ദൂരെ പച്ചപ്പ് തേടിപ്പോയി; കുഞ്ഞാപ്പയുടെ ആ പോക്കും വരവും

Thiruvaa_28_12
SHARE

ഏതുരാഷ്ട്രീയത്തിലായാലും പച്ചപിടിക്കലാണ് ആളുകളുടെ ഉന്നം. ഇതിപ്പോ പച്ചപിടിച്ചിട്ടും അതെല്ലാം മാന്തിക്കളഞ്ഞ് അങ്ങ് ദൂരെ ഒരുപച്ചപ്പ് തേടിയപ്പോയവരുമുണ്ട്. എന്നിട്ടോ അടപടലം പച്ചപ്പ് പോയതിന്‍റെ നിരാശയില്‍ പുതിയൊരു പച്ചപ്പ് തേടിയുള്ള മടങ്ങിവരവിന്‍റെ കഥയാണിന്ന് നമ്മള്‍ ഇന്ന് കേള്‍ക്കാന്‍ പോകുന്നത്. കുഞ്ഞാപ്പയുടെ പോക്കും വരവും എന്നാണ് ഈ സംഭവബഹുലമായ കഥയുടെ തലക്കെട്ട്. 

പണ്ട് പണ്ട്.... എന്നാല്‍ വളരെ പണ്ടൊന്നും അല്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരി‍ന്‍റെ കാലം കഴിഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ സമയം. പ്രതിപക്ഷത്താണല്ലോ യുഡിഎഫ് അപ്പോള്‍. അങ്ങനെയിരിക്കെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതിരുന്ന മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്ന് പാര്‍ലമെന്‍റിലേക്ക് മല്‍സരിക്കാന്‍ പോകുന്നു. ലീഗ് ദേശീയ നേതാവൊക്കെ ആയ ഇ. അഹമ്മദിന്‍റെ വേര്‍പാടിനെതുടര്‍ന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പൊക്കെ വന്നത്. അതുവരെ സംസ്ഥാനത്ത് മന്ത്രിയും എംഎല്‍എയും ആയി മാറിമാറി കഴിഞ്ഞ കുഞ്ഞാപ്പയ്ക്ക് പൊടുന്നനെയാണ് ഡല്‍ഹിയിലേക്ക് പോകാന്‍ മോഹം ഉദിച്ചത്. ഉടനെ പാര്‍ട്ടിയോട് പറഞ്ഞു. പാര്‍ട്ടി അത് നടപ്പാക്കി കൊടുത്തു. അന്ന് മോദിയുടെ ഒന്നാം സര്‍ക്കാര്‍ അവസാന കാലത്തിലാണ്. അടുത്തത് യുപിഎ അധികാരത്തില്‍ വന്നാല്‍ മലപ്പുറത്തിനൊരു മന്ത്രിവേണം. അതിപ്പോ കുഞ്ഞാപ്പ ഇങ്ങനെ പണിയൊന്നും ഇല്ലാതെ കേരളത്തില്‍ ഇരിക്കുമ്പോള്‍ മറ്റൊരാള്‍ ആവേണ്ട കാര്യമില്ലല്ലോ. അങ്ങനെയാണ് ചരിത്രപ്രസിദ്ധമായ ഡല്‍ഹി യാത്രയ്ക്ക് തുടക്കമായത്. 

