കിഫ്ബി മാന്ത്രികക്കുടുക്ക; 'ബുദ്ധിജീവി' ഐസക്കിന്റെ അദ്ഭുത നിധികുംഭം

tiruva
SHARE

ഒന്നാമത് കോവിഡ് കാലമാണ്. അതിനിടയിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൂട്ടമായി വന്ന് ഈ കേരളത്തില്‍ തമ്പടിച്ചിരിക്കുന്നത്. മൊത്തം ഒരു വശപിശക് കാലമാണ്. ഒരു സ്വസ്ഥതയുമില്ല. അതിലേറെ നിരാശയും.  

സിപിഎം നയിക്കുന്ന സംസ്ഥാന സര്‍ക്കാരു തന്നെയാണ് ഈ നിരാശയ്ക്ക് കാരണം. ഒന്നാമത് പിണറായി വിജയന്‍ എന്ന ഇരട്ടച്ചങ്കൊക്കെ ഉള്ള ആള്‍ മുഖ്യമന്ത്രിയാവുന്നു എന്നായിരുന്നു പ്രചരണം. നമ്മളത് വിശ്വസിച്ചു. സഖാവ് ആളൊരു കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യക്കാരനാണെന്നും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ആരെങ്കിലും അനങ്ങിയാല്‍ അത് തിരിച്ചറിയാനുള്ള അതീന്ദ്രീയ ജ്ഞാനമൊക്കെ ഉള്ള ആളെന്നുമാണ് വിശ്വസിപ്പിച്ചത്. ഒടുക്കം എന്തായി. സ്വന്തം ഓഫിസിലെ സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മനസിലാക്കാന്‍ പോലും പറ്റാത്ത ആളായിപ്പോയി. കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെയാണെന്ന് മനസിലാക്കി സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുവരുമ്പോള്‍ അതാ, ധനമന്ത്രി തോമസ് ഐസക് വരുന്നു. 

പിണറായി മന്ത്രിസഭയിലെ വിവരവും വിദ്യാഭ്യാസവും ഉള്ള  ആളെന്നാണ് ഇത്രയും കാലം വിചാരിച്ചത്. പോരാത്തതിന്  ബുദ്ധിജീവി എന്നു തോന്നിപ്പിക്കുന്ന പെരുമാറ്റവും ഉണ്ട്. ധനതത്വശാസ്ത്രത്തെ അമ്മാനമാടുന്ന ഒന്നാന്തരം സാമ്പത്തിക വിദഗ്ധനെന്നൊക്കെ കേട്ടിട്ടുമുണ്ട്. പക്ഷേ ഇന്ന് അദ്ദേഹം ഒരു റിപ്പോര്‍ട്ട് കിട്ടിയപ്പോ അത് കരടാണോ ഫൈനലാണോ എന്നറിയാതെ കിടന്ന് ഉഴറുകയാണ്. ഒരു റിപ്പോര്‍ട്ട് കണ്ടിട്ട് അത് കരടാണോ ഒറിജിനലാണോ എന്ന് മനസിലാകാത്ത ഒരാളാപ്പോയല്ലോ നമ്മുടെ ധനമന്ത്രി. ഇതില്‍പരം എന്ത് നിരാശയാണ് ഈ കോവിഡ് കാലത്ത്, സ്വര്‍ണക്കടത്ത് കാലത്ത് നമ്മള്‍ മലയാളികള്‍ക്ക് ഇനി വരാനുള്ളത്.

