തരംകിട്ടിയാല്‍ വര്‍ഗീയത പറയുന്ന പാര്‍ട്ടി സെക്രട്ടറി‍; സുരേന്ദ്രന്‍ ഇനിയെന്തു പറയും..!

Thiruvaa_29-01
SHARE

വര്‍ഗീയത ആരു പറഞ്ഞാലും വര്‍ഗീയത വര്‍ഗീയത തന്നെയാണ്. അതിനിപ്പോ പാര്‍ട്ടിയോ കൊടിയോ ഒന്നും, പറയുന്ന വര്‍ഗീയതയെ മഹത്തരമാക്കുന്നില്ല. അല്‍പം സീരിയസായോ എന്നൊരു സംശയമുണ്ട്. നമ്മള്‍ എന്നും സീരിയസാണ്. പക്ഷേ പറഞ്ഞുവരുമ്പോ തമാശയായിപ്പോവുന്നു എന്നേയുള്ളൂ. വര്‍ഗ സമരത്തിന്‍റെ ആളുകള്‍ വര്‍ഗീയസമരം നടത്തുന്നതൊക്കെ കാണുമ്പോള്‍ ചിരിക്കുകയല്ലാതെ എന്തുചെയ്യും. കേരളത്തില്‍ സിപിഎമ്മിന് കുറെ ഏറെ സെക്രട്ടറിമാര്‍ ഉണ്ടായിട്ടുണ്ട്. ഇഎംഎസ് മുതല്‍ ദാ എ വിജയരാഘവന്‍ വരെ നീളുന്ന ഒരു പട്ടിക.

ഓരോരുത്തരെ എടുത്താലും ഓരോരുത്തരും പ്രത്യേകം മേഖലകളില്‍ ശ്രദ്ധ കൊടുക്കുകയും അതിന്‍റെ പേരില്‍ പേരെടുക്കുകയും ചെയ്തവരാണ്. ഇഎംഎസ് ഒക്കെ പാണ്ഡിത്യം കൊണ്ടൊക്കെയാണ് പേരെടുത്തത്. പിണറായി വിജയന്‍ ആണെങ്കില്‍ കാര്‍ക്കശ്യം കൊണ്ട്. ഒന്നരപതിറ്റാണ്ട് കേരളത്തില്‍ സിപിഎം അങ്ങനെ കഴിഞ്ഞുകൂടിയിട്ടുണ്ട്. പിന്നെ കോടിയേരി ബാലകൃഷ്ണനായിരുന്നു സെക്രട്ടറി. സൗമ്യത, ചിരിക്കുന്ന മുഖം എന്നതൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ മുഖമുദ്ര. സൗമ്യനായ സെക്രട്ടറി. അതിനു ശേഷം ദാ ഇപ്പോ എ. വിജയരാഘവന്‍ സഖാവാണ് പാര്‍ട്ടിയുടെ സെക്രട്ടറി. നേരത്തെ പറഞ്ഞപോലെയുള്ള മഹിമകളൊന്നും ഇല്ലാത്തതുകൊണ്ട് അദ്ദേഹം സ്പെഷലൈസ് ചെയ്തിരിക്കുന്നത് വര്‍ഗീയതയിലാണ്. അവസരം കിട്ടിയാല്‍ വര്‍ഗീയത പറഞ്ഞുകളയും. അപ്പോ അതായിരുന്നു കാര്യം.

