വണ്ടി ഓടിത്തുടങ്ങി; വിവാദം തീരുന്നില്ല; ഒരു ആലപ്പുഴക്കഥ

Thiruvaa-New_28-01
SHARE

ഒരു വഴിയായി. ആലപ്പുഴ ബൈപ്പാസിന്‍റെ കാര്യമാണ്. ഇത്രയും നാള്‍ അത് ഒരുവഴിയായിരുന്നു. അങ്ങനെ ഒടുവില്‍ ഒരു വഴിക്കു കിടന്ന ആലപ്പുഴയിലെ ബൈപ്പാസിന്‍റെ പണി തീര്‍ന്നു. എന്നുവച്ചാല്‍ പണി കിട്ടിക്കൊണ്ടിരുന്ന യാത്രക്കാര്‍ക്ക് ആശ്വസിക്കാം എന്നു സാരം. ബൈപ്പാസിന്‍റെ പണി തീര്‍ന്നു. തുറന്നുകൊടുത്തു. എന്നേക്കാളും വളരെ പ്രായം കൂടുതലുള്ള ബൈപ്പാസിനെ ബഹുമാനിച്ചുകൊണ്ട് തുടങ്ങുകയാണ്. ബ്ലോക്കില്ലാത്തതിനാല്‍ ഇന്നത്തെ പരിപാടിക്ക് സ്പീഡ് അല്‍പ്പം കൂടുതലായിരിക്കും. സ്വാഗതം തിരുവാ എതിര്‍വാ

പലപല വിവാദങ്ങള്‍ കാരണം അഞ്ചുപതിറ്റാണ്ടോളം വൈകിയ പദ്ധതിയുടെ ഉദ്ഘാടനമെങ്കിലും വിവാദമില്ലാതെ നടക്കും എന്നായിരുന്നു പ്രതീക്ഷ. എവിടെ. ദാ അവിടേക്ക് നോക്കൂ. അവിടെ ബൈപ്പാസ് ഉദ്ഘാടനം നടക്കുകയാണ് ആലപ്പുഴയുടെ മുന്‍ എംപിയും ഇപ്പോള്‍ രാജ്യസഭാ എംപിയുമായ കെസി വേണുഗോപാലിന്‍റെ പേരാണ് വിളിച്ചത്. ആള് ചടങ്ങില്‍ ആബ്സന്‍റാണ്. ക്ലാസില്‍ കയറാത്ത കെഎസ്‍യു വിദ്യാര്‍ത്ഥിയല്ല ഇന്ന് കെസി. അതോര്‍മവേണം. അപ്പോള്‍ പിന്നെ ക്ലാസ് കട്ട് ചെയ്തതിന് തക്കതായ കാരണമുണ്ടാകും. അതറിയണമെങ്കില്‍ ഈ പാതയിലൂടെ പിന്നോട്ട് പോകണം. സംഗതി ഒഴിവാക്കലാണ്. ആരാണ് തേച്ചത് എന്ന വിഷയത്തില്‍ തര്‍ക്കം തുടരുന്നുണ്ട്. ആരാണ് പരിപാടിയുടെ സംഘാടകര്‍ എന്ന വിഷയത്തില്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും തീരുമാനമായിട്ടില്ല. അതിന് മറുപടി കിട്ടിയാലേ കെസിയുടെ ചോദ്യങ്ങള്‍ക്കും മറുപടിയുണ്ടാകൂ. വണ്ടിയോടിത്തുടങ്ങിയിട്ടും വിവാദം തീരുന്നില്ല എന്നതാണ് ഈ വഴിയുടെ മറ്റൊരു പ്രത്യേകത

