ശിവശങ്കറിന്റെ വേദനയും; ഹസന്‍ജിയുടെ മലബാര്‍ യാത്രയും

te
SHARE

സാധാരണ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം ചെളിവാരിയെറിയാനോ അല്ലെങ്കില്‍ ആക്ഷേപിക്കാനോ ഒക്കെ പറയുന്ന ഒരു വാചകമുണ്ട്, മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് ആ പാര്‍ട്ടി ഇങ്ങനെ ചെയ്തത് എന്നൊക്കെ. ഇതിപ്പോ കേരളത്തിലെ ഒരു കേസ് അന്വേഷിക്കുന്ന കസ്റ്റംസ് വരെ  ഇത്തരം വാചകങ്ങളാണ് കോടതിയില്‍ പറയുന്നത്. കാലം പോയ പോക്കേ... 

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കര്‍ ഇപ്പോ മുഖ്യമന്ത്രിയേക്കാള്‍ നാട്ടില്‍ പ്രശസ്തനാണല്ലോ. സംഗതി ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വീട്ടിലെത്തിയപ്പോ ഒരു നെഞ്ചുവേദന. പണ്ട് സിബിഐ വരുമെന്നറിഞ്ഞപ്പോള്‍ പി. ജയരാജനൊക്കെ അനുഭവപ്പെട്ട അതേ നെഞ്ചുവേദനയാണ് ഓര്‍മവന്നത്. നെഞ്ചുവേദനയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശിവശങ്കര്‍. ആകെ ബഹളം. പക്ഷേ പിന്നീടാണ് അറിഞ്‍ഞത് നെഞ്ചിനല്ല നട്ടെല്ലിനാണ് പ്രശ്നം എന്ന്. അതും ചെറിയൊരു വേദന. പിന്നെ മെഡിക്കല്‍ കോളജിലേക്കൊക്കെ കൊണ്ടുപോയി. അവിടുന്ന് ദാ ഇപ്പോ ആയുര്‍വേദ ചികില്‍സയ്ക്കാണ് മാറ്റിയത്. കസ്റ്റംസും പ്രതിപക്ഷ പാര്‍ട്ടികളും പറയുന്നത് ഇതൊരും അഭിനയമാണെന്നാണ്.

പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ അതായത് ബിജെപിയും കോണ്‍ഗ്രസുമൊക്കെ ശിവശങ്കറിന്‍റേത് അഭിനയമാണെന്ന് പറയുന്നത് മനസിലാക്കാം. കാരണം സ്വന്തം അനുഭവത്തില്‍ ഇത്തരം കാര്യങ്ങള്‍ ഒരുപാട് നടപ്പാക്കി വിജയിപ്പിച്ചെടുത്ത ആളുകള്‍ എന്ന നിലയില്‍ അവര്‍ക്ക് ഇതൊക്കെ പെട്ടെന്ന് പിടികിട്ടും. പക്ഷേ കസ്റ്റംസ് അങ്ങനെയല്ലല്ലോ. കസ്റ്റംസ് കോടതിയില്‍ പറഞ്ഞത് കേട്ടാല്‍ തോന്നുക വല്ല രമേശ് ചെന്നിത്തലയോ കെ. സുരേന്ദ്രനോ ആണ് കസ്റ്റംസിന്‍റെ നേതാവെന്നാണ്. കേരള രാഷ്ട്രീയത്തിലൊരു വിവാദമായ  സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചപ്പോഴാണ് കസ്റ്റംസിനും ഈ രാഷ്ട്രീയക്കാരുടെ പരിപാടികളും മറ്റും പിടികിട്ടിയതും കോടതിയില്‍ അങ്ങനെ പറഞ്ഞതും.

