ഷാജിയുടെ നാവ്, യുഡിഎഫിന്‍റെ സ്വത്ത്; പിന്നെ റഹീം വെളിപ്പെടുത്തിയ സ്വത്തും..!

thiruva-ethirva
SHARE

ജീവനും സ്വത്തിനും ഭീഷണി നേരിട്ട് നില്‍ക്കുകയാണ് കേരളത്തെ ഒരു എംഎല്‍എ. കെ.എം.ഷാജി. മുംബൈയില്‍ ആരോ കൊടുത്ത ക്വട്ടേഷന്‍ വഴിയാണ് ജീവന് ഭീഷണി. കണക്കില്‍പ്പെടാതെ കാശുണ്ടാക്കിയെന്നു പറഞ്ഞ് വീടു പൊളിക്കാനും പണം കണ്ടുകെട്ടാനും കേരളത്തില്‍ എതിരാളികള്‍ ഇറങ്ങിയതു വഴിയാണ് സ്വത്തിന് ഭീഷണി. പൗരന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരാകട്ടെ ഈ രണ്ടു വിഷയങ്ങളിലും ഷാജിയുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുന്നുമില്ല. ഈ ജീവന്‍മരണ പോരാട്ടത്തിന്‍റെ കഥ പറഞ്ഞാണ് ഇന്ന് തിരുവാ എതിര്‍വാ തുടങ്ങുന്നത്

തിരഞ്ഞെടുപ്പിലൊക്കെ മല്‍സരിക്കാന്‍ പോയാല്‍ രണ്ട് പ്രധാന ദോഷങ്ങളുണ്ട്. നമ്മുടെ സ്വത്ത് വിവരം നമ്മളു തന്നെ വെളിപ്പെടുത്തി നാട്ടുകാര്‍ അറിയും. പിന്നെ നമ്മുടെ കൈയിലിരിപ്പും ചരിത്രവും എതിരാളികള്‍ വെളിപ്പെടുത്തി ലോകം അറിയും. ഈ രണ്ടു പ്രശ്നങ്ങള്‍ കാരണം പാര്‍ലമെന്‍ററി മോഹം ഉപേക്ഷിച്ച എത്ര ആളുകളുണ്ടെന്നോ. മുസ്്ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിക്ക് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത് ഇതില്‍ ആദ്യം പറഞ്ഞതാണ്. ഷാജി വെളിപ്പെടുത്തിയ സ്വത്തും യഥാര്‍ഥ സ്വത്തും തമ്മില്‍ ചേര്‍ച്ചയില്ലെന്ന് പറഞ്ഞ് സിപിഎം വാളെടുത്തിറങ്ങിയിരിക്കുകയാണ്. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ പ്രത്യക്ഷപ്പെട്ട് ഷാജിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

പോരാട്ടം ഒക്കെ തുടരും . പക്ഷേ ഷാജിയുടെ പോരാട്ടം ഷാജി ഒറ്റയ്ക്ക് തന്നെ നോക്കേണ്ടി വരും. ലീഗും യുഡിഎഫുമൊക്കെ ഷാജിക്ക് വേണ്ടി പോരാടുമെന്ന് ഷാജിക്ക് പോലും ഉറപ്പില്ല. അല്ലെങ്കിലും കാശുകാരെ ബഹുമാനിക്കാന്‍ ഈ മലയാളികള്‍ ഇനിയും പഠിച്ചിട്ടില്ല. ആരെങ്കിലും പത്ത് പുത്തനുണ്ടാക്കിയതറിഞ്ഞാല്‍ അസൂയയുമായി ഇറങ്ങിക്കോളും. സിപിഎമ്മുകാരിലാണ് ഈ അസുഖം കൂടുതലായി കാണപ്പെടുന്നത്. ഷാജിയുടെ ഏറ്റവും വലിയ സ്വത്താണ് ഷാജിയുടെ നാവ്. അതിന്‍റെ ചൂട് പലതവണ അറിഞ്ഞിട്ടുള്ള കാരണം സിപിഎമ്മിന് ഇതൊരവസരമാണ്.  ഷാജി വെളിപ്പെടുത്താത്ത സ്വത്ത് ഡിവൈഎഫ്ഐയുടെ റഹീം വെളുപ്പെടുത്തിയത് ഈ സാഹചര്യത്തിലാണ്

ആ കണക്കില്‍ ഒരു സംശയമുണ്ട് . 5,660 സ്്ക്വയര്‍ ഫീറ്റിന് അഞ്ച് കോടി എന്നൊക്കെ പറഞ്ഞാല്‍ സ്ക്വയര്‍ ഫീറ്റിന്  ഏഴായിരത്തി ചില്വാനം രൂപാ വരും. അത്രയൊക്കെ വരുമോ? നാട്ടിലെ ദാരിദ്ര്യം , പൊതുപ്രവര്‍ത്തകന്‍റെ സമ്പത്ത് എന്ന ഡയലോഗ് സിപിഎമ്മിന്‍റെ  ജനപ്രതിനിധികള്‍ക്കും  ബാധകമാണോ എന്ന് കൂടെ റഹീം വ്യക്തമാക്കണമായിരുന്നു. പിവി അന്‍വര്‍, വികെസി മമ്മദ് കോയ തുടങ്ങിയവരുമൊക്കെ പാര്‍ട്ടിയുടെ ആളുകളല്ലേ. അതുകൊണ്ട് പരസ്യപ്പെടുത്തിയ സ്വത്തും കാണപ്പെടുന്ന സ്വത്തും എന്ന ലൈനില്‍ പിടിക്കുന്നതായിരിക്കും സേഫ്. 

