നിയമം പൊളിഞ്ഞു; ഇനി വീണിടത്തു കിടന്നുരുളൽ

thiruva
SHARE

ഇങ്ങനെ ഇനിയും കാണുമെന്നൊന്നും വിചാരിച്ചതല്ല. വല്ലവനും പോയി കേസ് കൊടുത്താ അകത്താകൂലായിരുന്നോ. 

മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കരിനിയമം പിന്‍വലിച്ച പിണറായി സര്‍ക്കാരിന്‍റെ ധൈര്യത്തിന് ജയ് വിളിക്കുകയാണ് സഖാക്കള്‍. നിയമം കൊണ്ടുവന്നത് ആരാണെന്നു നോക്കേണ്ട കാര്യം തല്‍ക്കാലം അവര്‍ക്കില്ല. നമുക്ക് ഇതിന്‍റെ തമാശ പക്ഷേ നോക്കി വരാം. തിരുവാ എതിര്‍വായിലേക്ക് വമ്പിച്ച സ്വാഗതം. 

അങ്ങനെ ഒരു വലിയ സംഭവം കേരളത്തില്‍ നടന്നു. പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നിയമം അവര്‍ തന്നെ പിന്‍വലിച്ചിരിക്കുന്നു. സാധാരണ വിജയന്‍ സഖാവ് നേരിട്ട് നടപ്പാക്കുന്ന കാര്യങ്ങളൊന്നും അങ്ങനെ പിന്‍വലിക്കുന്ന പതിവില്ല. അതെത്ര മണ്ടന്‍ തീരുമാനങ്ങളാണെങ്കിലും ശരി. ഇതിപ്പോ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള 118 എ എന്ന പൊലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കി രണ്ടാം നാള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇടതുപക്ഷത്തിന്‍റെ അഭ്യുദയകാംക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണെന്നൊക്കെയാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും പറയുന്നത്. ഇപ്പോഴെങ്കിലും സിപിഎമ്മിന് പിണറായി വിജയനും ടീമിനും പുറത്ത് പാര്‍ട്ടിക്ക് അഭ്യുദയകാംക്ഷികളൊക്കെ ഉണ്ടെന്ന് അംഗീകരിക്കാന്‍ തോന്നിയതിന് ലാല്‍സലാം. പണ്ട് വില്ലെടുക്കുന്നവനായിരുന്നു വിജയന്‍. ഇപ്പോള്‍ ബില്ലും ഓര്‍ഡിനന്‍സും ഒക്കെ എടുക്കുന്നവനും. രണ്ടുപേരും കൈകാര്യം ചെയ്യുന്നത് മൂര്‍ച്ചയുള്ള ആയുധങ്ങളാണെന്ന് മറക്കരുത്. 

ബേബി സഖാവ് പറഞ്ഞത് പ്രകാരമാണെങ്കില്‍ പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തുന്നു എന്നാണ്. അപ്പോ ഈ വിജയന്‍ സഖാവ് ഒരു തീരുമാനമെടുക്കുമ്പോള്‍ പാര്‍ട്ടിയിലും മുന്നണിയിലുമൊന്നും ചര്‍ച്ച ചെയ്യാറില്ലേ എന്നൊരു സംശയം ആര്‍ക്കായാലും തോന്നും. അതില്‍ പക്ഷേ കാര്യമില്ല. കേരളത്തിലെ സിപിഎം എന്നാല്‍ അത് പിണറായി വിജയനാണല്ലോ. ആ നിലയ്ക്ക് സഖാവിന് ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യങ്ങളാണ് ഇതൊക്കെ. എങ്കില്‍ പിന്നെ ഈ പൊലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒരു പിന്നാക്കം പോകാനിടയായതിന്‍റെ കാരണം എന്തായിരിക്കും?കേരളത്തിലെ സിപിഎമ്മിന് ഒരു പാര്‍ട്ടി സംവിധാനവും കേന്ദ്രനേതൃത്വവും ഒക്കെ പൊടുന്നനെ ഉണ്ടായത് എന്തുകൊണ്ടാണാവോ? യുഎപിഎ വിഷയത്തിലും യെച്ചൂരിക്കും സിപിഎമ്മിനും പ്രഖ്യാപിത നിലപാടുണ്ടായിന്നപ്പോഴാണല്ലോ അലനും താഹയും അറസ്റ്റിലായി ഒരു കൊല്ലത്തോളം ജയിലിലായത്. 

