പിണറായി വച്ച കെണി; അജണ്ട: രാഷ്ട്രീയ ധ്രുവീകരണം; പിടി കിട്ടിയോ?

Thiruvaa-New
SHARE

തിരുവാ എതിര്‍വായുടെ പുതിയ രാഷ്ട്രീയ വിശദീകരണ യോഗം ആരംഭിക്കുകയാണ്. തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് രചനയും സംവിധാനവും. നവോത്ഥാനത്തിന്‍റെ തരിമ്പു പോലും ഈ എപ്പിസോഡില്‍ പ്രതീക്ഷിക്കരുത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഎം, ബിജെപി എന്നീ ചേരുവകള്‍ അടങ്ങിയ കിറ്റിന്‍റെ രൂപത്തിലാണ് അവതരണം. രാഷ്ട്രീയ ധ്രുവീകരണം അജണ്ടയിലുണ്ട്. സംപ്രേഷണ തുടര്‍ച്ച മാത്രമാണ് ലക്ഷ്യം. വിഡിയോ കാണാം.

രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങിത്തന്ന ഒരു പാര്‍ട്ടി സ്വന്തം സംസ്ഥാന പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലാതെ വിഷമിക്കുന്ന ദയനീയ കാഴ്ചയ്ക്കാണ് രാഷ്ട്രീയകേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. മറുവശത്ത് സിപിഎമ്മുകാര്‍ വിജയാഘോഷം അവസാനിപ്പിച്ചിട്ടില്ല. അടുത്തൊന്നും അവസാനിപ്പിക്കുന്ന ലക്ഷണവും കാണുന്നില്ല. നമുക്ക് പരാജിതരുടെ ക്യാംപിലേക്ക് ആദ്യം പോകാം. എന്തുകൊണ്ടു തോറ്റു എന്ന എല്ലാവര്‍ക്കും ഉത്തരമറിയാവുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ എന്ന വ്യാജേന യുഡിഎഫുകാര്‍ യോഗം ചേര്‍ന്നു. 

യുഡിഎഫിന്‍റെ നേതൃത്വം ലീഗ് ഏറ്റെടുത്തോ എന്ന സംശയം പിണറായി വിജയന്‍ ഉന്നയിച്ചതോടെയാണ് കോണ്‍ഗ്രസും യുഡിഎഫും ആ പ്രശ്നത്തിന് പിന്നാലെ കൂടിയത്. പിണറായി വച്ച കെണിയില്‍ വീണ് ഞങ്ങളുടെ നേതാവിനെ ഞങ്ങള്‍ തന്നെ കണ്ടെത്തും എന്ന് ആവര്‍ത്തിച്ച് വിശദീകരിക്കുകയാണ് ഇപ്പോ കോണ്‍ഗ്രസുകാരെല്ലാം.  അങ്ങനെ നോക്കിയതാണല്ലോ ഇപ്പോ കണ്ടത്. ഇടപെടാന്‍ ആരുമില്ലാതായതിന്‍റെ സകല പ്രശ്നങ്ങളും കാണാനുണ്ട്

മുസ്ലിം ലീഗിന്‍റെ അതിബുദ്ധിയില്‍ നിന്നാണ് ഈ പ്രശ്നത്തിന്‍റെ തുടക്കം. തിരഞ്ഞടുപ്പില്‍ വിചാരിച്ച വിജയം കിട്ടാത്തതിന്‍റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്‍റെ തലയില്‍  വച്ച് മിടുക്കു കാണിക്കാനായിരുന്നു ലീഗിന്‍റെ ശ്രമം. കോണ്‍ഗ്രസേ നിങ്ങളാദ്യം ഒന്ന് നന്നാവ് എന്ന് ലീഗ് പറഞ്ഞതായി വാര്‍ത്ത വന്നു. ഇബ്രാഹിം കുഞ്ഞിന്‍റെ പഞ്ചവടിപ്പാലവും കമറുദ്ദീന്‍റെ സ്വര്‍ണക്കടയും ഒന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല, എല്ലാം കോണ്‍ഗ്രസിന്‍റെ കുഴപ്പം എന്നു കാണിക്കാനായിരിക്കും ലീഗ് ആ നമ്പരിട്ടത്. ആവശ്യപ്പെട്ടോ ഇല്ലയോ എന്നതല്ല, അങ്ങനെ വാര്‍ത്ത വന്നു എന്നതാണ് പ്രധാനം. ലീഗ് നേതാക്കളുടെ പേരിലെ ആക്ഷേപങ്ങള്‍ പൊതുവില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായി എന്ന് പറഞ്ഞ് തങ്ങള്‍ക്ക് ഒരു കത്ത് ഞങ്ങളും അയച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ക്കും ഒരു വാര്‍ത്ത ഇറക്കാമായിരുന്നു. കൂടിപ്പോയാല്‍ കോണ്‍ഗ്രസ് –ലീഗ് തര്‍ക്കം എന്ന് ഒരു വാര്‍ത്ത കൂടി വരും. അതു പിന്നെ ഒരു ബിരിയാണി കഴിച്ച് പരിഹരിക്കാവുന്ന കേസേ ഉണ്ടായിരുന്നുള്ളു. ഇതിപ്പോ ആകെ അലമ്പായി

