ബാര്‍ മുതലാളിമാരും ട്രോളിത്തുടങ്ങി; കാണാനിരിക്കുന്നതാണ് ശരിക്കുമുള്ള പടം

thiruva23
SHARE

തൊട്ടതെല്ലാം പൊന്നാക്കുന്ന ജോസ് . കെ. മാണി കൂടി ഇടതുമുന്നണിയിലേക്കെത്തുന്നതോടെ കേരള രാഷ്ട്രീയം ഒരു സിനിമയായി ഓടിത്തുടങ്ങുകയാണ്. ഇതുവരെ കണ്ട പടമല്ല, ഇനി കാണാനിരിക്കുന്നതാണ് ശരിക്കും പടം. 

കെ.എം.മാണി എന്ന മുന്‍ കേരള കോണ്‍ഗ്രസ് നേതാവിനോട്, പലവട്ടം മന്ത്രിയായ ആളോട്, ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുകയും ചരിത്രത്തിലാദ്യമായി ബജറ്റ് അവതരണം പ്രതിപക്ഷത്തിന്‍റെ തന്ത്രപരമായ നൃത്താവിഷ്കാരത്തോടെ തടസ്സപ്പെട്ടതുമായ ആ മന്ത്രിയോട് യുഡിഎഫാണോ എല്‍ഡിഎഫാണ് ഏറ്റവും ക്രൂരമായി പെരുമാറിയത് എന്നതാണല്ലോ കേരളം രാഷ്ട്രീയം ഇന്ന് നേരിടുന്നു ചരിത്രപരമായ പ്രതിസന്ധി. എല്‍ഡിഎഫിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും പറയുന്നത് മാണിസാറെ ദ്രോഹിച്ചത് കോണ്‍ഗ്രസും യുഡിഎഫും ആണെന്നാണ്. എല്‍ഡിഎഫിലേക്ക് പോകും നേരം ജോസുമോന്‍ പറഞ്​ഞതും അതുതന്നെ. പക്ഷേ ഇത്തരം ചരിത്രപരമായ കോമാളിത്തരങ്ങള്‍ എഴുന്നള്ളിക്കുമ്പോള്‍ സ്വഭാവികമായും ജനങ്ങള്‍ക്ക് സംശയം വരും. മറവിരോഗം ഒന്നും വന്നിട്ടില്ലല്ലോ. എങ്കില്‍ പിന്നെ തെളിവുകളെന്ന് തോന്നിക്കുന്ന ചില പേപ്പറുകള്‍ തപ്പിയെടുക്കലാണ് അടുത്ത പടി. 

രമേശ് ചെന്നിത്തലയെ അങ്ങനെ എളുപ്പത്തില്‍ ഊരാന്‍ വിടേണ്ടെന്ന തീരുമാനം തത്വത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം കൈകൊണ്ടതാണ്. യുഡിഎഫ് കാലത്ത് ബാര്‍കോഴ കേസ് അന്വേഷിച്ച വിജിലന്‍സിനെ വിശ്വാസമില്ലാത്തതുകൊണ്ട് സ്വന്തം നിലയ്ക്ക് മാണി കോണ്‍ഗ്രസ് ഒരന്വേഷണം പ്രഖ്യാപിച്ചതാണ്. പക്ഷേ അന്വേഷണ സംഘം പാതിവഴിയില്‍ നിര്‍ത്തിപ്പോയി. പിന്നെ നാട്ടിലെ ഒരു സ്വകാര്യം ഡിറ്റക്ടീവ് സംഘത്തെ ഏല്‍പിച്ചു. ആ റിപ്പോര്‍ട്ട് അങ്ങനെ മാധ്യമങ്ങള്‍ വഴി ഇപ്പോഴാണ് പുറത്തെത്തുന്നത്. ജോസ് കെ. മാണിയുടെ അതിബുദ്ധിയെ പുകഴ്ത്തിക്കൊണ്ടും കെ.എം. മാണിയ്ക്കെതിരെ ചെന്നിത്തല നടത്തിയ വഞ്ചനയെ തുറന്നുകാട്ടാനും എകെജി സെന്‍റര്‍ വാര്‍ത്താക്കുറിപ്പൊക്കെ തയ്യാറാക്കാന്‍ റെഡിയായതാണ്. പക്ഷേ പഴയ ബാര്‍ കോഴ പരാതിക്കാരന്‍ ബിജും രമേശ് വീണ്ടും അവതരിക്കുമെന്നും കാര്യങ്ങള്‍ കീഴ്മേല്‍ മറിയുമെന്നും ജോസ്മോന്‍റെ പൊളിറ്റിക്കല്‍ ബുദ്ധിയില്‍ തോന്നിയില്ല. സാരമില്ല. അനുഭവപരിചയം കുറവായതുകൊണ്ടാണ്.