ലീഡിനെ സംബന്ധിച്ചും കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ചും ആ കാലം തീവ്രമായ പോരാട്ടത്തിന്‍റേതായിരുന്നു. ഒന്നാമത് മലപ്പുറത്തിന്‍റെ കണ്ണിലുണ്ണിയായ കുഞ്ഞാപ്പ ‍ഡല്‍ഹിയില്‍. ഏതെങ്കിലും കല്യാണം മലപ്പുറത്ത് നടക്കണമെങ്കില്‍ കുഞ്ഞാപ്പയുടെ സാന്നിധ്യം നിര്‍ബന്ധമാണല്ലോ. അത്തരമൊരു പ്രതിസന്ധിയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് തന്നെ പാര്‍ലമെന്‍റില്‍ ഫാസിസത്തിനെതിരെ പോരാടുന്നതിനിടയില്‍ പല നിര്‍ണായ ചര്‍ച്ചകളും ഒഴിവാക്കി ബിരിയാണി കഴിക്കാന്‍ കുഞ്ഞാപ്പ മലപ്പുറത്തെത്തി. ഈയൊരു സംഘര്‍ഷകാലത്തിനു ശേഷം വന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്തായാലും മന്ത്രിയാവേണ്ടതാണല്ലോ എന്നോര്‍ഥ് പിന്നേയും മല്‍സരിച്ചു. രാഹുല്‍ മന്ത്രിസഭയില്‍ ഒരു കേന്ദ്രമന്ത്രി. പക്ഷേ രാഹുല്‍ ഗാന്ധി വയനാട്ടുകാരുടെ മാത്രം പ്രധാനമന്ത്രിയായിപ്പോയപ്പോള്‍ കുഞ്ഞാപ്പയുെട സ്വപ്നങ്ങളും വീണുടഞ്ഞു. അപ്പോഴാണ് നിയമസഭാ തിരഞ്ഞെടുപ്പെത്തുന്നത്. അടുത്ത യുഡിഎഫ് സര്‍ക്കാരില്‍ ഒരു മന്ത്രി. അതാണിപ്പോഴത്തെ പ്രതീക്ഷ. അങ്ങനെ കു‍ഞ്ഞാലിക്കുട്ടിയെന്ന കുഞ്ഞാപ്പ ഡല്‍ഹി വിട്ട് കേരളത്തിലേക്ക് വരികയാണ് സുഹുത്തുക്കളെ വരികയാണ്. 

ഇതേതായാലും കറക്ട് സമയത്താണ് മടക്കം. ഒന്നാമത് യുഡിഎഫിനെ ലീഗ്  ദാ വിഴുങ്ങാന്‍ പോകുന്നേ എന്ന് പറഞ്ഞ് പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് കരയുന്നത് കേരളം കേട്ടിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. അപ്പോ അതിനൊരു എരിവ് പകരാനും സാധിച്ചു എന്നതില്‍ കുഞ്ഞാലിക്കുട്ടിക്ക് അഭിമാനിക്കാം. തോന്നുമ്പോള്‍ പോകുന്നു, തോന്നുമ്പോള്‍ വരുന്നു. അതാണ് ലൈന്‍ എന്നേയുള്ളു.

പാര്‍ട്ടി പറയുന്നത് അനുസരിക്കുന്നു എന്നൊക്കെ വിനയനായി കുഞ്ഞാലിക്കുട്ടി പറയും. സത്യത്തില്‍ സംഭവിക്കുന്നത് എങ്ങനെയാണെന്ന് വച്ചാല്‍ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയെ അനുസരിപ്പിക്കും. അത് അനുസരിച്ച് പാര്‍ട്ടി പറയുന്നത് കുഞ്ഞാലിക്കുട്ടി അനുസരിക്കും. അങ്ങനെയൊരു ബന്ധമാണ് ലീഗും സാഹിബും തമ്മിലുള്ളത്. 

ഇതിപ്പോ പെട്ടത് മോദിയാണ്. തനിക്കെതിരെ യുദ്ധത്തിന് വന്ന ഒരു പോരാളിയെയാണ് അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ പോകുന്നത്. വേണമെങ്കില്‍ ലീഗ് നേതൃത്വത്തിന് ഒരു കത്തയച്ച് കുഞ്ഞാലിക്കുട്ടിയെ ഡല്‍ഹിയില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്നൊക്കെ അഭ്യര്‍ഥിക്കാവുന്നതാണ്. പക്ഷേ വേറൊരു കാര്യമുണ്ട്. ഒന്നു ഡല്‍ഹിയിലേക്ക് മാറിയപ്പോഴേക്കും പാര്‍ട്ടിക്കുള്ളില്‍ വരെ എതിര്‍സ്വരമുണ്ടായിട്ടുണ്ട്. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ വരെ കുഞ്ഞാപ്പ ഇങ്ങോട്ട് വരണ്ട എന്നഭിപ്രായക്കാരനാണ്. ഇതാണ് പ്രശ്നം. ഗ്രിപ്പ് ഇല്ലാതാവുമ്പോള്‍ ഓരോരുത്തര്‍ ചെയ്യുന്നത് വളരെ വിചിത്രമായ കാര്യങ്ങളായിരിക്കും. അതിപ്പോ കുഞ്ഞാലിക്കുട്ടി സാഹിബ് ആയാലും അങ്ങനെ തന്നെ.