മുഖ്യമന്ത്രിയുെട വലംകൈയ്യായിരുന്നല്ലോ. എന്തിനും ഏതിനും ശിവശങ്കറായിരുന്നു മുന്നില്‍. ആ നിലയ്ക്ക് ശിവശങ്കറിനെ വിശ്വസിക്കാനാണ് സിപിഎമ്മിന് ഇഷ്ടം. സംഗതി മെഡിക്കല്‍ റിപ്പോര്‍ട്ടും മറ്റും വന്നിട്ടും എന്തോ വലിയ വയ്യായ്ക ശിവശങ്കറിന്‍റെ ഉണ്ടെന്നാണ് അണികള്‍ വിശ്വസിക്കുന്നത്. അവരെ സംബന്ധിച്ച് കാലെടുത്ത് കുത്തി നടക്കാന്‍ പറ്റാത്തത്ര ആരോഗ്യം തകര്‍ന്നിരിക്കുന്ന ഒരു രോഗിയാണ് ഈ ശിവശങ്കര്‍. അല്ലാതെ കസ്റ്റംസൊക്കെ പറയുന്ന പോലെയല്ല. കസ്റ്റംസ് കേന്ദ്ര ഏജന്‍സിയാണല്ലോ.  സംസ്ഥാന അന്വേഷണ ഏജന്‍സി വല്ലോ ആയിനോക്കണമായിരുന്നു.  കഥ മാറിയേനെ. അല്ല പിന്നെ.

ശിവശങ്കറിനെ വേണ്ടരീതിയില്‍ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവുന്നില്ല എന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രശ്നം. ഇതിപ്പോ അന്വേഷണം നടത്തി കുറ്റക്കാരനാണോ അല്ലയോ എന്ന് കണ്ടെത്തുന്നതിനേക്കാള്‍ വലിയ ആവശ്യമാണ് ഈ തള്ളിപ്പറയല്‍. മന്ത്രിമാരായ ജി. സുധാകരനും കടകംപള്ളി സുരേന്ദ്രനും ഇടയ്ക്ക് ഒരിക്കല്‍ ശിവശങ്കറിനെ വഞ്ചകനെന്ന് വിളിച്ചെങ്കിലും പിന്നീടാരും അതേറ്റ് പിടിക്കാത്തതാണ് പ്രതിപക്ഷത്തിനെ അലട്ടുന്നത്. ഒരാളെ തള്ളിപ്പറയുന്നതിലല്ല, ചേര്‍ത്ത് പിടിക്കുന്നതിലാണ് കരുതലെന്ന് ഇവര്‍ക്ക് അറിയാന്‍ പാടില്ലാത്തതോണ്ടാണ്.  നമ്മുടെ മുഖ്യമന്ത്രി ഒരു വലിയ കരുതലുള്ള മനുഷ്യനായിപ്പോയതില്‍ ഇങ്ങനെ അസൂയ കാണിക്കാതെ പ്രതിപക്ഷമേ... 

ഇത്യും കാലം ശിവശങ്കരന്‍ മുഖ്യമന്ത്രിയെ ഒരു ഉപകരണമാക്കുകയാണെന്നൊക്കെയാണ് ഈ പ്രതിപക്ഷം ആരോപിച്ചത്. ഭരണം മുഖ്യമന്ത്രി ശിവശങ്കരനെ കണ്ണടച്ച് ഏല്‍പ്പിച്ചെന്നും പിണറായി വിജയന് ഒന്നും അറിയില്ലെന്നുമൊക്കെ പറഞ്ഞു നടന്നതാണ് കുറെകാലം. വലിയ ക്ഷീണമായിരുന്നു അത്. എന്നാല്‍ ആ ക്ഷീണം മാറ്റാന്‍ ആരോപിച്ചവര്‍ തന്നെ തിരുത്തിയിട്ടുണ്ട്. ശിവശങ്കറിനെ മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ് നാട് ഭരിച്ചത് എന്നാണ് ഇപ്പോ പറയുന്നത്. ഏതായാലും ഇപ്പോഴെങ്കിലും സഖാവിനും പാര്‍ട്ടിക്കും ഭരിക്കാനറിയാം എന്ന് സമ്മതിച്ചല്ലോ, അതുമതി.  

