ഇഡി ഇനി ആരെയൊക്കെ ആശുപത്രിയിലാക്കും?; കാത്തിരുന്ന് കാണാം

te
SHARE

ഈ ഇഡിയും എന്‍ഐഎയും വിജിലന്‍സും എല്ലാം ചേര്‍ന്ന് കുറച്ചധികം പേരെ ആശുപത്രിയിലാക്കുന്ന ലക്ഷണമാണ് കാണുന്നത്. കേരളത്തിലെ പലരുടെയും ആരോഗ്യം നശിപ്പിക്കുന്ന പരിപാടിയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നതെന്ന് ആരോപിച്ചാലും തെറ്റില്ല. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഒരു നോട്ടീസ് നല്‍കിയതിനു പിന്നാലെ അദ്ദേഹത്തിന് കോവിഡായി. ഇപ്പോ ഇതാ കോവിഡ് മാറി എന്നറിഞ്ഞപ്പോള്‍ വീണ്ടും നോട്ടീസ്. അതോടെ സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍. ഇതൊക്കെ എവിടെ ചെന്നെത്തുമോ എന്ന ആശങ്ക പങ്കിട്ടുകൊണ്ട് തുടങ്ങുകയാണ്. തിരുവാ എതിര്‍വാ

കിഫ്ബിയിലെ കണക്കുകള്‍ വിവാദ കണക്കുകളായിട്ട് കുറച്ചു ദിവസങ്ങളായി. കണക്കിലെ കളികള്‍ കണ്ട് ബോറഡിക്കുന്നുണ്ടെങ്കിലും ബോണ്ടും ബോണ്ടയും തമ്മിലുള്ള വ്യത്യാസം നാട്ടുകാര്‍ക്ക് മനസിലാകാന്‍ അതിടയാക്കി. കാര്യം നമ്മുടെ തോമസ് ഐസക്കിന് മാത്രമായിരുന്നു ഇത്രയും നാള്‍ ഈ കിഫ്ബി എന്താണ് എങ്ങനെയാണ് എന്ന് അറിയാമായിരുന്നത്. സിഎജി കാരണം ഇപ്പോള്‍ മറ്റു പലര്‍ക്കും അത് അറിയാം. കിഫ്ബി പോലുള്ള ചില നമ്പറുകളുടെ പേരിലാണ് ധനമന്ത്രി തോമസ് ഐസക് മന്ത്രിസഭയില്‍ ഷൈന്‍ ചെയ്യുന്നത്. സ്വര്‍ണക്കടത്തും വിവാദങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ പാണ്ടിലോറഇക്കു മുന്നില്‍ തവള എന്ന കണക്കിന് ഐസക് ചാടി വീണു. അതോടെ പ്രതിപക്ഷത്തിന്‍റെ ശ്രദ്ധ പാളി. മുഖ്യന്‍ ഇടവഴിയേ ഓടി രക്ഷപെട്ടു. ആ ഓട്ടത്തിനിടയില്‍ പൊലീസ് നിയമ ഭേദഗതിയില്‍ തയടിടിച്ചു വീണു എന്ന ചരിത്രം അവിടെ നില്‍ക്കട്ടേ. ഇപ്പോള്‍ അത് പറയുന്നില്ല. സാക്ഷാല്‍ പിണറായി വിജയന്‍ വന്നിട്ടുണ്ട്. കിഫ്ബിയെ തൊട്ടവനെ തട്ടും എന്ന ലൈനില്‍. സിഎജിയെ തൊട്ടാല്‍ തട്ടുമെന്ന് പ്രഖ്യാപിച്ച് കെ സുരേന്ദ്രനും കളത്തില്‍. 

ചുരുക്കത്തില്‍ ഇനിയും അങ്ങോട്ട് അടിതടകള്‍ തന്നെ എന്നുറപ്പ്. ഐകിസ്സിനെ വളഞ്ഞിട്ട് തല്ലുന്നത് എത്രയാന്നുവച്ചാ പിണറായി കണ്ടിരിക്കുക. ഒന്നുവല്ലേലും പിണറായി സഖാവിനു വേണ്ടിയായിരുന്നല്ലോ എല്ലാം. 

ഇതിനുള്ളത് മിക്കവാറും നാളെ വൈകിട്ട് ആറുമണിക്ക് സുരേന്ദ്രന് കിട്ടി ബോധിക്കും. കിഫ്ബിക്കെതിരെ കളത്തിലുള്ള മറ്റൊരു പ്രമുഖനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പു കാലമാണല്ലോ. അപ്പോള്‍ പിണറായി ഒന്ന് പ്രകോപിച്ചു കാണുക എന്നത് വലതുപക്ഷത്തിന്‍റെ സ്ഥിരം നമ്പറാണ്. വല്ല പരനാറിയെന്നോ ഒക്കെ വീണുകിട്ടിയാല്‍ പുളിക്കില്ലല്ലോ. പ്രതിപക്ഷത്തിന്‍റെ ആ വാരിക്കുഴിയില്‍ ഇക്കുറി വിജയേട്ടന്‍ വീണില്ല. സൗമ്യനും ശാന്തനുമായിരുന്നു ആ ദേഹം. ചെന്നിത്തലയെ പിണറായി സ്നേഹിച്ചു കൊന്നു

ബിജെപിയും കോണ്‍ഗ്രസും ഒക്കചങ്ങായിമാരാണെന്ന് പിണറായി പറയാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. സത്യം പറഞ്ഞാല്‍ സിദ്ധിഖ് ലാല്‍ അവരുടെ സിനിമക്ക് ഫ്രണ്ട്സ് എന്നു പേരിടുന്നതിന് മുന്‍പ് കഥ പിണറായിയോട് പറഞ്ഞിരുന്നെങ്കില്‍ ഒക്കചെങ്ങായിമാര്‍ എന്ന പേര് പുള്ളി സജസ്റ്റ് ചെയ്തേനേ

