ഇനി തലങ്ങും വിലങ്ങും യാത്രകൾ; ഒരു മുൻകരുതൽ നല്ലതാണ്..!

Thiruvaa-New
SHARE

യാത്രപദ്ധതികള്‍ വല്ലതും ആരെങ്കിലും പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അതുടനെ വേണം. വളരെ പെട്ടെന്ന് നാട് വിട്ട് പോയാല്‍ അത്രയും നല്ലത്. ഇല്ലെങ്കില്‍ ഇവിടുത്തെ രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന യാത്രകള്‍ക്ക് വശംവദരാവേണ്ടിവരും.

നവകേരളം, സമത്വകേരളം, കിടിലന്‍ കേരളം തുടങ്ങി പലപല പേരിട്ടുള്ള യാത്രകള്‍ ഇക്കുറിയും തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാകുമെന്ന് തീരുമാനമായിട്ടുണ്ട്. കോവിഡ് ഒക്കെ വന്നതുകൊണ്ട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് യാത്രകളങ്ങനെ അനുഭവിക്കാനുള്ള ഗതികേടില്‍ നിന്ന് ഈ നാട് ഒരു പരിധിവരെ രക്ഷപ്പെട്ടുപോയതാണ്. ഇതു പക്ഷേ ഒരു രക്ഷേം ഇല്ല. ഈ മാസം 31ന് അതായത് വരുന്ന ഞായറാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയോടെയാണ് വരാനിരിക്കുന്ന യാത്രാമേളകള്‍ക്ക് തുടക്കമാവുക. പതിവുപോലെ നേതാക്കളുടെ യാത്രയുടെ തുടക്കത്തിനുള്ള സ്ഥലം എന്ന രീതിയില്‍ പ്രശസ്തമായ കാസര്‍കോട് മ‍ഞ്ചേശ്വരം തന്നെയാണ് ഈ യാത്രയ്ക്കും സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഒരു സ്ഥലമായിപ്പോയി. ഇല്ലെങ്കില്‍ മഞ്ചേശ്വരം എന്നേ അവിടുന്ന് നാടുവിട്ടുപോയേനെ. നാട്ടുകാര്‍ പക്ഷേ ഇതൊക്കെ കണ്ടറിഞ്ഞ് ഒരു മുന്‍കരുതല്‍ എടുക്കുന്നത് അവര്‍ക്ക് എന്തുകൊണ്ടും നന്നാവും. 

ഇനി കേരളത്തിന് ഐശ്വര്യത്തിന്‍റെ കുറവ് മാത്രമേയുള്ളു. ബാക്കിയുള്ള സമത്വവും, നവീനവും, വികസനവും ഒക്കെ തരാതരം പോലെ ലഭ്യമായ സ്ഥിതിക്ക് ഒരല്‍പം ഐശ്വര്യക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് യുഡിഎഫ് പാളയം മനസിലാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തോടെ യുഡിഎഫിനാണോ ഐശ്വര്യം ഇല്ലാതായതെന്ന കാര്യത്തിലാണ് പക്ഷേ നാട്ടുകാര്‍ക്ക് സംശയം. ഇതിപ്പോ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയോടെ യുഡിഎഫിനും കോണ്‍ഗ്രസിനുമെങ്കിലും ഐശ്വര്യം കിട്ടിയാല്‍ കിട്ടി എന്നേ കരുതേണ്ടൂ. കേരളം ഇങ്ങനെയൊക്കെ ഇവിടെത്തന്നെ കാണും. ഈ ഐശ്വര്യ യാത്ര തീരുമാനിച്ചതിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ് മുന്നിലേക്ക് ഉന്തിവിട്ടത്.  ചെന്നിത്തലയോട് ഈ സമയത്ത് പറയാന്‍ പാടുണ്ടോ എന്നറിയില്ല. എന്നാലും പറയുകയാണ്. നല്ല ഐശ്വര്യം.  

