കൊലമാസ്; ഡബിള്‍ ചങ്ക്; 'ആരാധകര്‍ക്ക് മാത്രം'

Thiruvaa
SHARE

സഖാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് അതായത് പാര്‍ട്ടി സെക്രട്ടറിയായ കാലത്ത് കടുത്ത ശുണ്ഠിക്കാരനും മലയാളത്തിലെ അന്യം നിന്നുപോയ പദപ്രയോഗങ്ങള്‍ക്കൊണ്ട് എതിരാളിയെ പേരിട്ട് വിറപ്പിക്കാന്‍ മിടുക്കനുമായിരുന്നു. ചൂടാവാലാണ് മെയിന്‍. ചിരിക്കുന്ന പിണറായി എന്നതൊക്കെ ഒരു അത്ഭുത പ്രതിഭാസമാവുന്നത് അങ്ങനെയാണ്. ഇദ്ദേഹത്തെ പക്ഷേ വേറൊരു കോലത്തില്‍ കണ്ട പ്രത്യേക കാലഘട്ടമായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലം. മലയാളിയുടെ മനസ്സിലെ സൗമ്യഭാവങ്ങളുടെ തിരയിളക്കം തീര്‍ത്തായിരുന്നു അന്ന് പിണറായി സഖാവ് കളം നിറഞ്ഞ് കളിച്ചത്. മുഖ്യമന്ത്രിയായ ആദ്യ വാര്‍ത്താസമ്മേളനത്തിലെ പിറന്നാള്‍ ലഡു തന്നതേ പിന്നെ കണ്ടുള്ളു. ആഹ്. അതൊക്കെ ഒരു കാലമെന്ന് നെടുവീര്‍പ്പിടാം. ഇതിപ്പോ വൈകീട്ടത്തെ വാര്‍ത്തസമ്മേളനത്തിലെ സ്ഥായീഭാവത്തിലേക്കാണ് നമ്മള്‍ പോകുന്നത്. വാര്‍ത്താസമ്മേളനത്തിന്‍റെ അവസാനത്തെ കാല്‍ഭാഗം എന്ന് പ്രത്യേകം എടുത്ത് പറയട്ടെ. ആരാധകര്‍ക്ക് അത് കൊലമാസ്, ഡബിള്‍ ചങ്ക് കൈയ്യടിക്കാനുള്ള ടൈം ആണ്. അവര്‍ക്കും മാത്രം.

ഇല്ല  ആ സീനിലേക്കാണ് പോകുന്നത്. ഇപ്പോ തുടങ്ങും.  ഇതിപ്പോ സ്ഥിരമാണല്ലോ. കരുതലിന്‍റെ മുക്കാല്‍ മണിക്കൂറും ശുണ്ഠിയുടെ കാല്‍മണിക്കൂറും. സിനിമയ്ക്ക മുമ്പ് കാണിക്കുന്ന ശ്വാസകോശം പരസ്യം പോലെ മുഖ്യന്‍റെ വാര്‍ത്താ സമ്മേളനത്തിലെ അവിഭാജ്യഘടകം.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. മനുഷ്യന്‍റെ സ്ഥായീഭാവങ്ങളെ പൊതുസമക്ഷത്തില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തൊക്കെ ഇരിക്കുമ്പോള്‍ തിരുത്തുക സുഹൃത്തുക്കളുടെ ഉപദേശങ്ങള്‍ക്കൊണ്ടൊക്കെയാണ്. ഇതിപ്പോ ഔദ്യോഗിക തലത്തില്‍ ഉപദേശികളൊക്കെയുണ്ട്. അതുകൊണ്ട് കാര്യമില്ലല്ലോ. പിണറായി സഖാവ് കാണുന്നത് മുഴുവന്‍ ആരാധകരെയാണ്. ഈ ആരാധകരെക്കൊണ്ടുള്ള പ്രശ്നം എന്താണെന്ന് വച്ചാല്‍‌ എന്ത് തോന്ന്യാസം കാണിച്ചാലും അതിന് താത്വികം ചമഞ്ഞ് കൈയ്യടിച്ചോളും എന്നതാണ്. സൗമ്യതയില്‍ കാര്യം പറഞ്ഞാല്‍ എന്തൊരു കരുതലാണ് ഈ മനുഷ്യനെന്ന് പറയും. മാധ്യമങ്ങളോട് ചൂടായാല്‍ അത് നിലപാട്. എന്തായാലും കൈയ്യടി ഉറപ്പാണ്. ഇനി മുഖ്യന് ഇഷ്ടപ്പെട്ട ഒരു ചോദ്യം കേള്‍ക്കാം.