കോണ്‍ഗ്രസിനെ തിരുത്തി മികച്ചൊരു പാര്‍ട്ടിയാക്കാനുള്ള ശ്രമം. അതേതായാലും നല്ലതാണ്. പക്ഷേ നല്ലൊരു തിരഞ്ഞെടുപ്പ് കാലമായിരുന്നു നമ്മളൊക്കെ പ്രതീക്ഷിച്ചത്. വികസനമാണ് മുദ്രാവാക്യം എന്നൊക്കെയായിരുന്നല്ലോ സിപിഎം ആദ്യം പറഞ്ഞുകൊണ്ടിരുന്നത്. ഭരണകക്ഷി വികസനം പറയും. പ്രതിപക്ഷം അതിനെ ക്രോസ് ചെയ്യും. അങ്ങനെ വികസനവും പുരോഗമനവും നവോത്ഥാനവുമൊക്കെ ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുമെന്ന് കരുതിയെങ്കില്‍ അത് തെറ്റാണ്. നല്ല അസ്സല്‍ വര്‍ഗീയത തന്നെ ഒരാവശ്യവുമില്ലാതെ ഈ തിര‍ഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ഭരിക്കുന്ന പാര്‍ട്ടി തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനുമാത്രം ആത്മവിശ്വാസകുറവിന്‍റെ കാര്യം എന്താണെന്ന് മാത്രം എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. വിജയരാഘവന്‍ സഖാവിന് വേറെ ഒരു ശീലമുണ്ട്. അതായത് ആദ്യം എന്തൊക്കെയോ പറയും, പിന്നെ ഒന്നു മയപ്പെടുത്തി വിശദീകരിക്കും. ഒടുക്കം താനൊരു പുണ്യാളനാണെന്ന് സ്ഥാപിക്കും. അതിന് പ്രത്യേകിച്ച് ഉളുപ്പിന്‍റെ കാര്യമൊന്നും ഇല്ല. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ഇങ്ങനെയായിരുന്നു. എതിര്‍ചേരിയില്‍ പെട്ട സ്ഥാനാര്‍ഥിയെ ദ്വയാര്‍ഥം കൊണ്ടൊക്കെ വിമര്‍ശിച്ചുകളയും. പിന്നെ അതൊക്കെ പുരോഗമനമാണെന്ന് പറയുകയും ചെയ്യും. ആദ്യം ഒരു തെറ്റുകാണിച്ചുകൊടുത്ത് ശരി പഠിപ്പിക്കുന്ന ഒരു ശീലമാണത്. എന്തൊരു കരുതലാണീ വിജയരാഘവന്‍ സഖാവിന്, ഈ നാടിനോടും നാട്ടുകാരോടും. സമ്മതിച്ച് കൊടുക്കണം. ആട്ടെ സത്യത്തില്‍ അന്ന് എന്താണ് സംഭവിച്ചത്. അത്രേ ഉള്ളു. നമ്മള്‍ വെറുതെ തെറ്റിദ്ധരിച്ചതാണ്. ലീഗിനെ മതാധിഷ്ഠിത പാര്‍ട്ടി എന്ന നിലയില്‍ ഒന്ന് വിമര്‍ശിച്ചുനോക്കിയതാണ്. ഒക്കെ നാടിന്‍റെ നന്‍മയ്ക്ക്. വേണമെങ്കില്‍ സഖാവ് ഒന്നൂടെ കാര്യങ്ങള്‍ വിശദീകരിക്കും. അതാണ്. കോണ്‍ഗ്രസിനെ നേര്‍വഴി നടത്താനുള്ള ഒരു ഭഗീരഥ ശ്രമത്തിന്‍റെ ഭാഗമാണിതൊക്കെ. അല്ലാതെ സിപിഎമ്മിന് വേറെ ഉദ്ദേശ്യങ്ങളൊന്നും ഇല്ല. പക്ഷേ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പാണക്കാട് പോയ ദിവസം പറഞ്ഞത് ഇങ്ങനെയായിരുന്നില്ല.

ഇതിപ്പോ സിപിഎമ്മിനോട് അടുപ്പത്തിലുള്ള പാര്‍ട്ടിക്കാരെല്ലാം മതേതരക്കാരാണ്. ഈ പറയുന്ന ജമാ അത്തെ ഇസ്ലാമിക്കാരൊക്കെ സിപിഎമ്മിന് വര്‍ഗീയവാദികളായി മാറിയത് ദാ ഈ അടുത്തകാലത്താണ്. ഈ ഐഎന്‍എല്ലും മുസ്ലിം ലീഗില്‍ നിന്ന് തെറ്റിപ്പോയി വേറെ പാര്‍ട്ടിയുണ്ടാക്കിയവരൊക്കെയും മികവുറ്റ മതേതരക്കാരാണ് സിപിഎമ്മിന്. അബ്ദുല്‍ നാസര്‍ മഅദനിയെ തൊട്ടടുത്തിരുത്തി വേദി പങ്കിട്ട് മലപ്പുറത്ത് സമ്മേളനം നടത്തുന്നതും പരിപൂര്‍ണ മതേതരത്തില്‍ പെട്ട കാര്യങ്ങളാണ്. അതുപോലെയാണ് ഒപ്പമുള്ള പാര്‍ട്ടിക്കാരെല്ലാം അഴിമതി ഇല്ലാത്തവരെന്ന വിചാരവും. ആ ജോസ്. കെ. മാണിയും കേരള കോണ്‍ഗ്രസുമൊക്കെ വിശുദ്ധരായത് കണ്ടിട്ടില്ലേ. അവരൊക്കെ ഇടതുപക്ഷത്തോടൊപ്പം ചേരുമ്പോ ഇങ്ങനെ വിശുദ്ധരായി മാറുന്ന ഒരു സമ്പ്രദായം ഈ നാട്ടിലുണ്ട്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...