കേരള രാഷ്ട്രീയം: ഒരു ക്രൈം കോമഡി; പൊലീസിന്‍റെ പാര്‍ട്ടിപ്പണി

thiruva
SHARE

പൊതുവില്‍ നമ്മള്‍ മലയാളികള്‍ക്ക് ഒരു കഴിവുണ്ട്. അതായത് നാട്ടില്‍ എന്ത് നടന്നാലും അതിന്‍റെ എക്സ്പേര്‍ട്ടുകളായി നമ്മളൊക്കെ മാറും എന്നതാണ്. കൊറോണ വൈറസ് വന്നപ്പോള്‍ വൈറസ് രോഗങ്ങളെക്കുറിച്ചും അതിന്‍റെ പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ വാതോരാതെ പറയുന്ന സയന്‍സ് എക്സപേര്‍ട്ടുകളായി നമ്മള്‍. അതിനുശേഷം സ്വര്‍ണക്കടത്ത് വന്നപ്പോള്‍ നയതന്ത്ര വിദഗ്ധരായി. വിവധ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ സംസ്ഥാനം മൊത്തത്തില്‍ കയറിയിറങ്ങുന്ന  ഇപ്പോള്‍ മൊത്തത്തില്‍ ഒരു കുറ്റാന്വേഷണകന്‍റെ വേഷത്തിലാണ് ഓരോ മലയാളികളും. അത്തരമൊരു പരിസരത്തുനിന്നാണ് ഇന്നത്തെ പരിപാടി ആരംഭിക്കുന്നത്. ഇതൊരു ക്രൈം കോമഡി വിഭാഗത്തില്‍ പെടുത്തി കണ്ടാസ്വദിക്കേണ്ട ഒന്നാണെന്ന് ആദ്യമേ അറിച്ചുകൊള്ളുന്നു. 

കേരളത്തിന്‍റെ കുറ്റാന്വേഷണ ചരിത്രത്തില്‍ ആദ്യമായി പൊലീസ് ഒരു സംഭവം നടന്നതിനെ പുനരാവിഷ്കരിച്ച് നാട്ടുകാരുടെ മുന്നില്‍ അവതരിപ്പിച്ച കാലത്താണ് നമ്മളീ ജീവിക്കുന്നത്. സാധാരണ വലിയ ക്രൈം സംഭവങ്ങളൊക്കെ സിനിമാക്കാര്‍ സിനിമയാക്കാറുണ്ട്. മാധ്യമങ്ങള്‍ ഗ്രാഫിക്സിന്‍റെ സഹായത്തോടെ ആളുകള്‍ക്ക് എളുപ്പം മനസിലാക്കാന്‍ ചിത്രീകരിക്കാറുമുണ്ട്. അല്ലാതെ പൊലീസ് തന്നെ നടന്നത് ഇപ്രകാരമെന്ന് പറഞ്ഞ് വിഡിയോ തയ്യാറാക്കുന്നതൊക്കെ പുതിയ കീഴ് വഴക്കങ്ങളാണ്. ആര്‍ക്കും ഒരു ചുക്കും അറിയാത്ത ഒരു പാര്‍ട്ടിയായ സിപിഎം ഭരിക്കുമ്പോള്‍, അതിന്‍റെ മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തര വകുപ്പിലെ പൊലീസ് ഇപ്രകാരം ചെയ്യുമായിരിക്കും. നമുക്കൊരു ചുക്കും അറിയാത്തതുകൊണ്ടാണല്ലോ അവര്‍ക്ക് ഇങ്ങനെ പണിയെടുത്ത് ബോധ്യപ്പെടുത്തേണ്ടി വരുന്നത്. സംഗതി ഇതാണ്, സെക്രട്ടറിയേറ്റിലെ തീപിടിത്തം ഫാനിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് വഴിയെന്നാണല്ലോ പൊലീസ് റിപ്പോര്‍‍ട്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് പക്ഷേ അല്ലെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ കാര്യങ്ങളെ വിശ്വസിക്കുന്നില്ലേ എന്നൊരു സംശയം പൊലീസിനും ഉണ്ട്. അവനവനില്‍ വിശ്വാസം കുറയുമ്പോഴാണല്ലോ പ്രകടനപരത കൂടുന്നത്. 