‌കണ്ടല്ലോ അപ്പോ ഇതാണ് ആഗ്രഹിക്കുന്ന ലൈന്‍. തുടക്കം മുതല്‍ ലൈഫ് പദ്ധതിയെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് എന്ന് ചോദ്യകര്‍ത്താവ് തന്നെ എടുത്ത് പറഞ്ഞാല്‍ ഉത്തമമാധ്യമപ്രവര്‍ത്തനത്തിനുള്ള ട്രോഫി റെ‍ഡ‍ി.

കേരളത്തില്‍ ഇപ്പോള്‍ പുതുതായി കാണപ്പെടുന്ന ഒരു ട്രെന്‍ഡ് എന്താണെന്ന് വച്ചാല്‍ രാഷ്ട്രീയം പറയുന്നവരുടെ മാനസിക നില അളക്കല്‍ എന്ന പരിപാടിയാണ്. വിപ്ലവപാര്‍ട്ടിയുെട സമുന്നത നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ അദ്ദേഹം വെറും മുഖ്യമന്ത്രി മാത്രമല്ല, കേരള രാഷ്ട്രീയത്തിലെ തനി രാവണന്‍റെ പത്തുതലയുമായെത്തിയ ‍‍ഡോ. സണ്ണിയാണ്. രാഷ്ട്രീയമായ ചോദ്യങ്ങളെയൊക്കെ മാനസികനിലകൊണ്ടാണ് പിണറായി സഖാവ് ഇപ്പോ വിലയിരുത്തുന്നത്.

ചില നിര്‍ദേശങ്ങളുണ്ട്. അത് മുന്നണിയിലെ മറ്റൊരു വിപ്ലവപാര്‍ട്ടിയായ സിപിഐ യോഗം ചേര്‍ന്ന് തയ്യാറാക്കുന്നുണ്ട്. 

 തീപ്പൊരി സഖാവായ കാനം രാജേന്ദ്രന്‍ തീയൊക്കെ ഉപേക്ഷിച്ചിരിപ്പാണ്. മഴ ഇങ്ങനെ തുടരുന്നത് കൊണ്ടാവും. പക്ഷേ സിപിഐ സംസ്ഥാന യോഗത്തില്‍ മുഖ്യമന്ത്രിയുടെ പെരുമാറ്റമൊക്കെ അവര്‍ ചര്‍ച്ച ചെയ്യുന്നുമുണ്ട്.  എന്തൊക്കെയായാലും ഈ ഭരണകാലം കഴിയുമ്പോഴേക്കും കേരളത്തിലെ ആളുകളുടെ മാനസിക നില എന്ന പ്രബന്ധം അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ഡോ. പിണറായി വിജയന്‍ പ്രസിദ്ധീകരിക്കും.

കഴിക്കുന്ന ഭക്ഷണത്തിന് വരെ രാഷ്ട്രീയമുണ്ടെന്ന് പ്രസംഗിക്കും. പക്ഷേ അധികാരത്തിലെത്തിയാല്‍ ആരും രാഷ്ട്രീയം പറയാന്‍ പാടില്ല. അങ്ങനെ  വളരെ പ്രത്യേകതയുള്ള പാര്‍ട്ടിയാണ് സിപിഎം. 