കിഫ്ബി ഒരു മാന്ത്രികകുടുക്കയാണ്. കാശില്ലെങ്കിലും ഈ കുടുക്ക വച്ച് പദ്ധതി പ്രഖ്യാപിച്ചാല്‍ പദ്ധതി നടക്കും. അതാണ് അതിന്‍റെ ഒരു സംഭവം. മായാജാലക്കാരനായ തോമസ് ഐസക്കിന്‍റെ അത്ഭുത നിധികുംഭം എന്നൊക്കെ ആലങ്കാരികമായി പറയാവുന്ന ഒന്ന്. പക്ഷേ അങ്ങനല്ലെന്ന് ഈ ശത്രുക്കള്‍ പാടിനടക്കുന്നു. മൊത്തം പണിയാണത്രെ വരാന്‍ പോണത്. തോമസ് ഐസകിനെ ശ്രദ്ധിച്ചിട്ടില്ലേ വളരെ സരസനാണ്. ഈ ലോകത്ത് അദ്ദേഹത്തിനെക്കൊണ്ട് സാധിക്കാത്തത് ഒന്നുമില്ലെന്ന് തോന്നിപ്പിക്കലാണ് പ്രധാന പണി. അധികാരമേറ്റ ഉടന്‍ ഖജനാവില്‍ കാശില്ലെന്ന് ആദ്യമേ ധവളപത്രം ഇറക്കി പ്രഖ്യാപിക്കലാണ് ഹോബി. അതിന്‍റെ ഗുണമെന്താണെന്ന് വച്ചാല്‍ കാശില്ലെന്ന് ആദ്യമേ പറഞ്ഞാല്‍ ആരും ചോദിച്ച് വരില്ല എന്നതാണ്. ഒരു തരം മുന്‍കര്‍ ജാമ്യം. പിന്നെ ഉള്ളത് അദ്ദേഹം മന്ത്രിയായ കാലത്ത് മാത്രമാണ് കേരളം ഇന്നത്തെ കേരളമായത് എന്നൊക്കെ വച്ച് കാച്ചും. ആളെ പറ്റിക്കലാണെന്ന് തോന്നാത്ത രീതിയില്‍ ഇത് പറയുക എന്നതും കലയാണ്. ഇത്തവണ വെല്ലുവിളിച്ചത് പക്ഷേ പാളിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ല.

സംഗതി പറ്റിപ്പോയി എന്നെങ്കിലും ഐസക് സഖാവ് പറയുന്നുണ്ട്. അതായത് ഒറിജിനല്‍ റിപ്പോര്‍ട്ട് കരടാണെന്ന് തെറ്റിദ്ധരിച്ചു. അത് വച്ച് വാര്‍ത്തസമ്മേളനം നടത്തിയത് ചട്ടലംഘനമാണ്. അത് ആ നിലയില്‍ നേരിടാന്‍ തയ്യാറുമാണ്. അത്രയെങ്കിലും സമ്മതിക്കാന്‍ കാണിച്ച ആ വലിയ മനസ് നമ്മള്‍ കാണാതെ പോകരുത്. ഇതുപോലെ ചട്ടലംഘനം നടന്ന പദ്ധകളാണല്ലോ സ്പ്രിംങ്ക്ളറും വടക്കാഞ്ചേരി ലൈഫ് മിഷനുമൊക്കെ. പക്ഷേ ഒന്നും സമ്മതിച്ചു തരരുത് എന്ന കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യത്തിന്‍റെ തെറ്റിദ്ധാരണയില്‍പെട്ടുപോയവരാണല്ലോ ബാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും. 

ഇതിപ്പോ ഒരു അന്വേഷണ ഏജന്‍സിയും കൊണ്ടുവന്ന വിവാദമല്ല. ഒരു ധനമന്ത്രി നേരിട്ട് രംഗത്തെത്തി തന്‍റെ വകുപ്പിലെ ഒരു കാര്യം വിവാദമാക്കുന്നത് തന്നെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും. വല്ലാത്തൊരു ഐഡിയായിപ്പോയി.  സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമായ സാഹചര്യമാണല്ലോ. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടിട്ടാവണം ഒരു കണ്‍സല്‍ട്ടന്‍റായി ജോസ് കെ. മാണിയെ മുന്നണിയിലെടുത്തത് തന്നെ. സാമ്പത്തിക കാര്യത്തില്‍ അതിവിദഗ്ധരാണല്ലോ കരിങ്കോഴക്കല്‍ ഫാമിലി തന്നെ. പിതാവ് കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചതില്‍ റെക്കോര്‍ഡ് നേടിയ വ്യക്ത്ിത്വമാണ്. ആ നിലയ്ക്ക് ഇനി ജോസ് കെ. മാണിയെ ഇതെല്ലാം കൂടെ അങ്ങ് ഏല്‍പ്പിക്കുന്നതാവും നല്ലത്. 

