ശ്രീ വിജയന്‍ അല്ല 'വിജയശ്രീ'; സിബിഐ വരട്ടെയെന്ന് പറഞ്ഞു; ഒടുവില്‍ വന്നു

thiruva-ethriva
SHARE

നാട്ടിലെ ലോക്കല്‍ വീമ്പടിക്കാരെ കണ്ടിട്ടില്ലേ. പോലീസല്ല പട്ടാളം വന്നാലും എനിക്ക് ചുക്കാണ് കുരുമുളകാണ് എന്നൊക്കെ പറഞ്ഞ് നെഞ്ചുവിരിച്ചു നില്‍ക്കും. തൊട്ടു പിന്നാലെ വല്ല കോര്‍പ്പറേഷന്‍റെയും ജീപ്പും വന്നാല്‍ ഓടിത്തള്ളുകയും ചെയ്യും. ഒമ്മാതിരിയൊരു പരിപാടിയാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിയായതുമുതല്‍ സഖാവ് പിണറായി വിജയനെ വല്ലാതങ്ങ് വേട്ടയാടുന്നുണ്ട് ശത്രുക്കള്‍. പിണറായി പറത്തിയ പ്രാവ് ചത്തു. മുഖ്യന്‍  ഉദ്ഘാടനം ചെയ്ത കട നാലാംനാള്‍ പൂട്ടി എന്നൊക്കെയാണ് അവര്‍ പറഞ്ഞു പരത്തുന്നത്. പിണറായി ഒരു ഐശ്വര്യമില്ലാത്തവനാണ് ആ നാവുകൊണ്ട് പറയുന്നത് ഒരിക്കലും സംഭവിക്കില്ല എന്നൊക്കെയാണ് ഇവരുടെ കണ്ടെത്തലുകള്‍. എന്നാല്‍ ആ പറച്ചിലുകളെയൊക്കെ അസ്ഥാനത്താക്കിക്കൊണ്ട് വിജയിച്ചിരിക്കുകയാണ് മുഖ്യന്‍. ശ്രീ വിജയന്‍ എന്നല്ല വിജയശ്രീ എന്ന് വിളിക്കേണ്ട സാഹചര്യം. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ കേന്ദ്രത്തില്‍ നിന്ന ആരു വേണമെങ്കിലും വന്നോട്ടെ എന്തുവന്നാലും പേടിയില്ല എന്നൊക്കെ പിണറായി അങ്ങ് പറഞ്ഞു. പറഞ്ഞതുപോലെ കേന്ദ്രത്തീന്ന് സിബിഐ വന്നു. കേരളത്തിലെ മുഴുവന്‍ കേസുകള്‍ക്കും നേരെ അവരൊരു ചിലന്തിവല വിരിച്ചു. എല്ലാത്തിനെയും തമ്മില്‍ ബന്ധിപ്പിച്ചു. പിന്നെ അവര്‍ക്കു തോന്നിയതുപോലെ അന്വേഷിച്ചു തുടങ്ങി.

സിബിഐയെ നാട്ടില്‍ നിന്നോടിക്കാന്‍ പിണറായി സര്‍ക്കാര്‍ അണ്ടര്‍ഗ്രൈൗണ്ട് പണി നടത്തുന്ന വിവരമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ചോര്‍ന്നു കിട്ടിയിരിക്കുന്നത്. അന്ത്യന്തം ഗൗരവത്തോടെ അദ്ദേഹം അത് വിളഇച്ചു പറഞ്ഞു. പതിവ് പുച്ഛത്തോടെ സിപിഎം അതിനെ നോക്കിക്കാണുകയും ചെയ്തു. 

