പതിവിന് വിരുദ്ധമായി ബുദ്ധി ഉപയോഗിച്ച് ഒത്തുകൂടി ഷാഫിയും ശബരിയും..!

htiruva
SHARE

വലതുപക്ഷക്കാര്‍ അങ്ങനെ പൊതുവെ വാര്‍ത്താപരിപാടികളോ വര്‍ത്താധിഷ്ഠിത തമാശ പരിപാടികളോ കാണാന്‍ നില്‍ക്കാറില്ല എന്നൊരു നടപ്പുരീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകം പറയുകയാണ്,  വലതുവ്യതിയാനം സംഭവിച്ച ഇടതുപക്ഷക്കാര്‍ക്കും വലതുപക്ഷ വിമര്‍ശകര്‍ക്കും എന്തുകൊണ്ടും അനുയോജ്യമാണ് ഈ എപ്പിസോഡ്. പിന്നെ ആകെയുള്ള ആശ്വാസം വലതന്മാര്‍ വാ പൊളിച്ചാല്‍ നമുക്ക് ചിരിക്കുള്ള വക കുറെ കിട്ടും 

കോണ്‍ഗ്രസിലെ യൂത്തന്‍മാര്‍ കഴിഞ്ഞ ദിവസം ഒത്തുകൂടി. അവരുടെ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്‍റെ നാട്ടിലാണ് അതായത് പാലക്കാട്ടാണ് ഒത്തുകൂടിയത്. സംസ്ഥാന സെക്രട്ടറി ശബരിനാഥന്‍ തിരുവനന്തപുരത്ത് നിന്ന് പാലക്കേട്ടേക്ക് വരികയായിരുന്നു. പിന്നെ നടന്നത് ചര്‍ച്ചയായിരുന്നു. പൊതുവെ അരങ്ങേറുന്ന ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അടിപിടി, കസേരയേറ്, മുണ്ടുപറിക്കല്‍ പരിപാടികള്‍ ഇത്തവണ ഉണ്ടായില്ല. 

പതിവിന് വിരുദ്ധമായി ബുദ്ധി ഉപയോഗിച്ച് ചര്‍ച്ചകള്‍ നടന്നെന്നാണ് ഷാഫിയും ശബരിയും പറയുന്നത്. അതുകൊണ്ട് അതെത്രമാത്രം വിശ്വാസയോഗ്യമാണെന്നതില്‍ വിദഗ്ധര്‍ക്കിടയില്‍ ചില തര്‍ക്കങ്ങളുണ്ട്. ഏതായാലും നമ്മളത് വിശ്വസിക്കുന്നു. കാരണം ചില വ്യായാമങ്ങളിലൂടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെന്നാണ് ഷാഫി പറയുന്നത്.

അതൊക്കെ വേണ്ടതു തന്നെയാണ്. സര്‍ക്കാരിനെ തുറന്നു കാണിക്കാനൊക്കെ ങ്ങള്‍ക്ക് അവകാശമുണ്ട്. സാധാരണ രീതിയില്‍ വിഭിന്നമായി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തെ വിമര്‍ശിക്കാന്‍ തയ്യാറായതുകൊണ്ടാണെന്ന് തോന്നുന്നു പരസ്പരം ഉള്ള അടിതടകള്‍ ഇത്തവണ നടക്കാതെ പോയത്. എല്ലാവരും ഗ്രൂപ്പിന് അതീതമായി സീറ്റുകള്‍ക്ക് വേണ്ടി വാദിച്ചു എന്നതും ഗ്രൂപ്പ് തിരിഞ്ഞുള്ള അടിയില്‍ നിന്ന് യോഗത്തെ മാറ്റിനിര്‍ത്തി. 

കോണ്‍ഗ്രിസിലെ വയസന്‍മാരെ മാറ്റി പുതുതലമുറയെ കൊണ്ടുവരണമെന്നാണ് ഷാഫിയും ശബരിയും നേതൃത്വം കൊടുക്കുന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രധാന ആവശ്യം. എല്ലാ തിരഞ്ഞെടുപ്പുകാലത്തും ഇങ്ങനെ യോഗം ചേര്‍ന്ന് വലിയ പ്രമേയമൊക്കെ അവതരിപ്പിക്കുന്നത് സാധാരമാണെങ്കിലും ഇത്തവണ രണ്ടും കല്‍പിച്ചാണ്. ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി മുതലായ സീനിയര്‍ നേതാക്കളെ ഒരുമിച്ച് വിളിച്ചു അവര്‍ക്ക് മുന്നിലേക്ക് ഒരു റിപ്പോര്‍ട്ടുമായി യൂത്തന്‍മാര്‍ ഉടനെ തിരുവനന്തപുരത്തെത്തും. മുതിര്‍ന്ന നേതാക്കള്‍ അന്ന് തലസ്ഥാനത്തുണ്ടായാല്‍ തന്നെ അതൊരു ഭാഗ്യമായി കരുതാം.

ഇതിലൊക്കെ സന്തോഷം നല്‍കുന്ന കാര്യം എന്താണെന്ന് വച്ചാല്‍ പിതാവിന്‍റെ വിയോഗത്തോടെ മല്‍സരിക്കാന്‍ അവസരം കിട്ടുകയും ജയിക്കുകയും ചെയ്ത ശബരീനാഥനൊക്കെ ഗ്രൂപ്പിനും മറ്റും അതീതമായി യുവാക്കള്‍ക്ക് അവസരം വേണമെന്ന് വാദിക്കുന്നത് കാണാന്‍ തന്നെ വല്ലാത്തൊരു ഐശ്വര്യമുണ്ട്. 

