‘ഒരു സിബിഐ ദുരന്തക്കുറിപ്പ്’

periya-cbi-thiruva
SHARE

വല്ലാത്തൊരു കാലത്തിലൂടെയാണ് നമ്മള്‍ ഈ മലയാളികള്‍ കടന്നുപോവുന്നത്. അടുത്ത് പരിചയപ്പെടുമ്പോഴാണ് മനസിലെ വിഗ്രഹം വീണുടയുന്നതെന്ന് ഏതോ സാധാരണക്കാരന്‍ പറഞ്ഞത് ശരിയാണ്. ബുദ്ധിയും വൈദഗ്ധ്യവും തികഞ്ഞവരെന്നൊക്കെ നമ്മള്‍ കരുതുന്നവര്‍ ലോക പരാജയങ്ങളായി മാറുന്നതെന്താണെന്ന് മാത്രം മനസിലാകുന്നില്ല. സസ്പെന്‍സ് നീട്ടുന്നില്ല. 

ഭരിക്കുന്നവരുടെ ബുദ്ധിസാമര്‍ഥ്യം അതത് കാലത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് കൂടി കിട്ടുമെന്ന് പകല്‍പോലെ തെളിഞ്ഞ ഒരു ദിവസമാണിന്ന്. കെ. മധു സംവിധാനം ചെയ്ത സിനിമയിലാണ് കേസന്വേഷിച്ച് തെളിയിക്കുന്ന കുശാഗ്രബുദ്ധിക്കാരാണ് ഈ സിബിഐ എന്ന് മലയാളികള്‍ മനസിലാക്കിയത്. അന്ന് തുടങ്ങിയതാണ്, ഏത് പിടിച്ചുപറി കേസും തെളിയണമെങ്കില്‍ സിബിഐ വരണം എന്നൊരു വിചാരം. കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസില്‍ രാഷ്ട്രീയഇടപെടല്‍ ആരോപിക്കപ്പെട്ടതുമുതല്‍ അത് സിബിഐക്ക് വിടണം എന്നായി ആവശ്യം. ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെങ്കില്‍ കേരള പൊലീസ് അന്വേഷിച്ചാലൊന്നും കാര്യം തെളിയില്ലെന്ന് ന്യായമായും ‌കരുതാനുള്ള എല്ലാവിധ അവകാശവും ഈ നാട്ടുകാര്‍ക്കുണ്ട്. അതിവിടുത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ കാലാകാലങ്ങളില്‍ ഉണ്ടാക്കിവച്ച ഒരാചാരമാകുമ്പോള്‍ ഒന്നും പറയാനും ഇല്ല. പക്ഷേ സിബിഐ ഒരു വരവ് ഇന്ന് വന്നു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ സിബിഐയെ തടയാന്‍ പോയ ഇടതുസര്‍ക്കാര്‍ അതില്‍ തോറ്റെങ്കിലും  ഇന്നത്തെ സിബിഐ വരവും പ്രകടനവും വലിയ വിജയം തന്നെയാണ് നല്‍കിയത്. 

മലയാളിക്ക് സിബിഐയുെട പൂര്‍വചരിത്രം എന്നത് മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ അന്വേഷിച്ച് തെളിയിച്ച കേസുകളാണ്. അതിലപ്പുറം വേറെ കേസുളൊന്നും സിനിമയ്ക്ക് പുറത്ത് സിബിഐ അന്വേഷിച്ച് തെളിയിച്ച ചരിത്രം നമ്മളാരും കേട്ടിട്ടില്ല. അതുകൊണ്ടാവും സിനിമാ സ്റ്റൈലില്‍ അന്വേഷണം നടത്തിയത്. പക്ഷേ ഉദ്ദേശിച്ചത് സിനിമ ആണെങ്കിലും അരങ്ങിലെത്തിയപ്പോള്‍ അതൊരു സ്കിറ്റ് ആയിപ്പോയി എന്നേയുള്ളു. പ്രാക്ടീസിന്‍റെ അഭാവം നല്ലവണ്ണം ഉണ്ട്. അടുത്ത തവണ അതുകൂടി പരിഹരിച്ചുവേണം പുനരാവിഷ്കരിക്കാന്‍.