പിണറായി വിജയന്‍ സര്‍ക്കാര്‍ അവസാന ലാപ്പ് ഓടുകയാണ്. ഇതോടെ ഈ ഓട്ടം അവസാനിക്കുമെന്ന് യുഡിഎഫും ഇല്ല ട്രാക്ക് മാറാതെ തന്നെ ഓട്ടം തുടരുമെന്ന് എല്‍ഡിഎഫും പരസ്പരം പറയുന്നുണ്ട്. സര്‍ക്കാരിന്‍റെ പേര് കേരളത്തിന്‍റെ ചുവരില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തും എന്നൊക്കെ ഇടതന്മാര്‍ വെച്ചു കാച്ചി.  ആ കാച്ചല്‍ ഇപ്പോള്‍ അച്ചട്ടായി. സ്വര്‍ണക്കടത്തു കേസില്‍ കൊടുവിള്ള് നഗരസഭയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കൊണ്ടുപോയി. ഫൈസലിന്‍റെ മാറ്റുരച്ചു നോക്കുന്ന ചടങ്ങ് അന്വേഷണ ഉദ്യോഗസ്ഥരുടെ വകയായി നടക്കുകയാണ്. ചില ഇടതു എംഎല്‍എമാരുമായി ബന്ധവും പാര്‍ട്ടിയുമായി സാമാന്യം നല്ല ബാന്ധവവുമുള്ള ആളാണ് ഫൈസല്‍. ആളൊരു ഉപകാരികൂടിയാണ്. പണ്ട് നമ്മുടെ പാര്‍ട്ടി സംക്രട്ടറി കോടിയേരി സഖാവ് കേരള പര്യടനം നടത്തവേ കൊടുവള്ളിയില്‍ വച്ച് വണ്ടി ഒന്ന് കേടായി. അപ്പോള്‍ തുടര്‍ യാത്രക്ക് സ്വന്തം കൂപ്പര്‍ കാര്‍ നല്‍കിയ മഹാമനസ്കനാണ് ഫൈസല്‍. ജനജാഗ്രത യാത്രയിലെ ജാഗ്രത നാട്ടുകാരെ മനസിലാക്കാന്‍ ഫൈസല്‍ നടത്തിയ ഇടപെടലായും വേണമെങ്കില്‍ പുകഴ്ത്താം. അങ്ങനെയുള്ള ഫൈസലിനെ കസ്റ്റംസ് കൊണ്ടോയി.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍ അധ്യക്ഷനും നിലവില്‍ എംപിയുമായ കെ മുരളീധരനും തമ്മില്‍ പിണങ്ങി. മുട്ടായി ഷെയര്‍ ചെയ്യാത്തതിന് മുഖം വീര്‍പ്പിച്ച ഒന്നാം ക്ലാസുകാരന്മാരെപ്പോലെ. സംഭവം ഇത്രയേ ഉള്ളൂ. പാര്‍ട്ടിയുടെ തീരുമാനം പ്രചാരണ വിഭാഗം തലവനായ മുരളീധരന്‍ അറിയുന്നത് ടെലിവിഷനിലൂടെയാണ്. ടിവി കാണാന്‍ സമയം കിട്ടാത്ത ദിവസത്തെ പാര്‍ട്ടി തീരുമാനങ്ങള്‍ മുരളിക്ക് അറിയാന്‍ പറ്റുന്നില്ല. നിലവില്‍ സംസ്ഥാനത്തെ സ്കൂള്‍ക്കുട്ടികളെല്ലാം ടിവിയുടെ സഹായത്തോടെയാണ് പഠിക്കുന്നത്. ഒരു ദിവസം ക്ലാസുകാണാന്‍ പറ്റാത്തവര്‍ക്ക് വിഷമം വരും. അവരുടെ വിഷമം മാറ്റാന്‍ സര്‍ക്കാര്‍ ആ പാഠഭാഗം യുട്യൂബില്‍ അങ്ങിട്ട് കൊടുക്കും. കെപിസിസിക്കും ഈ രീതി പരീക്ഷിക്കാവുന്നതാണ്. വെറുതെ മുരളിയെ ഇങ്ങനെ തൊട്ടാവാടിയാക്കരുത്. 

പാര്‍ട്ടിയില്‍ കൂടിയാലോചനകളില്ലാത്ത കാര്യം ഇങ്ങനെ  മുരളി വിളിച്ചു പറയുന്നതില്‍ കുറ്റം പറയാനാകില്ല. കാരണം പ്രചാരണ വിഭാഗത്തിലാണല്ലോ നിയമനം നല്‍കിയത്. അതുകൊണ്ട് നല്ലോണം പ്രചരിപ്പിച്ചു. അപ്പോള്‍ നമ്മള്‍ കരുതും അവര്‍ തമ്മില്‍ കട്ട അലമ്പായെന്ന്. ആട്ടിന്‍ കുട്ടികളെ തമ്മിലടിപ്പിച്ച ചെന്നായുടെ കഥ മുരളിക്ക് നന്നായറിയാം.

ഇത്തവണത്തെ ഓണം ബമ്പര്‍ അടിച്ചത് ശരിക്കും രണ്ടുപേര്‍ക്കാണ്. ഒന്ന് കൊച്ചിയില്‍ നിന്ന് ടിക്കറ്റെടുത്ത ഇടുക്കിക്കാരന്‍ പയ്യന്. മറ്റൊന്ന് ബിജെപിയില്‍ നിന്ന് ടിക്കറ്റെടുത്ത അബ്ദുല്ലക്കുട്ടിക്ക്.  ഇക്കണ്ട രാഷ്ട്രീയ കരിയര്‍ ജീവിതത്തില്‍ പല പാര്‍ട്ടിയിലും മുന്നണിയിലും പോയി. അവിടെയെങ്ങും കിട്ടാത്ത പരിഗണനയും പരിലാളനവുമാണ് അല്‍ഭുതക്കുട്ടിക്ക് ബിജെപി നല്‍കുന്നത്. ദേശീയ ഉപാധ്യക്ഷനായാണ് നിയമനം. ഇനി അധ്യക്ഷ പദവി മാത്രമാണ് മുന്നില്‍ .അതും ഉടന്‍ നല്‍കുമാരിക്കും. ലോട്ടറിതുക ഏറ്റുവാങ്ങിയ കുട്ടി പക്ഷേ ഇപ്പോളും ലളിത ജീവിതമാണ് നയിക്കുന്നത്. സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കൊപ്പം പഴയ അതേ തള്ളുമായി നാട്ടിലുണ്ട്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...