ജോസ് കെ. മാണിയുടെ ഇടതുപക്ഷത്തേക്കുള്ള വരവിന്‍റെ പോസിറ്റീവ് വശങ്ങളെക്കുറിച്ച് ഒരു അബ്കാരി മുതലാളി എന്ന നിലയില്‍ ബിജുരമേശിന് കൃത്യമായ അറിവുണ്ട്. ഈ അറിവു വച്ചാണോ സിപിഎം ജോസിനെ സ്വാഗതം ചെയ്തതെന്നേ അറിയേണ്ടൂ.

വന്ന് വന്ന് ബാര്‍ മുതലാളിമാര്‍ വരെ ജോസ്. കെ. മാണിയേയും എല്‍ഡിഎഫിനേയും ട്രോളാന്‍ തുടങ്ങി എന്നതാണ് കേരള കോണ്‍ഗ്രസിന്‍റെ ഇടതുമുന്നണി പ്രവേശനത്തിന്‍റെ ഒരു പ്രധാന അട്രാക്ഷന്‍. രാഷ്ട്രീയത്തെ ഇത്രയും കോമഡിയായി മാറ്റിയതിന് ഇടതുപക്ഷത്തോട് ഈ നാട്ടുകാര്‍ക്ക് കടപ്പാടുണ്ടായിരിക്കണം. ഈ മഹാമാരിക്കാലത്തും ചിരിക്കാനുള്ള വക ഒപ്പിച്ചുതരുന്നതില്‍ ചില്ലറ നന്ദിയൊന്നും കാണിച്ചാ പോര. കെ.എം. മാണിയുടെ പ്രതിമ ഉണ്ടാക്കാന്‍ തോമസ് ഐസക് ബജറ്റില്‍ ഫണ്ട് വകയിരുത്തിയതാണ് ഈ കോമഡിയുടെ ആദ്യപടക്കം. 

ബാര്‍ കോഴ ഇടതുപക്ഷത്തിന്‍റെ വസന്തകാലമായിരുന്നല്ലോ. എന്തെല്ലാം സമരങ്ങള്‍. പാവപ്പെട്ട മാണിക്ക് 500രൂപ പിരിവെടുത്ത് അയച്ചുകൊടുത്തവര്‍ വരെയുണ്ട്. സത്യത്തില്‍ അത് നിരാശയുടെ സമരമായിരുന്നു എന്നാണ് മനസിലാക്കേണ്ടത്. എല്‍ഡിഎഫിലേക്ക് വരാന്‍ തയ്യാറെടുത്ത കെ.എം. മാണി, മാണിയെ വച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം. ഇതെല്ലാം പൊളിഞ്ഞ് പാളീസായതിന്‍റെ നിരാശയായിരുന്നു ആ സമരങ്ങളത്രയും. മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ ഇതൊക്കെ മനസില്‍ വച്ചാണ് തിരക്കഥ എന്നൊക്കെ പറഞ്ഞ് ഗദ്ഗദം പൂണ്ടത്.

