമ്പോള്‍ ഇങ്ങനെ കൂടെ ചിരിക്കാനൊക്കെ കുറെ പേര് കാണും പിസി. ഈലോകം അങ്ങനെയാണ്. പക്ഷേ അങ്ങോട്ട് ചെന്ന് എവിടെയൊക്കെയോ കയറികൂടാനൊരു ശ്രമം ഉണ്ടെന്ന് കേട്ടു.  യാക്കോബായ സഭയ്ക്ക് നല്ലത് വരട്ടെ എന്ന് ആശംസിച്ച് ഇന്നത്തേക്ക് നിര്‍ത്തുന്നു. വീണ്ടും കാണാം. അപ്പോ അതുവരേക്കും

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...