സീറ്റ് തന്നില്ലെങ്കില്‍ സ്വന്തം നിലയില്‍ മല്‍സരിക്കുമെന്നൊക്കെയായിരുന്നു പ്രമേയ ചര്‍ച്ചയിലെ വെല്ലുവിളി. പക്ഷേ യോഗം കഴിഞ്ഞ് വാര്‍ത്തയും വന്ന ശേഷം ഷാഫിക്ക് അത് തിരുത്തേണ്ടി വന്നു. അല്ലെങ്കിലും സ്വന്തം സീറ്റ് കൈമോശം വരാതെ നോക്കേണ്ട ബുദ്ധിമുട്ട് ഷാഫിയെ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.

കോണ്‍ഗ്രസ് എംപിമാര്‍ക്ക് ചില ഡ്യൂട്ടികള്‍ യൂത്ത് കോണ്‍ഗ്രസ് അസൈന്‍ ചെയ്തിട്ടുണ്ട്. 18 പേരെയാണല്ലോ കഴിഞ്ഞ തവണ ജയിപ്പിച്ചുവിട്ടത്. അതിനൊക്കെ പ്രതികാരം പാര്‍ട്ടിയെ യൂത്തന്‍മാരില്‍ നിന്നുതന്നെ ഇങ്ങനെയുണ്ടാവുമെന്ന് സത്യത്തില്‍ ഈ എംപിമാര്‍ വിചാരിച്ചുകാണില്ല. കെപിസിസി അധ്യക്ഷന്‍ പറഞ്ഞാല്‍ കേള്‍ക്കാത്തവരാണ് ഇനി യൂത്ത് കോണ്‍ഗ്രസ് പറഞ്ഞാല്‍ അനുസരിക്കാന്‍ പോണത്. 

അങ്ങനെ തദ്ദേശതിരഞ്ഞെടുപ്പിലെ വോട്ടുകണക്കുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ആകെ വോട്ട് കിഴിക്കണം കിട്ടിയ വോട്ട് കൂട്ടണം കിട്ടാത്ത വോട്ട് ഹരിക്കണം കിട്ടാന്‍ പോകുന്ന വോട്ട് എന്നൊരു കണക്കാണത്. സ്വന്തമായി ഒരു കണക്കെടുപ്പ് വിഭാഗമൊക്കെയുള്ള പാര്‍ട്ടിയാണിത്. പാര്‍ട്ടിയെ ഏക ബുദ്ധിജീവിയായ മാത്യു കുഴല്‍നാടന്‍റെ നേതൃത്വത്തിലാണ് കൂട്ടലും കിഴിക്കലും തയ്യാറായിരിക്കുന്നത്.

ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ യുഡിഎഫ് ജയിക്കാമായിരുന്ന തിരഞ്ഞെടുപ്പായിരുന്നു അപ്പോ കഴിഞ്ഞുപോയത്. അതുകൊണ്ട് എല്‍ഡിഎഫ് ഒന്ന് സൂക്ഷിക്കുന്നത് നന്നാവും. കൂടുതല്‍ വോട്ട് കിട്ടിയിട്ടും തോറ്റുപോയ പാര്‍ട്ടി എന്നുവേണം യുഡിഎഫിനെ കാണേണ്ടത്. ഏതായാലും ചെന്നിത്തലവീണ്ടും വാര്‍ത്തസമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ച സ്ഥിതിക്ക് ഇനി തിരഞ്ഞെടുപ്പ് വരെ സീന്‍ ഇതായിരിക്കും. ഒത്തൊരുമയുള്ള കോണ്‍ഗ്രസ് അതാണ് ചെന്നിത്തലയുടെ സ്വപ്നം. നടന്നുകിട്ടിയാല്‍ ചെന്നിത്തലയ്ക്ക് കൊള്ളാം. 

രമേശ് ചെന്നിത്തല അങ്ങനെ അവിടേം ഇവിടേം ഒന്നും മല്‍സരിക്കില്ല. ഹരിപ്പാട് വിട്ടൊരു  കളി പുള്ളിക്കില്ല. ഇനിയിപ്പോ ആകെ പേടി ഈ അവസാന സമയത്ത് ഉമ്മന്‍ചാണ്ടിയെങ്ങാനും വന്ന് എല്ലാം എടുത്തോണ്ട് പോകുമോ എന്നുമാത്രമേയുള്ളു. അങ്ങനെയെങ്കില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നടത്തിക്കോട്ടെ എന്നങ്ങ് വിചാരിച്ചാമതി. അല്ല പിന്നെ

ഇടതുമുന്നണിയിലെ കോണ്‍ഗ്രസുകാരാണല്ലോ കടന്നപ്പള്ളി രാമചന്ദ്രനും എ.കെ. ശശീന്ദ്രനും. രണ്ടുപേരും ഇപ്പോ രണ്ടുപാര്‍ട്ടിയിലാണെങ്കിലും എണ്‍പതില്‍ ആന്‍റണിക്കൊപ്പം കോണ്‍ഗ്രസ് യൂവിലൂടെ  ഇടതുമുന്നണിയില്‍ എത്തിയവരാണ്. അവരൊക്കെ പോയപ്പോഴും ഇവരിവിടെ തന്നെ നിന്നു. ഇപ്പോ ദാ ശശീന്ദ്രനെ കോണ്‍ഗ്രസ് എസിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ഗായകന്‍ കൂടിയായ കടന്നപ്പള്ളി രാമചന്ദ്രന്‍. പക്ഷേ കടന്നപ്പള്ളിക്ക് അങ്ങനെ മനസിലായ ആളല്ല ഇപ്പോ കാണുന്ന ശശീന്ദ്രന്‍. ആള് വേറെ ലെവലാണ്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...