അങ്ങനെ ചെന്നിത്തലയും കൂട്ടരും ഒരുവഴിക്കാവുമ്പോള്‍ ദാ എല്‍ഡിഎഫ് അവരുടെ യാത്ര ആരംഭിക്കും. അതിതുപോലെ ഒരു യാത്രയല്ല. രമേശ് ചെന്നിത്തലയെപ്പോലെ ഒരു നേതാവില്ലാഞ്ഞിട്ടൊന്നും അല്ല. പക്ഷേ എല്ലാത്തിനും പിണറായി സഖാവിന് തന്നെ പോകണം എന്നുള്ളതുകൊണ്ട് നിലവിലെ സാഹചര്യത്തില്‍ അതത്ര സാധ്യവുമല്ല. അങ്ങനെ നോക്കിയപ്പോഴാണ് രണ്ടു യാത്രയൊക്കെ പ്ലാന്‍ ചെയ്തത്. അതാവുമ്പോ എന്നെ കൂട്ടീല എന്ന വിലാപങ്ങള്‍ക്ക് സ്കോപ്പുണ്ടാവില്ല. അതുകൊണ്ട് ഫെബ്രുവരി 13ന് കാസര്‍കോട് നിന്ന് സിപിഎം യാത്ര തുടങ്ങും. പിറ്റേന്ന് എറണാകുളത്ത് നിന്ന് സിപിഐയും യാത്ര പുറപ്പെടും. അങ്ങനെ തലങ്ങും വിലങ്ങും ഒരേസമയം ഇടതുമുന്നണി യാത്രയായിരിക്കും കേരളത്തില്‍. കോട്ടയത്ത് യാത്ര നടത്താനുള്ള അവകാശം ജോസുമോന് കൊടുക്കാമാരുന്നു. അറ്റ് ലീസ്റ്റ് പാലാ ടൗണിലെങ്കിലും

യാത്ര പ്ലാന്‍ ചെയ്തപ്പോഴാണ് ഇടതുമുന്നണിക്ക് ആ സത്യം മനസിലായത്. പതിവുപോലെയല്ല, പെട്രോളിനും ഡീസലിനും വില കൂടുതലാണ്. അതോര്‍ത്തപ്പോഴാണ് എന്നാ പിന്നെ സിപിഐയും പകുതി കേരളം യാത്ര ചെയ്ത് ചിലവിന്‍റെ പകുതി വഹിക്കട്ടെ എന്ന് തീരുമാനിച്ചത്. അല്ലാതെ സിപിഐയ്ക്ക് അല്‍പം മൈലേജ് ആയിക്കോട്ടെ എന്നു കരുതിയല്ല. പക്ഷേ യാത്രയുടെ പേര് വൈകും. അല്‍പം ബുദ്ധിജീവി പേരോ അല്ലെങ്കില്‍ തനി പൈങ്കിളി പേരോ വേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമാകാത്തതാണ് കാരണം. 

യുഡിഎഫ് അധികാരത്തില്‍ തിരച്ചെത്തും എന്നകാര്യത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് സംശയമൊന്നും ഇല്ല. ഉള്ള സംശയം തനിക്ക് മുഖ്യമന്ത്രിസ്ഥാനം കിട്ടുമോ എന്ന കാര്യത്തിലേ ഉള്ളു. ഇടതുപക്ഷത്ത് പിന്നെ അങ്ങനെ യാതൊരു തരത്തിലുമുള്ള ചിന്തക്കുപോലും സ്കോപ്പില്ല. അടുത്തതും ഇടതുപക്ഷഭരണം, പിണറായി മുഖ്യമന്ത്രി, അത്രേയുള്ളു. ഇതിനിടെ ചെറിയ ചെറിയ യാത്രകള്‍ക്ക് തുടക്കമായിട്ടുണ്ട്. അതിലാദ്യത്തേതാണ് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല ടീം പാണക്കാട്ടെത്തിയത്. കോണ്‍ഗ്രസിന്‍റെ ഗൃഹസന്ദര്‍ശനം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. കഴിഞ്ഞ ദിവസം കണിച്ചികുളങ്ങരയിലെ ഗൃഹവും സന്ദര്‍ശിച്ചായിരുന്നു

താന്‍ മുഖ്യമന്ത്രിയാവുമോ എന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മനസിലിരിപ്പ് പുറത്തുവന്നിട്ടില്ല. ആകെ വന്നത് രമേശ് ചെന്നിത്തല മല്‍സരിക്കും എന്ന കാര്യത്തിലെ പച്ചക്കൊടിയാണ്. ബാക്കി തീരുമാനങ്ങളൊക്കെ കര്‍ട്ടന് പിന്നിലായിരിക്കും. 

