അവിടെ അതിര്‍ത്തിയില്‍ വെടി വയ്ക്കും; ഇവിടെ മാവോയിസ്റ്റു‍കളെയും..!

te
SHARE

ഈ നാടിന് ഒരു പ്രത്യേകതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ വല്ല പ്രതിസന്ധിയിലും പെട്ടാല്‍ അപ്പോ അതിര്‍ത്തിയില്‍ വെടിവയ്പ് ആയിരിക്കും. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വല്ല ബുദ്ധിമുട്ടിലും പെട്ടാല്‍ അപ്പോ വെടിയേല്‍ക്കുന്നത് മാവോയിസ്റ്റുകള്‍ക്കാണ്.  കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായി വിജയനും അധികാരമേറ്റതുമുതല്‍ അങ്ങനെയൊരു നാട്ടുനടപ്പുണ്ട്. എന്താണോ എന്തോ. തല്‍ക്കാലം വടക്കേ ഇന്ത്യയില്‍ അമിത് ഷായുടെ പൊലീസിന്‍റെ വെടിയേറ്റല്ല ഇന്നത്തെ സംഭവം എന്ന നിലയ്ക്ക് കേരളത്തിലെ പ്രതികരണശേഷിയുള്ള സാംസ്കാരിക നേതൃത്വത്തിന്‍റെ ഭാഗമായി നിന്നുകൊണ്ട് മനുഷ്യാവകാശപ്രശ്നമൊന്നും ഉന്നയിക്കാതെ നമ്മളും മൗനം പാലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സ്വാഗതം തിരുവാ എതിര്‍വായിലേക്ക്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ പടിക്ക് പുറത്തു നിറുത്തേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ക്ലാസെടുത്ത കഴിഞ്ഞ സ്ഥിതിക്ക് ആ ക്ലാസിലെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ എപ്പിസോഡ് തയ്യാറാക്കിയിരിക്കുന്നത്. അല്ലെങ്കിലും ഈ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ പാടുള്ളതാണോ? നമ്മള്‍ ഒരാളെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി അവര്‍ക്ക് വേണ്ട ഭക്ഷണവും താമസവും ഒരുക്കുന്നതെന്തിനാ? അതിഥികളാണെന്ന് അവര്‍ക്ക് തോന്നാനും അതനുസരിച്ച് നല്ല രീതിയില്‍ നമ്മളോട് പെരുമാറാനും നമ്മളെ സ്നേഹിക്കാനും ഭാവിയില്‍ എന്തെങ്കിലുമൊക്കെ ആവശ്യം വരുമ്പോ ഒരു കൈസഹായം കിട്ടാനുമൊക്കെ ആണല്ലോ. ഇനിയിപ്പോ സഹിയിച്ചില്ലെങ്കിലും ഉപദ്രവിക്കില്ല എന്നുള്ള ഉറപ്പിലാണല്ലോ സ്നേഹത്തോടെ കത്തയച്ചൊക്കെ ക്ഷണിക്കുന്നത്. അങ്ങനെയൊരു ക്ഷണം നടത്തിയതാണ് സഖാവ്. പക്ഷേ ക്ഷണം സ്വീകരിച്ചെത്തിയവര്‍ ക്ഷണണം നടത്തിയോ എന്ന് സംശയം. എന്നുവച്ചാല്‍ കൊലപാതകം. 

ഈ ചെന്നിത്തലയും കെ. സുരേന്ദ്രനുമൊക്കെ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. മുഖ്യമന്ത്രിയല്ലേ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടതും കത്തയച്ചതും എന്ന്. എന്നിട്ടിപ്പോ ഏജന്‍സികളുടെ തലയില്‍ കയറേണ്ട കാര്യമുണ്ടോ എന്നൊക്കെ. ഇവര്‍ക്ക് എന്താ കാര്യം മനസിലാകാത്തത്. അത് അന്നത്തെ സാഹചര്യം. ഒരു സ്വര്‍ണക്കടത്ത് കേസ് വന്നു. അതില്‍ നിന്ന് രക്ഷപ്പെടുന്ന കാര്യമല്ലേ അപ്പോള്‍ ആലോചിക്കുക. നമ്മളീ ചില ഉടായിപ്പുകള്‍ ചെയ്യുമ്പോള്‍ സാധാരണ ഒരു നുണയോ നല്ലപിള്ള ചമയാന്‍ വേണേല്‍ അന്വേഷിച്ചോ എന്നൊക്കെ പറയില്ലേ. ഇതിപ്പോ ആ കേസും കഴിഞ്ഞ് ലൈഫ് മിഷനും കെ ഫോണും ലഹരിമരുന്ന് കേസും ഒക്കെയായി ഇങ്ങനെ നീണ്ടുപോകുമെന്ന് ആരെങ്കിലും വിചാരിച്ചോ. പിണറായി സഖാവിന്‍റെ നിഷ്കളങ്കമനസിന് ഇങ്ങനെ സംശയിക്കരുത്. 