സംഭവം ഇങ്ങനെയൊക്കെ ആയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ടും തോമസ് ഐസക്കിനോട് നന്ദിയുള്ളവനായിരിക്കും. പിണറായിയോട് ഐസക്കിന് കൂട്ടില്ലെന്നൊക്കെ ശത്രുക്കള്‍ പറയുന്നുണ്ടെങ്കിലും ഒരാവശ്യം വന്നപ്പോള്‍ അതായത് സ്വര്‍ണക്കടത്തൊക്കെ വന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നാറ്റക്കേസില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ പുതിയ വാര്‍ത്ത ഉണ്ടാക്കി രക്ഷപ്പെടുത്താന്‍ തോമസ് ഐസക്കേ ഉണ്ടായുള്ളു എന്ന് പിണറായി സഖാവ് മറക്കരുത്.  കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സായാഹ്ന വാര്‍ത്താസമ്മേളനപരിപാടി ഉണ്ടായിരുന്നു. പരിപാടിയുടെ പേര് വാര്‍ത്താസമ്മേളനം എന്നൊക്കെയാണെങ്കിലും ലേഖന പാരായണം, വാര്‍ത്താ പാരായണം എന്നൊക്കെയാണ് അസൂയാലുക്കള്‍ പറയാറ്. കുറ്റം പറയരുതല്ലോ, ഇത്തവണ പക്ഷേ നല്ല ഉഗ്രന്‍ കവലപ്രസംഗമായിരുന്നു കെട്ടോ. 

പിന്നേ അതിത്ര ചോദിക്കാനെന്തിരിക്കുന്നു. ചോദ്യങ്ങളൊന്നും ഉണ്ടാവാറില്ല. ഇതിപ്പോ എല്‍ഡിഎഫ് കേന്ദ്രഏജന്‍സികള്‍ക്കെതിരെ നാടെങ്ങും സമരം നടത്തിയ വൈകുന്നേരമായിരുന്നു. കോവിഡ് കാലമായതോടെ നാലാളുടെ മുന്നില്‍ പ്രസംഗിച്ചിട്ടുതന്നേ മാസങ്ങളായി. ആകെ മൈക്ക് കിട്ടുന്നത് ഈ വാര്‍ത്താസമ്മേനത്തിലാണ്. ആ നിലയ്ക്ക് ഒരു കമ്മ്യൂണിസ്റ്റ് കൂട്ടായ്മയെ മനസാ സ്മരിച്ചായിരുന്നു സഖാവിന്‍റെ പ്രസംഗം. അണികളുടെ കരഘോഷങ്ങള്‍ക്ക് വേണ്ടി പറഞ്ഞതാണെങ്കിലും കേള്‍വിക്കാര്‍ ലൈവ് ആയി ഇല്ലാത്തതിനാല്‍ അതിന്‍റെ കുറവ് നമ്മളായിട്ട് അങ്ങ് തീര്‍ത്തുകൊടുത്തിട്ടുണ്ട്. അപ്പോ തീപ്പൊരി പ്രസംഗത്തിനായി സോറി വാര്‍ത്താസമ്മേളനത്തിനായി പിണറായി സഖാവിനെ ക്ഷണിച്ചുകൊള്ളുന്നു. വാര്‍ത്താസമ്മേളനത്തിന് ഹാജരായ മാധ്യമപ്രവര്‍ത്തകരെ ഓര്‍ത്താണ് വിഷമം. ഈ പുത്തരിക്കണ്ടം പ്രസംഗം കഴിഞ്ഞിട്ട് വേണം അടുത്തൊരു ചോദ്യം ചോദിക്കാന്‍.

ഗെയ്ല്‍ വാതകപൈപ്പ് ലൈന്‍ പദ്ധതി അങ്ങനെ തീര്‍ന്നു. നന്ദി പറയാന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തിയിട്ടുണ്ട്. വേറെ ചിലര്‍ക്ക് കൂടി നന്ദിപറയാനുണ്ട് സഖാവേ. കഴിഞ്ഞ യുഡിഎഫ് കാലത്ത് ഗെയ്ലിനെതിരെ സമരം ചെയ്തവര്‍ക്കും പിന്നെ ഈ സര്‍ക്കാരിന്‍റെ കാലത്ത് നേതൃത്വത്തെയും താങ്കളേയും മറികടന്ന് സമരം ചെയ്ത പ്രാദേശിക സഖാക്കള്‍ക്കും. അവര്‍ക്ക് കൂടി അഭിവാദ്യമര്ഡപ്പിക്കാം. ഇനിയുള്ളത് കേട്ട് കൈയ്യടിക്കണോ വേണ്ടയോ എന്നൊരു സന്നിഗ്ധാവസ്ഥയില്‍ സഖാക്കള്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്.  സാരമില്ല. ഒരു കട്ടന്‍ ചായയും പരിപ്പുവടയും തിന്ന് ദിനേശ് ബീഡിയും വലിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളു. അപ്പോ എല്ലാവര്‍ക്കും ആവശ്യത്തിലധികം നന്ദി കിട്ടിയ സാഹചര്യത്തില്‍ നമ്മളങ് അവസാനിപ്പിക്കുകയാണ്. നമ്മുടെ വക വേറെ നന്ദിയും നമസ്കാരവും. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...