മുമ്പൊക്കെ ഇടതു സര്‍ക്കാരിന്‍റെ നയപരമായി തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച െചയ്യും. പിന്നെ മുന്നണിയില്‍. അതുകഴിഞ്ഞൊക്കെയാണ് മന്ത്രിസഭ അംഗീകാരം നല്‍കുന്നത്. പിണറായിക്കാലത്തെ സിപിഎം അങ്ങനെയല്ല. വിജയന്‍ സഖാവ് തീരുമാനിക്കുന്നു. മന്ത്രിസഭ അംഗീകരിക്കുന്നു. വാര്‍ത്ത മാധ്യമങ്ങളില്‍ വരുന്നു. അപ്പോ പാര്‍ട്ടിയും മുന്നണിയും തലയാട്ടുന്നു. ഇവിടെ ആകെ പാര്‍ട്ടിയുടെ ഒരു പണി എന്താണെന്ന് വച്ചാല്‍ ന്യായീകരണത്തിനുള്ള ക്യാപ്സൂളുകള്‍ തയ്യാറാക്കുക എന്ന ലളിതമായ പണി മാത്രമാണ്. 

അല്ല, ഒരു കാര്യം ചോദിച്ചോട്ടെ ബേബി സഖാവേ.... ആകെ ഇനി കുറച്ച് മാസങ്ങളല്ലേ ഇടത് സര്‍ക്കാരിന് ബാക്കിയുള്ളു. അതിനിടയ്ക്ക് ഇനിയുള്ള തീരുമാനങ്ങളൊക്കെ പാര്‍ട്ടിയില്‍ ആദ്യം ചര്‍ച്ചയുണ്ടാവുമോ? അതോ ഓര്‍ഡിനന്‍സ് ഇറങ്ങിയ ശേഷമുള്ള തലയാട്ടലായിരിക്കുമോ?

സംഗതി ഏതായാലും പൊളിഞ്ഞു പാളീസായി. എന്നാലും പിടിവിടരുതല്ലോ. ഇവിടേയും ന്യായീകരണം നമുക്കിറക്കേണ്ടതുണ്ട്. അതാണല്ലോ നമ്മുടെ ഒരു രീതി. വീണിടത്ത് കിടന്നുരുണ്ട് മാക്സികം ചളിപറ്റിയാലും ഒരു ചളിപ്പുമില്ലാതെ വീരവാദം മുഴക്കാന്‍ പറ്റുന്നവരാണെന്നുള്ള ആ പതിവിന് കോട്ടം വരുത്തരുത്. 

അപ്പോ അതാണ്. ഫാസിസ്റ്റ് നിയമങ്ങള്‍ ആരുകൊണ്ടുവന്നാലും ഇടത് സര്‍ക്കാര്‍‍ എന്നും അതിനെതിരെ പൊരുതുന്നവരായിരിക്കും. ഇനി ആരും കൊണ്ടുവന്നില്ലേലും നമ്മള്‍ സ്വന്തമായി അങ്ങനെയൊന്ന് കൊണ്ടുവന്നിട്ട് നമ്മളായി പിന്‍വലിക്കും. പോരാട്ടമാണ്. ഒരിക്കലും നിലയ്ക്കാത്ത പോരാട്ടം. നെക്സ്റ്റ് പാര്‍ട്ടി സെക്രട്ടരി വിജയരാഘവന്‍ ഓണ്‍ ദ സ്റ്റേജ്... ഒരു ഗംഭീര കൈയ്യടിയായിക്കോട്ടെ. 

