ചങ്കിന്‍റെ ചങ്കായിരുന്ന ശിവശങ്കര്‍; ഇപ്പോള്‍ സര്‍ക്കാരിന്‍റെ പൊല്ലാപ്പ്

thiruva
SHARE

പഴഞ്ചൊല്ലുകളുടെ ഒരു കാലമുണ്ടായിരുന്നു നമുക്ക്. മുഖ്യമന്ത്രി തൊട്ട് ചാനല്‍ ചര്‍ച്ചയില്‍ വന്നിരിക്കുന്ന കുട്ടിസഖാക്കള്‍ വരെ പഴഞ്ചൊല്ലില്‍ ഗവേഷണം നടത്തിയാണ് സംസാരിച്ചുകൊണ്ടിരുന്നത്. മടിയില്‍ കനമില്ലാത്തവന് പേടിക്കണ്ട, ഞെട്ടില്ലാ വട്ടയില, അങ്ങനെയൊരു സീസണ്‍ കഴിഞ്ഞുപോയി. ഇപ്പോഴത്തെ സ്ഥിതിവച്ച് മിന്നുന്നതെല്ലാം പൊന്നല്ല, പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നതൊക്കെയാവേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതൊന്നും കേള്‍ക്കുന്നില്ല. മുഖ്യമന്ത്രി വാര്‍ത്തസമ്മേളനം മാറ്റിവയ്ക്കുന്നതുപോലെ നമുക്ക് ഈ പരിപാടി മാറ്റിവയ്ക്കാന്‍ സാധിക്കാത്തതുകൊണ്ടാണ്.

ഒരു ശിവശങ്കറിനെക്കൊണ്ട് തുടങ്ങിയതാണ് എല്‍‌ഡിഎഫ് സര്‍ക്കാരിന്‍റെ പൊല്ലാപ്പ്. ആള് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒക്കെയായിരുന്നു. പിണറായി സഖാവ് സഖാക്കളുടെ ചങ്ക് ആയിരുന്നെങ്കില്‍ ആ ചങ്കിന്‍റെ ചങ്കായിരുന്നു ശിവശങ്കര്‍. താന്‍ പറയുന്നിടത്ത് ഒപ്പിടലാണ് മുഖ്യമന്ത്രിയുടെ പ്രധാന പരിപാടിയെന്നൊക്കെ ശിവശങ്കര്‍ ആഘോഷവേളകള്‍ ആനന്ദപ്രദമാക്കാന്‍ സ്വപ്ന സുരേഷിനോടും സരിത്തിനോടും സന്ദീപ് നായരോടുമൊക്കെ പറഞ്ഞതായി പിന്നാമ്പുറ കഥകള്‍ പരന്നിരുന്നു.ആളാവാന്‍ പറഞ്ഞതാവാനും വഴിയുണ്ട്. പക്ഷേ അനുഭവിക്കുന്നത് മുഴുവന്‍ ആ മുഖ്യമന്ത്രിയും സര്‍ക്കാരുമാണല്ലോ. മാത്രമല്ല പണിയെടുത്ത് പണിയെടുത്ത് നടുവൊഴിഞ്ഞിരിക്കാന്‍ ഒരവസരം കിട്ടാതെ കിടന്ന് കരയുകയാണ് സൈബര്‍ സഖാക്കളും. അതിനിടെയിലേക്കാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍ സ്വപ്നയുടെ മൊഴി കൊടുത്തത്. അതിലാണെങ്കില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടതൊക്കെ പറയുന്നുണ്ട്. ഒരു മുഖ്യമന്ത്രിയല്ലേ, അങ്ങനെ പലരും കാണാന്‍ വരില്ലേ. പക്ഷേ ഈ പ്രതിപക്ഷത്തിന് അതൊന്നും പറഞ്ഞാല്‍ മനസിലാവില്ല. 

