ചാനല്‍ ചര്‍ച്ച വേണ്ടെന്ന് വച്ച സിപിഎമ്മുകാര്‍; പാര്‍ട്ടി തന്നെ മാറി ഖുശ്ബു..!

te
SHARE

സിപിഎമ്മുകാര്‍ ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്കരിക്കുന്നുണ്ട്. വിഷയാധിഷ്ഠിതമാണ്. ചില വിഷയങ്ങള്‍ വരുമ്പോള്‍ പ്രത്യക്ഷപ്പെടാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ കോണ്‍ഗ്രസിന്‍റെ കാര്യം അങ്ങനെയല്ല. വേണ്ടെന്ന് വച്ചാല്‍ വേണ്ടെന്ന് വയ്ക്കലാണ്. പാര്‍ട്ടിയെ വേണ്ടെന്ന് വയ്ക്കുന്നവരുടെ എണ്ണമെടുത്താല്‍ മാത്രം മതി ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പിക്കാന്‍, അതാണ് അവസ്ഥ. ഇതിപ്പോ തമിഴ് അഭിനേത്രിയും ഒരുകാലത്ത് ഏവരുടേയും ആരാധനാപാത്രമവുമൊക്കെയായ ഖുശ്ബു ഇന്നുച്ചമുതല്‍ ബിജെപിക്കാരിയായി. സിനിമയ്ക്ക് പുറത്ത് രാഷ്ട്രീയത്തിലെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ ഡിഎംകെ വിട്ട് കോണ്‍ഗ്രസില്‍ എത്തിയ ആളാണ്. പിന്നെ ദേശീയ വക്താവുമായി.  ഈ പ്രത്യക സാഹചര്യത്തില്‍ എഐസിസി ആസ്ഥാനത്ത് നിന്ന് ആവശ്യപ്പെട്ട ചിന്നതമ്പി എന്ന തമിഴ് ചിത്രത്തിലെ ഗാനത്തോടെ ഇന്നത്തെ പരിപാടി ആരംഭിക്കുകയാണ്. 

ഉത്തരേന്ത്യയില്‍ പ്രത്യേകിച്ചും പഞ്ചാബിലൊക്കെ ടാക്ടര്‍ ഒക്കെ ഓടിച്ച് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ ഒന്ന് പുഷ്ടിപ്പെടുത്താനുള്ള യാത്രയിലായിരുന്നല്ലോ. കോണ്‍ഗ്രസിന്‍റെ പുനരുദ്ധാരണ പാക്കേജില്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ച ഐറ്റമായിരുന്നു ആ ടാക്ടര്‍ ഓടിക്കല്‍ യജ്ഞം. സംഗതി കര്‍ഷകരും ഏറ്റെടുത്തതാണ്. പാര്‍ട്ടി ഒരു പ്രതിപക്ഷ ശക്തിയായി മാറുന്നു എന്നൊക്കെ നാട്ടുകാര് വിശ്വസിച്ച് തുടങ്ങിയപ്പോഴാണ് പാര്‍ട്ടിയുടെ ദേശീയ വക്താവിന് മാത്രം ആ വിശ്വാസം ഇല്ലാതെപോയത്. ഇതിപ്പോ ഓരോ വളവ് തിരിക്കുമ്പോഴും രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടി വിട്ടവരുടെ എണ്ണം എടുക്കലാണ് പ്രധാനപണി.

ഒന്നുമില്ലേലും ഖുശ്ബുവിന്‍റെ പേരില്‍ അമ്പലം ഉണ്ട് എന്നതാണ് ബിജെപി കണ്ട വലിയ പ്ലസ് പോയിന്‍റ്.  ഇത്രയും കാലം മോദിയേയും ബിജെപിയേയും വിമര്‍ശിച്ചതൊക്കെ മറക്കാന്‍ പറ്റിയതും അതുകൊണ്ടാണ്. സംഘികള്‍  മങ്കികളെപ്പോലെ പെരുമാറുന്നവരാണെന്നും അവര്‍ക്ക് ആറാം ഇന്ദ്രിയം ഇല്ലെന്നും ഖുശ്ബു പണ്ട് പറഞ്ഞതും കാര്യമാക്കേണ്ടതില്ലെന്ന് തോന്നിയതും അതുകൊണ്ടാണ്. അതൊക്കെക്കൊണ്ട് ഖുശ്ബു, വെരി വെരി ഖുശി ആണ് ഇപ്പോ. 