ആ അത്രേ ഉള്ളു. കുനിഞ്ഞതാണ് പ്രശ്നമായത്. എന്തിന് കുനിഞ്ഞു എന്ന് ചോദിച്ചാല്‍ നിവരണമെങ്കില്‍ കുനിഞ്ഞാലല്ലേ പറ്റൂ എന്ന് പറയും. 

സൈബര്‍ ഇടങ്ങളിലെ ഇടതുപ്രൊഫൈലുകള്‍ കണ്ടില്ലേ. അവര്‍ക്കൊക്കെ ഒരു വോയ്സ് ഉണ്ടെന്ന് മനസിലാക്കിക്കൊടുത്ത വിജയന്‍ സഖാവിനും സര്‍ക്കാരിന് അഭിവാദ്യങ്ങളുടെ പെരുമഴയാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു കഥയോര്‍മ വരും, കിണറ്റിലെ തവളയുടെ കഥ. സംഗതി തവളകള്‍ക്ക് മാനഹാനിയുണ്ടാക്കുന്ന കാര്യമാണെങ്കിലും മുന്‍കൂറായി അവരോട് ഖേദം പ്രകടിപ്പിച്ച് പറയുകയാണ്. അതായത് കിണറ്റിലെ തവളയായാലൊരു ഗുണമുണ്ട്. എന്ത് ചെയ്താലും മറ്റ് തവളകള്‍ക്ക് അത് ഗംഭീര സംഭവമായിരിക്കും. എങ്കിലും യുക്തിബോധത്തിലൂന്നിയാണ് കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് തത്വശാസ്ത്രങ്ങളുടെ നിലനില്‍പ് എന്നുള്ളതുകൊണ്ട് ചോദിക്കുകയാണ്. എങ്ങനെയാണ് സിപിഎമ്മിന്‍റെ നയപരിപാടികള്‍ക്ക് തീര്ത്തും വിരുദ്ധമായ രീതിയില്‍ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത്? 

സത്യത്തില്‍ ഈ ഗതികേട് കണ്ട് നമുക്ക് സങ്കടം വരും. ഇതിപ്പോ വിജയന്‍ സഖാവിന്‍റെ പൊലീസ് ഈ സര്‍ക്കാര് വന്നകാലം തൊട്ട് പാര്‍ട്ടിക്ക് തലവേദനയാണ്. മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന വകുപ്പായതുകൊണ്ട് പാര്‍ട്ടിയിലോ സൈബര്‍ പോരാളികള്‍ക്കിടയിലോ എതിര്‍പ്പൊന്നും ഉണ്ടാവാറുമില്ല. പിന്നെ വല്ല മനുഷ്യപ്പറ്റുള്ളവര്‍ വല്ലതും പറഞ്ഞാലായി. വിജയരാഘവന്‍ സഖാവിന്‍റെ ഗതികേട് മനസിലാവും. നമ്മളൊക്കെ മനുഷ്യരാണല്ലോ.

അവസാനമായി ഒരു കാര്യം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ഈ ബാര്‍കോഴ കേസ് വീണ്ടും പൊടിതട്ടിയെടുക്കാണല്ലോ. സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത നിലയില്‍ നിലപാട് ഒന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

സത്യം പറഞ്ഞാല്‍ പിണറായ വിജയന്‍ ആരാണ് എന്നതൊരു ചോദ്യമായി ഇങ്ങനെ നില്‍ക്കുകയാണ്. ആളൊരു പുലിയാണെന്നും അല്ല സിംഹമാണെന്നും അതുമല്ല ഇരട്ടച്ചങ്കനാണെന്നും ഒക്കെയാണ് ഈ സഖാക്കള്‍ പറഞ്ഞു നടന്നിരുന്നത്. പ്രസംഗം ഒക്കെ കേട്ടാല്‍ അങ്ങനേ തോന്നൂ. പക്ഷേ ഇതിപ്പോ ശരിക്കും പിണറായി ആരാണെ്ന്ന് ചോദിച്ചുപോകുന്ന അവസ്ഥയാണ്. ആരേയും വിറപ്പിച്ച് വരച്ചവരയില്‍ നിര്‍ത്തുന്ന സഖാവിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ഒപ്പിച്ചു വച്ച ഗുലുമാലിന് വല്ല കണക്കുമുണ്ടോ? അതുകഴിഞ്ഞ് ശിവശങ്കറൊന്നും കൂടെ ഇല്ലാത്ത കാലത്ത് ഒപ്പിട്ട ഒരു ഓര്‍ഡിനന്‍സാണ് ഈ പൊലീസ് ആക്ട് ഭേദഗതി. അതിന്‍റെ അവസ്ഥ അതിലും പരിതാപകരമായി. സത്യത്തില്‍ ആരാണ് ഈ പിണറായി വിജയന്‍?