ഡോ. മന്‍മോഹന്‍ സിങ് ആളൊരു മൗനിബാബ ആയിരുന്നല്ലോ ഭരിച്ച പത്തുവര്‍ഷക്കാലം ഇന്ത്യക്കാര്‍ക്ക്. അങ്ങനെ വലിയ കൈയ്യടിയോ അഭിനന്ദനമോ ഇഷ്ടമോ കിട്ടാതെ മിണ്ടാതിരുന്ന ആ മനുഷ്യനെ മഹാനാക്കിയതിന്‍റെ ക്രെ‍ഡിറ്റ് നരേന്ദ്ര മോദിക്ക് അവകാശപ്പെട്ടതാണ്. മോദിജി ഇന്ത്യ ഭരിച്ചപ്പോഴാണ് മന്‍മോഹന്‍ സിങ്ങിന്‍റെ വില മനസിലാവുന്നത്. അതേപോലെ ഈ പിണറായി സഖാവ് കാരണം രമേശ് ചെന്നിത്തല ആളൊരു മഹാനായിപ്പോവുമോയെന്നൊരു പേടി നമുക്കുണ്ട്.

ഖേദിക്കേണ്ട കാര്യം ഇതല്ല, അതിന് താങ്കളുടെ കുട്ടികളായ കെഎസ് യു കാര്‍ നല്ലവണ്ണം ഉണ്ടാക്കി വച്ചിട്ടുണ്ട്. സംഭവം ഇങ്ങനെയാണ്, കെഎസ്്യു സംസ്ഥാന പ്രസിഡന്‍റായ കെ.എം. അഭിജിത്ത് തിരുവനന്തപുരത്ത് കോവിഡ് ടെസ്റ്റിന് പോയി. പോയപ്പോള്‍ ഒപ്പമുള്ള സംസ്ഥാന നേതാവ് ബാഹുല്‍ കൃഷ്ണ പേരും അ‍ഡ്രസും മാറ്റിനല്‍കി. ഒരു ഉപകാരം ചെയ്തതാണ്. കെ.എസ്.യു ആയതുകൊണ്ട് ആള്‍മാറാട്ടം നടത്തിയാല്‍ കണ്ടുപിടിക്കില്ലെന്ന വിശ്വാസം കൊണ്ടാവണം. അഭി ആയാലും സുബി ആയാലും കോവിഡ് വൈറസിന് അങ്ങനെ വേര്‍തിരിവൊന്നുമില്ല. അതുകൊണ്ട് പേരിലെന്തിരിക്കുന്നു എന്ന് വിചാരിച്ചുകാണും. കോവിഡ് പോസിറ്റീവായപ്പോള്‍ എല്ലാം പോസിറ്റീവ് ആയി കാണണം എന്നു ചിന്തിച്ചുപോയതാകാനും വഴിയുണ്ട്.  ഏതായാലും കെ.എസ്.യു ബുദ്ധിയെന്ന വിഖ്യാത ബുദ്ധി ഇപ്പോഴും അന്യം നിന്നിട്ടില്ലെന്ന് തെളിയിച്ച അഭിജിത്തിനും കൂട്ടര്‍ക്കും അനുമോദനങ്ങള്‍. 

ഇതിപ്പോ വല്ല SFI, DYFI ഒക്കെ ആയിരുന്നെങ്കില്‍ ഒരുപേരിലെന്തിരിക്കുന്ന എന്ന തത്വം ഒക്കെ പറഞ്ഞ് ആളുകള്‍ എത്തിയേനെ. പക്ഷേ കെ.എസ്.യുക്കാര്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. ഒന്നാമത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് ശ്രേണി വരെയേ നല്ല പേര് എന്ന അവസ്ഥയുള്ളൂ. കോണ്‍ഗ്രസായി മൂത്തുകഴിഞ്ഞാല്‍ പിന്നെയുണ്ടാവുക ചീത്തപ്പേരാണ്. അതുകൊണ്ട് നല്ലപേരുള്ള സമയത്ത് സ്വന്തം പേര് തന്നെ പറയാന്‍ ശ്രമിക്കണമെന്നൊരു അഭ്യര്‍ഥനയുണ്ട്. 

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ എന്‍ഐഎയെ സഹായിക്കാന്‍ വീണ്ടും ഇന്ന് നേരില്‍ ചെന്നിട്ടുണ്ട്. ഇനിയും സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. അദ്ദേഹത്തിന്‍റെ ആ വലിയ മനസിന് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് അവസാനിപ്പിക്കുകയാണ് ഇന്നത്തെ പരിപാടി. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...