പിണറായിയും വിളിച്ചു സിബിഐയെ; മോദിയുടേതല്ലാത്ത ഒരു സിബിഐ..!

thiruva-ethirva
SHARE

ചോദിക്കാന്‍ സിബിഐ വരുന്നുണ്ട്. പിണറായി സഖാവ് അവരെ വിളിച്ചിട്ടുണ്ട് ചോദിച്ചറിയാന്‍. അവര്‍ വരാണെങ്കില്‍ അവരോട് വിശദമായങ്ങ് പറഞ്ഞേക്കണം. നമ്മള്‍ക്ക് ചോദ്യങ്ങളൊന്നും ഇല്ല. ഉത്തരങ്ങള്‍ മാത്രം കേട്ടാമതി. പുതുമയേറിയ വിഷയങ്ങള്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് വിഷയങ്ങളായി ഇത്തവണ വരുമെന്നൊക്കെ ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. സോളര്‍ വീണ്ടും വിഷയം ആവും. കഴിഞ്ഞ തിരഞ്ഞെടുപ്പോടെ അത് കഴിഞ്‍ഞെന്ന് കരുതിയിരുന്നപ്പോഴാണല്ലോ വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ മുഖ്യമന്ത്രി വാര്‍ത്തസമ്മേളനം വിളിച്ച് സോളറില്‍ പുതിയ ചാര്‍ജ് ഷീറ്റുകള്‍ പ്രഖ്യാപിച്ചത്. ഇതിപ്പോ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകാലമായി. കേരളപൊലീസിന് കാര്യമായി ഒന്നും ചെയ്യാനും സാധിച്ചില്ല. എന്നാ പിന്നെ കേന്ദ്രത്തില്‍ നിന്ന് ഒരു സംഘമെത്തട്ടെ അങ്ങ് തീരുമാനിച്ചു. ഒന്നാമത് അവരൊക്കെ ഇപ്പോ കേരളത്തില്‍ തന്നെ ഉണ്ടല്ലോ. രാജ്യത്തെ പ്രധാന അന്വേഷണ പരിപാടികളൊക്കെ നടക്കുന്നത് കേരളത്തിലായതുകൊണ്ട് പിണറായി മുഖ്യന്‍ അങ്ങനെയൊരു തീരുമാനം എടുത്തു. മന്ത്രിസഭ ചര്‍ച്ചയൊന്നും ഉണ്ടായില്ല. അല്ലെങ്കിലും അതിലൊന്നും കാര്യമില്ലല്ലോ, ഒക്കെ പിണറായി തന്നെ തീരുമാനിക്കുന്നതുകൊണ്ട് ചായയുടേയും ബിസ്കറ്റിന്‍റെയും ചിലവ് മിച്ചം എന്നു കണ്ടാമതി. അപ്പോ സിബിഐക്ക് ഗംഭീര സ്വാഗതം. 

സിബിഐ എന്തോ തത്തയാണെന്നോ പട്ടിയാണെന്നോ എന്നൊക്കെ ചിലരിവിടെ പ്രസംഗിച്ച് നടന്നിരുന്നു. രണ്ടുമാസം മുമ്പ്. അന്നൊക്കെ ഈ കേന്ദ്രഏജന്‍സി എന്നുവച്ചാല്‍ ബിജെപി സര്‍ക്കാരിന്‍റെ ചട്ടുകമായ ഒരു സാധനം ആയിരുന്നു. എന്നാല്‍ സോളര്‍ അന്വേഷിക്കാന്‍ പിണറായി വിജയന്‍ ക്ഷണിച്ച സിബിഐ വേറെയാണ്. ഒരു പ്രത്യേക തരം സിബിഐ. മോദി സര്‍ക്കാരിനൊന്നും അതിലൊരു സ്വാധീനവും ഇല്ല. അതൊക്കെ ഉള്ളത് ലൈഫ് മിഷന്‍ കേസും സ്വര്‍ണക്കടത്തും ഒക്കെ അന്വേഷിക്കുന്ന അതായത് ഇടതുസര്‍ക്കാര്‍ പ്രതികൂട്ടിലാകുന്ന കേസന്വേഷിക്കുന്ന സിബിഐയില്‍ മാത്രമേയുള്ളു. ഇത് വേറെ തരം സിബിഐയാണ്. പാവം ബഹ്റ. എന്തോരം കഷ്ടപ്പെട്ട്  കേസുകള്‍ അട്ടിമറിച്ചൊക്കെയാണ് പിണറായി സര്‍ക്കാരിന് വേണ്ടി പണി എടുത്തത്.  എന്നിട്ട് ഒരു വലിയ കേസ് അതും പ്രതിപക്ഷത്തെ ഒതുക്കാനുള്ള കേസ് വന്നപ്പോ അത് സിബിഐയെ ഏല്‍പ്പിച്ചിരിക്കുന്നു. കഷ്ടം.