ഒന്നുകില്‍ സിബിഐയിലെ ഏതോ സിപിഎം അനുഭാവി സിബിഐയെ നാണം കെടുത്താന്‍ കൊടുത്ത ഉപദേശമായിരിക്കും ഇത്. അല്ലെങ്കില്‍ ബിജെപി നേതാക്കള്‍. അവര്‍ കരുതിയത് സേതുരാമയ്യര്‍ സ്റ്റൈലില്‍ വന്നാലേ സംഗതി കളറാകൂ എന്നാവും. അതിനാണ് സാധ്യത കൂടുതല്‍. കാരണം സിബിഐ ഒക്കെ കേന്ദ്രഏജന്‍സി ആണല്ലോ. ചരിത്രത്തിലും ശാസ്ത്രത്തിലുമൊക്കെ ബിജെപിക്കാര്‍ പുലര്‍ത്തുന്ന അസാമാന്യ വിഡ്ഢിത്തങ്ങള്‍ വച്ച് നോക്കുമ്പോള്‍ കേരളത്തിലെ സിബിഐ പടങ്ങളുടെ ആരാധകനായ ഒരു സംഘപുത്രന്‍ നല്‍കിയ തിരക്കഥയാവും ഇത്. അല്ലെങ്കില്‍ പിന്നെ കൊലപാതകമെന്ന് പകല്‍പോലെ വ്യക്തമായ കേസില്‍ ഡമ്മി പരീക്ഷണമൊക്കെ നടത്തേണ്ട കാര്യമെന്താണ്? മരണത്തില്‍ സംശയമുള്ളപ്പോഴാണല്ലോ അമ്മാതിരി പരിപാടിയൊക്കെ സംഘടിപ്പിക്കാറ്.

മൊത്തത്തില്‍ ഒരു ഉര്‍വശി തീയറ്റര്‍ സെറ്റപ്പ് ആയിരുന്നു. ആദ്യം കുറെ പേരെ കൊണ്ടുവന്ന് നിരത്തി നിര്‍ത്തുക. തെര്‍മോകോളില്‍ നിര്‍മിച്ച വാളുകളും കൊലപാതകികള്‍ക്ക് അണിയാനുള്ള മുഖംമൂടിയുമായി കലാസംവിധായകന്‍ റെഡി. എന്നിട്ട് അതൊക്കെ ആളുകളെ ധരിപ്പിക്കുക. ഇതൊക്കെ നടപ്പാക്കാന്‍ സിബിഐ എന്തുമാത്രം ബുദ്ധിയായിരിക്കും പ്രയോഗിച്ചിരിക്കുക. ഇതിപ്പോ കെ. മധു സിബിഐ സിനിമ എടുത്തത് അന്നത്തെ സിബിഐയെ കണ്ടായിരുന്നു. ഇന്ന് സിബിഐ ഇതൊക്കെ ചെയ്യുന്നത് സിനിമ കണ്ടിട്ടാണെന്നു മാത്രം. ആ ഒരു വ്യത്യാസമേ ഉള്ളു.

എന്തൊക്കെ പറഞ്ഞാലും സിനിമ സംവിധായകന്‍റെ കലയാണല്ലോ. അതേതായാലും ഇന്നത്തോടെ സിബിഐക്ക് മനസിലായിക്കാണും. സിനിമ എടുപ്പ് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രധാനപ്പെട്ട കാര്യം മറ്റൊന്നാണ്. ഭാവിയില്‍ ഭാവന കൂടുതലുള്ള ആളുകള്‍ക്ക് സിബിഐയില്‍ റിക്രൂട്ട്മെന്‍റ് നല്‍കാന് മോദി ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ഈ സംഭവം ഓര്‍മിപ്പിക്കുന്നത്.

