'പിണറായിക്കെതിരെ വരുന്നത് വ്യാജന്‍; അല്ലാത്തത് ഒറിജനല്‍‍'‍

thiruva-ethirva
SHARE

ആരെയും പേടിയില്ലാത്ത വില്ലാളി വീരനാണ് വിജയന്‍ എന്ന് പരക്കെ ഒരു കഥയുണ്ട്. ആ പുരാണ കഥ പിണറായിക്കാരന്‍ വിജയനെക്കുറിച്ചാണ് എന്നാണ് സഖാക്കള്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നത്. ഊരിപ്പിടിച്ച വാള്‍ എന്നൊക്കെ പഞ്ച് ഡയലോഗടിച്ച് അണികളുടെ ആ സ്പിരിറ്റ് കാത്തു സൂക്ഷിക്കാന്‍ അഭിനവ വീരന്‍ ശ്രമിക്കുന്നുമുണ്ട്. വില്ലാളി വീരന്മാര്‍ക്ക് ഫോബിയ പാടില്ല എന്നില്ലല്ലോ. ഇവിടെയും അങ്ങനെയൊരു പ്രശ്നമുണ്ട്. വാര്‍ത്തകളെ പേടിയാണ്. വ്യാജവാര്‍ത്തകളെ എങ്ങനെ തിരിച്ചറിയാം എന്ന് ലോക്കലിലോ ഏരിയയിലോ ഉള്ള ഒരു സഖാവിനോട് ചോദിച്ചു നോക്കണം. പിണറായിക്കെതിരെ വരുന്നത് വ്യാജന്‍ അല്ലാത്തത് ഒര്‍ജിനല്‍ എന്നാകും മറുപടി. അപ്പോ കാര്യത്തിലേക്ക് കടക്കാം. മാധ്യമ മാരണ നിയമം നടപ്പാക്കാന്‍ പിണറായി വിജയന്‍ ഇറങ്ങി. എന്നുവച്ചാല്‍ വായ മൂടിക്കെട്ടല്‍. അല്‍പ്പം പഴങ്കഥ കേട്ടിട്ടാകാം ബാക്കി. 

കണ്ടോ. ഫാസിസം മാധ്യമങ്ങളെ കൂട്ടുവിലങ്ങിടുന്നു എന്നൊക്കെ വച്ചു കാച്ചിയ ടീംസാണ്. ഇക്കാര്യത്തില്‍ സഖാവ് ഒറ്റക്കല്ല കേട്ടോ. പിണറായിക്കു ശേഷം പാര്‍ട്ടി സെക്രട്ടറി പദവിയിലെത്തിയ, കഴിഞ്ഞ ദിവസം ആ പദവി തന്‍റേതല്ലാത്ത കാരണം കൊണ്ട് ഉപേക്ഷിക്കേണ്ടിവന്ന കോടിയേരിക്കും പറയാനുണ്ടായിരുന്നു ഏറെ. മറ്റുള്ളവരെക്കൂടി പണ്ടത്തെ ദേശാഭിമാനിയുടെ അവസ്ഥയില്‍ എത്തിക്കാനായിരിക്കും ശ്രമം. സത്യം പറഞ്ഞാല്‍ ഈ പ്രസംഗമൊക്കെ മാധ്യമപ്രവര്‍ത്തകര്‍ എണ്ണീറ്റു നിന്നാണ് റിപ്പോര്‍ട്ടു ചെയ്തത്. അത്രക്ക് പുളകം കൊള്ളിക്കുന്ന ഡയലോഗുകള്‍ ആയിരുന്നല്ലോ. 

പ്രതിപക്ഷം വെറുതെയിരിക്കുമോ. കാര്യം രമേശ് ചെന്നിത്തലക്കൊക്കെ പറയാനുള്ളത് ഇപ്പോള്‍ കേള്‍ക്കുന്നത് മാധ്യമങ്ങള്‍ മാത്രമാണ്. അതുകൊണ്ട് ഇടതു സര്‍ക്കാരിനെ അടിക്കാനുള്ള ചൂരല്‍ വടി കിട്ടിയ സന്തോഷത്തില്‍ അവരിറങ്ങി. നേരറിയാന്‍ നേരത്തേ അറിയാന്‍ എന്ന് പാര്‍ട്ടി പത്രം പറയുന്നതു മാത്രമാണ് സഖാക്കള്‍ വിശ്വസിക്കുന്നത്. പാര്‍ട്ടി പത്രം വഴി നേരത്തേ അറിഞ്ഞത് നേരാണോ എന്നറിയാന്‍ അവര്‍ മിനക്കെടാറുമില്ല. യുഎപിഎ എന്ന കരിനിയമത്തെ എതിര്‍ത്ത പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ സ്വന്തം പാര്‍ട്ടി അനുബാവികളായിരുന്നവര്‍ക്കു നേരെ അതേ കരിനിയമം ചുമത്തി. അപ്പോള്‍ പിന്നെ ഈ മാധ്യമ മാരണ നിയമത്തിലും ഒട്ടും അല്‍ഭുതപ്പെടേണ്ടതേയില്ല. ഈ വിപ്ലവം സ്വാതന്ത്രം എന്നതൊക്കെ ഒരു ബൂര്‍ഷ്വാ സങ്കല്‍പ്പമാണെന്നു കരുതിയാ മതി

സീതാറാം യച്ചൂരി മൗനം വെടിഞ്ഞു എന്നതാണ് ഈ നിയമ ഭേദഗതിയുടെ ഹൈലൈറ്റ്. പിണറായിയെ നോക്കി പാര്‍ട്ടി അധ്യക്ഷന്‍ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് അതിനെ മൗന ഭേദഗതി നിയമം എന്നും വിളിക്കാവുന്നതാണ്. ഈ നിയമം മൂന്നാം പക്കം പൊളിഞ്ഞ് പാളീസായ കാര്യം ജനങ്ങളെ അറിയിച്ചതും മുഖ്യമന്ത്രി തന്നെയാണ്. തന്‍റെ സമൂഹ മാധ്യമത്തിലൂടെ. പിണറായിക്കെതിരെ വാള്‍ ഊരിപ്പിടിക്കാന്‍ യെച്ചൂരി കാണിച്ച ധൈര്യമാണ് ധൈര്യം. ക്യാമറക്കുമുന്നില്‍ വന്നു നിന്ന് പറഞ്ഞത് നന്നായി. വല്ല വാര്‍ത്താ കുറിപ്പുമായിരുന്നെങ്കില്‍ വ്യാജ വാര്‍ത്താ കുറിപ്പാണെന്ന് നമ്മള്‍ വിചാരിച്ചേനേ.

എ വിജയരാഘവന്‍റെ അവസ്ഥയാണ് ശരിക്കും അവസ്ഥ. നേരത്തേ മുന്നണിയുടെ തല്ലുകൊള്ളിത്തരങ്ങളുടെ പേരില്‍ മാത്രം ബബബബ അടിച്ചാല്‍ മതിയായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയുടെ കാര്യത്തിലും തല്ലുകൊള്ളാനുള്ള ചെണ്ടയുടെ താല്‍ക്കാലിക ചുമതലയും പുള്ളിക്കുതന്നെയാണല്ലോ.പാവം. വല്ലാത്തൊരു ജീവിതമായിപ്പോയി.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...