മക്കള്‍ രാഷ്ട്രീയമല്ല; ബിസിനസായിരുന്നു പണി; പക്ഷേ പിടിവീണു..!

thiruva-bineesh-and-sivasankar
SHARE

ഇതിപ്പോ ഏത് വഴിക്കാണ് അറ്റാക്ക് വരുന്നതെന്ന് അറിയാന്‍ പാടില്ലാതെ നില്‍ക്കുന്ന ഒരു മുഖ്യമന്ത്രിയുേടയും ആ മുഖ്യമന്ത്രിയുടെ പാര്‍ട്ടി സെക്രട്ടറിയുടെയും നാട്ടിലെ ഒരു സാധാരണ ടെലിവിഷന്‍ സറ്റയര്‍ ഷോയാണ്. അതിലപ്പുറം ആമുഖമൊന്നും തല്‍ക്കാലം പറയാന്‍ ഉദ്ദേശിക്കുന്നില്ല. നമ്മള്‍ ഇങ്ങനെ കണ്ട സ്ഥിതിക്ക് ഒരു ഗംഭീര സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിക്കയാണ്. ഇന്നത്തെ തിരുവാ എതിര്‍വാ.

രണ്ടുകൂട്ടരും അതായത്, ഈ നാട് ഭരിക്കുന്ന സര്‍ക്കാരും ആ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും ഒരേപോലെ പെട്ടുപോയ അസാധാരണ സാഹചര്യത്തില്‍ നിന്നുകൊണ്ട് അവതരിപ്പിക്കുന്ന ഒരു പരിപാടിയെന്ന നിലയില്‍ ഈ പരിപാടിക്കും അതിന്‍റേതായ പ്രത്യേകതയുണ്ട്. രാഷ്ട്രീയ പ്രബുദ്ധരായ ബഹുമാനപ്പെട്ട കേരളീയരായ ജനങ്ങളൊക്കെയും ഇന്ന് അനുഭവിക്കുന്ന ഒരു വിശിഷ്ട അനുഭൂതിയും ഇതുതന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു വശത്ത്. മറുവശത്ത് ഭരിക്കുന്ന പാര്‍ട്ടിയുടെ അമരക്കാരന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍. രണ്ടുപേരുമാണ് ഈ അനിര്‍വചനീയമായ അനുഭവത്തിന് ഇടവരുത്തിയ മഹാന്‍മാര്‍. രണ്ടുപേരെയും മനസാസ്മരിച്ച്, പുഷ്പാര്‍ച്ചന നടത്തി തുടങ്ങാം. വല്യവല്യ കേസാണ്. അല്ലാതെ ചീള് കേസല്ല. നല്ല ആഢ്യത്വമുള്ള കേസുകളാണ് രണ്ട് പേരേയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പ്രിയപ്പെട്ടവരാക്കിയത്. ഒന്ന് സ്വര്‍ണക്കടത്തും മറ്റൊന്ന് ലഹരിമരുന്ന് കേസും. 

ശ്രീമാന്‍ ബിനീഷ് കോടിയേരി, സിപിഎമ്മിന്‍റെ പിബി അംഗവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണന്‍റെ പുത്രനാണല്ലോ. പാര്‍ട്ടി സെക്രട്ടറിയുടെ ഒരു മകന്‍ കേസില്‍ പെട്ട് അറസ്റ്റിലാവുമ്പോള്‍ അതിനെക്കുറിച്ച് രണ്ടുവരി പറയാന്‍ മറ്റൊരു പിബി അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ സഖാവ് പിണറായി വിജയന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ തിരുവാ എതിര്‍വാ ബിനീഷിന് വേണ്ട പരിഗണന കൊടുക്കാന്‍ തീരുമാനിച്ച വിവരം അറിയിക്കുകയാണ്.  അവഗണിക്കപ്പെടുന്ന മനുഷ്യന് കൈത്താങ് നല്‍കുന്നതാണല്ലോ കമ്മ്യൂണിസം. 

ഈ പൂര്‍വജന്‍മത്തിലെ ശത്രുവാണ് മകനായി വരുന്നതെന്ന് പറയാറില്ലേ. കോടിയേരിയുടെ കാര്യത്തിലും അങ്ങനെയാവണം. പൂര്‍വജന്‍മത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരിക്കണം. ഈ ബിനീഷ് കോടിയേരി ഒരു കുത്തക മുതലാളിയും ആയിരുന്നിരിക്കണം. അല്ലെങ്കില്‍ നേരെ തിരിച്ചായിരുന്നുകാണും. കാരണം ആ ശത്രുവാണ് ഇപ്പോള്‍ കോടിയേരിക്ക് പണി കൊടുത്തുകൊണ്ടിരിക്കുന്നത്. 

