തോറ്റ ചരിത്രം കേട്ടിട്ടില്ല; പക്ഷേ കോർട്ടിൽ പിസി തോറ്റു..!

thiruva-ethirva
SHARE

രാഷ്ട്രീയം ഒരു കലയും കളിയുമാണ്. ചിലര്‍ കള്ളക്കളി കളിക്കും. ചിലര്‍ ചാടിക്കളി നടത്തും. ഇത്തരം കലാപരിപാടികളുടെ കാഴ്ചകളുമായി തുടങ്ങുകയാണ് രമേശ് ചെന്നിത്തല ഇല്ലാത്ത നമ്മുടെ കേരള യാത്ര

പിസി ജോര്‍ജ് കളിച്ചത്ര കളികള്‍ കേരള രാഷ്ട്രീയത്തില്‍ മറ്റാരും കളിച്ചിട്ടുണ്ടാകില്ല. പാര്‍ട്ടിയുണ്ടാക്കുക മുന്നണി മാറുക ഇതാണ് കാലങ്ങളായി പിസിയുടെ പരിപാടി. പിന്നെ തെറ്റ് പറയരുതല്ലോ. പിസിയെ ആര് വിളിച്ചു കുടുംബത്ത് കയറ്റിയോ, അവരെ കൊണ്ട് വല്യ താമസമില്ലാതെ തന്നെ തലവേദനയായല്ലോ എന്ന് പറയിക്കാന്‍ പിസി പ്രത്യേകം ശ്രമിക്കാറുണ്ട്. മികച്ച പ്രകടനത്തിലൂടെ അത് നല്ല രീതിയില്‍ തന്നെ പറയിക്കുന്നതില്‍ പിസി വിജയിക്കാറുമുണ്ട്. അപ്പോ പറഞ്ഞുവന്നത് പിസിയുടെ കളിയെപ്പറ്റിയാണ്. അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്നവര്‍ക്ക് പറ്റിയ കളിയാണ് ഷട്ടില്‍. പിസിയുടെ ഇഷ്ട സ്പോര്‍ട്സ് ഐറ്റം. അല്ലെങ്കിലും പാര്‍ട്ടികളില്‍ നിന്ന് പാര്‍ട്ടികളിലേക്ക് ഷട്ടിലടിക്കുന്ന ജോര്‍ജ് ഈ കളിയില്‍ താരമായതില്‍ അല്‍ഭുതമില്ല. പിന്നെ പറയാന്‍ മറന്നു. പിസി ഒറ്റക്കല്ല. മകന്‍ ഷോണുമുണ്ട് കൂടെ. മകനെ ഇങ്ങനെ കൂടെക്കൂട്ടുന്നതാണ് കോട്ടയത്തെ ഇപ്പോളത്തെ രാഷ്ട്രീയ കാലാവസ്ഥ കേരള കോണ്‍ഗ്രസുകാരനും അതിലുപരി പൂഞ്ഞാറുകാരനുമായ സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് എതിരാളി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുവരും മുഖാമുഖം ഏറ്റുമുട്ടുമെന്നൊരു കരക്കമ്പി കോട്ടയം ജില്ലയിലുള്ളതുകൊണ്ട് ഈ കളിക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധംപോലെ ഇരുവരും വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങി കളി പിസി തോറ്റു. പക്ഷേ വീണിടത്തുകിടന്നുരുളാന്‍ പിസിക്കുള്ള കഴിവിന് നാം പലവട്ടം സാക്ഷിയായിട്ടുള്ളതാണ്. അതിന് ഇക്കുറിയും മാറ്റമില്ല. മാറ്റം വന്നാല്‍ പിസി പിസി അല്ലാതാകും. തോറ്റ ചരിത്രം കേട്ടിട്ടില്ലെന്ന് നാഴികക്കു നാല്‍പ്പതുവട്ടവും പറയുന്നതാണ് ജോര്‍ജിന്‍റെ ജീവന്‍ ടോണ്‍.

പിസി ഇങ്ങനെ പലതും പറയും. അതിന്‍റെ ശരിതെറ്റുകള്‍ തേടി ആരും പോകരുത്. പോയാല്‍ അതിനേ സമയം കാണൂ. പറയുന്നത് മാറ്റിപ്പറയാന്‍ പിസിക്ക് തെല്ലും വേണ്ട സമയം. എന്നിട്ട് പുള്ളി തന്നെ സ്വയം വിശേഷിപ്പിക്കുന്നത് വാക്കുമാറാത്തവന്‍ എന്നാണ്. അതാണ് കക്ഷി തിരിച്ചറിഞ്ഞിരിക്കുന്ന ഹീറോയിസം. കോട്ടയം പ്രസ് ക്ലബിന്‍റെ ചുവരുകള്‍ക്കൊക്കെ പിസിയുടെ ഈ സ്വഭാവം കാണാപ്പാഠമാണ്. കഴിഞ്ഞ ദിവസവും സമാനമായ തള്ളുകളുമായി പിസി വന്നു. പണ്ടൊക്കെ പിസി ഒറ്റയാനായിരുന്നെങ്കില്‍ ഇപ്പോള്‍ സീന്‍ മാറി. മകന്‍ ഷോണ്‍ ജോര്‍ജ് കൂടെ നിഴലായുണ്ട്. ആ നിയമസഭാ തിരഞ്ഞെടുപ്പൊക്കെ ഇങ്ങടുത്തല്ലോ. മക്കളൊക്കെ ഇനി നിഴലും നിലാവും പോലം കൂടെക്കാണും.

അപ്പോ ചുരുക്കിപ്പറയാം. വലതുപാളയത്തില്‍ നിന്ന് ഇടത്തു ചേര്‍ന്ന് നടന്ന് പിന്നെ കറുപ്പിട്ട് താമരക്കുളമൊക്കെ കണ്ട് പമ്പയിലെ കലാപരിപാടികളിലൊക്കെ പങ്കെടുത്ത് വീണ്ടും അല്‍പ്പം പിണറായി സ്തുതിയൊക്കെ നടത്തി ഒടുവില്‍ പിസി വലതു ജംഗ്ഷനില്‍ വന്നു നില്‍ക്കുകയാണ്. ഇനി പച്ച സിഗ്നലിന്‍റെ കാര്യം മാത്രമാണ് ബാക്കി. യുഡിഎഫില്‍ നിന്ന് ആരെങ്കിലും ഈച്ചയെ അകറ്റാനെങ്കിലും കൈ ഒന്ന് വീശിയോ എന്നാണ് ഉറ്റുനോക്കുന്നത്. അങ്ങനെയൊരു വീശുകണ്ടാല്‍ പോലും പിസി ചാടിയങ്ങ് കയറും. അതിന്‍റെ ഭാഗമായുള്ള പിണറായി വിരുദ്ധതയാണ് ഇപ്പോള്‍ നാവില്‍.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...