പണ്ട് സരിത നായരും ഉമ്മന്‍ചാണ്ടിയും ഒരു പൊതുചടങ്ങില്‍ സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കണ്ട അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ചിലത് പ്രസംഗിച്ചതാണ്. ആ നിലയ്ക്ക് രമേശ് ചെന്നിത്തലയ്ക്കൊക്കെ ഇങ്ങനെ സംഘടിപ്പിക്കാന്‍ തീര്‍ച്ചയായും അര്‍ഹതയുണ്ട്. പക്ഷേ കള്ളം പറയുന്ന ആദ്യത്തെ  മുഖ്യമന്ത്രി എന്നൊന്നും പറയാന്‍ നിക്കരുത്. സ്വന്തം മനസാക്ഷിയോട് മാത്രം സത്യം പറയുന്ന ചിലരും ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു.

അങ്ങനെ എളുപ്പം ജീവിച്ചു പോവാന്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല. സമരം മാറ്റിവച്ച യുഡിഎഫുകാര്‍ വീണ്ടും സമരം ചെയ്യാന്‍ പോവുന്നു എന്നൊക്കെയാണ് കേള്‍ക്കുന്നത്. മാത്രമല്ല യുഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ എം.എം. ഹസനും തന്‍റെ സാന്നിധ്യം നാട്ടുകാരെ അറിയിക്കേണ്ടതുണ്ടല്ലോ. തല്‍ക്കാലം ഇതിനൊന്നും ഉള്ള അവസരം കൊടുക്കാതിരിക്കലായിരുന്നു നല്ലത്. പക്ഷേ കൈവിട ആയുധവും വാവിട്ട വാക്കും പിടിച്ചാല്‍ കിട്ടില്ലല്ലോ. ഇതിപ്പോ മുഖ്യന്‍ സ്വപ്നയെ കണ്ടെന്ന് കോണ്‍ഗ്രസും ബിജെപിയും പറയുന്നു. കണ്ടില്ലെന്ന് മുഖ്യനും. ഒരു കണ്ടു കണ്ടു കണ്ടില്ല ലൈന്‍.

അവസ്ഥ മോശം തന്നെയാണ്. പിന്നെ സോളര്‍ കേസുപോലെ ഖജനാവിന് എന്തു നഷ്ടം എന്ന് ചോദിക്കാനുള്ള സാധ്യത ഇവിടില്ലാതെയും പോയി. ഒന്നാമത് പവര്‍ഫുള്ളായ മുഖ്യമന്ത്രി രാജ്യം ഭരിക്കുന്ന എന്നൊക്കെയാണല്ലോ വിശ്വസിച്ചത്. അപ്പോ അബദ്ധം പറ്റുമ്പോള്‍ ആഘാതം കൂടും. ന്യൂട്ടന്‍റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തം അനുസരിച്ചാണെങ്കില്‍ പദാര്‍ഥത്തിന്‍റെ തൂക്കവും അത് എത്രമാത്രം ഉയരത്തില്‍ നിന്ന് വീഴുന്നു എന്നതൊക്കെ അതിന്‍റെ വീഴ്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. തല്‍ക്കാലം മിണ്ടാതിരിക്കാം. പക്ഷേ അപ്പോ മിണ്ടാത്തതെന്തേ എന്നും ചോദിച്ച് വരും. 

പ്രധാനമന്ത്രിയായി ആറുകൊല്ലം പിന്നിട്ട മോദി ഇന്നേവരെ ഒരു വാര്‍ത്താസമ്മേളനം മര്യാദയ്ക്ക് നടത്തിയിട്ടില്ല. അപ്പോഴാണ് കെ. സുരേന്ദ്രനൊക്കെ പിണറായി സഖാവിനെ മിണ്ടിക്കാന്‍ നോക്കുന്നത്. അതൊന്നും നടക്കില്ല. റേഡിയോ സംഭാഷണം പോലെ വാര്‍ത്തസമ്മേളനം നടത്തുന്ന ആളോട് അങ്ങനെ കളിക്കാന്‍ നിക്കരുത്. 

മടിയില്‍ കനം, നെഞ്ചിടിപ്പ്, കൈയ്യിലുകുത്തല്‍, അങ്ങനെ ഈ കോവിഡ് കാലത്ത് നമ്മുടെ മുഖ്യമന്ത്രി വക പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിയ കുറേ വാക്കുകളുണ്ട്. അതേപിടിച്ചാണ് പ്രതിപക്ഷവും ബിജെപി നേതാക്കളും വരെ സംസാരിക്കുന്നത്. ആ നിലയ്ക്ക് ആധുനിക മലയാള ഭാഷയുടെ വ്യാപനത്തിനും ശാക്തീകരണത്തിനും വേണ്ടി സഖാവ് പിണറായി വിജയന്‍ നല്‍കിയ സംഭാവനയെ ആദരിക്കേണ്ടതാണ്. 