പണ്ട് കേരളത്തിലെ ഇടതുസര്‍ക്കാരിനെ കീഴ്മേല്‍ മറിക്കാന്‍ അമേരിക്കന്‍ ഗൂഢാലോചന വരെ നടന്ന കാലമുണ്ടായിരുന്നു. അന്നത് സഖാക്കള്‍ വിശ്വസിച്ചതാണ്. ഇന്ന് ഇപ്പോ അത്തരത്തിലുള്ള സിദ്ധാന്തങ്ങള്‍ക്ക് സ്കോപ് കുറവാണ്. അപ്പോ പിന്നെ സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികളെ തകര്‍ക്കാന്‍ കോര്‍പറേറ്റുകളെ കൂട്ടുപിടിച്ച് നടത്തുന്ന ഗൂഢാലോചനയ്ക്കാണ് കുറച്ചുകൂടി മൈലേജ് കിട്ടുന്നത്. അപ്പോ സംഗതി ഇങ്ങനെയാണ്, പാവപ്പെട്ടവര്‍ക്ക് വീട് കൊടുക്കുന്ന ലൈഫ് മിഷന്‍ പദ്ധതി, പാവങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്‍റര്‍നെറ്റ് കിട്ടുന്ന കെ ഫോണ്‍ പദ്ധതി ഇതൊക്കെ അട്ടിമറിക്കാന്‍ കേന്ദ്രഏജന്‍സികളെ വച്ച് ആരൊക്കെയോ കളിക്കുകയാണ്. വേറെ ഒന്നും അല്ല.

ഒരു കാരണവശാലും കെ ഫോണ്‍ പദ്ധതിയൊന്നും നിര്‍ത്തരുത് സഖാവേ. അല്ലെങ്കിലും നിര്‍ത്താന്‍ ആരു പറഞ്ഞു. ഇനിയിപ്പോ അതിന്റെ കടലാസുകള്‍ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടത് കൊടുത്താലും ആരു തടഞ്ഞാലും ഒരു സ്വതന്ത്രറിപ്പബ്ലിക്കായി നിന്നുകൊണ്ട് നമുക്കത് നടപ്പാക്കണം. എല്ലാ വീട്ടിലും സൗജന്യമായോ തുച്ഛമായോ നിരക്കില്‍ ഇന്‍റര്‍നെറ്റ് കിട്ടുന്ന ഒരു ദിവസം. അതാണ് നമ്മുടെ സ്വപ്നം. 

എന്തേ ഇത് പറയാന്‍ വൈകി എന്നുവിചാരിക്കുകയായിരുന്നു. ഇപ്പോഴാണ് ആശ്വാസമായത്. ഈ മാധ്യമങ്ങളെക്കൂടി നിലയ്ക്ക് നിര്‍ത്തണം. അവറ്റകള്‍ മൊത്തം പിശകാണ് സഖാവേ. അവരെ തള്ളിക്കളയാതെ കമ്മ്യൂണിസ്റ്റ് ആരോഗ്യം വച്ചുള്ള നിലനില്‍പ് അസാധ്യമാണ്. ഏതായാലും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ ആരേയും അനുവദിക്കരുത്. പണ്ട് നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നപ്പോ വിമര്‍ശിച്ചവരോട് പറഞ്ഞത് പൊലീസിന്‍റെ മനോവീര്യം തകര്‍ക്കരുതെന്നായിരുന്നു. ഇന്നത് ഉദ്യോഗസ്ഥര്‍. മനോവീര്യം ഒട്ടും കുറയാത്ത പൊലീസ് തണ്ടര്‍ബോള്‍ട്ട് ടീം എന്തായാലും വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും മാവോയിസ്റ്റുകളെ കൊല്ലുന്നുണ്ട്.

ബിജെപി ഒരു അസാധ്യപാര്‍ട്ടിയാവുന്നത് ഇങ്ങനെയുള്ള സാഹചര്യത്തിലാണ്. പ്രത്യേകിച്ചും കേരളത്തില്‍. ആകെ ഒരു എംഎല്‍എയെ ഉള്ളു. പക്ഷേ ഗ്രൂപ്പുകള്‍ക്ക് ഒട്ടും പഞ്ഞമില്ല. കേഡര്‍ സ്വഭാവത്തിലുള്ള പാര്‍ട്ടിയാണെങ്കിലും വികേന്ദ്രീകൃത കേഡര്‍ സ്വഭാവം ഉള്ള  പാര്‍ട്ടിയായാണ് കേരളത്തിലെ ബിജെപി. അതുകൊണ്ട് പാര്‍ട്ടിക്കകത്ത് പല പല കേഡറുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയാണ് നിലവിലുള്ളത്. കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതൊടെ ഈ കേഡറുകള്‍ ഓരോ ടീമായി വെവ്വേറെ രംഗത്ത് വരുന്നുണ്ട്. 

ശോഭാ സുരേന്ദ്രന്‍ ശോഭകെട്ട മട്ടാണ് ഇപ്പോ. ദേശീയ നേതൃത്വത്തിന് പരാതി അയച്ച് മറുപടി കാത്തിരിക്കുകയാണ്. അപ്പോഴാണ് സീനിയര്‍ ജി മാര്‍ രംഗത്തെത്തുന്നത്.

രമേശ് ചെന്നിത്തല ഒരു വെല്ലുവിളി നടത്തിയിട്ടുണ്ട്. ഡിജിപി ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. ചുമ്മാ കേറി പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്ത് ഒതുക്കാമെന്ന് വിചാരിക്കണ്ട. ബഹ്റ സൂക്ഷിച്ചോണം. അടുത്ത മുഖ്യമന്ത്രിയെന്ന് സ്വയം വിശ്വസിക്കുന്ന ആളോട് ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതാണ് നല്ലത്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...