സോളര്‍ പീഡനക്കേസ് പിണറായി വിജയന്‍ സര്‍ക്കാര്‍ സിബിഐക്ക് വിട്ടതിനെ വ്യാഖ്യാനിച്ച് ഇന്നും പാര്‍ട്ടി സെക്രട്ടറിയും മുന്നണി കണ്‍വീനറുമായ എ.വിജയരാഘവന് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. ഇതിപ്പോ പിണറായി ഒന്ന് തീരുമാനിക്കും. പാര്‍ട്ടിക്കും സെക്രട്ടറിക്ക് വ്യാഖ്യാനം ചമച്ച് ചമച്ച് മരിക്കേണ്ടിവരിയും ചെയ്യുന്നു എന്നതാണ് അവസ്ഥ. 

സത്യം പറഞ്ഞാല്‍ ഇമ്മാതിരി ചോദ്യങ്ങളൊന്നും വിജയരാഘവന്‍ സഖാവിനോട് ചോദിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുതല്ലോ. കാരണം ഒരാഴ്ച മുമ്പ് വരെ സിബിഐ എന്നുവച്ചാല്‍ അതൊരു മോശം കാര്യമായിരുന്നു. ഇപ്പോ അവരോട് എന്തെന്നില്ലാത്ത പ്രേമമാണ്. ജോസ് കെ. മാണിയെയൊക്കെ മുന്നണിയിലെടുത്ത് വിശദീകരിച്ച് അണികളെ വിശ്വസിപ്പിക്കാമെങ്കില്‍ സിബിഐ അന്വേഷണത്തെയാണോ ന്യായീകരിക്കാന്‍ ഇത്രപാട്. 

പ്രബുദ്ധരായ മലയാളികള്‍ എന്നൊക്കെ വച്ച് കാച്ചുമ്പോള്‍ ഇങ്ങനെയുള്ള തീരുമാനമെടുക്കുമ്പോഴും അതൊക്കെ ഓര്‍മിക്കാറുണ്ടോ എന്ന് സംശയമാണ്. സത്യത്തില്‍ മലയാളികളെ ഒക്കെ ഈ രാഷ്ട്രീയ നേതൃത്വം എങ്ങനെയാണാവോ കാണുന്നത്. 

പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു അതുകൊണ്ട് സര്‍ക്കാര്‍ അത് നടത്തിക്കൊടുത്തു എന്നതാണ് പ്രധാനമായ പോയിന്‍റ് ഓഫ് ന്യായം. ഈ ജിഷ്ണു പ്രണോയുടെ അമ്മയുടെ പരാതി, പെരിയ ഇരട്ടക്കൊലക്കേസിലെ പരാതിക്കാരുടെ പരാതി, വാളയാര്‍ കേസിലെ അമ്മയുടെ പരാതി ഇതൊന്നും നടപ്പാക്കിക്കൊടുക്കാന്‍ പറ്റാത്ത പരാതിയായിപ്പോയതിന് സര്‍ക്കാരിനെ കുറ്റം പറയാന്‍ പറ്റില്ല. വാളയാര്‍ അമ്മയ്ക്ക് സമരം ചെയ്യേണ്ടിയൊക്കെ വന്നത് അവരുടെ പരാതിക്ക് വേണ്ടത്ര വോട്ട് നേടിത്തരാനുള്ള കെല്‍പില്ലെന്ന് തോന്നിയതുകൊണ്ടാണ്. പിന്നെ ഹൈക്കോടതി ഒക്കെ ഇടപെട്ടപ്പോള്‍ അങ്ങ് നടത്തിക്കൊടുത്തു എന്നേയുള്ളു. പെരിയ കേസില്‍ ആണെങ്കില്‍ സിബിഐയെ അടുപ്പിക്കാന്‍ പോലും പറ്റാത്തതാണ്. കേരള പൊലീസ് ആത്മവീര്യത്ത പോറലേല്‍പ്പിക്കും അതൊക്കെ. അതുകൊണ്ട് സുപ്രീം കോടതിയില്‍ പോയാലും ആത്മവീര്യം നമ്മള്‍ സംരക്ഷിച്ചിരിക്കും. സോളറില്‍ പക്ഷേ ഈ ആത്മവീര്യം അത്ര കാര്യമാക്കേണ്ടതുമില്ല.

അവസാനമായി കെ. സി. വേണുഗോപാലിന്‍റെ വിജയഫോര്‍മുലയാണ്. കോണ്‍ഗ്രസുകാര്‍ക്ക് മാത്രം കേള്‍ക്കാനുള്ളതാണ്. ബാക്കിയുള്ളവര്‍ക്ക് കേട്ട് ചിരിക്കാം. പക്ഷേ തുടര്‍ഭരണം അത് ഉറപ്പാണ് കെട്ടോ. ഈ പാര്‍ട്ടി എങ്ങനെയായാലും. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...