എം.എം. ഹസനെ പാര്‍ട്ടിയാണ് യുഡിഎഫ് കണ്‍വീനറാക്കിയത്. അതുപോലെ മുഖ്യമന്ത്രിയെ ആ സ്ഥാനത്തു നിന്ന് പാര്‍ട്ടി പുറത്താക്കണം എന്നാണ് ഹസന്‍റെ ആഗ്രഹം. പക്ഷേ അതിന് മുഖ്യമന്ത്രി ഉള്‍പ്പെടുന്ന പാര്‍ട്ടി വിചാരിക്കണമല്ലോ. അല്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടി വിചാരിച്ചാല്‍ തീര്‍പ്പാക്കാവുന്ന സംഗതി അല്ല അത്.

കേരളത്തില്‍ എല്‍‍ഡിഎഫ് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധികളൊക്കെ കേന്ദ്രപദ്ധതികളാണെന്നാണ് ബിജെപിക്കാര്‍ പറയുന്നത്. തല്‍ക്കാലം എല്ലാത്തിലും ഈ അവകാശവാദം ഉന്നയിക്കാതിരിക്കുന്നതാവും ബുദ്ധി. കാരണം സാങ്കേതി പഠനം പോലും നടത്താത്ത പദ്ധതി ഇവിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കാലമാണിത്. അവസാനം അതുകൂടെ കേന്ദ്രത്തിന്‍റെ തലയില്‍ വരും. ഈ വയനാട് തുരങ്കപാതയൊക്കെ നടന്നില്ലെങ്കില്‍ പറയും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഇടങ്കോലിട്ടെന്ന്. ഇതുവരെ അവരോട് അനുമതി പോലും ചോദിച്ചിട്ടില്ല. അപ്പോഴാണ് സുരേന്ദ്രന്‍ജിയുടെ ഈ പരിഭവങ്ങള്‍.

വി. മുരളീധരനും കെ. സുരേന്ദ്രനും ഒരമ്മ പെറ്റ അളിയന്‍മാരാണ്. പാര്‍ട്ടിയെ അനിയന്‍ ബാവ ചേട്ടന്‍ബാവ. മുരളിയേട്ടന്‍ കേന്ദ്രസഹമന്ത്രിയായി ഡല്‍ഹിയില്‍ എത്തിയതോടെയാണ് സുരേന്ദ്രന്‍ അനിയന് ബിജെപി സംസ്ഥാന അധ്യക്ഷനാവാന്‍ സാധിച്ചത്. ഇപ്പോ ഏട്ടനെതിരെ ഒരു ആരോപണം വന്നു. പ്രോട്ടോകോള്‍ ലംഘനം ഒക്കെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തും കിട്ടി. ഏട്ടന് വേണ്ടി അനിയന്‍ ഇതാ ഗോദയില്‍

ഒന്നാമത് ബിജെപി പാര്‍ട്ടി പുനസംഘടനയില്‍ കൃഷ്ണദാസ് പക്ഷമൊക്കെനിലംതൊടാതെ നിക്കുന്ന സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിക്കാരെ സൂക്ഷിച്ചാ മതിയാവും. അത് കഴിഞ്ഞേ സഖാക്കളൊക്കെ കാണൂ. അപ്പോ ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ പേടിച്ചാ മാത്രം മതി.

പരസ്പര സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റെയും നല്ല നിമിഷങ്ങള്‍ പകര്‍ന്നു തന്ന കെ. സുരേന്ദ്രന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് നിര്‍ത്തുകയാണ് ഇന്നത്തെ പരിപാടി. അപ്പോ എല്ലാവര്‍ക്കും നല്ല നമസ്കാരം. വീണ്ടും കാണാം. അതുവരേക്കും നന്ദി മാത്രം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...