കുറച്ച് നല്ല തിരക്കഥകളും കൂടി അവര്‍ക്ക് കൊടുക്കുന്നത് നന്നായിരിക്കും. വിഖ്യാതമായ സിബിഐയുടെ ഒരു ചീറ്റിപ്പോയ സിബിഐ സിനിമയ്ക്ക് ഒരിടവേള  നാളെ വലിയൊരു സംഭവം നടക്കാന്‍ പോവ്വാണല്ലോ. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് വിജയം എന്നൊക്കെ നാളെ അറിയാം. അതുകൊണ്ട് ആഗ്രഹങ്ങളും ആശകളും പങ്കുവയ്ക്കാനുള്ള അവസാന നിമിഷങ്ങളിലൂടെയാണല്ലോ നാട് കടന്നുപോകുന്നത്. എല്ലാ പാര്‍ട്ടിക്കാരും അവരവരുടെ ജയം പ്രവചിക്കുന്നതില്‍ വലിയ പുതുമയില്ല. അതൊക്കെ ആശകളാണ്. പിന്നെ സ്വയം ആശ്വസിക്കാനും അണികളെ ആശ്വസിപ്പിക്കാനുള്ള ഒരു മനശാസ്ത്രം. പക്ഷേ വേറൊരു നേതാവുണ്ട്. ഉള്ളുപൊള്ളി പ്രാര്‍ഥിക്കുന്ന നേതാവ്. കാരണം അദ്ദേഹം ഫാസിസത്തിനെതിരെയുള്ള പോരാട്ടം പാതിവഴിയില്‍ നിര്‍ത്തി കേരളത്തിലേക്ക് തിരിച്ച് വന്ന ആളാണ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം കിട്ടിയില്ലെങ്കില്‍ സഹിക്കാന്‍ കഴിയില്ല പാവത്തിന്. അതുകൊണ്ട് വലിയ വലിയ സ്വപ്നങ്ങളിലാണ് മൂപ്പര്‍.

കുഞ്ഞാലിക്കുട്ടി സാഹിബിന് യുഡിഎഫ് തേരോട്ടം അത്യന്താപേക്ഷിതമാണ്. അധികാരത്തില്‍ തിരിച്ചെത്തി മന്ത്രിയൊക്കെ ആവേണ്ടതല്ലേ. അതിന് വേണ്ടി എന്തെല്ലാം ത്യജിച്ചാണ് പ്രവര്‍ത്തനം ഡല്‍ഹി വിട്ട് കേരളത്തിലേക്ക് മാറ്റിയത്. ഫാസിസം വരെ ഒരു എതിര്‍പോരാളിയില്ലാതെ ഏകാംഗനാടകം കളിച്ചിരിക്കുകയാണ്. 

കോവിഡ് വാക്സിന്‍റെ കാര്യം പറയാതെ പറ്റില്ല. തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞ സ്ഥിതിക്ക് ചട്ടലംഘനം ആവില്ലാന്ന് കരുതുന്നു. സംഗതി  തിരഞ്ഞെടുപ്പ്  പെരുമാറ്റ ചട്ടലംഘനം ആണോ അല്ലയോ എന്ന് ചോദിക്കുമ്പോള്‍ അതിനും താത്വികമായി മറുപടി പറയാന്‍ കഴിവുള്ള ഒരാളാണ് 

ഇതിന്‍റെയൊക്കെ വല്ല ആവശ്യവും ഉണ്ടോ? ബിഹാര്‍ തിരഞ്ഞെടുപ്പിലെ പ്രചാരണ യോഗത്തില്‍ കോവിഡ് വാക്സില്‍ സൗജന്യമായി ബിഹാറില്‍ വിതരണം ചെയ്യുെമന്ന് പ്രഖ്യാപിച്ചത് ഈ രാജ്യത്തെ പ്രധാനമന്ത്രി മോദിയാണ്. മോദി ഇടുമ്പോ ബര്‍മുഡയും പിണറായി ഇടുമ്പോ വള്ളിട്രൗസറും ആകേണ്ട കാര്യമില്ലല്ലോ.  

ഇതിപ്പോ സംഗതി ആരു ഫ്രീ തന്നാലും അതീ നാട്ടുകാരുടെ നികുതിപ്പണം ഉപയോഗിച്ചാണല്ലോ. ഇവരൊക്കെ പറയുന്നത് കേട്ടാല്‍ തോന്നും  ഈ ബിജെപ്പിക്കാരൊക്കെ പാര്‍ട്ടി ഓഫിസില്‍ നിന്ന് പൈസ കൊടുത്തിട്ടാണ് ഇതൊക്കെ ഫ്രീയായി നല്‍കുന്നത് എന്ന്. ഇനി വേണേല്‍ പെട്രോളിനും ഡീസലിനും വില കൂട്ടി അതും വാക്സിന്‍ വാങ്ങാനാണെന്ന് പറഞ്ഞാലും ഈ നാട്ടിലെ സംഘപുത്രര്‍ വിശ്വസിക്കും. ഇതൊന്നും വല്യ ഇഷ്യൂ ആക്കേണ്ട കാര്യമില്ല.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...