അച്ചടക്കപാര്‍ട്ടിയായ സിപിഎമ്മില്‍ ഇന്ന് അടക്കം പൊട്ടിയ കഥയുണ്ട് ആലപ്പുഴയില്‍. നഗരസഭാ അധ്യക്ഷയായി ജി.സുധാകരന്‍റെ അനുയായി സൗമ്യാ രാജിനെ തീരുമാനിച്ചതാണ് പരസ്യപ്രതിഷേധത്തിന് കാരണമായത്. പാര്‍ട്ടിക്ക് രണ്ടു മുഖങ്ങളുള്ള സ്ഥലമാണല്ലോ ആലപ്പുഴ. അച്ചടക്കം കാണിക്കാത്തവരെ അത് പഠിപ്പിക്കുന്ന പാര്‍ട്ടിയായതുകൊണ്ട് പാർട്ടിയെ വെല്ലുവിളിച്ച് പരസ്യപ്രതിഷേധം നടത്തിയ മൂന്നുബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎമ്മില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്‍റെ ചില വഴിയോരക്കാഴ്ചകള്‍.

പ്രശ്നത്തില്‍ ജില്ലയില്‍ നിന്നുള്ള മറ്റേ മുഖം തോമസ് ഐസക്ക് കൂടി പ്രതികരിക്കണമെന്നൊരു ആഗ്രഹം നമുക്കുണ്ട്. അപ്പോഴാണല്ലോ ജനാധിപത്യം പൂര്‍ണമാകുന്നത്. 

തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി ജനറല്‍ സെക്രട്ടരി താരിഖ് അന്‍വര്‍ കേരളത്തിലെത്തിയിരുന്നു. എന്തുകൊണ്ട് തോറ്റു എന്നതിന് സിപിഎമ്മിന്‍റെ കൈയ്യിലിരിപ്പാണ് കാരണമെന്ന് കെപിസിസി അധ്യക്ഷന്‍ എഐസിസി അംഗത്തെ അറിയിച്ചതായാണ് സൂചന. എല്‍ഡിഎഫിന് വോട്ടുചെയ്ത വോട്ടര്‍മാരാണ് യുഡിഎഫ് തോല്‍വിയുടെ മറ്റൊരു പ്രധാനകാരണക്കാര്‍ എന്നും ബോധിപ്പിച്ചിട്ടുണ്ട്. ആ നിലയ്ക്ക് സിപിഎമ്മിനെ പരസ്യമായി ശാസിക്കാനായിരിക്കും എഐസിസി എടുക്കുന്ന തീരുമാനം.

ഇതാണ് കുഴപ്പം. ആരും പരസ്യമായി മിണ്ടരുതെന്ന് നേരിട്ട് പറയാന്‍ പറ്റില്ല, പകരം അതും പരസ്യമായി വിളിച്ചുപറയേണ്ടിവരുന്നു എന്നതാണ് ഈ പാര്‍ട്ടിയുടെ പ്രധാന പ്രശ്നം. അത്രയെങ്കിലും മനസിലാക്കാനുള്ള വകതിരിവ് ഉണ്ടായിക്കിട്ടിയാല്‍ പകുതി രക്ഷപ്പെടും അപ്പോ അതാണ്, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറയാതിരുന്നാ തന്നെ കിട്ടുന്ന വോട്ട് കുറയില്ല. അപ്പോ വാ തുറക്കുന്നതാണ് പ്രധാനപ്രശ്നം. അതിനൊക്കെ മോദിജിയെ ഒക്കെ കണ്ടുപഠിക്കണം ഈ കോണ്‍ഗ്രസുകാര്‍. മാധ്യമങ്ങളെ കാണാറേയില്ല. വല്ലപ്പോഴും നേരിട്ട് വന്ന് അങ്ങോട്ടൊന്നും ചോദിക്കാന്‍ പറ്റാത്ത കോലത്തില്‍ എന്തെങ്കിലും പറഞ്ഞിട്ട് പോകും. ഇതിപ്പോ യുഡിഎഫിലെ ഘടകക്ഷികളൊക്കെയാണ് കോണ്‍ഗ്രസിനെ ആരു നയിക്കണം എന്നൊക്കെ യോഗത്തില്‍ ആവശ്യപ്പെടുന്നത്. വല്ലാത്തൊരു ജനകീയ പാര്‍ട്ടി തന്നെ ഈ കോണ്‍ഗ്രസ്.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് വാഴുന്ന കോണ്‍ഗ്രസ്. അതാണ് പി.ജെ. ജോസഫ് സ്വപ്നം കണ്ട കേരളം. നടന്നതുതന്നെ. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...