സിപിഎമ്മിനെ സംബന്ധിച്ച് എല്ലാ കാലത്തും പാര്‍ട്ടി സെക്രട്ടറിമാര്‍ പ്രശ്നങ്ങളെ നേരിട്ടുണ്ട്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായ കാലത്ത് വി.എസ്.അച്യുതാനന്ദനുമായുള്ള വിഭാഗീയത ആയിരുന്നു പ്രശ്നം. ആ കാലത്ത് അതായിരിക്കും ഒരു പാര്‍ട്ടി സെക്രട്ടറിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രശ്നമെന്നാണ് വിചാരിച്ചത്. അതുകഴിഞ്ഞ് കോടിയേരി സെക്രട്ടറിയായി വന്നുകഴിഞ്ഞപ്പോള്‍ വിഭാഗീയത ഇല്ലാതായി വി.എസ്. സൈഡായി, അങ്ങനെ എല്ലാം സ്മൂത്തായി ഏറ്റവും ഭാഗ്യം ചെയ്ത സെക്രട്ടറി ആണ് കോടിയേരി എന്നു വിചാരിച്ചത്. പക്ഷേ അദ്ദേഹത്തിന് പ്രശ്നം വന്നത് പാര്‍ട്ടിയുടെ ശത്രുക്കളില്‍ നിന്നോ പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളില്‍ നിന്നോ അല്ല മറിച്ച് വീട്ടിനുള്ളില്‍ നിന്ന് നേരിടേണ്ടി വന്നു എന്നതാണ് ദുരന്തം. 

സത്യത്തില്‍ ബിനീഷിനെ പോലുള്ള ഒരു ബഹുമുഖ പ്രതിഭയെ നേരിടാന്‍ പറ്റാത്തതാണ് കോടിയേരിയുടെ പ്രശ്നം. നോക്കൂ, ഈ അടുത്തകാലത്തൊന്നും സമൂഹത്തിലെ യുവാക്കളില്‍ നിന്ന് ഇത്രയേറെ കഴിവുള്ള ഒരാള്‍ ഉയര്‍ന്നുവന്നിട്ടില്ല. ബിനീഷ് പാര്‍ട്ടിക്കാരനാണ്. എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗമൊക്കെ ആയ ആളാണ് അതില്‍ നല്ല രീതിയില്‍ കഴിവ് തെളിയിച്ചു. പിന്നെ സിനിമയില്‍ പോയി അവിടെയും കഴിവു തെളിയിച്ചു, പിന്നെ ക്രിക്കറ്റിലേക്ക് പോയി, അവിടേയും കഴിവുതെളിയിച്ചു. പിന്നെ വ്യവസായി എന്ന നിലയില്‍, വലിയൊരുഗ്രൂപ്പിന്‍റെ വൈസ് പ്രസിഡന്‍റായി. ഇങ്ങനെയൊരു മള്‍ട്ടിഫെയ്സ് ടാലന്‍റാണ് ബിനീഷ് കോടിയേരി. സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണനുപോലും ഇല്ലാതെപോയ ടാലന്‍റ്. പക്ഷേ ഉള്ളിലെ കമ്മ്യൂണിസം കാരണം ഒരു മേഖലയിലും ബിനീഷ് അവിടെയുള്ള മറ്റ് സഖാക്കള്‍ക്ക് ബുദ്ധിമുട്ടാവണ്ടാ എന്ന് കരുതി മാറികൊടുക്കയാണുണ്ടായത്. സിനിമയില്‍ നിന്ന് മാറികൊടുത്തു. പാര്‍ട്ടിയിലുണ്ടായിരുന്നെങ്കില്‍ റഹീമിന്‍റെ സ്ഥാനത്തൊക്കെ ഇരിക്കേണ്ട ആളായിരുന്നു. അവിടെ നിന്നും മാറികൊടുത്തു. അങ്ങനെയൊരു പ്രതിഭയെയാണ് ഇപ്പോ എതിരാളികളും ഇഡിയും ചേര്‍ന്ന് നശിപ്പിക്കാന്‍ നോക്കുന്നത്.

