നന്നായി ചിരിക്കും; കാർക്കശ്യമില്ല; കാലത്തിന് ചേർന്ന സെക്രട്ടറി

thiruva-ethirva
SHARE

കേരളത്തിലെ സിപിഎമ്മിന് പുതിയ  സെക്രട്ടറിയെ കിട്ടിയ ശേഷമുള്ള ആദ്യ തിരുവാ എതിര്‍വാ എപ്പിസോഡാണ്. മാറ്റത്തിന്‍റെ കൊടിവീശുന്ന ഘട്ടത്തില്‍ വലിയ മാറ്റമൊന്നും ഈ പരിപാടിക്ക് വരുത്താന്‍ പറ്റിയിട്ടില്ല. ഒന്നാമത് എ. വിജയരാഘവന് സെക്രട്ടറിയുടെ ചുമതല താല്‍ക്കാലികമായി കൊടുത്തതിനാലും അതുകൊണ്ട് പാര്‍ട്ടിക്കോ പാര്‍ട്ടിക്കാര്‍ക്കോ മാറ്റമൊന്നും വരാനിടയില്ല എന്ന് ഉറപ്പുള്ളതിനാലും പതിവുപോലെ നമ്മളും ആരംഭിക്കുകയാണ്. സ്വാഗതം.

കോടിയേരി സഖാവ് അസുഖം കാരണം നല്‍കിയ അവധി അപേക്ഷയില്‍ സിപിഎം പാര്‍ട്ടി തീരുമാനമൊക്കെ എടുത്തുകഴിഞ്ഞു. വലിയ പാടാണ് ഈ സിപിഎമ്മില്‍ ഒരു സ്ഥാനത്തുനിന്നൊക്കെ ഒഴിയാന്‍. എല്ലാം പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലയാണെങ്കിലും കോണ്‍ഗ്രസിലേതുപോലെ ഫെയ്സ്ബുക്കില്‍ ഒരു രാജി പറഞ്ഞു ഇറങ്ങിപ്പോവാന്‍ പറ്റുന്ന പരുവമല്ല അവിടെ. സംഘടനാ ചട്ടക്കൂട് ഒക്കെ ഉണ്ട്. അവധി അപേക്ഷ കൊടുത്താല്‍ അത് ചര്‍ച്ച ചെയ്തൊക്കെയാണ് ലീവ് അനുവദിക്കുക. പകരം ആളെയും കണ്ടെത്തണം. അങ്ങനെ എ. വിജയരാഘവനെയാണ് കണ്ടെത്തിയത്. വിജയരാഘവന്‍ സഖാവ് എന്തുകൊണ്ടും ഈ കാലത്തിനു ചേര്‍ന്ന സെക്രട്ടറിയായിരിക്കും എന്ന കാര്യത്തില്‍ ഒരു തര്‍ക്കത്തിനും ഇടയില്ല. ആള് നന്നായി ചിരിക്കും. കുറച്ച് കൂടുതലാണെങ്കിലേ ഉള്ളു. കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യം ലവലേശം പ്രകടിപ്പിക്കാറില്ല. പിന്നെ ഏതു വളിപ്പും പറഞ്ഞ് കാര്യങ്ങളെ നന്നായി ന്യായീകരിക്കാനും അറിയാം. അതിലേറെ സ്ത്രീകളെ കുറിച്ച് വിലകുറഞ്ഞ തമാശ പൊട്ടിച്ച് ആളുകളെ കൈയ്യിലെടുക്കാനും വലിയ സാമര്‍ഥ്യം ഉള്ള ആളാണ്. 

മുമ്പ് കോടിയേരി ബാലകൃഷ്ണനെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാനസെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോള്‍ ഉയര്‍ന്ന വലിയ ചര്‍ച്ചകളിലൊന്ന് കോടിയേരി എംഎല്‍എ സ്ഥാനം രാജിവയ്ക്കുമോ ഇല്ലയോ എന്നതായിരുന്നു. പാര്‍ട്ടി സെക്രട്ടറി പണി അത്രമാത്രം കഠിനമായ ഒരേര്‍പ്പാടായിട്ടാണ് പൊതുവേ സഖാക്കളൊക്കെ കണ്ടതുതന്നെ. പക്ഷേ ആ വിശ്വാസവും ഇല്ലാതായി. എ. വിജയരാഘവന്‍ ഇടതുമുന്നണി കണ്‍വീനറാണ്. സെക്രട്ടറി പദവി കൊടുത്തപ്പോഴും കണ്‍വീനര്‍ പരിപാടി നിര്‍ത്തിയിട്ടില്ല. അതിനര്‍ഥം പത്തുപന്ത്രണ്ട് പാര്‍ട്ടികളുള്ള മുന്നണി സംവിധാനത്തെ മേയ്ക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോ നോക്കേണ്ട ഒരു പണി മാത്രമാണ് ഈ സെക്രട്ടറി പദവി എന്നതാണ്. ബാക്കിയൊക്കെ വെറും അബദ്ധധാരണകളായിരുന്നു. 

ഒന്നുകില്‍ ഈ എല്‍ഡിഎഫ് എന്ന സംഘടനാസംവിധാനം തന്നെ അത്രയ്ക്കേ ഉള്ളു എന്നുവൈണം കരുതാന്‍. ഇനിയിപ്പോ പാര്‍ട്ടി വലിയ സംഭവമാണെന്ന് കരുതുക, അവിടെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ഉണ്ടല്ലോ തിരുവനന്തപുരത്ത്. അപ്പോ സെക്രട്ടറി എന്ന പദവിയില്‍ ഇരിക്കാന്‍ ഒരാള് മതി എന്നുതോന്നിയിട്ടുണ്ടാവും. അല്ലെങ്കില്‍ പിന്നെ ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെയൊരു അഡ്ജസ്റ്റ്മെന്‍റിന്‍റെ ആവശ്യം ഇല്ലല്ലോ. വിജയന്‍ സഖാവ് നോക്കിക്കോളും വിജയരാഘവന്‍ സഖാവ് ഒന്ന് നിന്നുകൊടുക്കേണ്ട കാര്യമേയുള്ളു.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...