ഒരു കണക്കിന് സഖാവിനെ ഇങ്ങനെ പൊക്കിയടിച്ചു നടക്കുന്ന ഫാന്‍സിനെയാണ് പറയേണ്ടത്. കുറച്ചൊക്കെ വകതിരിവ് ആദ്യമേ കാണിച്ചിരുന്നെങ്കില്‍ ഈ വീഴ്ചയുടെ ആഘാതമൊക്കെ കുറയ്ക്കാമായിരുന്നു. മനുഷ്യനായി കണ്ടാമതിയായിരുന്നല്ലോ. ഇതിപ്പോ കമ്മ്യൂണിസ്റ്റാണോ എന്നുചോദിച്ചാല്‍ അതിന് തക്കവിധം നയരൂപീകരണമൊന്നും ഇല്ല. പ്രത്യേകിച്ചും ഭരണകൂടത്തിന്‍റെ മര്‍ദ്ദനോപാധിയായി കമ്മ്യൂണിസ്റ്റുകാര്‍ കരുതുന്ന പൊലീസിന്‍റെ കാര്യത്തിലോ... അത് പറയാന്‍ പോലും ഇല്ല.

ഇതിനിടയിലാണ് തോമസ് ഐസകിന്‍റെ കിഫ്ബി പ്രശ്നം. ഹോ... എന്തെല്ലാം കുഴപ്പങ്ങളാണ്. സിഎജി റിപ്പോര്‍ട്ട് പൊട്ടിച്ച് വാര്‍ത്താസമ്മേളനം നടത്തി വാര്‍ത്തയൊക്കെ വന്നിട്ട് ഇപ്പോ ഇ.ഡി. കേസെടുത്തതാണ് പ്രശ്നം. തൃപ്പുണിത്തുറ എംഎല്‍എയും അടുത്ത പിണറായി വിജയനെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന ആളുമായ എം. സ്വരാജ് പക്ഷേ ഇഡിക്കെതിരെ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. സംഭവം ഇതാണ്, രഹസ്യസ്വഭാവമുള്ള സിഎജി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും മുമ്പ് അന്വേഷണം നടത്തുന്നതാണ് പ്രശ്നം.  

സിഎജി റിപ്പോര്‍ട്ട് എങ്ങനെ ഇഡി മനസിലാക്കി എന്നതാണ് സ്വരാജിന്‍റെ ചോദ്യം. അതിപ്പോ നിങ്ങടെ ധനമന്ത്രി തന്നെ പരസ്യമായി വാര്‍ത്തസമ്മേളനം വിളിച്ച് പറഞ്ഞല്ലോ എന്ന് ഇഡി തിരിച്ചുചോദിച്ചാലുള്ള ഒരവസ്ഥ ആലോചിച്ചുനോക്കിയാ മതി. 

ബാര്‍കോഴ എന്തായാലും ഈ നിയമസഭാ തിരഞ്ഞെടുപ്പിലും വിഷയമാകും. രമേശ് ചെന്നിത്തലയാണ് കോഴയിലെ പുതിയ താരോദയം. ബിജു രമേശ് ഓരോ ദിവസവും പുതിയ വെളിപ്പെടുത്തല്‍ നടത്തുന്നുണ്ട്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...