അഞ്ചുകൊല്ലം ഭരിച്ചപ്പോള്‍ ഒരു നടപടിയും എടുക്കാത്ത ഇവര്‍ എവിടെയായിരുന്നു എന്ന് ചോദിക്കുന്നവരോട് സഖാക്കളും സൈബര്‍ മാധ്യമസഖാക്കളും പറയുന്നത് കേട്ടിട്ടില്ലേ, അതായത് ആ അഞ്ചുകൊല്ലം പിണറായി സര്‍ക്കാര്‍ വികസനത്തിലും ക്ഷേമപരിപാടികളിലും സ്കൂള്‍ തുറക്കുന്നതിലൊക്കെ ശ്രദ്ധ കൊടുത്തിരിക്കുകയായിരുന്നു എന്നാണ്. അതുകൊണ്ട് കേസന്വേഷിക്കാനൊന്നും കിട്ടിയില്ല പോലും. ഓ... പിന്നേ, ഇവിടെ പെന്‍ഷന്‍ കൊടുക്കലും കിറ്റ് വിതരണം ചെയ്യുന്നതൊക്കെ പൊലീസാണല്ലോ. പാവങ്ങള്‍. കുറെ കഷ്ടപ്പെടുന്നുണ്ട്. അത് പോട്ടെ. ഇതിപ്പോ ഉമ്മന്‍്ചാണ്ടി ആരായി. ഒന്ന് നോക്കൂ, നാലരകൊല്ലം മിണ്ടാതിരുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് കാര്യസമിതി മേല്‍നോട്ടക്കാരനായി. റീ എന്ട്രിക്ക് പഞ്ച് പോരെന്ന് തോന്നിയപ്പോള്‍ ദാ സോളറില്‍ ഒരു സിബിഐ. പോരെ. ഒറ്റദിവസംകൊണ്ട് ഉമ്മന്‍ചാണ്ടിയാണ് സകല മാധ്യമങ്ങളിലും. എന്‍റെ സംശയം ഉമ്മന്‍ചാണ്ടി തന്നെ ഓപ്പറേറ്റ് ചെയ്ത് സംഘടിപ്പിച്ചതാണോ ഈ സിബിഐ അന്വേഷണം എന്നതാണ്. 

പ്രധാനപ്പെട്ട ആ കാര്യത്തിലേക്ക് വരാം. എന്തുകൊണ്ടാണ് ഈ നേരത്ത് ഒരു സിബിഐ അന്വേഷണത്തിന് സിപിഎം സര്‍ക്കാര്‍ തുനിഞ്ഞത്. അതറിയണമല്ലോ.അപ്പോ അതാണ്. നാട്ടിലെ ജനങ്ങളെ പ്രത്യേകിച്ചും നേതാക്കളെ മാന്യത പഠിപ്പിക്കലാണ് ഉദ്ദേശ്യം. വളരെ നല്ലത് തന്നെ. ഒരു പുരോഗമന രാഷ്ട്രീയ സംഘടന എന്ന നിലയ്ക്ക് സിപിഎമ്മിന് മാത്രമേ ഇതൊക്കെ ചെയ്യാനുള്ള ഒരു അര്‍ഹത ഉള്ളു. അത് നമ്മള്‍ അനുവദിച്ച് കൊടുക്കണം. മാത്രമല്ല ഇപ്പോള്‍ ഇടതുമുന്നണി നേതാവായ ജോസ് കെ. മാണിക്കെതിരെയുള്ള പരാതി മാത്രം മാറ്റിവച്ച് ബാക്കിയുള്ള പരാതികള്‍ കൈമാറാനുള്ള ആ വിവേചനാധികാരത്തേയും നമ്മള്‍ മാനിക്കണം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...