മോദിക്കും കൂട്ടര്‍ക്കും രാഹുലിനെ പേടിയാണെന്ന് ചര്‍ച്ചയില്‍ പറഞ്ഞ ആളാണ്. ആ ആള്‍ക്ക് ബിജെപിയില്‍ എത്തിയപ്പോഴാണത്രെ ശരിയായ തീരുമാനം കൈകൊണ്ടതായി തോന്നിയതും. രാജ്യത്തിന്‍റെ നല്ല ഭാവിക്ക് മോദിയാണത്രെ വേണ്ടത്. കോണ്‍ഗ്രസുകാര്‍, പ്രത്യേകിച്ചും രാഹുല്‍ ഗാന്ധി എങ്ങനെ സഹിക്കാനാണ്  ഇതൊക്കെ. ഇതിപ്പോ പോകുന്നവരുടെ എണ്ണം എടുത്ത് മാത്രം ഒരു പാര്‍ട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും. ദിശയറിയാതെ ടാക്ടര്‍ ഓടിക്കുകയാണ് രാഹുലെങ്കില്‍, താന്‍ ശരിയായ ദിശ കണ്ടെത്തിയെന്നാണ് ഖുശ്ബു സോണിയ ഗാന്ധിക്കയച്ച കത്തില്‍ പറയുന്നത്. 

ഇവിടെ കേരളത്തിലെ തമാശ അതല്ല. അത് സര്‍ക്കാരിനെതിരെ പല രീതിയിലുള്ള സമരമുറകളുമായി യുഡിഎഫ് രംഗത്തെത്തി എന്നതാണ്. സമരത്തിന്‍റെ നാലാം സീസണാണത്രെ ഇന്ന് സ്റ്റാര്‍ട്ട് ചെയ്തത്. ഇനി എത്ര സീസണ്‍ കാണുമെന്ന് കെപിസിസി യോഗം കൂടി തീരുമാനിച്ചാല്‍ അത് നാട്ടുകാരെ അറിയിക്കുന്നതാണ്. 

സിപിഎമ്മിന് ഏതായാലും പ്രത്യക്ഷത്തില്‍ ഒരു സമരം സാധ്യമല്ലല്ലോ. പക്ഷേ സമരം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതുകൊണ്ട് മാധ്യമങ്ങള്‍ക്കെതിരെയുള്ള സമരം ശക്തി പ്രാപിച്ചിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ ചില വിഷയങ്ങള്‍ക്ക് ആരും ചര്‍ച്ച ചെയ്യാന്‍ പോകേണ്ടെന്നാണ് തീരുമാനം. അപ്പോ തോന്നും തീരുമാനം പാര്‍ട്ടിയായി എടുത്തതാണെന്ന്. എന്നാല്‍ അതല്ല. കണ്ണടച്ചാല്‍ ഇരുട്ടാകും എന്ന ക്യാപ്സ്യൂള്‍ പാര്‍ട്ടി തലത്തില്‍ വിതരണം ചെയ്തതായാണ് വിവരം.