യുഡിഎഫ് കണ്‍വീനര്‍ പോസ്റ്റ് കിട്ടിയതിന്‍റെ ഉല്‍സാഹത്തില്‍ ഒന്നു കറങ്ങാന്‍ ഇറങ്ങിയതാണ് ഹസന്‍ജി. മലബാറിലേക്കായിരുന്നു യാത്ര. മലപ്പുറവും കോഴിക്കോട്ടും ഒന്നും കറങ്ങിവരണം. പാണക്കാട്ട് പോയി. പിന്നെ വേറെയും പോയി. അത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതാക്കളെ കാണാനായിരുന്നു എന്ന് നാട്ടുകാരും അറിഞ്ഞു. ഇക്കാര്യം കോണ്‍ഗ്രസ് പാര്‍ട്ടി നാട്ടുകാരുടെ മുന്നില്‍ അറിഞ്ഞതായി ഇന്നാണ് ഭാവിച്ചത്. 

ഒരു ബന്ധം സ്ഥാപിക്കുമ്പോള്‍ ഒരു കുടുംബത്തിലെ എല്ലാവരും അത് അംഗീകരിക്കണമെന്നില്ല. എന്തെങ്കിലും വ്യത്യസ്തയുണ്ടെങ്കില്‍ അത് തുറന്നുപറഞ്ഞ് വാര്‍ത്തയില്‍ കടന്നുവരാന്‍ ഏത് വിധേനയും ശ്രമിക്കുന്നവരാണല്ലോ കോണ്‍ഗ്രസുകാര്‍. അതുകൊണ്ട് കുറ്റം പറയാന്‍ പറ്റില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധവും അങ്ങനെ വിവാദമാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. വല്ലാത്തൊരു പാര്‍ട്ടി തന്നെ. എങ്ങനെ സാധിക്കുന്നോ ആവോ.

ജമാ അത്തെ ഇസ്ലാമിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. മുഖ്യധാരയിലേക്ക് കടന്നുവരുമ്പോള്‍ ഒരു പൊതുസ്വഭാവത്തിന് ശ്രമിക്കലാണ് ആദ്യപടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവരെ ഇടതുപക്ഷമായിരുന്നു ശ്രേഷ്ഠപക്ഷം. പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുെട രാഷ്ട്രീയം പ്രസംഗിച്ച് മാത്രം നടക്കുന്നവരായതുകൊണ്ട് എവിടെയൊക്കെയോ സിപിഎമ്മിനോടായിരുന്നു അടുപ്പം. പ്രസംഗം സിപിഎം നിര്‍ത്തിയിട്ടൊന്നും ഇല്ലെങ്കിലും ആ അടുപ്പം പക്ഷേ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊട്ടിപ്പോയി. അതിന്‍റെ ബാക്കിയാണ് ഈ കാണുന്നത്.

കെ.എം. ഷാജിയ്ക്കെതിരെയുണ്ടായ സംസ്ഥാനാന്തര വധഗൂഢാലോചന വലിയ വിഷയമായിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിവരെ വിഷയം സിബിഐ അന്വേഷിക്കണം എന്നാണ് പറയുന്നത്. അതേതായാലും ഷാജിയെ സംബന്ധിച്ച് പാര്‍ട്ടിയിലെങ്കിലും വന്‍ മൈലേജ് ഉണ്ടാക്കുന്ന കാര്യമാണ്. ഇനിയിപ്പോ കുഞ്ഞാലിക്കുട്ടി സാഹിബ് ഷാജിസാഹിബിനെ ഒന്നു ട്രോളിയതാണോ എന്ന് സംശയിക്കുന്നവരോട് ഒരു കാര്യം മാത്രം പറയാം. നിങ്ങളൊന്നും ഒരു കാലത്തും നന്നാവില്ല. നോക്കിക്കോ.

രമേശ് ചെന്നിത്തല കൂടെയുള്ളതാണ് ഷാജിക്ക് ആശ്വാസം. കാരണം ചെന്നിത്തല ആള് ഹിന്ദി വിദ്വാനാണ്. വധഗൂഢാലോചന മൊത്തം ഹിന്ദിയില്‍ ആയിരുന്നല്ലോ. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...