സംസ്ഥാനത്തെ റോഡ് മന്ത്രി ജി സുധാകരനാണ്. തോമസ് ഐസക്കിനെ വരെ ക്ഷണിച്ച സുധാകരന്‍ സഖാവിന് കെസിയെക്കൂടി ഒന്ന് വിളിക്കാമായിരുന്നു. അല്ല സഖാവേ ശരിക്കും കെസിയുടെ പേര് ലിസ്റ്റില്‍ ഉണ്ടായിരുന്നോ എന്തുകൊണ്ടാണ് കെസിക്ക് ക്ഷണം കിട്ടാത്തത് എന്ന ചോദ്യത്തിന്‍റെ ക്ലൈമാക്സിലേക്കെത്തുകയാണ്. ഹിന്ദിയാണ് വില്ലന്‍.  പരിപാടിക്ക് തങ്ങളുടെ ഹൈക്കമാന്‍ഡ് നേതാവിനെ വിളിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസുകാര്‍ ജില്ല മുഴുവന്‍ ഫ്ലക്സുവച്ചു. എല്ലാ ഫ്ലക്സിലും കെസി വേണുഗോപാലും ബൈപ്പാസും മാത്രം. വ്യക്തികളെ പ്രകീര്‍ത്തിക്കുന്ന ഫ്ലക്സുകള്‍ പാടില്ലെന്നതാണ് സിപിഎം നയം. അതുകൊണ്ട് ഫ്ലക്സെന്നുകേട്ടാല്‍ കറകളഞ്ഞ കമ്യൂണിസ്റ്റായ സുധാകരന് കലി കയറും

കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധി കഴിഞ്ഞാല്‍ രണ്ടാമന്‍ എകെ ആന്‍റണിയാണ്. അതുപോലെ  രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ പിന്നെ രണ്ടാമന്‍ കെസിയും. അങ്ങനെയുള്ള ഒരാളെയാണ് പ്രോട്ടോക്കോള്‍ പറഞ്ഞ് പറ്റിച്ചത്. അവഗണനയുടെ  കഥ വേണുഗോപാലിന്‍റെ നാവില്‍ നിന്നുതന്നെ കേള്‍ക്കാം കെസി നിലവില്‍ ആലപ്പുഴ എംപി അല്ല. അതാണ് അയോഗ്യതയെങ്കില്‍ സമ്മതിക്കാം. പക്ഷേ ആലപ്പുഴയുമായി യാതൊരു ബന്ധവുമില്ലാത്ത, സംസ്ഥാന സര്‍ക്കാര്‍ വിളിക്കാത്ത ഒരു അതിഥി അതിനിടയില്‍ കയറിവന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്ഥലെ എംപി ആരിഫൊക്കെ വല്ലവിധേനെയുമാണ് വേദിയില്‍ കയറിപ്പറ്റിയത്. മുരളിയേട്ടനോട് തന്നെ ചോദിക്കാം. എന്തുകൊണ്ടാണ് കെസിയെ വിളിക്കാഞ്ഞത് എന്ന്

ആ ബസ്റ്റ്. മുരളീധരന്‍ അറിയില്ല എന്നു പറഞ്ഞ കാര്യം ജി സുധാകരനെ അറിയിക്കേണ്ടതുണ്ട്. പ്രോട്ടോക്കോള്‍ പാലിച്ചേക്കാം ഇടതുസര്‍ക്കാര്‍ ചെയ്തതൊക്കെ സുധാകരന്‍ മന്ത്രി പറഞ്ഞു. അതാകട്ടെ മുരളി മന്ത്രിക്ക് ഇഷ്ടപ്പെട്ടുമില്ല.  വി മുരളീധരന്‍ വിമാനമിറങ്ങിയാലുടന്‍ മാധ്യമങ്ങള്‍ പുള്ളിയെ കാണാനോടും. കുറച്ചധികം ചോദ്യങ്ങള്‍ കരുതിയാണ് ആ ഓട്ടം. പോകുന്നതിന് മുന്‍പ് പതിവ് ഇന്ധന വിലവര്‍ദ്ധന ചോദ്യവും അവര്‍ കരുതും. അതാണ് പതിവ്. അതിന് എല്ലാ തവണയും മുരളീധരന്‍ മറുപടി പറയും. തുടര്‍ന്ന് പെട്രോളിന്‍റെയൊക്കെ വില കൂടുകയും മുരളീധരന്‍റെ വില കുറയുകയും ചെയ്യും. അങ്ങനെയാണ് സാധാരണ കാണാറ്