ലീഗാണ് കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് പിണറായിയും ലീഗല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ചെന്നിത്തലയും ഇങ്ങനെ ശക്തമായി പറയുന്നതിന് പിന്നിലാണ് ഇന്നത്തെ കേരളത്തിന്‍റെ രാഷ്ട്രീയമിരിക്കുന്നത്. സത്യത്തില്‍ പിണറായിക്ക് പേറ്റന്‍റുള്ള ഒരു രാഷ്ട്രീയ പ്രസ്താവനയല്ല ഇത്

കേരളം വല്ലാതെ പുരോഗമിച്ച് പുത്തുലഞ്ഞ നാടാണെന്നും ലോകത്തിലെ നവോഥാന തലസ്ഥാനമാണെന്നും ഒക്കെ നമുക്കറിയാം. എന്നാലും ഇപ്പറഞ്ഞ രാഷ്ട്രീയം മനസിലാക്കണമെങ്കില്‍ നമ്മുടെ അത്തരം നിഷ്കളങ്കതയൊക്കെ തല്‍ക്കാലം മാറ്റിവച്ച് താഴേക്ക് വരണം. താഴേക്ക് എന്നുവച്ചാല്‍ നമ്മുടെ നാട്ടിലെ  നേതാക്കളുടെ നിലയിലേക്ക്. ഈ ന്യൂനപക്ഷ വോട്ട് ബാങ്ക് എന്ന് പറയുന്ന ബാങ്കില്‍ രണ്ട് അക്കൗണ്ടുകള്‍ ഉള്ളതറിയാമല്ലോ. അത് മനസില്‍ വച്ചിട്ട് ഒന്ന് ചിന്തിച്ച് നോക്കണം.എന്താണിങ്ങനെ ലീഗിനെ നടുവില്‍ നിര്‍ത്തി ഒരു കളി വരാന്‍ കാരണം

അരിയും ഗോതമ്പും കിറ്റിലെ പലവ്യഞ്ജനവും കഴിച്ചില്ലെങ്കിലും കാര്യം മനസിലാകും.വ്യക്തമായി പറയാന്‍ ഇവരുടെയൊക്കെ മാന്യത സമ്മതിക്കാത്തതു കൊണ്ടാണ്. അതായത് യുഡിഎഫ് പണ്ട് ഭരിച്ചിരുന്ന കാലത്ത് അത് കുഞ്ഞൂഞ്..കുഞ്ഞാലി..കുഞ്ഞുമാണി ഭരണം ആണെന്ന് ഒരു പറച്ചിലുണ്ടായിരുന്നത് ഓര്‍മയുണ്ടല്ലോ. അതിനൊക്കെ ശേഷമാണല്ലോ

രമേശ് ചെന്നിത്തലയ്ക്ക് താക്കോല്‍ സ്ഥാന ലബ്ദിയൊക്കെ ഉണ്ടായത് .. 