ഇതേതായാലും വല്ലാത്തൊരു അക്രമമായിപ്പോയി. ഇത്രയും വേണ്ടിയിരുന്നില്ല. നമുക്ക് ബിനീഷിന്‍റെ കാര്യമെടുക്കാം. പാര്‍ട്ടിയില്‍ നില്‍ക്കാന്‍ ബിനീഷ് തീരുമാനിച്ചിരുന്നെങ്കില്‍ മക്കള്‍ രാഷ്ട്രീയം എന്ന് പറഞ്ഞ് എതിരാളികള്‍ പ്രശ്നമുണ്ടാക്കിയേനെ. ബിസിനസ് അഡ്മിനിസ്ട്രേഷന്‍റെ ഭാഗമായി ഒരു ഗ്രൂപ്പിന്‍റെ വൈസ് പ്രസിഡന്റാവാന്‍ പോയി. പക്ഷേ അച്ഛന്‍റെ തണലില്‍ വല്യ വ്യവസായി അവാന്‍ പോയി എന്നു കേള്‍പ്പിക്കണ്ട എന്നു കരുതിയാണ് അത് വിട്ട് സ്വന്തം നിലയില്‍ ബിസിനസ് തുടങ്ങിയത്. അപ്പോഴാണ് പിടിവീണത്. ഏതായാലും ലഹരിമരുന്ന് വില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞൂന്ന് ശത്രുക്കള്‍ പോലും പറയില്ലല്ലോ. അതാണ് ബിനീഷിന്‍റെ നല്ല മനസ്. അച്ഛനോടുള്ള സ്നേഹം. ഒരു കമ്മ്യൂണിസ്റ്റ് കാരന്‍റെ മകനായി ജീവിക്കുക എന്നത് ഈ നാട്ടില്‍ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മനസിലാക്കാന്‍ ബിനീഷിന്‍റെ ജീവിതം മാത്രം എടുത്ത് നോക്കിയാല്‍ മതി. 

പ്രശ്നം എന്താണെന്ന് വച്ചാല്‍ ഈ കമ്മ്യൂണിസമാണ്. ആ ഇസം മുന്നോട്ട് വയ്ക്കുന്ന ചില കാര്യങ്ങളുണ്ടല്ലോ. ധാര്‍മികത, ലളിത ജീവിതം, പാര്‍ട്ടി അംഗത്വത്തിന് വരെ പെരുമാറ്റച്ചട്ടം. അംഗങ്ങളുടെ കുടുംബത്തിന്‍റെ നല്ല നടപ്പ്, ഇങ്ങനെ മൊത്തത്തില്‍ ഒരു നന്‍മമരമാവണം കമ്മ്യൂണിസ്റ്റ് എന്നതാണ് പ്രശ്നം. പാര്‍ട്ടിയിലെ വലതുവല്‍ക്കരണത്തെ അപ്പോഴാണ് സ്വാഗതം ചെയ്യേണ്ടത്. ഒരു കോണ്‍ഗ്രസിനെപ്പോലെ, ബിജെപിയെപ്പോലെ ഒക്കെ ആയാല്‍ തീരാവുന്ന പ്രശ്നമേ സിപിഎമ്മിനുള്ളു. ആ തിരിച്ചറിവിലാണ് നേതൃത്വവും പാര്‍ട്ടിക്കാരും എന്നതിനാല്‍ വരും കാലത്ത് ഇത്തരം പ്രശ്നങ്ങളെ സ്വാഭാവിക സംഭവങ്ങളായി ഉള്‍ക്കൊള്ളാന്‍ ആളുകള്‍ക്ക് കഴിയും. കാനം രാജേന്ദ്രനെങ്കിലും അതിന് സഹായമൊരുക്കണം. പാവാണ് ബിനീഷ്

പിണറായി വിജയന്‍ വൈകീട്ടത്തെ പതിവുപരിപാടിയുമായി വന്നിരുന്നു. പക്ഷേ ബിനീഷിനെപ്പറ്റിയൊന്നും ഒരക്ഷരം മിണ്ടാന്‍ കൂട്ടാക്കാതെ സമയം തീര്‍ന്നെന്നും പറഞ്ഞ് പോയതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. അത് ശരിയല്ലോ. ന്യൂജെന്‍ സഖാക്കളെ അംഗീകരിക്കാന്‍ പിണറായി സഖാവ് മടിക്കരുത്. മുന്‍പ് അദ്ദേഹം പറഞ്ഞത് കേട്ടാണ് വാര്‍ത്താസമ്മേളനം കേള്‍ക്കാന്‍ തന്നെ ആളുകള്‍ ഇരുന്നത്. 