ബോറഡിമാറ്റാനുള്ള ഒരു നല്ല മരുന്നാണ് കൊടിക്കുന്നിലിനെ കേള്‍ക്കുക എന്നത്. കൊല്ലത്താണ് ഇന്നലെ പുള്ളി ആഞ്ഞു വീശിയത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിക്കാനാണ് വന്നത്. നൂറില്‍ നൂറും യുഡിഎഫ് എന്ന് തെളിവുകള്‍ നിരത്തി സ്ഥാപിച്ചു. ഇതുകേള്‍ക്കുന്ന തിരഞ്ഞെടുപ്പു കമ്മീഷന്‍ പോളിങ്ങും വോട്ടെണ്ണലും ചിലവും മെനക്കേടും ഒന്നും വേണ്ട എന്നുവച്ച് യുഡിഎഫിനെ ഭരണം ഏല്‍പ്പിക്കാതിരുന്നാ മതി. 

ബ്യൂട്ടിഫുള്‍. ശരിക്കും. വിജയം ഉറപ്പ്. നൂറുതരം. എന്തായാലും ഇത്രയുമായി . എന്നാല്‍ പിന്നെ അല്‍പ്പം ഗ്രൂപ്പിസം പറയാം. നല്ലൊരു ഖദര്‍ കൈയ്യില്‍ കിട്ടുമ്പോള്‍ ഗ്രൂപ്പ് പറയാതിരിക്കുന്നത് ശരിയല്ലല്ലോ. കൊടിക്കുന്നില്‍ ഇപ്പോ ഏതാ ഗ്രൂപ്പ്

ഗ്രൂപ്പില്‍ നിന്നും ലീവോ. പാര്‍ട്ടിയില്‍ നിന്ന് ലീവ് എന്നൊക്കെ കേട്ടിട്ടുണ്ട്. ശരിക്കും കോണ്‍ഗ്രസിലെ ഈ ഗ്രൂപ്പുകളില്‍ വരെ ജനാധിപത്യത്തിന്‍റെ അധിപ്രസരമാണ്.  എന്തായിരുന്നു ലീവുകാലത്ത് പരിപാടി. മറ്റ് ഗ്രൂപ്പുകളുമായി സഹജഡീകരണം വല്ലോം

എ ഗ്രൂപ്പില്‍ കാണാനില്ല എന്നാണ് പക്ഷേ എഗ്രൂപ്പുകാര്‍ പറയുന്നത്.  പക്ഷേ അത് എ ഗ്രൂപ്പിന് അറിയാമോ? അവര്‍ തെല്ലും അംഗീകരിക്കുന്നില്ലല്ലോ. ഇതിനെയാണ് രക്ത ബന്ധം എന്നു പറയുന്നത്. ഐ ഗ്രൂപ്പുകാരില്‍പ്പെട്ട ആര്‍ക്കെങ്കിലും രക്തം വേണ്ടിവന്നാല്‍ ഇനി കൊടിക്കുന്നിലിനെ വിളിക്കാന്‍ ഒന്ന് മടിക്കും. അപ്പോ ആ ചോരക്കഥ വിടാം. അകാലത്തില്‍ പൊലിഞ്ഞ പൊലീസ് നിയമ ഭേതഗതിയെക്കുറിച്ചു പറയാം. വല്ലാത്ത ഒരു ഗതിയായിപ്പോയി. ആറുമണിക്കുള്ള പതിവ് ഒരു മണിക്കൂര്‍ കലാപരിപാടിയുടെ അവസാന ഇനമായി പിണറായി സഖാവ് ബില്ലൊടിച്ചു. ഒന്നും രണ്ടും ക്യാപ്സ്യൂളല്ല. ലോറിക്കണക്കിനാണ് വേണ്ടിവന്നത്. ഞാന്‍ കൊണ്ടുവന്ന നിയമം ഞാന്‍ പിന്‍വലിച്ചതിന് നിങ്ങള്‍ക്കെന്താ എന്നതാണ് ലൈന്‍. 

നിയമത്തിന്‍റെ തെറ്റായ വശങ്ങള്‍ തെല്ലും തിരിച്ചറിയാതെയാണത്രേ നിയമം ഉണ്ടാക്കിയത്. നിഷ്കളങ്കമായുള്ള ആ വര്‍ത്തമാനത്തിന് മുന്നില്‍ മാധ്യമങ്ങളുടെ കണ്ണ് നിറഞ്ഞു. നന്മ മനുഷ്യന്‍ എന്ന് അവര്‍ പരസ്പരം പറഞ്ഞു.  അപ്പോ നിര്‍ത്തുകയാണ്. അതിന് മുന്നേ ഒരു മുന്നറിയിപ്പ്. രാഹുല്‍ മാര്‍ക്കുള്ള ഭക്ഷ്യകിറ്റുകള്‍ കിട്ടിയാല്‍ ആരും കഴിക്കരുത്. ഭക്ഷ്യകിറ്റുകള്‍ കോണ്‍ഗ്രസുകാര്‍ സൂക്ഷിച്ചതില്‍ തെറ്റില്ല. ആപത്തു കാലത്ത് കാ പത്തു തിന്നാനായി സമ്പത്തു കാലത്ത് സൂക്ഷിച്ചതാകും. കോണ്‍ഗ്രസ് പൂത്ത് തളിര്‍ത്ത് പന്തലിക്കുന്നതിന്‍റെ ഒരു സിംപോളിക് മാതൃകയാണിത്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...