കാര്യം പിടി കിട്ടിയില്ലേ? സത്യത്തില്‍ യുഡിഎഫിലെ കാര്യങ്ങള്‍ ആരു തീരുമാനിച്ചാല്‍ സിപിഎമ്മിന് എന്താണ്? അത് ലീഗ് ആണെന്ന് വന്നാല്‍ മെച്ചമുണ്ടാകുമെന്ന് പിണറായിക്കും കോടിയേരിക്കും അവരുടെ പാര്‍ട്ടിക്കും അറിയാം. ഇതിന്‍റെ ബാക്കി അറിയാന്‍ കോട്ടയം വരെയൊന്നു പോകാം. ജോസഫ് വാഴയ്ക്കന്‍ കെസി വേണുഗോപാലിനെയോ ചെന്നിത്തലയെയോ പോലെ പൊതിഞ്ഞു പറയാത്ത ആളാണെന്നാണ് പൊതുവേ കേട്ടിട്ടുള്ളത്. അദ്ദേഹത്തിന്‍റെ പരാതി ശ്രദ്ധിച്ച് കേള്‍ക്കണം

അതായത്, മാണി സാറിന്‍റെ മരണവും ജോസ്മോന്‍റെ ഇടത്തോട്ട് പോക്കും ഒക്കെ കഴിഞ്ഞ ശേഷമുള്ള കേരളമാണിതെന്ന് ഓര്‍മ വേണം. ഞങ്ങളുടെ ആളുകള്‍ക്ക് ഒരു മുന്നണിയില്‍  സ്വാധീനമില്ലാതായെന്നും മറ്റുചില ആളുകള്‍ക്ക് സ്വാധീനം കൂടിയിട്ടുണ്ടെന്നും ആര്‍ക്കെങ്കിലും ആരെക്കൊണ്ടെങ്കിലും തോന്നിപ്പിക്കാനായാല്‍ അവര്‍ എതിര്‍ഭാഗത്തുള്ള മുന്നണിയിലേക്കല്ലേ നോക്കൂ..അങ്ങനെ ഒരു നോട്ടം കിട്ടാന്‍ വഴികള്‍ വേറെയുമുണ്ട് ഒരുപാട്

കോണ്‍ഗ്രസിന്‍റെ നേതൃ പ്രതിസന്ധി പക്ഷേ ഇതുപോലെ സങ്കീര്‍ണമൊന്നുമല്ല. പിണറായി പറയും പോലെയൊന്നുമല്ല. ലീഗിനു പോയിട്ട് സ്വന്തം ഹൈക്കമാന്‍ഡിന് പോലും അവിടെ ഒരു സമാധാനം ഉണ്ടാക്കാന്‍ പറ്റിയെന്നു വരില്ല.   ആരും കൂടെയില്ലാത്തവര്‍ക്ക് കൂടെയുള്ളത് ഫ്ളക്സുകളാണ്. നാടിന്‍റെ പല ഭാഗത്തും കെപിസിസി പ്രസിഡന്‍റിനായുള്ള നാമനിര്‍ദേശങ്ങള്‍ ഫ്ളക്സിന്‍റെ രൂപത്തില്‍ വന്നു കൊണ്ടിരിക്കുന്നു. എന്നെ വിളിക്കൂ.. കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് ഓരോ നേതാവും മനസില്‍ പറയുന്നത്. 

അമിത് ഷാ ബംഗാളില്‍ ഒരു കറക്കം കറങ്ങിയിട്ടുണ്ട്. ശരിക്കും കറങ്ങിപ്പോയത് മമത ബാനര്‍ജിയാണ്. പണ്ട് സെന്‍റ് തോമസിന്‍റെയൊക്കെ കഥ പറഞ്ഞ പോലെയാണ് ഈ അമിത് ഷായുടെ കാര്യം. പുള്ളി കാലു കുത്തിയാല്‍ കുറേ പേരെ ബിജെപിയിലേക്ക് സ്നാനപ്പെടുത്തും. ഇത്തവണ നല്ല സ്റ്റൈലായിട്ടായിരുന്നു പോക്ക്. ഡാന്‍സും പാട്ടും ഫുഡ്ഡടിയും എല്ലാമുണ്ടായി