എന്നിട്ടോ... അങ്ങനെ വല്ലതും ഉണ്ടായോ. അതുമില്ല. സഖാവേ ഈ പ്രതിപക്ഷത്തിരിക്കുന്നവര്‍ പറയുന്നപോലെ അങ്ങ് ഇങ്ങനെ കള്ളം പറയരുത്. ഇതിപ്പോ 6 മണിക്ക് വാര്‍ത്താസമ്മേളനം. ഏകദേശം 6.40 വരെ കോവിഡ് പാരായണം. അതുകഴിഞ്ഞ് പത്തിരുപത് മിനുട്ടാണ് പാരായണം ഇല്ലാതെ കിട്ടുന്നത്. 

ഇതിപ്പോ നൂറിലേറെ വാര്‍ത്താസമ്മേളനങ്ങള്‍ ഈ കോവിഡ് കാലത്ത് പിണറായി വിജയന്‍ നടത്തിയിട്ടുണ്ട്. അതിന്‍റെ ടൈമിങ് സംബന്ധിച്ച് ഇപ്പോ കാണാപാഠവുമാണ്. ഒരോ അക്ഷരത്തിനും വരികള്‍ക്കും പറയുമ്പോള്‍ എത്ര സെക്കന്‍ഡ് പോയികിട്ടും എന്ന് നന്നായി അറിയാം. അത് വച്ചുള്ള കളിയാണ് നമ്മളീ കാണുന്നത്. 

സത്യത്തില്‍ താനൊരു ഗംഭീര കക്ഷിയാണെന്നും തന്നെ എല്ലാവര്‍ക്കും പേടിയാണെന്നും എന്ന് പരസ്യമായി തോന്നിപ്പിച്ചാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഭരിച്ചതെങ്കില്‍ ഇതേ ടോണില്‍ താനൊരു ഗംഭീര കക്ഷിയാണെന്നും തന്നെ മുഖ്യമന്ത്രിക്ക് വരെ പേടിയാണെന്നും രഹസ്യമായി പറഞ്ഞാണ് എം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന് ഭരിച്ചത്. 

ഈ അറ്റാക്ക് വരുന്ന കാര്യങ്ങളെ മനസിലാക്കാന്‍ പിണറായി സഖാവിന് കഴിയാതെ പോയതാണ് പ്രശ്നം. പ്രശ്നമെന്ന് കണ്ട ഇ.പി. ജയരാജനേയും ശശീന്ദ്രനേയും മന്ത്രിസഭയില്‍ നിന്ന് രാജിവപ്പിച്ച ആള്‍ക്ക് ശിവശങ്കറിനെ മനസിലാക്കാന്‍ കഴിഞ്ഞില്ല. അത്രേ ഉള്ളു. അതില്‍ നിന്ന് കിട്ടിയ അടിയുടെ മയക്കത്തിലാണ് അദ്ദേഹം. അതുകൊണ്ട് ഉള്ളകാര്യം തുറന്ന് പറഞ്ഞ് നേരിട്ട് പോവുകയേ നിവൃത്തിയുള്ളു. സൈബര്‍ സഖാക്കള്‍ക്കും പിആര്‍ തള്ളിനുമൊക്കെ പരിധിയുണ്ട് എന്നെങ്കിലും മനസിലാക്കിയാല്‍ നല്ലത്. 

ഇതിപ്പോ ബിനീഷിന്‍റെയും ശിവശങ്കറിന്‍റേയും അറസ്റ്റ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ വച്ച് രാഷ്ട്രീയ പകപോക്കലിനുള്ള ശ്രമമായി കാണുകയാണെങ്കില്‍ കോണ്‍ഗ്രസിനെകൂടി ഉള്‍പ്പെടുത്തി ഇഡിക്കെതിരെ ഒരു സമരം പ്രഖ്യാപിക്കണം. ഈ സര്‍വകക്ഷിയോഗം ഒക്കെ വിളിച്ച് കാര്യം തീരുമാനിക്കുംപോലെ.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...