പൊലീസ് ഇത്തരത്തില്‍ സര്‍ക്കാരിന് വേണ്ടിയും സൈബര്‍ സഖാക്കള്‍ക്ക് വേണ്ടിയും അധികപണി എടുക്കേണ്ടി വന്നതിന്‍റെ ചിലവ് കൂടി പുറത്തുവരേണ്ടതുണ്ട്. ഒന്നാമത് ഇങ്ങനെ ഗ്രാഫിക്സ് ഒക്കെ ചെയ്തെടുക്കാന്‍ വലിയ തുക ആവശ്യമാണ്. കേസന്വേഷണത്തേക്കാള്‍ ചിലവ് ഇപ്പോ ഈ ഗ്രാഫിക്കല്‍ വിഡിയോ തയ്യാറാക്കാന്‍ വേണ്ടിവന്നിട്ടുണ്ടാവും. ഇനി സൗജന്യമായി ആരെങ്കിലും ചെയ്ത് കൊടുത്തതാണോയെന്നും അറിയില്ല. ആണെങ്കില്‍ അതിന്‍റെ താല്‍പര്യംകൂടി പുറത്തുവരേണ്ടതാണ്. പ്രതിപക്ഷ നേതാക്കള്‍ ആണ് ഇക്കാര്യത്തിലെ ഗംഭീര അന്വേഷണഉദ്യോഗസ്ഥര്‍. ആ മുല്ലപ്പള്ളി രാമചന്ദ്രനൊക്കെ കണ്ടില്ലേ, എന്തൊരു ബുദ്ധിയാണ്. എന്‍ഐഎ, സിബിഐ ഇത്യാദി ഏജന്‍സികള്‍ കേസുകള്‍ പുറംപണിക്ക് കൊടുക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മുല്ലപ്പള്ളിയെ ഒക്കെ ഏല്‍പ്പിക്കേണ്ടതാണ്.

നാട്ടിലിപ്പോ കേന്ദ്രഏജന്‍സികളുടെ അന്വേഷണത്തിന് പുറമേ സമാന്തരമായി പ്രതിപക്ഷ നേതാക്കള്‍ പ്രത്യേകിച്ചും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും കെ. സുരേന്ദ്രനും അന്വേഷണം നടത്തുന്നുണ്ട്. കേന്ദ്രത്തില്‍ വലിയ പിടിയുള്ള സുരേന്ദ്രനാണ് പലപ്പോഴും സ്കോര്‍ ചെയ്യുന്നത്. രമേശ് ചെന്നിത്തല തന്‍റെതായ രീതിയില്‍ തനിക്കുള്ള ബുദ്ധിവെച്ച് അന്വേഷിക്കുന്നുണ്ട്. അന്വേഷണമൊന്നും തന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ലെന്ന് വച്ച് ഔട്ട് ഓഫ് സിലബസ് കാര്യങ്ങള്‍ വിളിച്ചുപറഞ്ഞാണ് സ്ത്രീവിരുദ്ധനൊക്കെ ആയത്. എന്നാല്‍ തീപിടിത്തം സംബന്ധിച്ച് പഴയ കേന്ദ്ര ആഭ്യന്തരസഹമന്ത്രികൂടിയായ മുല്ലപ്പള്ളി ചില ബൗദ്ധികമുന്നേറ്റങ്ങളൊക്കെ നടത്താനുള്ള തയ്യാറെടുപ്പിലാണ്. 

സംഭവം ഇത്രയ്ക്കങ്ങോട്ട് തമാശയല്ലെന്നാണ് പിണറായി സഖാവ് ഇപ്പോള്‍ മനസിലാക്കുന്നത്. ശിവശങ്കറിനെകൂടാതെ മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റുചിലര്‍ക്ക് കൂടി സ്വര്‍ണക്കടത്തൊക്കെ അറിയാമെന്ന് ഇഡി ഇന്ന് കോടതിയില്‍ തെളിവുസഹിതം പറഞ്ഞിട്ടുണ്ട്. ഇതിപ്പോ ഓരോ ആഴ്ച കഴിയുമ്പോഴും കോടിയേരിയും പിണറായിയും പരസ്പരം ആശ്വസിപ്പിക്കുന്നത് തുടരേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ബിനീഷ് കാരണം പിണറായി കോടിയേരിയെ ആശ്വസിപ്പിച്ചു. ഈ ആഴ്ച കോടിയേരി പിണറായിയെ ആശ്വസിപ്പിക്കും. അങ്ങനെ പാര്‍ട്ടിയും സര്‍ക്കാരും പരസ്പരം ആശ്വസിപ്പിക്കുന്നത് വഴി നാട്ടുകാര്‍ക്ക് വളരെ മികച്ച ആശ്വാസമായിരിക്കും വരും ദിവസങ്ങളില്‍ ലഭിക്കാന്‍ പോകുന്നത്.

പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിന് സിപിഎം പാര്‍ട്ടി എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ഉറപ്പില്‍ മറ്റൊരു വിഷയം ശ്രദ്ധയില്‍ പെടുത്തുകയാണ്. മുഖ്യമന്ത്രിയുടെ അഡീഷണന്‍ പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം. രവീന്ദ്രനെ രക്ഷിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തിറങ്ങിയ വിവരം ആശ്ചര്യപൂര്‍വം അവതരിപ്പിക്കുകയാണ്. പാര്‍ട്ടിയും അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ശത്രുപക്ഷത്തെ ഒരാളുടെ സുരക്ഷയ്ക്കായി ഇങ്ങനെ രാഷ്ട്രീയപ്രവര്‍ത്തകര്‍ രംഗത്തുവരുന്നത് ഇന്ത്യയില്‍ തന്നെ കേരളത്തില്‍ മാത്രം സംഭവിക്കുന്ന ഒന്നായിരിക്കും. മലയാളിക്ക് അഭിമാനിക്കാവുന്ന വകയുണ്ട് ഇതില്‍. 

എന്നാ പിന്നെ ആരാണ് ഈ ജീവന് ഭീഷണി ഉയര്‍ത്തുന്നതെന്ന് പറഞ്ഞൂടേ സുരേന്ദ്രന്‍ജി ആരാണ് പാര്‍ട്ടി, ആരാണ് വ്യക്തി സിപിഎം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യമിതാണ്. പ്രത്യേകിച്ചും പാര്‍്ടടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനീഷിന്‍റെ അച്ഛനല്ല പാര്‍ട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍. അത് വേറെ ആളാണ്. അതുപോലെ പാര്‍ട്ടി സെക്രട്ടറിയായ കോടിയേരിയുടെ മകനല്ല ബിനീഷ് കോടിയേരി. അല്ലാതെയുള്ള വെറും പച്ചയായ വ്യക്തിയായ കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ മാത്രമാണ് ബിനീഷ്. 

സിപിഎം പാര്‍ട്ടി സെക്രട്ടറിയായി തുടരാന്‍ കോടിയേരിയെ മുല്ലപ്പള്ളി ഏതായാലും അനുവദിക്കണം. ബിനീഷിന്‍റെ അച്ഛനായി തുടരാന്‍  സിപിഎം കോടിയേരിയേയും അനുവദിക്കേണ്ടതാണ്.  ഇടതുമുന്നണിയ്ക്ക് ഐശ്വര്യം വാരിവിതറി ജോസ്. കെ. മാണ് മുന്നണിയോഗത്തില്‍ പങ്കെടുത്തു. കെ.എം. മാണിയെ മനസില്‍ ധ്യാനിച്ച് രാഹുകാലം നോക്കിയാണ് ജോസ് എകെജി ഭവനിലേക്ക് വലതുകാല്‍ വച്ച് കയറിയത്. ഇനി ഇടതുമുന്നണിയ്ക്ക് വച്ചടി വച്ചടി കയറ്റമായിരിക്കും. ഇതേ സമയം എകെജി ഭവനേയും നോക്കി കോവൂര്‍ കുഞ്ഞുമോന്‍ നെടുവീര്‍പ്പിട്ടുകാണണം. മുന്നണിയ്ക്കുള്ളിലേക്ക് ഇനിയും കയറ്റാത്തതിലുള്ള പരിഭവത്തില്‍ ആകുഞ്ഞുമനസ് വേദനിച്ചുകാണും.

കേരളം ആശങ്കയോടെ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. പി.സി. ജോര്‍ജ് ഒരു മുന്നണിയിലേക്കുമില്ല. കഴിഞ്‍ഞ നിയമസഭാ ഇലക്ഷനില്‍ ഇടതുമുന്നണിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചെങ്കിലും ലോക്സഭയില്‍ ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നില്‍ക്കാമെന്നൊക്കെയാണ് കരുതിയത്. പക്ഷേ അടുപ്പിച്ചില്ല. ആരാണയാള്‍... അങ്ങയെ കുത്തിപ്പരിക്കേല്‍പ്പിച്ച ആ മാന്യവ്യക്തി ആരാണെന്ന് ഈ കേരളം അറിയാന്‍ ആഗ്രഹിക്കുന്നുണ്ട്.  ഒരു വൈല്‍ഡ് ഗസ്.... ഉമ്മന്‍ചാണ്ടിയാണോ?? സത്യം മനസിലാക്കിയ സ്ഥിതിക്ക് ആ സീന്‍ ഒന്നു വിശദീകരിക്കാമോ? എന്താല്ലാമാണ് ഈ നാട്ടില്‍ നടക്കുന്നത്. രാഷ്ട്രീയ കാലാവസ്ഥ പ്രക്ഷുബ്ധമായ നേരത്താണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പതിവില്ലാതെ ജന്‍മദിനം ആഘോഷിച്ചത്. വളരെ നന്നായി

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...