കോവിഡ് പേടിയാണെന്ന് പറഞ്ഞ് പാര്‍ലമെന്‍റ് സമ്മേളനം ഒക്കെ മാറ്റി വച്ച അമിത് ഷാ ബംഗാളില്‍ ചെന്നപ്പോള്‍ ഒരു കോവിഡ് പ്രോട്ടോക്കോളുമില്ലായിരുന്നു. കാലില്‍ തൊട്ട് വന്ദനവും കെട്ടിപ്പിടിത്തവും ഒന്നും ഒരു കുറവുമില്ലാതെ. പണ്ട് കോഴ വാങ്ങുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് ബിജെപി ലോക ഫോഡെന്ന് വിളിച്ചു നടന്ന സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള സംഘമാണ് ഇത്തവണ അമിത് ജിക്ക് സിന്ദാബാദ് വിളിച്ച് കൂടെപ്പോന്നത്. ഇതൊന്നും മോദിജിയുടെ ഇന്ത്യല്‍ ഇപ്പോള്‍ വലിയ വാര്‍ത്തയൊന്നുമല്ല. ചുമ്മാ പറഞ്ഞെന്നേയുള്ളു

അമിത് ഷാ ഇങ്ങനെ ഇത്രയും പബ്ളിസിറ്റി നേടുമ്പോള്‍ മോദി ജിക്ക് വെറുതെയിരിക്കാന്‍ പറ്റില്ലല്ലോ. കര്‍ഷ സമരം പൊളിക്കാനുള്ള പുതിയ നമ്പറായിരുന്നു അദ്ദേഹത്തിന്‍റെ വക. സര്‍ദാര്‍ജിമാരൊക്കെ ഡല്‍ഹിയില്‍ സമരവുമായി തകര്‍ക്കുന്ന സമയത്ത് മോദിജിക്് ഒരാഗ്രഹം. അവരുടെ ദേവാലയത്തില്‍ പോയി ഒന്നു വണങ്ങണമെന്ന്. ഇനി അതു കണ്ട് ആര്‍ക്കെങ്കിലും സമരം നിര്‍ത്താന്‍ തോന്നിയാലോ. നമ്മുടെ ആളാണെന്ന് തോന്നിയിട്ട്

മോദി ജിയും അമിത് ഷാ ജിയും ഇങ്ങനെ താരങ്ങളായി തിളങ്ങുമ്പോള്‍, അവരുടെ കേരളാ അനുയായികള്‍ തമ്മില്‍ തല്ലി നേരം കൊല്ലുകയാണ്. ബാക്കി സംസ്ഥാനങ്ങളിലൊക്കെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ആളുകള്‍ ബിജെപിയിലേക്കാണെങ്കില്‍ ഇവിടെ ബിജെപിയില്‍ നിന്ന് പുറത്തേക്ക് ഒരു ഒഴുക്കുണ്ടാകാന്‍ എല്ലാ സാധ്യതയും കാണുന്നുണ്ട്. ശോഭാ സുരേന്ദ്രനും സംഘവും കേന്ദ്രത്തിന് പരാതി കത്തും അയച്ച് കാത്തിരിപ്പാണ്. നില്‍ക്കണോ പോണോ എന്നറിയാന്‍

സ്വന്തം പാര്‍ട്ടിക്കാര്‍ അയക്കുന്ന കത്തിന്‍റെ കാര്യമൊന്നും അദ്ദേഹത്തിനറിയില്ല. സ്വര്‍ണക്കേസിലെ വല്ല പ്രതികളും കൊടുത്ത രഹസ്യ മൊഴിയോ, കേന്ദ്ര ഏജന്‍സികള്‍ സീല്‍ ചെയ്ത് കോടതില്‍ കൊടുത്ത റിപ്പോര്‍ട്ടോ ആണെങ്കില്‍ പറഞ്ഞേനെ അവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു എന്നത് ശരിതന്നെയാണ്. പക്ഷേ പാര്‍ട്ടിക്കെതിരെയാണ് പങ്കെടുത്തത് എന്നു മാത്രം. പക്ഷേ  മുരളീധര്‍ ജീ. താങ്കളുടെ സംസ്ഥാന പ്രസിഡന്‍റ് താങ്കളുടെയത്ര നല്ല നടനല്ല. കുറച്ചൊക്കെ ഉള്ളത് ഉള്ളത് പോലെ പറയും

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...