അതൊരു മികച്ച പോയിന്‍റാണ്. കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ഇവിടുത്തെ മുതലാളിമാരെ അന്നത്തെ എല്‍ഡിഎഫോ സിപിഎം നേതൃത്വമോ ഒന്നറിയിച്ചിരുന്നെങ്കില്‍ കാര്യങ്ങളൊക്കെ മാറിമറിഞ്ഞേനെ. മുതലാളിത്തത്തെ തള്ളിപ്പറയുമ്പോഴും മുതലാളിമാരെ പിണക്കാതെയുള്ള ഇടതു രാഷ്ട്രീയ അടവുനയറ്റത്തിനേറ്റ കനത്ത തിരിച്ചടിയായിപ്പോയി അത്. ഏതായാലും ഒന്നുക്ഷീണിച്ച സ്ഥിതിക്ക് ബിജു രമേശ് വഴി കിട്ടിയ പുതിയൊരു ക്യാപ്സൂള്‍ സൈബര്‍ സഖാക്കള്‍ക്കായി സമര്‍പ്പിക്കുന്നു.

കേട്ടല്ലോ, അപ്പോ അവസാന വരി കട്ട് ചെയ്ത് കളഞ്‍ഞുവേണം ഇതൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാന്‍. പക്ഷേ സൂക്ഷിക്കണം ബിജു രമേശിന്‍റെ ഈ അഭിപ്രായം അംഗീകരിച്ചാല്‍ ബാക്കി കാര്യങ്ങളും അംഗീകരിക്കേണ്ടതായി വരുമെന്നും ഓര്‍മിപ്പിച്ച് ഒരു ഇടവേള എടുക്കുന്നു. 

കേരളത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയിലേക്കാണ് പോകുന്നത്. ലീഗ് എംഎല്‍എ കെ.എം. ഷാജിയെ കൊല്ലുമെന്ന് ഭീഷണി. സൂക്ഷിക്കേണ്ടതാണ്. പ്രത്യേകിച്ചും കേരള രാഷ്ട്രീയം ഇങ്ങനെ കലങ്ങിമറിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ അതൊന്നും താങ്ങാനുള്ള ശേഷി ഈ നാടിനുണ്ടാവില്ല. പറയൂ ഷാജി, എന്താണ് പ്രശ്നം.

പ്രശ്നമാണ്. കേരളത്തിന്‍റെ പൊലീസ് മികവ് തീര്‍ച്ചയായും ഉപയോഗപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത അങ്ങ് സര്‍ക്കാരിനേയും പൊലീസ് മേധാവിയേയും അറിയിച്ചെന്നും കരുതുന്നു. ബോംബെ അധോലോകമൊക്കെ ആണ്. നമുക്ക് വേണമെങ്കില്‍ സിബിഐ, എന്‍ഐഎ, എന്നിവരോടൊക്കെ പറയാം. അവരൊക്കെ ഇപ്പോ കേരളത്തില്‍ തമ്പടിച്ചുനില്‍ക്കാണല്ലോ. 

അതാണ് എന്‍റേയും സംശയം. ഇത്രയും സുതാര്യമായ ജീവിതം നയിക്കുന്ന താങ്കളോട് വരെ ശത്രുക്കള്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ ഈ കേരളത്തിലെ രാഷ്ട്രീയക്കാരുടെ അവസ്ഥ എന്തായിരിക്കും. അത്യന്തം ഭീതിജനകവും സ്തോഭജനകവുമായ പ്രശ്നം തന്നെയാണിത്. ആട്ടെ, ആരാണ് ഇതിന് പിന്നിലെന്ന് വല്ല നിശ്ചയവുമുണ്ടോ? എന്തായിരിക്കും ശരിക്കും കാരണം?

ഓ...ഇതൊന്നും പാവപ്പെട്ട ഈ നാട്ടുകാര്‍ അറിയാന്‍ വഴിയില്ല. ഏത്, ആ നിലപാടും നിലപാട് തറയുമൊക്കെ. താങ്കള്‍ ഇത്രയും മഹാനായ വിവരം ഈ ലോകം അറിയാനെങ്കിലും ഈ ഭീഷണി ഉപകാരപ്പെട്ടു എന്നതില്‍ ചെറിയൊരു ആശ്വാസം.

തളരരുത് ഷാജി സാഹിബ്. ഒരു തരത്തില്‍ പറഞ്ഞാല്‍ യുദ്ധമാണ് ഈ നടത്തുന്നത്. നാടിനും നാട്ടുകാര്‍ക്കും വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന അങ്ങെ ആര്‍ക്കും ഒന്നും തോട്ടുനോവിക്കാന്‍ പോലും സാധിക്കാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...