പിണറായി സര്‍ക്കാരിന്‍റെ ഭരണ കാലത്ത് പണമുണ്ടാകാന്‍ സ്വര്‍ണക്കടത്ത് മാത്രമേ ഒരു മാര്‍ഗമായുള്ളു എന്ന് റഹീം കരുതിയാല്‍ അത് തെറ്റാണ്. 

ഷാജി സാഹിബിന് കൃഷി വഴി പണമുണ്ടാക്കുന്ന വഴിയറിയാം. കേരളത്തിലെ മണ്ണ് പറ്റിയില്ലെങ്കില്‍ കര്‍ണാടകത്തില്‍ വിത്തിറക്കാനും അറിയാം.ജയ് ജവാന്‍ .ജയ് കിസാന്‍ . അതാണ് ഷാജിയുടെ മുദ്രാവാക്യം. 

ദാരിദ്ര്യത്തെ ആഘോഷിക്കുന്ന ഒരു രാഷ്ട്രീയ സംസ്കാരം കേരളത്തില്‍ ഈ നൂറ്റാണ്ടിലും നന്നായി ഓടുന്നുണ്ട്. അതുകൊണ്ടാണ് പുതിയ ഖദര്‍ വാങ്ങി കീറലുണ്ടാക്കി ഇടുന്നവരും ബ്ലേഡ് വാങ്ങാന്‍ കാശില്ലെന്ന് കാണിക്കാന്‍ താടി വളര്‍ത്തി നടക്കുന്നവരുമൊക്കെ ആവര്‍ത്തിച്ച് ജയിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി തന്നെ അടുത്ത കാലത്ത് പറഞ്ഞത് വീട് പെയിന്‍റടിക്കാന്‍ ആധാരം പണയം വച്ച് ലോണെടുത്തു എന്നാണ്. എന്തുമാതിരി പെയിന്‍റാണതെന്ന് ആര്‍ക്കും ഇപ്പോഴും പിടി കിട്ടിയിട്ടില്ല. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ആളുകള്‍ വീഴുമെന്ന് ഇവര്‍ക്ക് നന്നായി അറിയാം. ഇനി എങ്ങാനും കുറച്ച് പൈസയുള്ളവരാണെങ്കിലോ, പണ്ട് പട്ടിണിയായിരുന്നു എന്ന കഥ പറയും. പക്ഷേ നമ്മുടെ ഷാജി ഇതിനു രണ്ടിനും തയാറല്ല. എന്തു ചെയ്യാം. ജന്‍മനാ അല്‍പം പണക്കാരനായിപ്പോയി. എത്ര ശ്രമിച്ചിട്ടും അതൊട്ട് കുറയുന്നുമില്ല. ഈ സത്യം തുറന്നു പറയാന്‍ ഷാജിക്കൊട്ടു മടിയുമില്ല

സ്വന്തം നാടെന്ന നിലയ്ക്ക് വയനാടും സ്വന്തം മണ്ഡലമുള്ള ജില്ല എന്ന നിലയ്ക്ക് കണ്ണൂരും സ്വന്തം മേഖലയുടെ തലസ്ഥാനം എന്ന നിലയ്ക്ക് കോഴിക്കോടും ഷാജിക്ക് ഓരോ വീടുകളുണ്ട്. ഏറ്റവുമൊടുവില്‍ കണക്കെടുത്തപ്പോള്‍ കോഴിക്കോടുള്ള വീടിന് 5,400 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുണ്ടെന്ന് കണ്ടെത്തി. സിപിഎമ്മുകാര്‍ പറഞ്ഞ പോലെ അഞ്ചുകോടിയൊന്നുമില്ല. ജസ്റ്റ് ഒരു കോടി അറുപത് ലക്ഷം വിലയേ വരൂ. 3,200 സ്ക്വയര്‍ ഫീറ്റിന് അനുമതി വാങ്ങി പണി തുടങ്ങിയതാണ്. പണിതു വന്നപ്പോള്‍ കുറച്ച് വലുതായിപ്പോയി. കുറച്ചെന്നു പറഞ്ഞാല് ഒരു 2,200 സ്ക്വയര്‍ ഫീറ്റ്. അതിന്‍റേതായ ചെലവും കൂടിക്കാണും. അല്ലെങ്കിലും മലയാളികള്‍ അങ്ങനെയാണഅ. വീടിന്‍റെ കാര്യത്തില്‍ അവര്‍ പൈസ നോക്കില്ല. ലാറി ബക്കറിനോട്, ബക്കര്‍ സായിപ്പേ, ലോ കോസ്റ്റില്‍ ഒരു വീടുവേണം. പൈസ എത്രയായാലും കുഴപ്പമില്ല എന്ന് പറഞ്ഞ ടീമാണ്. ഷാജിയും ഒരു മലയാളിയല്ലേ

ഈ വീടിന്‍റെ കേസ് അത്ര വലിയ കാര്യമൊന്നുമല്ല. പിഴയടച്ച് തീര്‍ക്കാന്‍ പറ്റും. ഷാജി അതിന് തയാറുമാണ്. ഇഞ്ചിക്കേസ് പറഞ്ഞ് കുറച്ച് കളിയാക്കാം.ബാക്കിയുള്ള ആരോപണങ്ങള്‍ നന്നായി അന്വേഷിച്ചാലേ കളിയങ്ങോട്ട് ഉഷാറാകൂ

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...