സിപിഎമ്മിനെ ശ്രദ്ധിച്ചിട്ടില്ലേ അവര്‍ ഓരോ കാര്യങ്ങളേയും വിശദീകരിക്കാന്‍ എടുക്കുന്ന വാക്കുകള്‍ വ്യത്യസ്തമായിരിക്കും. ഒരു പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പില്‍ ഒരു അ‍‍ഡ‍്ജസ്റ്റ്മെന്‍റ് നടത്തി എന്നിരിക്കട്ടെ, ആ വാക്കിനൊരു പ്രശ്നമുണ്ട്, അഡ്ജസ്റ്റ്മെന്‍റ് . അപ്പോ സിപിഎം അതിനു പറയുക അടവുനയം എന്നാണ്. അതുകേള്‍ക്കുമ്പോള്‍ എന്തോ ഒരു നല്ലകാര്യമാണെന്നു ആളുകള്‍ക്ക് തോന്നും. അതുപോലെയാണീ ബഹിഷ്കരണം. പോകാന്‍ ആളില്ല എന്നത് ഒരു പരാജയമാണ്. പക്ഷേ അതിനെ നിലപാടായി വ്യാഖ്യാനിക്കാന്‍ ബഹിഷ്കരണം എന്ന വാക്ക് ധാരാളമാണ്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞതുകേട്ടാല്‍ ഒരു കാര്യം വ്യക്തമാണ്.  അതായത് സിപിഎം ഒഴിച്ചുള്ള സകല രാഷ്ട്രീയപാര്‍ട്ടികളുടേയും മാധ്യമങ്ങളുടേയും ഉത്തരവാദിത്തെക്കുറിച്ച് മാത്രമായിപ്പോയി സിപിഎം എന്ന പാര്‍ട്ടിയുടെ ചിന്തയും ആകുലതകളും.  അതിന്‍റെ കുഴപ്പമാണ് ഇപ്പോഴത്തെ സകല പ്രശ്നങ്ങള്‍ക്കും കാരണവും. 

തയ്യാറാക്കിയ ക്യാപ്സൂളുകള്‍ വേണ്ടത്ര പ്രതിരോധം നല്‍കാത്തത് തന്നെയാണ് കാരണം. പാര്‍ട്ടിക്ക് അതിലെ നേതാക്കളോടുള്ള അനുകമ്പയായും ഈ തീരുമാനത്തെ വിലയിരുത്താം. ചാനലുകള്‍ കയറിയിറങ്ങി ഏറുകൊണ്ട് മോങ്ങുന്നത് എത്രയാന്നുവച്ചാ കണ്ടോണ്ടിരിക്കുക. അപ്പോ ഒരിടവേളയൊക്കംയാകാം. പാര്‍ട്ടിക്കും നമ്മുക്കും. 

സ്വര്‍ണക്കടത്ത് കേസ്, ലൈഫ് മിഷന്‍ പ്രശ്നം, മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാമോ? ഇത്തരം വിഷയങ്ങളല്ലാത്ത ഏതു വിഷയത്തിലും ചാനല്‍ ചര്‍ച്ചയ്ക്ക് ആളെ കിട്ടുമെന്നാണ് പാര്‍ട്ടി പറയുന്നത്. അത്തരം വിഷയങ്ങളുണ്ടാവാന്‍ വല്ലതും ചെയ്യുകയേ ഇനി നിവൃത്തിയുള്ളു. പ്രതിപക്ഷമൊക്കെ ഒന്നു സഹകരിച്ചുകൊടുത്തേക്കണം. 

ഇതിങ്ങനെ എപ്പോഴും എപ്പോഴും പറയേണ്ട കാര്യമൊന്നും ഇല്ല. മുഖ്യമന്ത്രിക്ക് ഇതൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി തന്നെ എത്രവട്ടം പറഞ്ഞതാണ്. വീണ്ടും പറയിപ്പിക്കണോ? 

ഇതിപ്പോ കോണ്‍ഗ്രസും ബിജെപിയും ഒരേപോലെ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും ആക്രമിക്കുന്നത് ശരിയല്ല. രണ്ടുകൂട്ടര്‍ക്കും ഒരേ കാര്യമാണ് പറയാനുള്ളത് എന്നതും ശരിയല്ല. ഒന്നുകില്‍ ബിജെപി സിപിഎമ്മിനൊപ്പം നില്‍ക്കണം. അല്ലെങ്കില്‍ കോണ്‍ഗ്രസ്. അല്ലാത്ത പക്ഷേ കോണ്‍ഗ്രസ് ബിജെപി അന്തര്‍ധാര സജീവമാണെന്ന് പാര്‍ട്ടിക്ക് തുറന്നുപറയേണ്ടി വരും. ചുരുങ്ങിയ പക്ഷേ കോണ്‍ഗ്രസ് മലയാളത്തിലും ബിജെപി ഹിന്ദിയിലും പറഞ്ഞാലും ഒരു വ്യത്യാസമൊക്കെ തോന്നുമല്ലേ. അങ്ങനെ എന്തെല്ലാം വഴികളുണ്ട്.  

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...