അതായത് ഇന്ധനവില വര്‍ദ്ധിപ്പിച്ചിട്ട് അതില്‍ നിന്നു കിട്ടുന്ന വരുമാനം വച്ചാണത്രേ നമുക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നത്. എങ്കില്‍പ്പിന്നെ വില കുറച്ച് പെട്രോളും ഡീസലും നല്‍കിയിട്ട് നാട്ടുകാരുടെ കൈയ്യില്‍ മിച്ചം വരുന്ന തുകക്ക് മറ്റ് സാധനങ്ങള്‍ വാങ്ങാന്‍ അങ്ങ് പറഞ്ഞാപ്പോരെ. അല്ല ഈ പതിവ് മോദി സര്‍ക്കാര്‍ കാലത്ത് തുടങ്ങിയതാണോ. പണ്ട് കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കാളവണ്ടിയൊക്കെ എടുത്ത് ഇന്ധനവില്വര്‍ദ്ധനവിനെതിരെ സമരം ചെയ്തപ്പോള്‍ ഇതോര്‍ത്തില്ലേ

മാധ്യമപ്രവര്‍ത്തകരോട് ഒന്നേ പറയാനുള്ളൂ. ദയവുചെയ്ത് ഇന്ധനവിലയുടെ കാര്യം ഇനി മുരളീധരനോട് ചോദിക്കരുത്. ഒന്ന് പുള്ളിക്ക് ഇത് കുറക്കാനാകില്ല. രണ്ട് ഇങ്ങനത്തെ സിദ്ധാന്തങ്ങള്‍ നമ്മളും താങ്ങില്ല. ഇതിലും ഭേദം പെട്രോള്‍ ബോംബാണ്. റോഡുമായി റോഡിലോടുന്ന വണ്ടിയുടെ ഇന്ധനത്തിന്‍റെ കാര്യത്തില്‍ തീരുമാനവുമായി. അപ്പോ ഇതാണ് ഇടവേളക്കു പറ്റിയ സമയം. 

ഇന്ന് മുഖ്യന്‍റെ വക ഭവന സന്ദര്‍ശനമുണ്ടായിരുന്നു. മറ്റ് പാര്‍ട്ടി സഖാക്കള്‍ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മാപ്പ് പറഞ്ഞ് വീടുകയറുന്ന ആ പരിപാടിയല്ല. ഇത് വേറെ. ഒരു കണക്കില്‍ പറഞ്ഞാല്‍ ഇതും ലൈഫാണ്. എന്നുവച്ചാല്‍ ലൈഫ് മിഷന്‍ പദ്ധതി. പദ്ധതി പ്രകാരം പണിത വീടിന്‍റെ പാലുകാച്ചിന് മുഖ്യനെത്തി. പാലുകാച്ച് ചടങ്ങിന് വിളിക്കാത്തത് ചെന്നിത്തലക്ക് ഇഷ്ടപ്പെട്ടില്ല. കോണ്‍ഗ്രസുകാരനായി വേഷമിടാന്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് ആഗ്രഹം. സിനിമയിലല്ല. ജീവിതത്തില്‍. സിനിമയില്‍ അമ്മാതിരി വേഷം കിട്ടാഞ്ഞാട്ടാണോ കോണ്‍ഗ്രസിനോട് അവസരം ചോദിച്ചത് എന്ന് വ്യക്തമല്ല. അധികം പുതുമുഖങ്ങള്‍ക്ക് കോണ്‍ഗ്രസ് ഇക്കുറി അവസരം നല്‍കുമോ എന്ന് വ്യക്തമല്ല. സൂപ്പര്‍ താരങ്ങളുടെ ബാഹുല്യംകൊണ്ട് പടം ബ്രഹ്മാണ്ഡ ചിത്രമാകാനുള്ള സാധ്യതയാണ് അവിടെ കാണുന്നത്.  കോവിഡ് കാലത്ത് കോണ്‍ഗ്രസ് ചെയ്തതെന്തെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. കെപി അനില്‍ക്കുമാറിന്‍റെ ചില വെളിപ്പെടുത്തലുകള്‍ക്ക് ഇങ്ങനെയൊരു തലക്കെട്ടേ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയാല്‍ അല്‍ഭുതപ്പെടാനില്ല. കൂടുതല്‍ പറയാനില്ല കേട്ട് ഞെട്ടീട്ട് പോയാ മതി.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...